Tuesday, October 4, 2022

കോട്ടയുടെ


മുകളിൽ ഒരു വെള്ള വെളിച്ചമുള്ള വൈദ്യുതി വിളക്കുണ്ട്. രാജാക്കന്മാരിൽ നിന്ന് രാജാക്കന്മാരിലേക്ക് കൈമാറി നൂറ്റാണ്ടുകളായി ഉറങ്ങി കിടക്കുന്ന കോട്ടയുടെ മുകളിൽ പഴയ ഒരു പള്ളിയും ഖബറിടങ്ങളിലെ നിശ്ചലതയും കാറ്റിന് കൂട്ടായി നിൽപ്പുണ്ട്. പകൽ കോട്ടയിൽ നിന്നാൽ നഗരം മുഴുവൻ കാണാം. കോട്ടയുടെ താഴെയുള്ള തടാകം കാണാം. അകലെ ഉള്ള തെർമൽ പവർ പ്ലാൻ്റിൽ നിന്ന് ആകാശത്തിലേക്ക് ഉയരുന്ന പുക വരെ കാണാം. പക്ഷേ രാത്രിയിൽ കോട്ട മറ്റൊന്ന് ആവുന്നുണ്ട്. കടൽതിരകൾക്ക് സാക്ഷിയായി നിലകൊള്ളുന്ന ലൈറ്റ് ഹൗസ് പോലെയോ നീണ്ട മുളയിൽ കൊളുത്തിയിട്ട നക്ഷത്രം പോലെയോ ഞാൻ അതിനെ സങ്കൽപ്പിക്കുന്നു. പകുതി ഉറങ്ങിയ നഗരത്തിനോട് അത് പഴയ യുദ്ധത്തെ കുറിച്ച് പറഞ്ഞു നെടുവീർപ്പിടുന്നു. മൺവഴികൾ ഉള്ള കാലത്തെ പല ജീവിതങ്ങളെയും ഓർത്തു വേദനിക്കുന്നു. ഉറങ്ങാതിരുന്ന എന്നെ ഏതോ പഴയ ഭടൻ്റെ ദുസ്വപ്നങ്ങൾ ഓർമിപ്പിക്കുന്നു. എനിക്കുറപ്പാണ് രാത്രി കോട്ടയ്ക്ക് ജീവൻ വെക്കുന്നുണ്ടെന്ന്. 

No comments:

Post a Comment