Monday, February 22, 2016

നീയും നീയും പിന്നെ നീയും !

കാലക്കറുപ്പിന്‍റെ തുരങ്കങ്ങളില്‍ നിന്നെപ്പോഴോ 'വന്നു ,
പടര്‍ന്നു വളര്‍ന്നെന്‍റെ ഭൂതവും
ഭാവിയും കുടിച്ച പച്ചപ്പായിരുന്നു നീ'..
എന്നെ വായിക്കാന്‍ ഞാന്‍ എറിഞ്ഞു തന്ന അക്ഷരങ്ങളില്‍ പിടിച്ചു നീ നടന്നപ്പോ പക്ഷെ എനിക്ക് എന്നെ ഇല്ലാതായി
ഇരുട്ടും വെയിലും സന്ധ്യയും നിലാവും കല്ലും കടലും
പോക്കുവെയിലിന് മാത്രം ഉണ്ടാക്കാന്‍ കഴിയുന്ന
വിചിത്ര നിറങ്ങളും
എരിവും  മധുരവും എല്ലാം
നിന്റെ കഥ പറഞ്ഞപ്പോ
തനിയെ ഇരിക്കാനും സമ്മതിക്കാതെ ഓര്മ
എന്നെ കാര്‍ന്നു തിന്നു തുടങ്ങി
നീ ഉണ്ടാക്കിയ പ്രപഞ്ചങ്ങളും  ക്ഷീരപഥങ്ങളും കാരണം
എനിക്ക് നടക്കാന്‍ ഒറ്റയടിപ്പാത പോലും ഇല്ലാതായി
മിഴിനീരു തിളച്ച നീരാവി തണുത്ത മഴയിലാണ് നീ അന്ന് നനഞ്ഞത്
വറ്റാത്ത' കയ്പ്പിന്റെ സ്നേഹമുള്ള കാറ്റിലാണ് നീ വലഞ്ഞത്
ആത്മാവ് അറിഞ്ഞ പോലെ എന്റെ കണ്ണിന്റെ ആഴത്തില്‍ നീ പിടഞ്ഞ
ഞൊടിയില്‍ തന്നെ എന്റെ ആയിരം ശാപയുഗങ്ങള്‍ ജരാനര ബാധിച്ചു മരണമടഞ്ഞു
മെഴുതിരിയുടെ വെട്ടം പോലുമില്ലാത്ത ജീവന്റെ ചങ്ങാടമുന്തലുകള്‍ എനിക്ക് മുന്നില്‍ ലാഘവമില്ലാതെ പൊടിഞ്ഞു വീണു
എന്റെ സ്വപ്‌നങ്ങള്‍ ഭീതിയില്ലാതെ   രൂപമെടുത്തു
പിറന്നു വീണു കൊണ്ടിരുന്നു...!