Thursday, April 30, 2020

"എനിക്ക് കണ്ട് തീർക്കാത്ത ഇടങ്ങളോടും വായിക്കാത്ത കഥകളോടും മുങ്ങാത്ത പുഴകളോടും കാണാത്ത മനുഷ്യരോടും അടങ്ങാത്ത അസൂയ കലർന്ന അഭിനിവേശമാണ്". അവള് പറയുന്നത് വലിയ താത്പര്യമില്ലാത്ത ചിരിയോടെ കേട്ടിരുന്നു. "നമുക്ക് ആളുകളെ പറ്റിക്കാം?"
അവൻ പെട്ടെന്ന് എണീറ്റ് നടക്കാൻ തുടങ്ങിയത് കണ്ട് ചെറിയ വിഷമത്തോടെ അവളും പുറകെ നടന്നു. കുറച്ച് നേരം കൂടെ ആ കല്ലിന്റെ ബെഞ്ചിൽ ഇരുന്നു ചെരുപ്പ് അഴിച്ചു മാറ്റി കൊഴുത്ത പച്ചപ്പുല്ലിൽ കാലുകൾ തട്ടി ഇരിക്കണം എന്നുണ്ടായിരുന്നു അവൾക്ക്. അവൻ കൂളിംഗ് ഗ്ലാസ് വെച്ച് അവളുടെ കയിൽ പെട്ടെന്ന് മുറുകെ പിടിച്ചു.
 "എന്താ ഇൗ ചെയുന്നെ"

"ആളുകൾ നിന്നെ സഹതാപത്തോടെ നോക്കുന്നത് കാണ്‌"
അവൻ ആവേശത്തോടെ പറഞ്ഞു.

അവള് മുഖം കുനിച്ചു  ദേഷ്യം അടക്കാൻ ശ്രമിച്ചു കൊണ്ട് നടന്നു.
ആളുകൾ അവളെ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു. അവൻ നല്ല അഭിനേതാവിന്റെ മികവോടെ അവളുടെ കൈ പിടിച്ചു തട്ടി തട്ടി അന്ധനായി നടന്നു. ഇടക്കു ചിരി സഹിക്കാനാവാതെ അവളുടെ കയ്യിൽ നുള്ളി.
***
സമയം പോയത് കൊണ്ട് ഓടി ആണ് തീയേറ്ററിന് അകത്ത് അവർ കയറിയത്. കഥയുമായി ഒരു ബന്ധവും കിട്ടാതെ അവൾ പഴയ ബാക്കി വെച്ച ഏതോ പകൽസ്വപ്നം കണ്ട് തീർക്കാൻ ശ്രമിച്ചു. ഇടവേളക്ക് അവൻ അവളുടെ ചെവിയിൽ പറഞ്ഞു. " നീ മരുഭൂമിയിലെ ഒറ്റമരവും ഞാൻ വയലിലെ നീലപ്പൂക്കളും. I love you ".
***

പഠിപ്പിക്കുന്ന ക്ലാസ്സിൽ കുട്ടികൾ കുരുത്തക്കേട് കാണിക്കുന്നത് ഫോണിൽ വിളിച്ചു പറഞ്ഞു വിഷമിച്ച അവളോട് അവൻ പറഞ്ഞു.
" പ്രതീക്ഷിക്കാത്ത സമയത്ത് ഒരു ചൂരലുമായി ചെല്ലുക. അടി കിട്ടിയാൽ നന്നാവും."

 അവളുടെ കവിളത്ത് അപ്പോൾ ചുവന്നു പൊള്ളുന്ന ഒരു പഴയ പാട് മിന്നി മറഞ്ഞു.

Sunday, April 19, 2020

ഉറങ്ങി വീഴുന്നതിന് മുൻപ്  മനസിലടിയുന്ന 
കവിത പോലെ
വരികൾ അറിയാത്ത ഈണം മാത്രമായി
 ഹൃദയത്തില് കുരുങ്ങി കിടക്കുന്ന പാട്ടുപോലെ
നിന്നെയും ഞാൻ ഒരു ആശയം മാത്രമായി മറക്കുമോ എന്നോർത്ത് കുഴപ്പത്തിലായ എന്റെ മനസമാധാനം