Tuesday, August 29, 2017

'ഊരുതെണ്ടി'

എനിക്ക് വേണ്ടത് രണ്ടു രൂപയാണ് .വെറും രണ്ടു രൂപയെന്നോ ഒരു വലിയ തുക എന്നോ സാഹചര്യങ്ങൾക്ക് അനുസരിച്ചു വിശേഷിപ്പിക്കാവുന്നതാണല്ലോ പണം . ഇപ്പോൾ അത്  തുക തന്നെ. കാരണം സുരക്ഷിത സ്ഥാനത്തെത്താൻ  രണ്ടു രൂപ കൂടെ ആവശ്യമുണ്ട് .കുടിക്കാൻ കുറച്ചു വെള്ളവും അല്പം ഭക്ഷണവും  വേണം. പക്ഷെ പെണ്ണിന് ഈ നാട്ടിൽ വിശപ്പിനേക്കാളും മുൻഗണന കൊടുക്കേണ്ടത് സുരക്ഷിതത്വത്തിനാണല്ലോ .വെള്ള ചായമടിച്ച പള്ളി എന്റെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിന്നു . നേരം 9  കഴിയാനായി .പ്രാർത്ഥിക്കാനെത്തിയ വിശ്വാസികളും പള്ളി കാണാൻ വന്നവരും അവിടം വിട്ടു തുടങ്ങി. എന്റെ കണ്ണിൽ നിന്ന് അറിയാതെ പുറത്തേക്കു ഒഴുകി കൊണ്ടിരുന്ന കണ്ണീർ അടുത്തിരുന്നയാളുടെ രണ്ടു  വയസോളം പ്രായം ഉള്ള കുട്ടി ശ്രദ്ധിക്കുന്നു. ഇല്ല !  ശാന്തത ആണ് ആദ്യ നിയമം . എങ്ങനെ ഇവിടെ വന്നു പെട്ടെന്നും 2 രൂപയുടെ കുറവ് എങ്ങനെ വന്നെന്നും ഓർത്തു പോയി . പലപ്പോഴായി പാഴാക്കിയ നോട്ടുകളും  നാണയങ്ങളും  ഓർത്തു തല പെരുത്തു .
ഇനിയും വൈകിയാൽ അവസാന ബസും പോകും . ഇരുട്ടിൽ നഗരത്തിന്റെ ഭയാനകതയിൽ ഞാൻ നഷ്ടപ്പെടും . പ്രപഞ്ചമേ പൊറുക്കൂ.. 200 നയാ പൈസക്കുള്ള  വഴി കാണിക്കൂ ..
     അഭിമാനം ,സ്വയംപര്യാപ്തത ,നാണം. മാനം എന്നതൊക്കെ വെറും പൊള്ളയായ സങ്കല്പങ്ങളായിരിക്കണം . കാരണം അപരിചിതനായ ഒരു വൃദ്ധനോട് അടുത്ത നിമിഷം ഞാൻ 2 രൂപയ്ക്കു വേണ്ടി കൈ നീട്ടി.
അവിശ്വസനീയത , സംശയം , സഹതാപം,പുച്ഛം   അങ്ങനെ പല പ്രതികരണങ്ങളും ...
 ഞാൻ ശബ്ദം വിറച്ചു കരയാതിരിക്കാൻ പാട് പെട്ട് നിലത്തു നോക്കി. അദ്ദേഹം ദൈന്യതയോടെ എന്നെ നോക്കി. എവിടേക്കു പോകുന്നുവെന്ന് തിരക്കി. വാക്കുകൾ തേങ്ങലിൽ കുരുങ്ങി തൊണ്ടയിൽ തടഞ്ഞു പോയിരുന്നു .. 10  രൂപ എടുത്തു  നീട്ടി അയാൾ ." 2  രൂപ മതി"
ഞാൻ പറഞ്ഞു ."വെച്ചോളൂ എന്റെ കയ്യിൽ ചില്ലറ ഇല്ല.". നന്ദിക്കു പകരം രണ്ടു തുള്ളി കണ്ണീർ പുറത്തേക്കു ചാടി. .. തല ഉയർത്താതെ ഞാൻ തിരിഞ്ഞു നടന്നു. പള്ളിയുടെ ഗേറ്റിൽ സ്ഥിരം കാണാറുള്ള ഭിക്ഷക്കാരിയെ ഇന്ന് കാണുന്നില്ല. വിയർക്കുന്ന നഗരത്തിന്റെ തിരക്കിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഞാൻ നടന്നു

No comments:

Post a Comment