Wednesday, June 2, 2021


സ്നേഹം എന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത പല കെട്ടുപാടുകളിലും
പെട്ട്
എന്നും ഉറങ്ങുന്നതിന് മുൻപ് നാളെ മുതൽ നന്നായി സ്നേഹിക്കണം എന്ന് തീരുമാനിച്ച് കിടക്കുന്ന മനുഷ്യരിൽ പെട്ടവരാണോ നിങ്ങൾ
ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് ഇത് വായിക്കുന്നത് നിർത്താം
താഴേക്ക് ഉള്ളത് സ്നേഹം എന്താണെന്ന് ഇതുവരെ മനസ്സിലാവാത്ത എൻ്റെ കുറെ സംശയങ്ങളും അനുഭവങ്ങളുമാണ്
പുതിയ സ്ഥലങ്ങളിലെ ആദ്യമായി കാണുന്ന മരങ്ങളുടെ കൊഴിഞ്ഞ ഇലകൾ, ചില പൂക്കളുടെ ഇതളുകൾ ഒക്കെ പെറുക്കി ബാഗിലിട്ട് പിന്നെ അതൊരു പുസ്തകത്തിൽ ഞാൻ അടച്ചു വെക്കുന്നത് എന്നെങ്കിലും 
നിന്നെ കണ്ടു മുട്ടുമ്പോൾ അത്തരം ഇലകളും പൂക്കളും ഒട്ടിച്ച കടലാസിൽ നിൻ്റെ പിറന്നാളിനോ മറ്റോ പ്രേമലേഖനം എഴുതാനാണ്
നോക്കൂ നിന്നെ എനിക്കു അറിയുക പോലുമില്ല. 
നിന്നെ കണ്ടുമുട്ടാൻ ഉള്ള സാധ്യത പോലും ആയിരത്തിൽ ഒന്നായിരുന്നിട്ടും
ഞാനിങ്ങനെ പൂക്കളും എഴുത്തുകളും കാത്തു സൂക്ഷിച്ചു വെക്കുന്നത് ആയിരിക്കാം സ്നേഹം
അന്നൊരിക്കൽ കൂട്ടുകാരി പറഞ്ഞിട്ടുണ്ട്
അവളുടേ അമ്മയുടെ അനിയത്തിയും ഭർത്താവും സ്വന്തം മക്കൾ വേണ്ട എന്നു വെച്ച് ചേച്ചിയുടെ മക്കൾക്ക് വേണ്ടി ഭക്ഷണവും സ്നേഹവും ഒക്കെ പകുത്തു കൊടുക്കുന്നത്
അതായിരിക്കാം സ്നേഹം
ഒരു മനുഷ്യരിലും സ്നേഹത്തെ പിടിച്ചു കെട്ടിയിടാതെ അലഞ്ഞ് തിരിഞ്ഞ് അവനവനെ ലോകത്തിന് വെറുതേ കൊടുക്കുന്ന കുറെ ആളുകളില്ലേ 
അത് സ്നേഹമായിരിക്കും
ക്ഷമിക്കാൻ പറ്റാത്ത പല ദുഷ്ടതകളും ചെയ്ത നമ്മളെ തന്നെ ഇടക്ക് നമ്മൾ ചേർത്ത് നിർത്താരില്ലെ? 
വല്ലാതെ വേദനിച്ച് ഇരിക്കുമ്പോൾ എല്ലാം ശരിയാകുമായിരിക്കും എന്ന് പറഞ്ഞ് ചുരുങ്ങി കൂടി സ്വയം ഒരു കുഞ്ഞിനെ പോലെ സ്വയം സമാധാനിപ്പിക്കാറില്ലെ? 
അതെല്ലാം സ്നേഹം തന്നെ ആയിരിക്കാം
ജീവിച്ച് ജീവിച്ച് എന്തെല്ലാം സ്നേഹമല്ല  എന്നും നമ്മളെല്ലാവരും മനസ്സിലാക്കിയിട്ടുണ്ടല്ലോ

No comments:

Post a Comment