ഒരു വൈകുന്നേരം പെട്ടെന്ന് മഴ തുടങ്ങി. വേനൽ മഴ കഴിഞ്ഞ എല്ലാ രാത്രികളിലും മിന്നാമിനുങ്ങുകൾ ഒരുമിച്ച് പറന്നു ഇറങ്ങുന്ന പ്രദേശമാണ് എൻ്റേത്. ലൈറ്റണച്ച് ഉറങ്ങാൻ കിടന്ന എൻ്റെ മുറി നിറയെ ഇളം മഞ്ഞ വെളിച്ചത്തിൻ്റെ തീപ്പൊരി കണങ്ങൾ പോലെ അവ . ഞാൻ ഉറങ്ങാൻ കഴിയാതെ സന്തോഷത്തോടെ ഓരോന്നിനെയും നോട്ടം കൊണ്ട് പിന്തുടർന്ന് കളിച്ചു. ജൈവ വൈവധ്യത്തെ കുറിച്ചും പ്രപഞ്ചത്തിൻ്റെ അനന്ത സൗന്ദര്യത്തെ കുറിച്ചും ചിന്തിച്ച് അത്ഭുതപ്പെട്ടു. മേൽക്കൂരയിൽ, ജനൽപ്പടിയിൽ, ജനലിൻ്റെ പുറത്തേക്ക് നോക്കിയാൽ കാണുന്ന ഇരുട്ടിൻ്റെ ഒറ്റത്തടാകത്തിൽ, എന്തിന്, എൻ്റെ തലയണയിൽ പോലും മങ്ങിയും തെളിഞ്ഞും വെളിച്ചത്തിൻ്റെ ആത്മാക്കളെ പോലെ അവ രാത്രി മുഴുവൻ ഉണ്ടായിരുന്നു. പിന്നീടുള്ള എല്ലാ ദിവസവും മഴ പെയ്തു. മഴ പെയ്ത എല്ലാ രാത്രികളിലും അവരെല്ലാം എത്തി. ചിലത് എൻ്റെ ദേഹത്ത് വന്നിരുന്നു. പലപ്പോഴും അവയുടെ വെളിച്ചം കടുപ്പത്തിൽ കാപ്പി പോലെ എൻ്റെ കണ്ണുകളെ ഉണർത്തി വെച്ചു. ഉറങ്ങാൻ പറ്റാതെ ഞാൻ കഴുത്തിൽ വന്നിരുന്ന ഒരു മിന്നാമിനുങ്ങിനെ തട്ടിയെറിഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ അത് തിരിച്ചറിഞ്ഞത്. എൻ്റെ പ്രകൃതിയോടും സൗന്ദര്യത്തോടും ജീവനോടും ഉള്ള സമീപനം എൻ്റെ സൗകര്യത്തിന് അനുസരിച്ച് മാത്രം ആണ്. പൊള്ളയായ കുറെ അവബോധങ്ങൾ ഉണ്ടാക്കി അവയുടെ മുകളിൽ കയറിയിരുന്ന് ഞാൻ എല്ലാത്തിനെയും വിധിക്കാനും വില നിശ്ചയിക്കാനും ശ്രമിച്ചു. ആഴമുള്ള, സ്നേഹവും സൗന്ദര്യവും നിറഞ്ഞ നിമിഷങ്ങളെ അവ തീരുന്നതിനു മുൻപ് എഴുതി വെക്കാൻ ഞാൻ പരക്കം പാഞ്ഞിട്ടുണ്ട്. എല്ലാത്തിനെയും വാങ്ങാനും വിൽക്കാനും കഴിയുമെന്ന് ഉള്ളിൻ്റെ ഉള്ളിൽ , നന്മയുടെ, കരുണയുടെ , സ്നേഹത്തിൻ്റെ പുറം ചട്ടകൾക്ക് ഉള്ളിൽ ഒളിപ്പിച്ച് വെച്ചിരിക്കുകായിരിക്കാം. എനിക്ക് എന്നോട് കോപം തോന്നി. കോപം തിളച്ചു . ദംശനമേറ്റ പോലെ ഞാൻ പിടഞ്ഞു. അറ്റ്പോകുന്ന ചർമത്തിൻ്റെ വിടവുകളിൽ നിന്ന് ചിറകുകൾ മുളച്ചു. നിശാശലഭങ്ങൾ എവിടെ ഉറങ്ങുന്നു എന്നന്വേഷിച്ചു ഞാൻ അലയാൻ ആരംഭിച്ചു.
No comments:
Post a Comment