Tuesday, October 4, 2022

 കുറച്ചങ്ങ് നടന്നാൽ കാടിനടുത്തുള്ള ഒരു ചെറിയ വീടുണ്ട്. അവിടെ എത്തിയാൽ വാറ്റും ഉണക്ക ഇറച്ചി ചതച്ചതും കിട്ടും. 

ജോയി കിതച്ചു കൊണ്ട് കയറ്റം കയറി. 

കുപ്പി കൊണ്ടുവന്നിട്ടു വേണം വൈകുന്നേരത്തെ കലാപരിപാടികൾ തുടങ്ങാൻ. കൂട്ടുകാർ ബാക്കി എല്ലാം അപോഴേക്കും റെഡി ആക്കും . ഈണ്ടിക്കുഴിക്കാരുടെ വീടിനു അടുത്തെത്തിയപ്പോ പാപ്പച്ചൻ ചേട്ടൻ മുറ്റത്തൊരു കസേരയിൽ ഇരിക്കുന്നത് കണ്ടു. 

പഴയ വാച്ച് അങ്ങേരുടെ ശരീരത്തിൻ്റെ ഒരു ഭാഗം പോലെ ഇടതു കയ്യിൽ മുറുകെ കെട്ടി വെച്ചിട്ടുണ്ട്. 

പകൽ നേരമാണെങ്കിലും കസേരക്ക് താഴെ ഒരു വലിയ സ്റ്റീൽ ടോർച്ച് കിടത്തി വെച്ചിരിക്കുന്നു. 

"പാപ്പച്ചൻ ചാച്ചോയ്"

ചിരിച്ചു കൊണ്ട് ഉറക്കെ വിളിച്ച് ജോയി മുറ്റത്തേക്ക് ചെന്നു. 

പാപ്പച്ചൻ്റെ കൊച്ചുമോൾ നിലത്ത് മണ്ണിൽ വരച്ചു കളിക്കുന്നു. 

ഉറക്കെ വിളിച്ചെങ്കിലും പാപ്പച്ചൻ ചേട്ടൻ കേട്ടതായി തോന്നിയില്ല. 

അടുത്ത് ചെന്ന് കയ്യിൽ തൊട്ട് വീണ്ടും ചോദിച്ചു. 

"ചായയൊക്കെ കുടിച്ചോ ചാച്ചാ? " 

പാപ്പച്ചൻ തവിട്ടു നിറമുള്ള കണ്ണു തുറന്നു നിഷ്കളങ്കമായി വെറുതെ ചിരിച്ചു. 

മുറ്റത്ത് നിന്ന കുട്ടി വീട്ടിലുള്ളവരെ വിളിക്കാൻ എന്ന പോലെ എണീറ്റപ്പോൾ ജോയി പറഞ്ഞു. 

"ഞാൻ ചുമ്മാ കയറിയതാ മോളെ. ചാച്ചനോട് രണ്ട് വാക്ക് മിണ്ടാമെന്ന് ഓർത്ത്"

ജോയിക്ക് പാപ്പച്ചൻ ചേട്ടനെ കണ്ടപ്പൊ മുതൽ വല്ലാത്ത ഒരു സങ്കടം തോന്നിയിരുന്നു. 

കാടിനകത്ത് കയറി തോക്കും അമ്പുമൊക്കെയായി മലാനെയും പന്നിയെയും മുയലുകളെയും പിടിച്ചിരുന്ന, 

ഉടുമ്പിൻ്റെ നാക്ക് പൊരിച്ച് തിന്നു ശക്തനായെന്ന് നാട്ടിലൊക്കെ അറിയപ്പെട്ട,

ചീട്ടുകളിയും വാറ്റുമദ്യവും കുറച്ച് ചട്ടമ്പിത്തരവും ഉള്ള ഗാങ്ങിൻ്റെ ലീഡറും ആയിരുന്ന മനുഷ്യനാണ് ഈ ഇരിക്കുന്നത്. 

ഒരിക്കൽ വെള്ളമടിച്ച് പിമ്പിരിയായ നേരത്ത് നൂറു രൂപ നോട്ട് ചുരുട്ടി കത്തിച്ച് വലിച്ചിട്ടുണ്ടത്രെ! 

പണം ധൂർത്തടിക്കാൻ മടിയില്ലാത്തവരെ പാപ്പച്ചൻ എന്ന് വിളിക്കാറ് പോലുമുണ്ട് നാട്ടിൽ. 

ജോയിയുടെ കണ്ണുകളും കടന്ന് പാപ്പച്ചൻ്റെ നോട്ടം ദൂരേക്ക് ഉന്നമില്ലാത്ത തോക്കിൻ കുഴൽ പോലെ അദൃശ്യമായി നീണ്ടു. 

" എന്നെ മനസ്സിലായോ?"

ഉച്ചക്കടിച്ച ഒരു ഗ്ലാസ് വാറ്റിൻ്റെ തരിപ്പ് കൂടേ ഉണ്ടായിരുന്നത് കൊണ്ട് ജോയിയുടെ ശബ്ദത്തിന് ഇടർച്ചയും ആവേശവും ഉണ്ടായിരുന്നു. 

അറിയാം എന്ന ഭാവത്തിൽ വൃദ്ധൻ തലയാട്ടി. 

" എന്നാ പറഞ്ഞേ, ആരാ ?"

പാപ്പച്ചൻ്റെ മുഖത്ത് ആദ്യമല്പം ആഴത്തിൽ ചിന്ത തെളിഞ്ഞു, നെറ്റിയൊന്ന് ചുളിഞ്ഞു. 

പിന്നെ അൽപം ജാള്യത നിറഞ്ഞു. ഓർമകളിൽ തപ്പി പെറുക്കിയിട്ടും എവിടെയും എത്താത്തതിൻ്റെ നിരാശയായി പിന്നെ. 

ഒടുവിൽ അൽപം ദേഷ്യത്തോടെ മുഖം മാറ്റി. പാപ്പച്ചൻ വീണ്ടും ഉൾലോകത്തേക്ക് വലിഞ്ഞു. 

ജോയി വീണ്ടും മല കയറാൻ തുടങ്ങിയപ്പോ വാധക്യത്തിൻ്റെ നിസ്സഹായതയുടെ പ്രേതം അയാളെ പിടി കൂടി. 

നടക്കുന്നതിനിടക്ക് അയാൾ ഇങ്ങനെ ഓർത്തു. 

"എനിക്ക് ആരോഗ്യവും ഓർമയും പോയി വീടിൻ്റെ മൂലക്ക് ചടങ്ങ് പോലെ ഇരിക്കുമ്പോ അറിയുമോ എന്ന് ചോദിച്ച് ഏതേലും നാറി വന്നാൽ ഉള്ള ശക്തി വെച്ച് ഞാനവൻ്റെ മൂക്കിടിച്ച് പരത്തും. "

No comments:

Post a Comment