Wednesday, June 10, 2020

 ധ്യാനിക്കുമ്പോഴും എന്റെ മനസ്സ് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു എന്നെ തന്നെ കളിയാക്കി. അനക്കാതെ വെച്ച കാൽ മരച്ച് തുടങ്ങിയപ്പോ ഞാൻ വീണ്ടും എന്റെ മരണ ദിവസത്തെ പറ്റി ആലോചിച്ചു പോയി. എന്നോട് ഇപ്പോള് എനിക്ക് വെറുപ്പില്ല. കനിവും തോന്നുന്നില്ല. എന്നെ ഞാനായി തന്നെ ഏറ്റവും അരസികമായ ഒരു കഥ വായിക്കുന്ന പോലെ സ്വീകരിച്ച് തുടങ്ങി. എന്റെ ചുറ്റുമുള്ള കനത്ത പച്ച നിറഞ്ഞ കാട് ഇനിയും ഇല പൊഴിക്കും. മകരത്തിൽ പൂക്കളെ പോലെ ചുവപ്പും മഞ്ഞയും നിറഞ്ഞ ഇലകൾ കൊണ്ട് മൂടും. വേനൽ കാലത്ത് ഇലകൾ ദൈന്യതയൊടെ നിലത്തേക്ക് തൂങ്ങി നിൽക്കും. വീണ്ടും ആകാശത്ത് മഴ പൊട്ടും. എന്റെ ജീവിതവും മരണവും മെഴിതിരി കാലിന്റെ താഴെ മരിച്ചു കിടക്കുന്ന ചെറിയ പ്രാണിയേക്കാൾ നിസാരമായി സംഭവിക്കും, മറക്കപ്പെടും..
എന്നെ ഇതൊക്കെ ഭയപ്പെടുത്തേണ്ടതാണ്.. എന്റെ ഹൃദയവും മരച്ചുപോയിരിക്കണം

Tuesday, June 2, 2020

ഞാൻ സൂക്ഷിച്ച നിറമുള്ള മീനുകളെ മറന്നു, ഞാൻ കൊടുത്ത വാക്കുകളും മറന്നു പഴയ ബുക്കുകളും അശ്ലീല എഴുത്തുകളുമുള്ള പഴയ ഹോസ്റ്റൽ മുറിയിലേക്ക് തിരിച്ച് പോയി ഒരിക്കൽ. പഴയ പാത്രങ്ങൾ വലിച്ചെറിഞ്ഞപ്പോൾ വർഷങ്ങളുടെ അഴുക്ക് അടിഞ്ഞ മീനുടലുകൾ നിലത്ത് പിടഞ്ഞു. എന്നെന്നറിയാത്ത അടുത്തേവിടെയോ ഉള്ള മരണത്തിന്റെ നരച്ച നിമിഷത്തെ കുറിച്ച് ആപ്പോൾ മീനുകളെ പോലെ കണ്ണ് മിഴിച്ച് വാ തുറന്നു ശ്വാസമെടുത്ത് ഞാൻ ആലോചിച്ചു. സ്വപ്നം കഴിഞ്ഞു ഉണർന്നിട്ടും ചെന്നയകളെ പോലെ ക്രൂര മുഖമുള്ള മീനുകളുടെ ഉദാസീനത നിറഞ്ഞ കാമം നിറഞ്ഞ ദുഷ്ടന്റെ കരുണയില്ലായ്‌മ ഉള്ള ജൂണിലെ മഴ പോലെ തണുപ്പുള്ള മരണത്തിന്റെ മുഖം കണ്ണിൽ തന്നെ തൂങ്ങി നിൽക്കുന്നു.