Saturday, October 17, 2020

 നിലാവുള്ള രാത്രികളിൽ ചെയ്യേണ്ട ഒരു കൂട്ടം കാര്യങ്ങൾ

കടലിലോ പുഴയിലോ നിലാവ് വീഴുന്നത് കണ്ട്

നിൽക്കണം

വെളിച്ചം അണച്ചു മെല്ലെ കാട്ടിലൂടെ വണ്ടി ഓടിക്കണം 

പൗർണമികൾ എന്റെ സ്വന്തമായതിനാൽ അതിനു ചുവട്ടിലെ എല്ലാം എല്ലാവരുടെയും ആകും

അങ്ങനെ ഒരു നരച്ച പഴയ കശുമാവിൻ തോട്ടത്തിൽ കയറണം

നിലത്തിഴയുന്ന അതിന്റെ ചില്ലകളിൽ ചാരി നിൽക്കണം 

ഉണക്ക ഇലകളിൽ ചവിട്ടി ഒച്ച വെച്ച് തവളകളെയും മുയലുകളെയും ഉണർത്തണം

വിളർച്ച ബാധിച്ച നിലത്ത് നിലാവും നിഴലും പ്രേമിക്കുന്ന ഇടത്ത് എനിക്ക് അല്ല നേരം നീണ്ടു നിവർന്നു കിടക്കണം അപ്പോൾ 

ചന്ദ്രൻ നേരിയ ചുവപ്പ് നിറത്തിൽ ആകാശത്തിന്റെ ഒരു വശത്ത് മാറി നിപ്പുണ്ടാവും 

കടൽ തീരത്തുള്ള തെങ്ങിൻ തോപ്പിൽ നടക്കണം 

നിലാവ് തെങ്ങോലയിലൂടെ ഒഴുകി ഇറ്റുവീഴുന്ന നിലത്തിരുന്നു പനങ്കള്ളു കുടിക്കണം

തിരിച്ച് വന്ന് മുറിയിലെ ജനലിലൂടെ വരുന്ന വെളിച്ചത്തിൽ നിലാവ് പോകാനും സൂര്യൻ ഉദിക്കാനും കാത്ത് പ്രേമത്തോടെ ഇരിക്കണം

Friday, July 31, 2020

കാഴ്ചപ്പാടിന്റെ കഥകൾ

ഞങ്ങളുടെ കാഴ്ചകൾ മുകളിൽ നിന്ന്

ചെറുപ്പത്തിൽ വിശാലമായ തട്ടിൻപുറം മറ്റൊരു ലോകം തന്നെയായിരുന്നു. അതിനു മുകളിൽ ഇരുന്നു പ്രേതകഥകൾ പറയുക, പിണങ്ങുമ്പോൾ കുറെ നേരം മുകളിൽ മുഖം വീർപ്പിച്ച് ഇരിക്കുക ഇതൊക്കെ ശീലമായിരുന്നു. അതിനു മുകളിൽ നിന്ന് കാണുന്ന വീടും അതിലെ ആളുകളും ഞങ്ങൾക്ക് തമാശ ആയിരുന്നു. വീടിന് തൊട്ടടുത്ത് ഒരു വലിയ, ഒരുപാട് വലിയ ജാതിമരം ഉണ്ട്. ഒരു കടലാസിൽ ഉപ്പുകല്ലു പൊതിഞ്ഞെടുത്ത് മരത്തിന്റെ ഏറ്റവും മണ്ടയിൽ കയറി ഇരുന്നു അത് ജാതിക്കയോടോപ്പം കഴിക്കും. മരത്തിന്റെ ചോട്ടിൽ ചാരുകസേരയിലിരുന്ന് കൊന്ത ചൊല്ലുന്ന ചാച്ചനെ നോക്കും. ചാചന്റെ അടുത്ത് തന്നെ നിലത്ത് എപ്പഴും ഒരു വലിയ ജഗ് നിറയെ കുടിവെള്ളം ഉണ്ടാകും. താഴത്തെ വീട്ടിൽ ചാച്ചന്റെ സുഹൃത്ത് മറ്റൊരു ചാച്ചനുണ്ട്. അവിടെ പോയിരുന്നു ചീട്ടു കളിക്കുമ്പൊഴും ഉണ്ടാവും അടുത്ത് തന്നെ സ്റ്റീൽ ജഗ്‌ നിറയെ വെള്ളം.
കാഴ്ചകൾ താഴെ നിന്ന്

വീട്ടിൽ നിന്ന് വഴക്ക് കേട്ടാൽ പിന്നെ ചേട്ടനെ കാണാൻ കിട്ടില്ല. ഞാൻ ഇവിടുന്ന് പോകുവാ എന്ന് പറഞ്ഞു അപ്രത്യക്ഷമാകും. ഒരിക്കൽ പുല്ല് തീറ്റിക്കാൻ കൊണ്ട് പോയ പശുക്കളെ മറന്നു ചേട്ടൻ ചെക്കന്മാർക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ പോയി. നിരന്ന ഇടങ്ങളില്ലാത്ത ഞങ്ങളുടെ മലയോരത്ത് ക്രിക്കറ്റ് കളിക്കാൻ വേണ്ടി ദൈവം സൃഷ്ടിച്ച പോലൊരു ഗ്രൗണ്ടും ഉണ്ടായിരുന്നു. ഒരു മലയുടെ ഉച്ചിക്ക്‌. സ്വതന്ത്രരായ  പശുക്കൾ റബ്ബറിന്റെ ഇല തിന്നു. വീണ്ടും തിന്നു. ഒരുപാട് തിന്നു( പശുക്കളുടെ മരണം പോലും സംഭവിക്കാം). ഡാഡി കോപാകുലനായി. വടി വീട്ടിൽ നിന്ന് തന്നെ വെട്ടിയെടുത്ത് ചേട്ടനെ തല്ലാൻ ചെന്നു. കൂട്ടുകാരുടെ മുന്നിൽ വേച്ചേറ്റ അപമാനം കൊണ്ട് നാട് വിടുകയാണെന് പ്രഖ്യാപിച്ച് ചേട്ടൻ അപ്രത്യക്ഷ നായി. ഒരുപാട് നേരം എല്ലാരും ഭയന്നുപോയി. പല ഇടത്തേക്ക് ആളു പോയി. വൈകിട്ട് എപ്പോഴോ കട്ടിലിന്റെ അടിയിൽ നിന്ന് എന്നെ നോക്കി ചിരിച്ചു കൊണ്ട് എണീറ്റ് വന്നത് ഇപ്പോഴും ഓർമ ഉണ്ട്.
മലകളും പാറകളും ഗുഹകളും നിറയെ ഉള്ള ഇടമായത് കൊണ്ട് ഞങൾ തിരി കത്തിച്ച് വെച്ച് ഗുഹകളിൽ ഒത്തുകൂടിയിരുന്നു. ഞങൾ എന്നാൽ ഞങൾ കുട്ടികൾ എല്ലാവരും. ആദ്യമായി വാങ്ങിയ 5 രൂപയുടെ മാഗ്ഗി പാക്കറ്റ് പാകം ചെയ്തു അതുപോലും ഒരുമിച്ച് കഴിച്ചിരുന്ന ഞങൾ എല്ലാവരും. വേനൽക്കാലത്ത് തോട്ടിലെ ഞണ്ടുകൾക്ക്‌ ഞങൾ പേടി സ്വപ്നം ആയിരുന്നു. ഞണ്ട് വറുത്തത്, പെറുക്കാനേൽപിച്ച കശുവണ്ടി ചുട്ടത്, ചക്ക, മാങ്ങ, കൊപ്ര , വാളൻപുളി, ജാതിക്ക, ചവർപ്പുള്ള കശുമാങ്ങ അങ്ങനെ എല്ലാം ഞങ്ങൾക്ക് ആഘോഷമായി. ഗുഹകളിൽ ഞങൾ ചിത്രങ്ങൾ ഒട്ടിച്ചു വെച്ചു. പേരിട്ടു ഞങ്ങളുടെ സ്വന്തമാക്കി.( ആദ്യമായി ഒരു അശ്ലീല സിഡി നേരിൽ കാണുന്നതും ഇവയിൽ ഒരു ഗുഹയുടെ അടുത്ത് കരികിലകൾക്ക്‌ ഇടയിൽ ആയിരുന്നു )

കാഴ്ചകൾ ഇരുട്ടിൽ

അമ്മയുടെ അഭിപ്രായം ചേട്ടനെ ചെറുപ്പത്തിൽ ഒത്തിരി തല്ലി ( അതുകൊണ്ട് നന്നായി ) എന്നും എനിക്കും അനിയനും തീരെ തല്ല് കിട്ടിയില്ല ( സ്വാഭാവികമായി നന്നായില്ല ) എന്നുമാണ്. ഒരിക്കൽ ഞാൻ രാവിലെ എണീററപ്പോൾ എല്ലാവരും ഉറങ്ങുകയാണ്. എനിക്ക് ബോറടിച്ചു. അമലുവിനെ കാണാൻ പോകാൻ തോന്നി. അമലു എന്നാല് എന്റെ ജീവനായ ഓർമ വെച്ച കാലം തൊട്ടുള്ള കൂട്ടാണ്. ഞാൻ ചെറിയ ഇരുട്ടൊന്നും നോക്കിയില്ല. നേരെ കയറ്റം കയറി അവളുടെ വീട്ടിലേക്ക് നടന്നു. രാവിലെ വിരിയുന്ന ഒന്നോ രണ്ടോ മുല്ലപ്പൂവും പറിക്കാം എന്നായിരുന്നു എന്റെ ചിന്ത. അവിടെ എത്തി അവളുടെ അമ്മ പോലും എണീറ്റ് വരുന്നതെ ഉള്ളു.
 " കൊച്ചു വീട്ടിൽ പറഞ്ഞിട്ടാണോ വന്നെ "
മുല്ലപ്പൂ മണത്തു കൊണ്ട് ഞാനോർത്തു അതിനിപ്പോ ഇവിടെന്ത് പ്രസക്തി. എനിക്ക് അമലുനെ കാണണ്ടേ. മുല്ലപ്പൂ പറിക്കണ്ടെ?
" അവർ ഒന്നും എനീട്ടിട്ടില്ലാ"
" കൊച്ചു എന്നാല് അവരോട് പറഞ്ഞിട്ട് വാ. അല്ലെങ്കിൽ അവർ പേടിക്കും "
ഞാൻ വീട്ടില് എത്തിയപ്പോ എല്ലാവരും മുറ്റത്ത് ഉണ്ട്. അമ്മ ഒരു ചൂട്ട് മടക്കി പിടിച്ചിട്ടുണ്ട് കയ്യിൽ  ( ഉണക്ക തെങ്ങോല) . അമ്മ ഇപ്പോഴും പറയാറുണ്ട്. അത് വെച്ചാണ് നിന്നെ തല്ലിയിരുന്നത്. ചേട്ടനെ കിട്ടുന്ന വടി വെച്ച് തല്ലിയിട്ടുണ്ട് എന്ന്. മുകളിലെ റബർ തോട്ടത്തിൽ നിന്ന് ജോലി ചെയ്യുന്ന ഡാഡിയോട് താഴെ നിന്ന് ഞാൻ വിളിച്ചു പറയുമായിരുന്നു.
" ഡാഡി റബ്ബർ പൂളു കൊണ്ട് വരണേ"
റബ്ബർ വെട്ടുമ്പോൾ നിലത്തേക്ക് വീഴുന്ന ചെറിയ  മരത്തൊലി ആണ് ഉദ്ദേശിക്കുന്നത്. ഇത് കിട്ടിയിട്ട് എന്താണ് കാര്യം എന്ന് അറിയില്ല. എന്നാലും എല്ലാ ദിവസവും ഡാഡി കൃത്യമായി കൊണ്ട് വന്നു തന്നിരുന്നു. അത് വെച്ച് ഞാൻ കഞ്ഞിയും കറിയും വെച്ച് കളിച്ചോ ആരുടേയെങ്കിലും തലയിൽ ഇട്ടോ എന്നൊന്നും ഓർമ ഇല്ല.

കാഴ്ചകൾ തല തിരിഞ്ഞ്

മരത്തിൽ കയറുന്നത് , ഊഞ്ഞാലിൽ നിന്ന് കൊണ്ട് ആകാശം മുട്ടുന്ന പോലെ  ആടുന്നത് , തോട്ടിൽ മൂങ്ങാങ്കുഴി ഇടുന്നത് ഒക്കെ അപ്പൊൾ കാണുന്ന കാഴ്ചകളുടെ ചന്തം കൊണ്ടായിരുന്നു. അങ്ങനെ കാണുന്ന എനിക്ക് എല്ലാം തല കുത്തി നിന്ന് കാണുന്നത് മറ്റൊരു ട്രിപ് ആയിരിക്കുമെന്നു ഊഹിക്കാലോ. ഒരിക്കൽ അനിയന്റെ ഒപ്പം സ്കൂളിൽ പോകുമ്പോ എന്റെ ഇൗ വലിയ വിദ്യ പഠിപ്പിച്ചു കൊടുത്തു. ഞാൻ ബാഗ് ഒക്കെ ഊരി അഭ്യാസിയെ പോലെ തല കുത്തി നിന്ന് ലോകം കണ്ടൂ. മരങ്ങൾ , വഴി , പാറകൾ പട്ടി പൂച്ച അടങ്ങുന്ന ലോകമായ ലോകം മുഴവൻ.
അവൻ കുഞ്ഞ്, പാവം , ബാഗും ഇട്ടു തല കുത്തി നിക്കാൻ നോക്കി. ബാഗിന്റെ ഭാരം കാരണം റോഡിലെ കരിങ്കല്ലിൽ തല കുത്തി മുറിഞ്ഞു. ചോര കണ്ട് ബാക്കി കൂട്ടുകാർ നിലവിളിച്ചു. അവന്റെ തല നിറയെ ഉള്ള മുടിക്കിടയിൽ ഇപ്പോഴും ആ ചെറിയ പാടുണ്ട്.

Friday, July 3, 2020

Forbidden

Our ancestors grazed cattle
Through these hills and valleys
We moved along with goats, bulls, cows and ducks
I don't know any other job
Neither did my parents
Today
I stand under the tree
It's raining mildly
Tree breathed in heavily
 It's lush green gave me guilty thoughts
The velvety skin of the cows had tiny droplets of rain on them
My  cloak had the same glittering
 They looked like stars in green sky
I was stuck in a summer dream as they would call it
The thing that elders hate
The thing that can form storms in poor hearts
Which makes all the flowers in the world worthy  All feelings , powerful
And all people brave but conflicted
Yes!
I had fallen for a monk
At nights I cried out so the love wouldn't eat me
During days I try to meditate
Like how he does
Like how my cows do when they eat thick green grass
I wear faded colours like his other monk friends
We have no gods and  goddesses
Our legs are covered in ticks and thorns
Our redemption is these hills
Our salvation is in the milk that the cows produce
My ducklings would follow me like I'm their mother
I don't know anything about nirvana or revolution
But
I think it would be very political
And spiritual
If we both go for walks you know!
All I know is these grass and streams
And that I had fallen for a monk

ഇന്നെന്റെ അറുപത്തിഏഴാമത്തെ പിറന്നാളാണ്.
 വൈകിട്ട് ഒരു നേഴ്സ് എല്ലാവരോടും പണം പിരിച്ചു വാങ്ങി എന്നെക്കൊണ്ട് മുറിപ്പിച്ച ഒരു ബ്ലാക്ക് ഫോറസ്റ്റ് എമ്പക്കം എനിക്ക് തികട്ടി വരുന്നുണ്ട്.

ആദ്യത്തെ ഇരുപത് വർഷങ്ങൾ അമ്പലത്തിലും പള്ളിയിലും പോയി
പിന്നീടുള്ള കുറെ പിറന്നാളിൽ രാവിലെ മുതൽ രാത്രി വരെ കട്ടിലിൽ കരഞ്ഞു കരഞ്ഞു കഴിച്ചു കൂട്ടി
ചില പിറന്നാളിൽ പഴയ കാമുകരുടെ ഫോൺ വിളികൾ
ചിലതിൽ ആരോടും പറയാതെ എവിടേക്കോ പോകുന്ന യാത്രകൾ
മഴ നനഞ്ഞു നടന്ന ദിവസങ്ങൾ

ഇനി പിറന്നാള് പത്രക്കോളത്തിൽ വരുന്ന ഒരു തിയതി മാത്രമാവും
പല വട്ടം തർക്കിച്ചു വില പേശി നീട്ടിക്കൊണ്ടു പോയ മരണം ഇനി ഒരു ഉച്ച നേരത്ത് വെറുതെ അങ്ങ് കടന്നു വരും
തണുത്ത കൺപോളകൾ അടക്കുമ്പോൾ എന്റെ പ്രിയപ്പെട്ട നേഴ്സ് ദുഃഖം കലർന്ന വിറയലോടെ ഞാൻ അവരുടെ കുഞ്ഞിന് കൊടുത്തയച്ച ചോക്കലേറ്റ് കളെ പറ്റി ഓർക്കും
കൂടെയുള്ള മറ്റു വൃദ്ധർക്ക്‌ 2 ദിവസം വേദനയാവും
പിന്നെ എന്റെ ഇൗ കട്ടിലിലേക്ക് അവരിൽ ഒരാൾ ചേക്കേറും

എനിക്ക് മാത്രം ഭയം ഉള്ള ഒരു നിമിഷം ഒളിപ്പിച്ച ജന്മദിനവും മരണ ദിനവും എന്നെ കാത്ത് എവിടെയോ നിൽക്കുന്നു
ജനലുകൾ അടച്ചതറിയാതെ
മുറിക്കുള്ളിൽ ഒരു മിന്നാമിനുങ്ങ് കുടുങ്ങി
അതിന്റെ വെളിച്ചം എന്റെ മുറിയെ പൗർണമി രാത്രിയാക്കി
മുകളിൽ നിന്നൊരാൾ ആറ് കൽഭരണികളിൽ നിന്നുള്ള മുഴുവൻ വീഞ്ഞും മഴയായി ഒഴുകുന്നുണ്ടായിരുന്നു
അരണ്ട വെളിച്ചത്തിൽ ഭിത്തി നിറയെ ഞാൻ എഴുതി
കണ്ണുകൾ അടച്ച്
വിരൽ കൊണ്ട് അതിന്റെ ഉയർച്ച താഴ്ചകൾ
കണ്ടുപിടിച്ചു എഴുതി
മിന്നാമിനുങ്ങ് മരിച്ചിരുന്നു
അതിന്റെ കെട്ടുപോയ ജീവനെ  ഓർത്തു ഒരു കാറ്റ് വീശി
എന്നെ ഉപദ്രവിച്ചവരേ
നിങ്ങളോട് ഞാനിതാ ക്ഷമിക്കുന്നു
ഞാൻ ഉപദ്രവിച്ചവരേ
നിങ്ങളെന്നോട് ക്ഷമിക്കൂ
കുറ്റബോധത്തിന്റെയും
പുനർജനനത്തിന്റെയും
സുവിശേഷമാണ് ഞാൻ എഴുതുന്നത്
മിന്നാമിനുങ്ങിന്റെയും
അനേകം നിശാശലഭങ്ങളുടെയും
മൃതദേഹങ്ങൾ സാക്ഷി
എന്റെ ഭാരിച്ച ഹൃദയം സാക്ഷി

Wednesday, June 10, 2020

 ധ്യാനിക്കുമ്പോഴും എന്റെ മനസ്സ് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു എന്നെ തന്നെ കളിയാക്കി. അനക്കാതെ വെച്ച കാൽ മരച്ച് തുടങ്ങിയപ്പോ ഞാൻ വീണ്ടും എന്റെ മരണ ദിവസത്തെ പറ്റി ആലോചിച്ചു പോയി. എന്നോട് ഇപ്പോള് എനിക്ക് വെറുപ്പില്ല. കനിവും തോന്നുന്നില്ല. എന്നെ ഞാനായി തന്നെ ഏറ്റവും അരസികമായ ഒരു കഥ വായിക്കുന്ന പോലെ സ്വീകരിച്ച് തുടങ്ങി. എന്റെ ചുറ്റുമുള്ള കനത്ത പച്ച നിറഞ്ഞ കാട് ഇനിയും ഇല പൊഴിക്കും. മകരത്തിൽ പൂക്കളെ പോലെ ചുവപ്പും മഞ്ഞയും നിറഞ്ഞ ഇലകൾ കൊണ്ട് മൂടും. വേനൽ കാലത്ത് ഇലകൾ ദൈന്യതയൊടെ നിലത്തേക്ക് തൂങ്ങി നിൽക്കും. വീണ്ടും ആകാശത്ത് മഴ പൊട്ടും. എന്റെ ജീവിതവും മരണവും മെഴിതിരി കാലിന്റെ താഴെ മരിച്ചു കിടക്കുന്ന ചെറിയ പ്രാണിയേക്കാൾ നിസാരമായി സംഭവിക്കും, മറക്കപ്പെടും..
എന്നെ ഇതൊക്കെ ഭയപ്പെടുത്തേണ്ടതാണ്.. എന്റെ ഹൃദയവും മരച്ചുപോയിരിക്കണം

Tuesday, June 2, 2020

ഞാൻ സൂക്ഷിച്ച നിറമുള്ള മീനുകളെ മറന്നു, ഞാൻ കൊടുത്ത വാക്കുകളും മറന്നു പഴയ ബുക്കുകളും അശ്ലീല എഴുത്തുകളുമുള്ള പഴയ ഹോസ്റ്റൽ മുറിയിലേക്ക് തിരിച്ച് പോയി ഒരിക്കൽ. പഴയ പാത്രങ്ങൾ വലിച്ചെറിഞ്ഞപ്പോൾ വർഷങ്ങളുടെ അഴുക്ക് അടിഞ്ഞ മീനുടലുകൾ നിലത്ത് പിടഞ്ഞു. എന്നെന്നറിയാത്ത അടുത്തേവിടെയോ ഉള്ള മരണത്തിന്റെ നരച്ച നിമിഷത്തെ കുറിച്ച് ആപ്പോൾ മീനുകളെ പോലെ കണ്ണ് മിഴിച്ച് വാ തുറന്നു ശ്വാസമെടുത്ത് ഞാൻ ആലോചിച്ചു. സ്വപ്നം കഴിഞ്ഞു ഉണർന്നിട്ടും ചെന്നയകളെ പോലെ ക്രൂര മുഖമുള്ള മീനുകളുടെ ഉദാസീനത നിറഞ്ഞ കാമം നിറഞ്ഞ ദുഷ്ടന്റെ കരുണയില്ലായ്‌മ ഉള്ള ജൂണിലെ മഴ പോലെ തണുപ്പുള്ള മരണത്തിന്റെ മുഖം കണ്ണിൽ തന്നെ തൂങ്ങി നിൽക്കുന്നു. 

Tuesday, May 12, 2020

ഋഷികേശ്


ഹരിദ്വാറിലേക്കുള്ള ബസിലാകെ കഞ്ചാവിന്റെ മണവും പുകയും നിറഞ്ഞു നിന്നു. ഇടയ്ക്കിടക്ക് ഓറഞ്ചു വസ്ത്രങ്ങൾ ധരിച്ച അവരെല്ലാവരും ഹര ഹര മഹാദേവ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടുമിരുന്നു. ആ ബസ് നിറച്ചു തീർത്ഥാടകരാണ്; ഞാനൊഴികെ.  പോകുന്ന വഴിയിലൊക്കെ നടന്നു ഗംഗയിലേക്കു പോകുന്ന ഓറഞ്ചു മനുഷ്യരാണ്. പെരുമഴയാണ്. പിഞ്ചു കുഞ്ഞുങ്ങളെ തോളിൽ എടുത്തുനടക്കുന്നവരും ഊന്നു വടി  കുത്തി നീങ്ങുന്നവരും ഗർഭിണികളും വൃദ്ധരും  വഴിയിലൊക്കെ കണ്ടപ്പോൾ ഞാൻ ശരിക്കും അതിശയിച്ചു. ഹരിദ്വാർ, മഴ വെള്ളവും ഓടകളും ഗംഗയും ചേർന്ന് ചെളിക്കുളം പോലെയായിരുന്നു. ഞാൻ ആ ചെളിയിലിറങ്ങി ഋഷികേശിലേക്കുള്ള ബസിൽ കയറിയിരുന്നു. രാം ജൂലയുടെ അടുത്തായിരുന്നു  മുറി എടുത്തത്. മഴയത്ത്  ചുരം  കയറി ഞാൻ മുറിയിലേക്ക് നടന്നു. ആ മലയിൽ നിറയെ ധ്യാനത്തിനും യോഗ പഠിക്കാനും ഒക്കെ പല രാജ്യങ്ങളിൽ നിന്നെത്തുന്ന ആളുകൾക്ക് വേണ്ടിയുള്ള ഹോട്ടലുകളും റിസോർട്ടുകളും യോഗ സെന്ററുകളും ഉണ്ടായിരുന്നു. എന്റെ യാത്രയുടെ പ്രധാന ലക്ഷ്യം അങ്ങനെ ധ്യാനം പഠിക്കാൻ വന്ന ബീറ്റിൽസ് അംഗങ്ങൾ താമസിച്ച ആശ്രമം കാണുക എന്നതായിരുന്നു. ലക്ഷ്മൺ ജൂലയും രാം ജൂലയും ഗംഗ ക്കു കുറുകെ ഉണ്ടാക്കിയ തൂക്കുപാലങ്ങൾ ആണ്. മഴയും മലവെള്ളപ്പാച്ചിലും കാരണം ലക്ഷ്മൺ പാലം അടച്ചിരുന്നു. ഞാൻ രാം ജൂല കടന്നു ആശ്രമത്തിലേക്കു നടന്നു . മഴ, കൂരയില്ലാത്തവർക്ക് ദുരന്തം തന്നെ ആണ്. വഴിക്കച്ചവടക്കാരും വയസായ ബാബമാരും ഭിക്ഷക്കാരും  മഴയത്ത് വിഷമിച്ച് വിറച്ച് നിൽക്കുന്ന വഴിയിലൂടെ ഞാൻ ചെറിയ മല കയറി ആശ്രമത്തിൽ എത്തി. ലക്ഷങ്ങൾ തീർഥാടകരായി എത്തുന്ന. ഗംഗ ആരതി ദിവസവും നടക്കുന്ന, പുണ്യ ഗംഗയുടെ തീരമായ ,  ഋഷികേശിൽ  ബീറ്റിൽസ് ആശ്രമം

ആരും കാണപ്പെടാത്ത

 ഒരു കോണിൽ പായലും വള്ളിപ്പടർപ്പും കയറി ശാന്തമായി നിൽപ്പുണ്ടായിരുന്നു .

 1968 ലാണ് ബീറ്റിൽസ് അംഗങ്ങൾ transcendental മെഡിറ്റേഷൻ പഠിക്കാൻ മഹാ ഋഷി മഹേഷ് യോഗിയുടെ ആശ്രമത്തിൽ എത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇന്ത്യൻ ആത്മീയതയും ധ്യാന സംസ്കാരവും കടന്നു ചെല്ലാൻ ഇത് വലിയ ഒരു കാരണവുമായി. ഉപേക്ഷിക്കപ്പെട്ട ആശ്രമം പിന്നീട് 2015 ൽ ബീറ്റിൽസ് ആശ്രമമെന്ന പേരിൽ സഞ്ചാരികളെ ആകർഷിച്ച് തുറന്നിട്ടു . 

പഴയ പ്രസ്സും ധ്യാനത്തിന് വേണ്ടി ഉണ്ടാക്കിയ ഗുഹകളും കടന്നു മലയുടെ മുകളിൽ എത്തുമ്പോൾ അവിടെ ഒരു ചെറിയ മരക്കുടിൽ ഉണ്ട്. അവിടെ ഇരുന്നാൽ താഴെ ഗംഗ മെല്ലെ ഒഴുകുന്നത് കാണാം. ഞാൻ അവിടെ ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു ഇരുന്നു. ഇൗ ആശ്രമത്തിൽ സമയം എന്നൊന്നില്ല എന്ന് തോന്നി. മഴ കുടിച്ചു പച്ച പടർന്ന പഴയ മുറികളും 'അവരുടെ' സംഗീതവും ധ്യാനത്തിന്റെ നിശബ്ദതയും കുഴഞ്ഞു പറ്റിപ്പിടിച്ച് നിൽക്കുന്ന മരച്ചോടുകളും കുടിലുകളും ഋതുക്കൾ അനുസരിച്ച് പഴയവരുടെ പ്രേതങ്ങൾ പല രൂപത്തിൽ നമ്മളെ കാത്തു നിൽക്കുന്ന ചില മൂലകളും കോണുകളും എന്നെ ഇരുട്ടാവുന്നത് വരെ അവിടെ പിടിച്ചിട്ടു. 

മരക്കുടിലിന് കുറച്ച് മുന്നിലിലായി ഒരു പഴയ ബെഞ്ചിൽ ഒരാൾ വന്നിരുന്നു. ഞാൻ അല്ലാതെ ആശ്രമത്തിൽ മറ്റൊരു മനുഷ്യനെ ഇപ്പോഴാണ് കാണുന്നത്. അയാളും എഴുതുന്നുണ്ട്. ചാറ്റൽ മഴ തുടങ്ങി. ഞാൻ മെല്ലെ തിരിച്ചു നടന്നു തുടങ്ങി . കുടയില്ലാത്ത അയാളും നടക്കുന്നുണ്ടെന്നു തോന്നിയത് കൊണ്ട് ഞാൻ കുറച്ച് നേരം കാത്ത് നിന്നു. മിണ്ടാതെ മഴയത്ത് തമ്മിൽ അറിയാത്ത ഞങൾ പാലത്തിന്റെ അടുത്തുള്ള കടകൾക്ക് മുന്നിൽ എത്തി. നന്ദി പറഞ്ഞു  ഭക്ഷണം കഴിക്കാൻ പോവുന്ന കാര്യം പറഞ്ഞപ്പോൾ ഞാനും അയാളുടെ ഒപ്പം ആ കടയിലേക്ക് കയറി. അന്നത്തെ ദിവസം ഞാനാകെ കഴിച്ചത് ഒരു ആപ്പിൾ ആയിരുന്നു. അയാള് സംസാരിച്ചത് കണക്കിനെ കുറിച്ചായിരുന്നു. കണക്ക് നമ്മൾ കണ്ട് പിടിച്ചതാണോ അതോ പ്രപഞ്ചത്തിലെ കണക്ക് എന്ന ആശയം നമ്മൾ മനസിലാക്കിയതോ ? സ്നേഹവും  അതുപോലെ മനുഷ്യ നിർമ്മിത സംഗതി ആണോ. അതോ പ്രപഞ്ചതിന്റെ രഹസ്യമാണോ. ഞാൻ ആലോചിച്ചു കൊണ്ടേയിരുന്നു. അയാള് കുറെ പുസ്തകങ്ങൾ പരിചയപെടുത്തി. ഞാൻ തിരിച്ചും . പാലത്തിന്റെ അപ്പുറത്ത് ഉള്ള മുറിയിലേക്ക് ഞാൻ പോകാൻ തുടങ്ങിയപ്പോൾ അയാള് യാത്ര പറഞ്ഞു. പേരു പറയണ്ട ആവശ്യമില്ലാത്ത ഇത്തരം ആദ്യത്തെയും അവസാനത്തേയും കണ്ടുമുട്ടലുകൾ ആണ് എന്റെ യാത്രകളുടെ ഭംഗി എന്നാലോചിച്ച് ഞാൻ മുറിയിലേക്ക് പോയി. 

പിറ്റേന്ന് വെളുപ്പിന് ആരതി കാണണം എന്നോർത്ത് കിടന്ന ഞാൻ ഋഷികേഷിന്റെ തണുപ്പുള്ള മഴയുടെ താളത്തിൽ ഒരുപാട് നേരം ഉറങ്ങിപ്പോയി. പിറ്റേന്ന് അടച്ചിട്ട ലക്ഷ്മൺ പാലത്തിലൂടെ ചെറിയ വിടവ് കടന്നു ഞാൻ അക്കരെയെത്തി. അവിടെ മുഴുവൻ ആശ്രമങ്ങൾ ആയിരുന്നു. ഒരുപാടു യോഗികൾ നടന്നു പോകുന്ന വഴിയിൽ എന്നെ കൈ ഉയർത്തി അനുഗ്രഹിച്ചു.   ഋഷികേശിന്റെ ശാന്തഭാവം എന്നെ ചെറുതായി ബാധിച്ചു. ഗംഗയുടെ തീരത്ത് തിരിച്ചു പോകാൻ മടിച്ചു ഞാൻ എത്ര നേരമിരുന്നെന്ന് ഓർമ ഇല്ല. കാവിനിറമുള്ള ആൾക്കൂട്ട ക്കടലിനൊപ്പം ഞാനും ഒഴുകി. വഴിക്കച്ചവടക്കാരുടെ പതിഞ്ഞുള്ള പാട്ടും കാലിൽ തട്ടുന്ന മഴവെള്ളത്തിന്റെ തണുപ്പും ഞാനായി മാറി.  ഗംഗയിലെ ചെറു വെള്ളത്തുള്ളികളും ഇരുവശത്തും ഉള്ള മലയിലെ 
 കടുത്ത പച്ചക്കാടും എന്റെ ഹൃദയത്തിലേക്ക് പടർന്നു.

Thursday, April 30, 2020

"എനിക്ക് കണ്ട് തീർക്കാത്ത ഇടങ്ങളോടും വായിക്കാത്ത കഥകളോടും മുങ്ങാത്ത പുഴകളോടും കാണാത്ത മനുഷ്യരോടും അടങ്ങാത്ത അസൂയ കലർന്ന അഭിനിവേശമാണ്". അവള് പറയുന്നത് വലിയ താത്പര്യമില്ലാത്ത ചിരിയോടെ കേട്ടിരുന്നു. "നമുക്ക് ആളുകളെ പറ്റിക്കാം?"
അവൻ പെട്ടെന്ന് എണീറ്റ് നടക്കാൻ തുടങ്ങിയത് കണ്ട് ചെറിയ വിഷമത്തോടെ അവളും പുറകെ നടന്നു. കുറച്ച് നേരം കൂടെ ആ കല്ലിന്റെ ബെഞ്ചിൽ ഇരുന്നു ചെരുപ്പ് അഴിച്ചു മാറ്റി കൊഴുത്ത പച്ചപ്പുല്ലിൽ കാലുകൾ തട്ടി ഇരിക്കണം എന്നുണ്ടായിരുന്നു അവൾക്ക്. അവൻ കൂളിംഗ് ഗ്ലാസ് വെച്ച് അവളുടെ കയിൽ പെട്ടെന്ന് മുറുകെ പിടിച്ചു.
 "എന്താ ഇൗ ചെയുന്നെ"

"ആളുകൾ നിന്നെ സഹതാപത്തോടെ നോക്കുന്നത് കാണ്‌"
അവൻ ആവേശത്തോടെ പറഞ്ഞു.

അവള് മുഖം കുനിച്ചു  ദേഷ്യം അടക്കാൻ ശ്രമിച്ചു കൊണ്ട് നടന്നു.
ആളുകൾ അവളെ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു. അവൻ നല്ല അഭിനേതാവിന്റെ മികവോടെ അവളുടെ കൈ പിടിച്ചു തട്ടി തട്ടി അന്ധനായി നടന്നു. ഇടക്കു ചിരി സഹിക്കാനാവാതെ അവളുടെ കയ്യിൽ നുള്ളി.
***
സമയം പോയത് കൊണ്ട് ഓടി ആണ് തീയേറ്ററിന് അകത്ത് അവർ കയറിയത്. കഥയുമായി ഒരു ബന്ധവും കിട്ടാതെ അവൾ പഴയ ബാക്കി വെച്ച ഏതോ പകൽസ്വപ്നം കണ്ട് തീർക്കാൻ ശ്രമിച്ചു. ഇടവേളക്ക് അവൻ അവളുടെ ചെവിയിൽ പറഞ്ഞു. " നീ മരുഭൂമിയിലെ ഒറ്റമരവും ഞാൻ വയലിലെ നീലപ്പൂക്കളും. I love you ".
***

പഠിപ്പിക്കുന്ന ക്ലാസ്സിൽ കുട്ടികൾ കുരുത്തക്കേട് കാണിക്കുന്നത് ഫോണിൽ വിളിച്ചു പറഞ്ഞു വിഷമിച്ച അവളോട് അവൻ പറഞ്ഞു.
" പ്രതീക്ഷിക്കാത്ത സമയത്ത് ഒരു ചൂരലുമായി ചെല്ലുക. അടി കിട്ടിയാൽ നന്നാവും."

 അവളുടെ കവിളത്ത് അപ്പോൾ ചുവന്നു പൊള്ളുന്ന ഒരു പഴയ പാട് മിന്നി മറഞ്ഞു.

Sunday, April 19, 2020

ഉറങ്ങി വീഴുന്നതിന് മുൻപ്  മനസിലടിയുന്ന 
കവിത പോലെ
വരികൾ അറിയാത്ത ഈണം മാത്രമായി
 ഹൃദയത്തില് കുരുങ്ങി കിടക്കുന്ന പാട്ടുപോലെ
നിന്നെയും ഞാൻ ഒരു ആശയം മാത്രമായി മറക്കുമോ എന്നോർത്ത് കുഴപ്പത്തിലായ എന്റെ മനസമാധാനം 

Tuesday, March 10, 2020

about places

That's the thing about homes. I try to be wherever I am. Finding myself my home. But I always, always blend myself into the homes. Like the old House in a rural village of Rajasthan. The off roads in auroville, every alternate wave of Pondicherry beach. The Bamboo forest near my 'first'home, the room with blue curtains that filter the sunlight into beautiful shades. and in the heart of some humans . I keep leaving parts of myself in these homes. Or am I taking a part of it with me? I blend myself to the surrounding like the old neem tree blends itself into the night sky.