Tuesday, October 4, 2022


 വെള്ളച്ചാട്ടത്തിന്റെ കുറച്ച് അടുത്തായി ഞങ്ങൾക്ക് ഒരു ചെറിയ ടെന്റ് ഉണ്ടായിരുന്നു. അതിന്റെ പുറത്ത് ഒരു പ്ലാസ്റ്റിക് കസേരയും മരത്തിന്റെ ഒരു കഷ്ണവും താൽക്കാലികമായി ഉണ്ടാക്കിയ അടുപ്പും പട്ടിക്ക് ഭക്ഷണം കൊടുക്കുന്ന പാത്രവും. ടെന്റിനകത്ത് ഞങ്ങളുടെ ട്രാവൽ ബാഗും കുറച്ച് പുസ്തകങ്ങളും മാത്രം. ഞങ്ങളുടെ ജീവിതം ഇപ്പോള് വളരെ ലളിതമായിരിക്കുന്നു. പുഴയിൽ എത്ര നേരം വേണമെങ്കിലും ഇറങ്ങി കിടക്കാം. ശക്തിയിൽ വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് വെള്ളം വീഴുന്നിടത്ത് നിന്ന് ശരീര വേദനകൾ മാറുന്നത് അറിയാം. ഞങ്ങളിൽ തന്നെ ഞങൾ നഷ്ടപ്പെട്ടു പോവാതിരിക്കാൻ ദിവസത്തിന്റെ മൂനിലൊന്ന് ഭാഗം ഏകാന്തതയിൽ കഴിച്ചു കൂട്ടാനും ഞങൾ ശ്രദ്ധിച്ചു. അവള് ആ സമയത്ത് പുസ്തകം എടുത്ത് അടുത്തൊരു മരവള്ളികളുടെ സ്വാഭാവിക ഊഞ്ഞാലിൽ ഇരുന്നു. ഞാൻ മല കയറി ഉണക്ക വിറകു എടുക്കുകയോ വെറുതെ പക്ഷികളെ നോക്കി നടക്കുകയോ ചെയ്തു. അപ്പോളൊക്കെ ടൈഗർ കൂടെ വന്നു. എന്നാലും പെട്ടെന്ന് ഓർത്തെന്ന പോലെ തിരിച്ച് പോയി അവളുടെ അടുത്ത് നിലത്ത് കിടക്കുകയും ചെയ്യും. മഴ പെയ്യുമ്പോൾ ഞങൾ മരത്തിൽ കയറി ഇരുന്നു അതെല്ലാം കൊണ്ടു. മഴയും വെള്ളവും മണ്ണും ഇലകളും ഞങ്ങളും ഒന്നും പലതല്ല എന്ന് ഞങൾ രണ്ടാളും അതിനോടകം മനസ്സിലാക്കിയിരുന്നു. ഭൂതവും ഭാവിയും ഒന്നും ഇല്ലാതെ വെള്ളം പോലെ എളിമപ്പെടാൻ ഞങൾ ഓരോ ദിവസവും ആഗ്രഹിച്ച് കൊണ്ടിരുന്നു. 

***

കാടിനോട് എനിക്കുള്ളതിനേക്കാൾ അടുപ്പവും പരിചയവും അവന് ആയിരുന്നു. പല മരങ്ങളും ജീവികളും പായലും വള്ളികളും എനിക്ക് പുതുമ തോന്നിയപ്പോൾ അവയൊക്കെ തൊട്ട് കാണിച്ച് കൊണ്ട് അവയെ പറ്റി അവൻ പറഞ്ഞു തന്നു. ഒരോ ഇലക്കുള്ളിലും പ്രാണികളുടെ ചിറകടിയിലും കോടമഞ്ഞിന്റെ പാളിയിലും കുടി കൊണ്ടിരുന്ന പദാർത്ഥം കവിത ആവുന്ന അവസ്ഥയെ/ അദ്ഭുതത്തെ ഞങൾ ബഹുമാനത്തോടെ സ്നേഹത്തോടെ എളിമയോടെ കണ്ടും അറിഞ്ഞും അനുഭവിച്ചും പഠിച്ചു. അവന്റെ ആത്മീയതയും ലളിതമായിരുന്നു. ആയിരിക്കുന്നതിനാൽ തന്നെ അത് ഒന്നിൽ നിന്ന് മറ്റൊന്ന് ആവുകയല്ലാതെ ഇല്ലാതാവുകയില്ല എന്നും അതിനാൽ ഒന്നും മറ്റൊന്നിൽ നിന്ന് അന്യമല്ല എന്നും അവൻ വിശ്വസിച്ചു, ജീവിച്ചു. ടൈഗർ ഞങ്ങളുടെ ഒപ്പം എപ്പോഴും ഉണ്ടായിരുന്നു. അത് ഞങ്ങളുടെ ഏദൻ ആണെന്ന് ഇടക്കു തോന്നി. 

ഓരോ പൂവും ഓരോ ഇലയും ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ ആണെന്നും ഞങ്ങൾ അവയുടെ ആണെന്നും കരുതിയതിനാൽ ഒന്നിനോടും വിരക്തിയും ആസക്തിയും ഞങ്ങൾക്ക് തോന്നിയില്ല. എല്ലാത്തിനെയും അവയുടെ അവസ്ഥയിൽ തന്നെ സ്നേഹിക്കാൻ ഞങ്ങൾ ശ്രമിച്ചു. ടെന്റിന്റെ അടുത്തുള്ള മരത്തിൽ ഞങൾ ഒരു ഏറുമാടം ഉണ്ടാക്കി. നിലാവുള്ള രാത്രികളിൽ അവിടെ ഇരുന്നു ഇനിയും പറയാൻ ബാക്കി ഉള്ള കഥകൾ തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു. മഴയും വെയിലും മഞ്ഞും മാറി മാറി വന്നാലും നഗരത്തിലേക്ക് ഒരു തിരിച്ച് പോക്ക് വേണ്ട എന്ന് രണ്ടാളും രഹസ്യമായി ആഗ്രഹിച്ചിരുന്നു.


പതിയെ ഞങ്ങൽ തനിച്ച് ഇരിക്കുന്ന സമയം കൂടി വന്നു. അവൻ ഇലക്കുള്ളിലെ ലോകത്തെ കുറിച്ച് ധ്യാനനരതനായി ഇരുന്നപ്പോൾ ഞാൻ ഇടിമിന്നലും നിലത്ത് വീണു അഴുകുന്ന പഴയ മരത്തടിയും നോക്കി അലഞ്ഞു. അവൻ മണ്ണിന്റെ മണം അനുസരിച്ച് കാലാവസ്ഥ അറിയുന്ന രീതിയിലേക്ക് അന്വേഷണം തുടർന്നു. എനിക്ക് നാട്ടിൽ എത്തി കുറച്ച് എണ്ണയിൽ വറുത്ത ഭക്ഷണം കഴിക്കാൻ തോന്നി. ഞങ്ങളുടെ ലോകങ്ങൾ രണ്ടായി തിരിഞ്ഞു. ഒരേ കാഴ്ച ഞങൾ 4 വിത്യസ്ത കണ്ണുകൾ കൊണ്ട് കണ്ട് തുടങ്ങി. സ്നേഹത്തിന്റെ, ദൈവത്തിന്റെ, ഭക്തിയുടെ , തത്വ ശാസ്ത്രത്തിന്റെ എല്ലാം പിറകിൽ ഞങ്ങൾക്ക് നൂറു കണക്കിന് ചിന്തകള് വന്നു. ഒരിക്കൽ നിലാവ് ഉള്ള രാത്രി അവൻ ഉറങ്ങി കിടന്ന ഏറുമാടത്തിൽ നിന്ന് ഇറങ്ങി ഞാൻ നടന്നു. എനിക്ക് കാണാതെ അറിയാവുന്ന കാട്ടു വഴിയിലൂടെ ഇരുട്ടിൽ ഞാൻ ഓടി. എനിക്ക് എന്നെ നഷ്ടമാകുന്നതിന് മുൻപ് തന്നെ അവിടെ നിന്ന് പോകണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. കാടും നാടും തമ്മിൽ ഉള്ള ദൂരത്തേക്കാൽ അവന്റെ ചിന്തയും എന്റെ ചിന്തയും അകന്നിരുന്നു. സ്നേഹം മാത്രം അറ്റ് പോവാത്ത ചെറിയ പട്ട് നൂൽ പോലെ എന്നെ എല്ലായിടത്തും പിന്തുടർന്നു. 


No comments:

Post a Comment