നിന്‍റെ ശബ്ദവും എന്‍റെ ഹൃദയമിടിപ്പും ഒരേ താളത്തിൽ ആവുന്ന നിമിഷമേ
എന്‍റെ ആത്മാവിനു എന്നിൽ നിന്നും മോക്ഷം കിട്ടൂ
Wednesday, December 6, 2017
Thursday, November 23, 2017
ക്രൂരമായി മണ്ണിന്‍റെ നെഞ്ചു മാന്തിപ്പൊളിക്കുകയാണ്
തണുത്തു വിറച്ചിട്ടും പനി പെരുത്തിട്ടും
ഇരുട്ടുമുറിയിൽ അനാഥയായി
പുതക്കാതെ ഞാൻ.
പുക പിടിച്ച എന്‍റെ ശ്വാസകോശത്തിന്റെ
ചുവരുകൾക്കുള്ളിൽ നിന്ന്
മരണ വണ്ടിയുടെ താളത്തിൽ
ഒരു മൃഗത്തിന്റെ കുറുകൽ
എന്ന് ഉറപ്പിക്കാനാവാത്ത ഒരു കെട്ടലാണത്
ഒരു അപകടം പോലെയാണ്
എന്റെ മരണാന്തര ചടങ്ങുകൾ
ഞാൻ കൃത്യമായി നടത്തിപോന്നിരുന്നു
ഓർമ്മകൾ, ജീവന്റെ അവശേഷിക്കുന്ന കോശങ്ങൾ ഭക്ഷിക്കുന്നതു കണ്ടു ഞാൻ കിടന്നു
പതിയെ , വളരെ സാവധാനത്തിൽ കൊണ്ടുപൊയ്ക്കൊള്ളുക
Monday, November 20, 2017
ഭയപ്പാട്
രുദ്രാക്ഷംകൊണ്ടുള്ള കിടക്ക..
നീ വിയർക്കുന്നതും ഞാൻ ചിരിക്കുന്നതും കടുത്ത തവിട്ടു നിറമുള്ള രുദ്രാക്ഷങ്ങൾ !
എന്‍റെ വാരിയെല്ലുകൾക്കിടയിൽ നിന്ന് രുദ്രാക്ഷം പൂക്കുന്ന വള്ളിച്ചെടി വളരുന്നു
ഞാൻ ഞെട്ടി ഉണർന്നു നിന്നെ തിരഞ്ഞു
ഉറങ്ങാൻ ഭയമാകുന്നു
ഉറക്കത്തിന്റെ ചുഴികളിലൊക്കെയും സ്വപ്‌നങ്ങൾ കത്തി കയ്യിലൊളിപ്പിച്ചു
എന്നെ കാത്തിരിപ്പുണ്ട്
Friday, November 10, 2017
Tuesday, November 7, 2017
Thursday, November 2, 2017
Monday, October 30, 2017
Thursday, October 19, 2017
Wednesday, October 18, 2017
തിരിപോലെ കത്തിച്ചു ഇനി നീ കാത്തിരിക്കരുത്
ഓർമയുടെ തണുപ്പിടങ്ങളിൽ
എന്റെ പേര് കുത്തി നിറയ്ക്കരുത്
നീയും നീയുമായുള്ള വാഗ്‌വാദങ്ങളിൽ
എന്റെ നരച്ച ആത്മാവിനെ ന്യായീകരിക്കരുത്
സ്വപ്നങ്ങളുടെ ആഴക്കയത്തിൽ
എന്റെ ഹൃദയത്തുരുത്തിലേക്കുള്ള വഴി തേടരുത്
എന്റെ കണ്ണീരിന്റെ ചിലമ്പൽ കേൾക്കാൻ പാകത്തിന്
നിന്റെ ഉള്ളിലെ ശബ്ദങ്ങളെ വെട്ടിയൊതുക്കരുത്
കരിഞ്ഞു തുടങ്ങുന്ന മുറിവുകളെ വീണ്ടും വലുതാക്കരുത്
നിന്റെ ആത്മാവിന്റെ
മൃദുല ചര്മത്തിലെന്റെ ചിത്രം പച്ച കുത്തരുത്
അറ്റമില്ലാത്ത താഴേക്കു വലിക്കുന്ന
ഇരുട്ടിന്റെ തിരികല്ലുകളിലാണ് എന്റെ ഹൃദയം ഉറങ്ങുന്നത്
അതിനെ പൊതിയുന്ന ആയിരം കണ്ണുകൾ
കാഴ്ചയും ചോരയുമില്ലാത്ത പ്രേതങ്ങളെ പ്രസവിക്കുന്നു
എന്റെയും നിന്റെയും ഉലകങ്ങൾ രണ്ടാവട്ടെ
മയക്കത്തിന്റെ നിലാവുള്ള കിനാക്കാടുകളിൽ നാമിനി കണ്ടുമുട്ടാതിരിക്കട്ടെ
സ്നേഹത്തെ കോർത്തിട്ട ചൂണ്ടയിൽ
നിന്റെ പാവം ആത്മാവ് കൊത്തി വലിയാതിരിക്കട്ടെ
എനിക്ക് നീയും നിനക്ക് ഞാനുമുള്ള നുണക്കഥ
മറവിയുടെ കടലിലേക്കു എറിഞ്ഞു കളയാം
Saturday, September 23, 2017
പെൺചിലന്തി
വാകപ്പൂക്കളുടെ ഇതളുകൾ ഉണക്കി
ഞാൻ നിനക്കയച്ച കുറിപ്പുകൾ
നീ എന്നും പ്രാണനോട് ചേർത്തുവെച്ചു ...
എന്‍റെ ഹൃദയം പോലെ ക്രൂരമായ,
എന്‍റെ കൈകളിലെ കൊലച്ചോര വീണ, കനിവില്ലാത്ത വിഷപ്പൂക്കൾ ആണെന്നറിയാതെ നീ
നീലച്ചു മരിച്ചു
സത്യത്തിൽ കറുപ്പ് കലക്കി
ഞാൻ നിനക്ക് കുടിക്കാൻ തന്നത്
നരക തീ ആയിരുന്നു
ഹൃദയം പൊട്ടിപ്പൊളിഞ്ഞു
ജീവനിൽ മുറിവേറ്റു
നിന്‍റെ ആത്മാവ് മരുക്കാട്ടിലൂടെ അലയുന്നത്
ഈ ഇരുട്ടിൽ ഇരുന്നു നിസ്സംഗതയോടെ ഞാൻ കണ്ടു
നീ അറിഞ്ഞില്ല
എന്‍റെ പ്രേമം മുഴുവൻ അർപ്പിക്കാനായി ഞാൻ തേടിയിരുന്നത്
നരകത്തിന്റെ ഛായ ഉള്ള മരണത്തെ
ആയിരുന്നെന്ന് !
Friday, September 22, 2017
ശാന്തി കിട്ടാൻ നീ ദൂരേക്ക് പോകണം
എന്‍റെ കണ്ണിൽ നിന്ന് മറഞ്ഞത് കൊണ്ടായില്ല
ഭ്രാന്തനായി അലഞ്ഞിട്ടും കാര്യമില്ല
ആത്മാവ് കൊണ്ട് അകലൂ
എന്‍റെ വിറങ്ങലിച്ച കണ്ണീർ വീണു നിന്‍റെ ജീവൻ നനയാതിരിക്കട്ടെ
നിന്‍റെ നെഞ്ചിന്റെ പിടച്ചിൽ ഞാൻ കേൾക്കാതിരിക്കട്ടെ
ഇരുട്ടും വഞ്ചനയും വിഷവും മാത്രമേ ഇവിടെയുള്ളൂ
പുകയുന്ന , ക്രൂരതയുള്ള നിത്യമായ നരകമാണിത്
ദൂരേക്ക് പോകൂ
ആത്മാവ് കൊണ്ട് അകലൂ
Tuesday, August 29, 2017
'ഊരുതെണ്ടി'
ഇനിയും വൈകിയാൽ അവസാന ബസും പോകും . ഇരുട്ടിൽ നഗരത്തിന്റെ ഭയാനകതയിൽ ഞാൻ നഷ്ടപ്പെടും . പ്രപഞ്ചമേ പൊറുക്കൂ.. 200 നയാ പൈസക്കുള്ള വഴി കാണിക്കൂ ..
അഭിമാനം ,സ്വയംപര്യാപ്തത ,നാണം. മാനം എന്നതൊക്കെ വെറും പൊള്ളയായ സങ്കല്പങ്ങളായിരിക്കണം . കാരണം അപരിചിതനായ ഒരു വൃദ്ധനോട് അടുത്ത നിമിഷം ഞാൻ 2 രൂപയ്ക്കു വേണ്ടി കൈ നീട്ടി.
അവിശ്വസനീയത , സംശയം , സഹതാപം,പുച്ഛം അങ്ങനെ പല പ്രതികരണങ്ങളും ...
ഞാൻ ശബ്ദം വിറച്ചു കരയാതിരിക്കാൻ പാട് പെട്ട് നിലത്തു നോക്കി. അദ്ദേഹം ദൈന്യതയോടെ എന്നെ നോക്കി. എവിടേക്കു പോകുന്നുവെന്ന് തിരക്കി. വാക്കുകൾ തേങ്ങലിൽ കുരുങ്ങി തൊണ്ടയിൽ തടഞ്ഞു പോയിരുന്നു .. 10 രൂപ എടുത്തു നീട്ടി അയാൾ ." 2 രൂപ മതി"
ഞാൻ പറഞ്ഞു ."വെച്ചോളൂ എന്റെ കയ്യിൽ ചില്ലറ ഇല്ല.". നന്ദിക്കു പകരം രണ്ടു തുള്ളി കണ്ണീർ പുറത്തേക്കു ചാടി. .. തല ഉയർത്താതെ ഞാൻ തിരിഞ്ഞു നടന്നു. പള്ളിയുടെ ഗേറ്റിൽ സ്ഥിരം കാണാറുള്ള ഭിക്ഷക്കാരിയെ ഇന്ന് കാണുന്നില്ല. വിയർക്കുന്ന നഗരത്തിന്റെ തിരക്കിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഞാൻ നടന്നു
ലോക യുദ്ധങ്ങൾ
വിട ..
ഒരു നിമിഷത്തിന്റെ പകുതി മാത്രം ആവശ്യമുള്ള സംഗതിയാണ്
ഒരു മഴതുള്ളി നിലത്തു വീണുടയുന്നതിന്റെ
അത്ര ലാഘവമുള്ളത്
പക്ഷെ ഈ മെല്ലെയുള്ള മരണങ്ങൾ
അതി ദൈന്യമാണ്
മരുക്കാറ്റിന്റെ ചൂടും പൊടിയുമുള്ള വിങ്ങൽ
ഹൃദയത്തെ ബാധ പോലെ വലയ്ക്കുന്നു
ഞാൻ ഒന്നുമില്ലായ്മയുടെ
കറുത്ത കയ്പ്പിൽ വീണു പൊലിയുന്നു
നുണയുടെ വിരിയിട്ടു വെച്ചതെല്ലാം
വെളിവായി
ആത്മാവിൽ പടുകുഴികൾ തീർക്കുന്നു
മരിച്ചത് മണ്ണിനും ചെളിക്കും അവകാശപ്പെട്ടതല്ലേ
എന്റെ ആത്മാവിനെ ഇരുട്ടിനു പണ്ടേ ഞാൻ തീറെഴുതി കഴിഞ്ഞതല്ലേ
നീ പോകൂ
വെളിച്ചവും ഇരുട്ടും ഒന്നിക്കുന്നത്
ദുരന്തമാണ്...
അന്ത്യമാണ് ..
പറന്നകലൂ
മരിച്ചവയെ മണ്ണിനു വിടൂ
Saturday, July 22, 2017
Wednesday, May 31, 2017
ഭ്രാന്തി പുഴ
ഞാനൊരു നദിയായിരുന്നു
ചെറുതെങ്കിലും വന്യമായത്...
കരിമ്പച്ച കാട് വഴികളിലൂടെ ഞാൻ പാഞ്ഞൊഴുകി
ഉന്മാദം, നിറങ്ങൾ ഉള്ള കൊച്ചു കല്ലുകളിൽ ഒളിച്ചു എന്‍റെ ഒപ്പമൊഴുകി
നിന്നിലെത്തും വരെ..
നീ എന്‍റെ കടൽ ആണോ എന്ന് എനിക്ക് ഇന്നും അറിയില്ല
നീ ആഴമായിരുന്നു
നീ കടും നീല സ്വപ്‌നങ്ങൾ ആയിരുന്നു
നീ ഭ്രാന്ത് പിടിപ്പിക്കുന്ന നിഗൂഢത ആയിരുന്നു
എന്‍റെ കടൽ നീ അല്ലാതെ മറ്റെന്താവാനാണ് !
എന്‍റെ യാത്ര നിന്നിൽ നിലച്ചു പോയി
കാലം ഏതോ ചുഴിയിൽ പെട്ട് നഷ്ടമായി
എനിക്ക് മുന്നോട്ട് ഒഴുകണം എന്നുണ്ട്..
പക്ഷെ പിരിച്ചെടുക്കാനാവാത്ത വിധം ഞാൻ നിന്നിൽ കലർന്ന് പോയില്ലേ !
എന്‍റെ കടൽ നീ അല്ലാതെ മറ്റെന്താവാനാണ് !
Sunday, January 22, 2017
ഇരുട്ടിന്റെ പാതി
ഇവിടെയീ ജലധാര തേങ്ങുന്ന കോണിലെൻ പരമാത്മാവ് പതിഞ്ഞു പാടുന്നു
ഉടയാട നേർത്ത നിലാവൊളി പുറകിലായ് മരണസംഗീതം പോലെ പൊലിയുന്നു
തവളയും രാവിന്റെ മാത്രമാം പറവയും പൊടിമഴ പോലെ ചിലച്ചു പാടുന്നു
പ്രണയവും പാപവും അലയുന്ന കാറ്റിന്റെ അലകളിൽ അറിയാതെ അലയുന്നു മറയുന്നു
നിനവിൽ നീയിന്നെന്റെ അരികിലുണ്ടെങ്കിലും
കെടുതിയിൽ നീയെന്റെ തുണയായിരുന്നിട്ടും
വരുമൊരു പുലരിയോടൊപ്പമുണരുവാൻ വിറയാർന്നതെന്തേ ഭയപ്പാടിതെന്തേ ?
നീ പാടും കവിത തൻ ഗദ്ഗദം കേട്ടെന്റെ ഇടനെഞ്ചു പൊട്ടിത്തകർന്നതോർക്കുന്നുവോ
ഹൃദയവിളക്ക് തെളിച്ചു നീ എന്റെയാ വഴികളൊക്കെയും താണ്ടുവാൻ കനിവേകി
തലയോടിനുള്ളിൽ പുളച്ചൊരഴലിന്റെ
മറനീക്കി മൃദുലമായ് മനമോടുയർത്തി നീ
ജീവന്‍റെ പരമാണു പോലെ ചുരുങ്ങി ഞാൻ നിൻ പ്രാണനെന്റെ പോൽ പ്രിയമാക്കി ഞാനും
നരവീണ മറവിയെൻ മുന്നിലൂടൊഴുകുന്നു
വ്രണമേറി രോഗശാപങ്ങളും കാണുന്നു
വയറൊട്ടി നോവുന്ന കത്തലിൻ് കൂത്തുകൾ
പറയാതെ ഇരുൾ വീഴും കഠിനമാം മരണവും
യുവമാം തുടിപ്പുകൾ വരമായ നേരങ്ങൾ പതിർ പോ്ലെ കത്തിയമരുമെന്നറിയിലും പ്രണയവും പ്രഭവമാം നാളും മടുപ്പിന്റെ കാലാന്ധകാരത്തിനിടയിൽ മറഞ്ഞിടാം
കാലഭൂതങ്ങൾ എത്താപ്പരപ്പിൽ
മലിനമാം മനചിന്ത കാണാ തലത്തിൽ
നാമുണ്ട് നമ്മുടെ പരമമാം പ്രേമവും വിധിയുടെ താളിൽ നാം ആദി തൻ ബിന്ദുക്കൾ
ഉദയരേഖകൾ മിന്നുന്ന കോണിലേക്കിനിയെന്റെ മനമൊന്നുയർത്തട്ടെ ഞാനും
നിണമൂട്ടി
മിഴിനീർ നനച്ചൊരീ പ്രണയത്തിനിനിയില്ല പതിവ് പോൽ ആദിയും അന്തവും