Thursday, October 27, 2016

കൽപ്പാലങ്ങൾ

വെയിലിന്റെ ഓരോ ഓളങ്ങളെയും നെഞ്ചിലേറ്റി കൊണ്ട് കടൽ അങ്ങനെ താളം പിടിച്ചു കിടക്കുകയായിരുന്നു. കാറ്റിൽ ഇഴുകി ചേർന്ന കടലിന്റെയും കരയുടെയും നേർത്ത കഥകൾ കവിളിൽ വന്നടിച്ചു. അവൻ ഒരു സിഗററ്റിനു തീ കൊളുത്താൻ ശ്രമിച്ചു.കടൽകാറ്റ് മൂന്നോ നാലോ തീപ്പെട്ടികൊള്ളികളെ ആസ്ഥ പ്രജ്ഞരാക്കിയത് കണ്ടു അവൾ  പൊട്ടിച്ചിരിച്ചു " ഇത് കത്തിക്കുന്നത് എനിക്കൊന്നു കാണണം " അവൾ വീണ്ടും ചിരിച്ചു കൊണ്ട് അവനെ നോക്കി.. അവനു വാശിയായെന്നു തോന്നുന്നു. രണ്ടു കൈ കൊണ്ടും നാളത്തെ പിടിയിലാക്കി അതിനെ സിഗററ്റിന്റെ തുമ്പിലേക്ക് പകർന്നെടുത്തു ഒരു ചിരിയോടെ  അവൻ തിരകളെ നോക്കി. കരയിലെ കാറ്റാടി മരങ്ങളിൽ കാറ്റ് അടക്കം പറയുന്നത് നോക്കി അവളും ഇരുന്നു. കടലിലേക്ക് നീളത്തിൽ വലിയ പാറക്കഷണങ്ങൾ നികത്തിഎടുത്ത കൃത്രിമ പാലത്തിൽ ആയിരുന്നു അവർ ഇരുന്നത്.കടൽവെള്ളം നിരന്തരമായി സമ്പർക്കത്തിൽ ആയിരുന്നതിനാൽ വശങ്ങളിൽ മുഴുവൻ പായൽ പിടിച്ച വലിയ പാറകളിൽ അവിടവിടെയായി ചില സഞ്ചാരികൾ ഇരിപ്പുണ്ടായിരുന്നു.. തീരത്തുനിന്നും വളരെ ദൂരേക്ക് കടലിനുള്ളിലേക്കു നീണ്ട ആ പാലം, മനുഷ്യരിൽ നിന്നകന്നു മറ്റേതോ ലോകത്തു വിഹരിക്കുന്ന ഉന്മാദനായ ഒരാളുടെ മനസ് പോലെ നിലകൊണ്ടു. ഉച്ചവെയിലാറിയ , തിരക്കൊഴിഞ്ഞ തീരം... തീരത്തെ കഫേകളിൽ അലസരായി ഇരിക്കുന്ന വിദേശികൾ , പുലർച്ചെ മീൻ പിടിക്കാൻ  കൊണ്ടു പോയി തിരിച്ചു വന്നു കരക്ക്‌ കയറ്റിയ ചെറിയ തോണികൾ.തിരകളും ശാന്തമാണ്.. ഭംഗിയുള്ള തീരം തന്നെ
                  " ഞാൻ എന്താണ് എന്നതിനുള്ള ഉത്തരങ്ങളിലെ കപടത കണ്ടെത്തുകയാണ് ഞാനിപ്പോൾ.ഞാൻ ആയിരിക്കാത്ത അവസരങ്ങളിലും സന്ദര്ഭങ്ങളിലും സ്വയം തള്ളിവിട്ടു എനിക്ക് ചെന്നെത്താൻ കഴിയുന്ന തലങ്ങളുടെ സാധ്യത മനസിലാക്കണം.." അവൾ കടൽക്കാറ്റിൽ അലിഞ്ഞില്ലാതാവുന്ന സിഗരറ്റ്  പുകയിലേക്കും അത് ആത്മാവിലേക്ക് വലിച്ചെടുക്കുന്ന അവന്‍റെ ചുണ്ടുകളിലേക്കും നോക്കി ശ്രദ്ധയോടെ കേട്ടിരുന്നു. ചില നേരങ്ങളിൽ മാത്രം അപൂർവമായി അവൻ സ്വന്തം  ഉൾക്കാഴ്ചകളിലേക്ക് ജാലകം തുറക്കും "എളുപ്പം എത്തിച്ചേരാൻ കഴിയാത്ത വിദൂര ഗ്രാമങ്ങളിൽ കൊച്ചു വീട് ഉണ്ടാക്കി താമസിക്കണം.. ഭാര്യ , കുഞ്ഞു അങ്ങനെ ചെറിയ ഒരു ലോകം.. അന്വേഷണങ്ങളോ കത്തുകളോ അതിഥികളോ അപൂർവമായി" . അവൾ ഭാവങ്ങൾ ഉൾക്കൊള്ളിക്കാതെ ഒരു ചിരി ചിരിച്ചു.
         നിരന്ന ഇടങ്ങൾ തീരെ ഇല്ലാത്ത ഒരു മല മേടിനെ ചുറ്റിപ്പറ്റി അവളുടെ ചിന്തകൾ മേഘങ്ങളേ പോലെ ഉരുണ്ടു കൂടി.. കറുത്തിരുണ്ട കാടുകളും ഭംഗിയുള്ള തോട്ടങ്ങളും ആന വലിപ്പത്തിൽ പാറകളും നിറഞ്ഞു വളരുന്ന ഒരു ഇടം.വളരെ കുറഞ്ഞ തോതിൽ ജനവാസമുള്ള ,ആദിവാസി കോളനിയിലെ പത്തോ അമ്പതോ കുടുംബങ്ങൾ പാർക്കുന്ന ഒരു വലിയ മലയുടെ  താഴ് വാരം.. വെളുത്ത രാമൻ , ചെറിയ ചൈരൻ എന്നിങ്ങനെ പേരുകൾ ഉള്ള കാടിന്റെ സ്വന്തം മക്കൾ.. ആ മലകൾക്കു മുകളിൽ കയറിയാൽ ആകാശം മെല്ലെ  തൊടാം.
      " എന്നെ ഓർക്കുമോ ? ഇടക്കൊക്കെ ? "  അവൻ മുഖം കൊടുക്കാതെ ചിരിക്കുന്നതായി  വൃഥാ അഭിനയിച്ചു.  "നമ്മൾ ആരാണ് കുട്ടീ ? നടന്നു പോവുന്ന വഴിയിൽ മുൻപിൽ വന്നു പെട്ട് തമ്മിൽ നോക്കി ചിരിക്കുന്ന രണ്ടു നിഴലുകൾ, സ്നേഹം കവിയുന്ന സുഹൃത് ബന്ധത്തിന്റെ നനഞ്ഞ ഓർമ്മകൾ , രണ്ടു തിരു ശേഷിപ്പുകൾ.! നാളെ എന്താവുമെന്ന് ആരാണ്  അറിയുക ? " കണ്ണിൽ കലങ്ങിയ മഴ കാഴ്ച മങ്ങിച്ചു.. കടലും മാനവും അവനും അതിൽ ഒന്നായി ഒഴുകി. ചാറ്റൽ മഴക്കോള് അവനിലും കണ്ടു..
     ഈ ഭൂമിയിലെ ചുരുങ്ങിയ നാളുകൾ തീരും  വരെ എങ്കിലും എല്ലാവര്ക്കും ഒന്നിച്ചു ദുഃഖിക്കാതെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ! ഇല്ല , ചിലപ്പോൾ ആത്മാവിനു മാത്രം അറിയുന്ന വിധിയുടെ ഒഴുക്കുകളിൽ പെട്ട് എല്ലാരും അകലണം  എന്നതാവും ! 
              കടലിൽ കുളിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയെ നോക്കി പാലത്തിൽ ഇരുന്ന രണ്ടു മധ്യ വയസ്കർ അശ്ലീലച്ചുവയിൽ എന്തോ അസഭ്യം വിളിച്ചു പറഞ്ഞു. പാറക്കല്ലുകളിലെ പായലിൽ ഒരു നൂറു ഞണ്ടു കുഞ്ഞുങ്ങൾ പറ്റിപ്പിടിച്ച കയറി.തമാശകളും രാഷ്ട്രീയവും കാലാവസ്ഥയും പ്രാധാന്യമില്ലാത്ത പല വിഷയങ്ങളും സംസാരിച്ചു സമയത്തെ മുന്നോട്ടു തള്ളി.തിരകൾക്കു ശക്തി കൂടി , ആകാശം ചുവന്നു.. കിളികൾ തിരിച്ചുപറന്നു. "പുറപ്പട്ടാലോ ?ഇരുട്ടായി തുടങ്ങി.. " അവൻ പറഞ്ഞു.പാറക്കെട്ടിന്റെ പാലത്തിൽ നിന്ന് അവൾ ആദ്യം എഴുന്നേറ്റു. അവൻ പുറകിലായി നടന്നു.. കരയിൽ വെള്ളമണലിൽ പായൽ പോലെ  ഒരു ചെടി പൂത്തു ഇളം നീലനിറം പൊട്ടി ചിതറിയിരുന്നു. " ഇനി നമ്മൾ കാണുമോ ? " അവൻ ദൂരെത്തെവിടെയോ നോക്കിതന്നെ  ചോദിച്ചു. മറുപടി പ്രതീക്ഷിചില്ല.. അവൾ  നൽകിയും  ഇല്ല.. 
        കാടിന്റെ വന്യതകളിലേക്ക് ഇഴുകാൻ  അവളിൽ അതിയായ അഭിലാഷം  ഉണ്ടായി.  കണ്ണിൽ പച്ച നിറം  വന്നടിഞ്ഞു കൂടി.. അപരിചിതത്വത്തിന്റെ , ഭയത്തിന്റെ പ്രാകൃത സ്വര്ഗങ്ങള് !മനുഷ്യ സമ്പർക്കമില്ലാത്ത തുരുത്തുകൾ.. ഈ കാൽപ്പാലം പോലെ അകന്നകന്നു ആദിയിലേക്കു  അലിയുന്നവ 
       എൻറെ അനിശ്ചിതത്വങ്ങൾ... അവൾ ഓർത്തു...  അരക്ഷിതത്വങ്ങൾ ,ഭ്രാന്ത് കലർന്ന ഭയങ്ങൾ, തനിച്ചുള്ള ചങ്ങാടമുന്തലുകൾ... നീ അറിയുന്നുണ്ടോ ? ചിരി പരത്തിയ മുഖത്തിന്റെ പിന്നിലേ എണ്ണാൻ  കഴിയാത്തത്ര ഭാവങ്ങൾ കാണുന്നുണ്ടോ ? ഇല്ല , പണ്ടെപ്പോഴോ അവൻ  പറഞ്ഞ പോലെ ദുഃഖ പര്യവസാനികൾ ഹൃദയത്തിൽ പറ്റിപ്പിടിച്ചു നിൽക്കും.. ഒരു നല്ല കഥയുടെ ജീവൻ അതിന്റെ അന്ത്യത്തിൽ അല്ലല്ലോ..ശരിയാണ്.. തിരിഞ്ഞു നോക്കാതെ നീ നടക്കുക എന്നെ തൊടരുത്,ഞാൻ ചിതറി ഒരായിരം കഷ്ണങ്ങൾ ആയി  തീരും !. എന്‍റെ കണ്ണിലേക്കു നോക്കരുത്... ചുംബിക്കരുത്... പേമാരിയായി പെയ്തു തീർന്നു പോവും ഞാൻ..നടന്നകലുക.. കാഴ്ച മങ്ങും വരെ നിന്നെ നോക്കി നിൽക്കാതെ ഞാനും നടക്കട്ടെ..  ശുഭം 

Monday, October 24, 2016

The unnecessary letter !

It feels like a couple of light years passed..
Yet I stand here in the same old place,
Where it smell of rotten wood pieces.
Everything is more pronounced now.
The perpetual despair,
My pale solitude,
The suicidal instincts ..
My dear,
It hurts ..
To be deeply emotional and be a cold rock
at the same time !
To love unconditionally and to hate you even more.
To let you break my heart even while I am bleeding to death.
I have storms inside..
The kind which sweeps away everything.
Yet I keep calm.
I panic when happiness visit me
I am scared to be joyful
Maybe,
maybe I am a spiritual heir of an abandoned soul from the islands of past !

Wednesday, October 5, 2016

അസ്ഥികറുമ്പന്മാർ

അസ്ഥി അഥവാ എല്ല്  കറുത്തിരിക്കുമോ ? ഒരിക്കലുമില്ലല്ലോ .. പക്ഷെ അവരുടെ കണ്ണിൽ ആ കുട്ടികളെല്ലാം അസ്ഥികറുമ്പന്മാർ ആയിരുന്നു ..തൊലിപ്പുറവും രക്തവും മാംസവും കടന്നു അസ്ഥികളിൽ പോലും കലർന്ന കറുപ്പ് നിറം ഉള്ള കുട്ടികൾ , തൻ്റെ കൊച്ചുമക്കൾ ! സ്വതവേ വെളുത്ത ,സുന്ദരിയായ ,കുടുംബത്തിൽ കടുത്ത സ്വാധീനവും അധികാരവും  ഉള്ള അവരുടെ വല്യമ്മയെ അവരും അവരും  പേടി കലർന്ന
അകലത്തിൽ മാത്രം കണ്ടു
                                               .ഇരുപതാം നൂറ്റാണ്ടിലെ  സാധാരണക്കാരായ മനുഷ്യരുടെ , അവരുടെ ദരിദ്രരായ ഭാര്യമാരുടെ , ഭാഗ്യരേഖ മാഞ്ഞ കൈകളുള്ള കുട്ടികളുടെ ഒക്കെ കഥ ഏകദേശം ഒരുപോലിരിക്കും .ജീവിക്കാനുള്ള പോരാട്ടത്തിൽ   ജീവിതത്തിന്റെ പല നിറങ്ങളും  അറിയാതെ മരിച്ചു മണ്ണടിഞ്ഞ ഒരുപാട് ആളുകൾ .. ഒരു  അമ്മായിയമ്മ ആവുന്നതോടു കൂടി കഷ്ടപ്പാടിനോട് എല്ലാം വിടപറഞ്ഞു അലമാരകളുടെയും വാതിലുകളുടെയും രഹസ്യം പതിപ്പിച്ച ഒരു പിടി താക്കോൽക്കൂട്ടവും മടിയിൽ തിരുകി നടക്കാൻ കൊതിച്ചിരുന്ന ചില സ്ത്രീകളുടെയും കഥയാണത് .
                               രാവിലെയാണ് . തിരക്കുപിടിച്ച ,  മഴ നിറഞ്ഞ  വായു അകത്തളത്തും  മടിപിടിച്ചു ചുരുണ്ടു കൂടിയ , കർക്കിടകക്കാലത്തെ രാവിലെ ..! തണുത്തുമരച്ച വിറകു കൊള്ളികളും ചുവന്ന വിരലുകളുള്ള മഞ്ഞ തീയ്ക്കും തമ്മിൽ ഒരു ബന്ധം ഉണ്ടാക്കിയെടുക്കാൻ  നൂണ്ടു കിടക്കുന്ന ഒരു സ്ത്രീ ..അല്ലെങ്കിൽ മുൻപ് പറഞ്ഞ അസ്ഥി കറുമ്പന്മാരുടെ 'അമ്മ .മക്കൾക്ക് രാവിലെ വല്ലതും വെച്ചുണ്ടാക്കി  കൊടുക്കാനുള്ള പെടാപ്പാടിലാണ്. എത്ര കഴിച്ചാലും വിശപ്പ് മാറാത്ത പ്രായത്തിൽ ഉള്ള ആൺകുട്ടികൾ ! തലേദിവസം തന്നുവിട്ട ചോറ്റുപൊതിയിൽ ഒരു കൊമ്പൻമുളക് മാത്രം കൂട്ടാൻ വെച്ചതിനും അതുകണ്ടു കൂട്ടുകാരികൾ കളിയാക്കിയതിനും ഉള്ള പരിഭവം പറഞ്ഞു മൂത്ത മകൾ അവരുടെ പുറകെ .
                                                 കുറുമ്പ് കുറച്ചധികമുള്ള ഇളയ മകൻ  വല്യമ്മയുടെ മുറിയിൽ കടന്നത് ആരും കണ്ടില്ല.. അവർ അകത്തില്ലാത്ത സമയമാണ് . കുടുംബത്തിൽ ബാക്കി ഉള്ളവർക്കുള്ള ഭക്ഷണ ക്രമീകരണം ഒന്നുമല്ല  അവരുടേത് . പ്രത്യേകിച്ചും  ദാരിദ്ര്യം കടുത്ത കാലങ്ങളിൽ പോലും തന്റെ വിഭവങ്ങൾക്ക് ഒരു കുറവും വരുത്താൻ  പാടില്ല എന്നത്  അവിടുത്തെ അലിഖിത നിയമങ്ങളിൽ     ഒന്നായിരുന്നു .തേങ്ങ കൊത്തിയിട്ട ഉണക്ക മീൻ കറിയും വെളുത്ത നിറത്തിൽ  കുനുകുനെ  ഉള്ളിയും തേങ്ങയും ഇട്ടു വേവിച്ചെടുത്ത തോരനും മറ്റുമാണ് ഇത്തരത്തിൽ ഉള്ള സ്‌പെഷ്യലുകൾ !                                                                     രാവിലെ ഉണ്ടായ യുദ്ധത്തിന്റെ രംഗങ്ങൾ ഓർത്തുകൊണ്ടാണ് കുട്ടികളുടെ 'അമ്മ അടുക്കളയിൽ ഓരോ ജോലികൾ  ചെയ്തുകൊണ്ടിരുന്നത് . സ്വതവേ  സാവധാനത്തിലേ അവർക്കു കാര്യങ്ങൾ ചെയ്യാൻ  അറിയൂ .. ആരോഗ്യസ്ഥിതിയും രാവിലെ  കിട്ടിയ ഊക്കൻ തൊഴിയും അവരെ കൂടുതൽ തളർത്തിയിരുന്നു .വെളുപ്പിന് കിട്ടുന്ന ചായ വൈകിയതിന് ഭർത്താവ് നിരത്തിയ അസഭ്യ വര്ഷങ്ങൾക്ക്   " അതിനു നിങ്ങൾ ഇവിടെ ഉണക്ക വിറകു കൊണ്ട് വെച്ചിട്ടുണ്ടോ ?" എന്ന് ചോദിക്കാനായി ശബ്ദം നാവിൽ നിന്ന് പുറപ്പെട്ടത് മാത്രമേ ഓർമയുള്ളു .. അടുത്ത നിമിഷം അടിവയറ്റിലെ വേദനയുടെ പശ്ചാത്തലത്തിൽ കോപത്തോടെ പുറത്തേക്കു പോകുന്ന ഭർത്താവിന്റെ രൂപം കണ്ടു .ആരോടും   സ്നേഹവും അടുപ്പവും വെച്ച് പുലർത്താത്ത അമ്മായിയമ്മക്ക്  ആ സംഭവം വല്ലാതെ രസിക്കുകയും ചെയ്തു .വെളുത്ത മിടുക്കനായ പുത്രന് നന്നേ കറുത്ത സാമർഥ്യം തീരെയില്ലാത്ത ഒരു പെണ്ണിനെ ഭാര്യയായി   കിട്ടിയതിൽ അവർക്കു  കുറച്ചിലായിരുന്നു .                                                                                                                                                                                   മുറിയിൽ കടന്ന ഇളയ മകൻ അലമാരയിൽ    വെച്ചിരുന്ന ശർക്കരപ്പാത്രവും മീൻചട്ടിയിൽ നിന്ന് വലിയ രണ്ടു കഷണവും   കൈയിലാക്കിയപ്പോൾ അവർ കയറി വന്നു. മൂക്കും കവിളും ചുവന്നു   വിറച്ചു അവർ അലറി .."അസ്ഥി കറുമ്പന്മാരേ ... ഇറങ്ങടാ നിലത്തു..!.ഓടടാ ...!"ഒരു കുഞ്ഞെലിയുടെ വെപ്രാളത്തിലും  വേഗത്തിലും അവൻ തിരിച്ചോടി വന്നു ഇരുന്നത് കണ്ടു മറ്റു സഹോദരങ്ങൾ പൊട്ടിച്ചിരിച്ചു..പുകഞ്ഞ വിറകിലെ കണ്ണെരിക്കുന്ന കൈകൾ വന്നു  അമ്മയെ ഒന്നുകൂടി ആക്രമിച്ചു .. തലേന്ന് പശുക്കൾക്ക് അരിഞ്ഞു വെച്ച വലിയൊരു പുല്ലുകെട്ട്  ആരോ  ചെളിയിൽ ചവിട്ടി താഴ്ത്തിയിട്ടതിന്റെ സങ്കടം കൂടെ വിങ്ങി നീറി വന്നപ്പോൾ അറിയാതെ ഒരു ഏങ്ങലടി  ഉയർന്നു പോയി... ഇല്ല അതിനും തനിക്ക് നേരമില്ല.. സ്വസ്ഥമായി ഇരുന്നു കരയാനോ ആരോടെങ്കിലും വിഷമം പറയാനോ പോലും നേരമില്ലാത്ത ,സാഹചര്യമില്ലാത്ത ഒരു ജീവിതത്തിന്റെ ചവർപ്പ് ഒരു പക്ഷെ പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റില്ല. അവർക്കു അതെല്ലാം സർവ സാധാരണമായി കഴിഞ്ഞിരുന്നു ...എന്തിനോടൊക്കെയോ മല്ലടിച്ചു ജോലികൾ തീർത്തു കുട്ടികളെ സ്കൂളിൽ അയച്ചു..എന്നാലും തീരുന്നില്ല പണികൾ ...പശുക്കളെ കുളിപ്പിക്കുക, അവക്ക് പുല്ലു ശേഖരിക്കുക , പാൽ കറക്കുക, ഉണങ്ങിയ വിറകു  സംഭരിക്കുക, കോപിഷ്ഠരായ ഭർത്താവിനും അമ്മയ്ക്കും ഭക്ഷണം ഉണ്ടാക്കുക ,തുണികൾ എല്ലാം കഴുകുക ,വൈകുന്നേരം വീണ്ടും അത്താഴത്തിനുള്ള വട്ടം കൂട്ടുക  !  ഇതിനിടയിൽ തന്റെ വയറു നിറഞ്ഞോ ,സുഖമാണോ എന്ന് ആരും ചോദിക്കുക പോലും ഇല്ല.. അതിൽ പരാതിയില്ല .. കൃഷിപ്പണിക്കാരന്റെ ഭാര്യ ആയതിനാൽ കൊയ്ത്തും മെതിയും ഉള്ള  കാലങ്ങളിൽ ജോലികൾ പതിന്മടങ്ങാവും ...
                                                      വയറു വിശന്നു ക്ഷീണമേറി  നടുവൊടിഞ്ഞു പണിയെടുത്തു  ഒരു പകൽ കൂടി കടന്നു പോകുകയാണ്.. എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടാവുമെന്നുള്ള വിദൂര  പ്രതീക്ഷയിൽ , ആ കാലമെത്തുമ്പോഴേക്കും ശരീരത്തിലെ   യന്ത്രങ്ങൾ എല്ലാം ജോലി നിർത്തി പോകുമെന്നത് അറിയാതെ , അസ്ഥികറുമ്പന്മാരുടെ  അമ്മയായി.! വർണവും സമ്പത്തും പുരുഷമേധാവിത്തവും  അരക്ഷിതത്വവും  നിരക്ഷരതയും കാർന്നു തിന്ന ഒരു കൂട്ടത്തിന്റെ നിറം മങ്ങിയ അടയാളമായി !

Tuesday, October 4, 2016

The art of disappearing

She was never attracted to happy ending tales she craved to hear the depressing stories 
 sorrows nourished her soul 
 She cried every night..
And drew her eyeliner  thick in the morning
the swollen eyelids
and stories underneath
Were  hidden forever ..
Once she read a story
As the story progresses
The characters disappeared one by one
When the last page was turned ,
She too was gone ..
Leaving no trace after !
Like the patterns in the sands