Saturday, January 23, 2016

മഞ്ഞുകാലത്തിലേക്കുള്ള ദൂരം

മുത്തപ്പന്‍പുഴയില്‍  തണുപ്പും കോടമഞ്ഞും ഇല്ലാത്ത കാലം ഉണ്ടാവുമോ?
സംശയമാണ്..!എന്നും തണുപ്പ് പുതച്ചു, ചൂടുചായ ഊതിക്കുടിച്ചു  നടക്കാനിറങ്ങുന്ന രാവിലെകള്‍ ഉള്ള മുത്തപ്പന്‍പുഴ പക്ഷെ ഒരു പുഴ അല്ല..മലയും കാടും ഒക്കെ നിറഞ്ഞ ഒരു
ചെറിയ ഗ്രാമമാണ്.വെയിലിനെ അരിച്ചു നൂലുപോലെ മാത്രം മണ്ണില്‍
വീഴ്ത്തുന്ന തിങ്ങിയ കാടും കറുത്ത മരങ്ങളുമാണ് മുതപ്പന്പുഴയുടേത് മാത്രമായ  രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നത്...ഈ പ്രദേശം എന്നും ഒരു കൗതുകമായിരുന്നു..യന്ത്രവല്‍കൃതലോകത്തിന്‍റെ
പുകപിടിച്ച വായു അധികം ഏല്‍ക്കാത്ത,മഞ്ഞിന്റെ മണം നിലനില്‍ക്കുന്ന മുത്തപ്പന്‍പുഴ..!
പഠിക്കുന്ന കാലത്ത് പോലും ഇവിടേയ്ക്ക് വരാറുണ്ടായിരുന്നു.
ബൈക്കിന്‍റെ വെളിച്ചം അണച്ച് നിലാവില്‍ ചീറിപ്പാഞ്ഞു ഈ മല കയറുമ്പോള്‍ ഹൃദയത്തിലും തണുപ്പ്നിറയുമായിരുന്നു .ഇന്നിപ്പോള്‍ തിരക്കെല്ലാം മാറ്റിവെച്ചു  ഇവിടേക്ക് വന്നതും ആ തണുപ്പിനു വേണ്ടിയാണ്..ജീവിതം തലക്കുള്ളില്‍ ഉരുക്കിയൊഴിച്ച ലാവതുള്ളികള്‍ ഇനി തണുത്തുറഞ്ഞു കൊള്ളും.
സിനിമ തന്ന സന്തോഷം അത്ര എളുപ്പം നേടിയതല്ലായിരുന്നു.
'താളമില്ലാതെ അലഞ്ഞു തിരിഞ്ഞു പോയ മനസ്സില്‍ കല ചുവടുറയ്ക്കാന്‍ പ്രയാസമാണ് .ഒരു പക്ഷെ അവളുടെ പ്രാര്‍ത്ഥന ആവാം.കുറച്ചു കാലമേ
ഉണ്ടായിരുന്നൂ  എങ്കിലും ആ സാമീപ്യം ഹൃദയത്തില്‍ ഉണ്ടാക്കിയ കൊടുങ്കാറ്റുകള്‍ വലുതായിരുന്നു.ഈ നാട് പോലെ തന്നെ അവളും .!കോടമഞ്ഞില്‍ പൊതിഞ്ഞു ,മറഞ്ഞു,തണുപ്പ്പകര്‍ന്നു...!
സ്നേഹത്തിന്റെ വെയിലടിച്ചാല്‍ കാണാം അപൂര്‍വ നിറങ്ങളെ ...
ഇടയ്ക്ക് ഇവിടെയ്ക്ക് വരാറുള്ളത് ആ ഓര്‍മകള്‍ക്ക് വേണ്ടിയാണ്.
തന്റെ സ്വകാര്യജീവിതത്തെ ലോകം ചികഞ്ഞെടുത്തപ്പോഴും ആരും അറിയാത്ത ഒരു മഞ്ഞു മലയായി ഹൃദയത്തിന്‍റെഉപരിതലത്തിനടിയില്‍ അവള്‍..യാദ്രിഛികമായിഒരു യാത്രക്കിടയില്‍ കിടന്നു കിട്ടിയ മയില്‍‌പ്പീലി നിറം പോലെ അവള്‍
പറഞ്ഞറിയിച്ചതിനെക്കാള്‍അനുഭവിച്ചറിഞ്ഞതായിരുന്നുആ സമസ്യയെ ..
ജീവിതത്തിലേക്ക് കയറി വന്നു തള്ളി
യാലുംനീങ്ങാത്ത ഭാരമായി കാലം കഴിയും വരെ അവശേഷിക്കുന്ന
തിനെക്കാള്‍ ഹൃദയത്തില്‍എന്നും നോവും മധുരവും ഉള്ള നല്ല‍ഓര്‍മ
യുടെ മണമായി നിലനില്‍ക്കാന്‍ അവള ആഗ്രഹിച്ചിരുന്നോ ?എന്തോ !
തനിച്ചാക്കി
പോകരുത് എന്ന് രണ്ടാളുംപറഞ്ഞില്ല.എല്ലാം അറിഞ്ഞെങ്കിലും ഒന്നും മിണ്ടിയില്ല.കടുത്ത സ്നേഹം മാത്രം ഇരുവര്‍ക്കിടയിലൂടെ
കുത്തിയൊഴുകിയിരുന്നു.അവളുടെ നൊമ്പരവും തന്‍റെ സമ്മര്‍ദങ്ങളും നിലയില്ലാക്കയങ്ങളിലെക്ക് വലിച്ചകാലത്ത് ഒഴുക്കിലെന്ന പോലെ അകന്നു പോയി.
അവസാനമായി കാണുമ്പോള്‍ മുത്തപ്പന്‍പുഴയില്‍
ധനുവിന്‍റെ തണുപ്പ് അരിച്ചിറങ്ങുന്ന ഒരു സന്ധ്യ മറ നീക്കുകയായിരുന്നു..
 മലകളിലെ കാട്ടുമരങ്ങളെല്ലാം പൂത്ത് ചുവപും മഞ്ഞയും പൊട്ടിച്ചിതറിയിരുന്നു.അതിനുമപ്പുറം ചുവന്ന മേഘ തുണ്ടുകളുടെ പശ്ചാത്തലത്തില്‍ തലയെടുത്ത് നിന്ന കോട പിടിച്ച പശ്ചിമഘട്ടവും...
അവളുടെ ഓര്‍മ്മകള്‍ സ്വപ്നം പോലെ ആയിരുന്നു.സത്യമേത്,
മിധ്യയേത്എന്ന് ഇഴ തിരിച്ചു എടുക്കാന്‍ കഴിയാത്ത വിധം ലഹരിയുടെ മങ്ങല്‍പോലെ സുഖമുള്ള നിമിഷങ്ങള്‍..
അന്നൊരുനാള്‍
 ശൂന്യതയുടെ വലിയ ആകാശം വിടര്‍ത്തി അവള്‍ പറന്നകന്നത് അനിവാര്യമാണെന്ന് അറിഞ്ഞിട്ടും  ഉള്ളു
നൊന്തു..ബന്ധവും  പ്രതിബദ്ധതകളും ഇല്ലാത്ത ഒറ്റമരമാണ് താന്‍  എന്ന
ചിന്തക്ക് കോട്ടം തട്ടിയതും അന്ന് മുതലായിരുന്നു..
മലയുടെ മുകളില്‍ എത്തിയിരുന്നു..
പോക്കുവെയില്‍ തീമഞ്ഞ നിറത്തില്‍ മലകളെ പുണര്‍ന്നു പുതച്ചു കിടന്നു..ഓര്‍മകളുടെ ഇങ്ങേ അറ്റത്ത് ഉണ്ട് ഒരു കൂടിക്കാഴ്ചകൂടി...
ഒരു ആശുപത്രി ആയിരുന്നു പശ്ചാത്തലം .മരുന്ന് മണക്കുന്ന ഇടനാഴിയില്‍ ഭര്‍ത്താവിന്‍റെ കൈ പിടിച്ചു ,ഭൂതകാലത്തിന്‍റെഎല്ലാ ബന്ധങ്ങളും തലച്ചോറില്‍ നിന്നു കുടിയൊഴിപ്പിച്ച്ശൂന്യമായ  മനസോടെ അവള്‍..!
കണ്ണുകളിലെ ആ തിളക്കം മാത്രമുണ്ട് മാറാതെ !
സ്നേഹിക്കുന്ന ഒരു പങ്കാളി ഉണ്ടല്ലോ അവള്‍ക്കു...താന്‍ വെറുതെ ആശ്വസിക്കാന്‍ ശ്രമിച്ചു'.ഓര്‍മ്മകളുടെ എല്ലാ
പഴുതും അടഞ്ഞു പോയിട്ടും ഒരു തിരികെ വരവില്ലെന്നറിഞ്ഞിട്ടും
അയാള്‍ ഒരു കുഞ്ഞിനെ എന്ന പോലെ കരുതുന്നു അവളെ ...അല്ലെങ്കിലും
അവളെ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല
ഭക്ഷണം വാരി കൊടുത്തിട്ട് അതു ഇറക്കാനുള്ള ഓര്‍മ പോലും  നഷ്ടപ്പെട്ട്
നിശ്ചലയായി അവള്‍ ഇരിക്കുന്നത്കണ്ടപ്പോള്‍ പിന്നെ അവിടെ നില്‍ക്കാന്‍
കഴിഞ്ഞില്ല ...വലിയ കവിതകള്‍  പാടി കേള്‍പ്പിക്കുന്ന,എല്ലാത്തിനെയും
പറ്റി കാഴ്ചപ്പാടുകള്‍ ഉള്ള ഒന്നാം ക്ലാസിലെ കഥ മുതല്‍ ഇങ്ങോട്ട്
എല്ലാം സ്മൃതിയുടെ അലമാരിയില്‍ അടുക്കിവെക്കുന്ന അവളാണിതെന്നു അംഗീകരിക്കാന്‍ കഴിഞ്ഞില്ല..അത് ,ചിത്ര സംയോജനത്തി
നിടയില്‍ ഒഴിവാക്കിയ രംഗം പോലെ ഹൃദയത്തില്‍ നിന്നു മായ്ച്ചു കളയാന്‍ ആണ് തോന്നിയത്..!ഓര്‍മ്മകള്‍ ഇല്ലെങ്കില്‍ പിന്നെ അവള്‍ ഉണ്ടോ?
അറിയില്ല ..ആ മുഖം ഹൃദയത്തില്‍ വലിയ മുറിവുണ്ടാക്കി.
എങ്കിലും അവളുടെ ഓര്‍മകളും അവള്‍ തന്നെയും എല്ലാം ഒരു സ്വപ്നം ആയിരുന്നുവെന്നു മനസിനെ തെറ്റിധരിപ്പിക്കാന്‍ എളുപമുള്ളതായിരുന്നു
അതങ്ങനെ തന്നെ ഇരിക്കട്ടെ. ഉറക്കത്തിനും മയക്കത്തിനും
 ഇടയ്ക്ക് അനുഗ്രഹം പോലെ വീണു കിട്ടുന്ന നേര്‍ത്ത സ്വപനത്തിന്‍റെ
 അവ്യക്തമായ ഓര്‍മ ആണവള്‍..
മലകളില്‍ നിലാവ് പടര്‍ന്നിരുന്നു്‍ .ജീവിതത്തിലേക്ക് തിരികെ പോകാന്‍ സമയമായി .മല ഇറങ്ങുമ്പോള്‍ തണുപ്പ്കുറയുന്നതനുസരിച്ചു
പക്ഷെ അവള്‍ മാഞ്ഞില്ല ...ശ്വാസം വിങ്ങിക്കൊണ്ട് തണുപ്പോടെ അരിച്ചു കയറി മനസിന്‍റെ സ്ക്രീനുകളില്‍ നിറഞ്ഞു.... തിരശീലയിലെ രംഗങ്ങളെ മറച്ചു കൊണ്ട്...മുത്തപ്പന്‍പുഴയിലെ മഞ്ഞു
 പോലെ ...!