വഴികളോട് ഉള്ള പ്രേമം എന്ന് മുതൽ ഉള്ളതാണ് എന്ന് തന്നെ ഓർമയില്ല. കാടുവഴികൾ, കടലിലേക്ക് നീണ്ടു പോകുന്ന വെള്ളമണൽ വഴികൾ, വളഞ്ഞും പുളഞ്ഞും പുഴക്കൊപ്പം പോകുന്ന നനവുള്ള വഴികൾ ഒക്കെ ഇഷ്ടമാണ്. എന്നാലും ഏറ്റവും ഇഷ്ടം മലകളിലേക്ക് ഉള്ള വഴികളായിരിക്കും. ഏതോ ക്ലാസ്സിലെ പാഠപുസ്തകത്തിൽ പുഴയുടെ ഉത്ഭവം കണ്ട് പിടിക്കാൻ ഒരു ചോദ്യം ഉണ്ടായിരുന്നു. ഞാനും അമലുവും മാത്രമായിരിക്കും ആ ജോലി കാര്യമായി എടുത്തത്. ചുവന്ന, മഞ്ഞച്ച തളിരിലകൾ കൊണ്ട് ചെമ്പിച്ച കാട്ടിലൂടെ ഞങൾ പുഴ എവിടെ ജനിക്കുന്നു എന്ന് കാണാൻ ഒത്തിരി മല കയറി. പുഴ, വിലക്കപ്പെട്ട രഹസ്യം പോലെ ഉറവിടം കാണിക്കാതെ ഞങ്ങളിൽ നിന്നും മറഞ്ഞു ഉൾക്കാടിലേക്കും ചെങ്കുത്ത് മലകളിലേക്കും നീണ്ടു കിടന്നു . പുഴയുടെ തീരത്തെ ഇലഞ്ഞി പൂത്ത് വെള്ളത്തിന് സ്വർഗീയ സുഗന്ധം പിടിപെട്ടിരുന്നു. നിലത്ത് വീണ പൂക്കൾ അവള് ഇലയിൽ പൊതിഞ്ഞെടുത്തു. തിരുക്കുടുംബത്തിന്റെ രൂപത്തിന് ചുറ്റും മാലയായി തൂക്കാനും വർഷം മുഴുവൻ വീട്ടിൽ സുഗന്ധം നിറയാനും. ഒരു മലയുടെ അപ്പുറത്ത് ഞങ്ങളുടെ മറ്റൊരു കൂട്ടുകാരി ഉണ്ടായിരുന്നു. അവളെ കാണാൻ പഠിക്കാനെന്നും പശുക്കളെ മെയ്ക്കാനും എന്ന് ഒക്കെ കാരണം ഉണ്ടാക്കി ഞങൾ മല കയറി. മലയുടെ മുകളിൽ എത്തുമ്പോൾ ഒരു പ്രത്യേക കാറ്റുണ്ട്. അവിടെയുള്ള രണ്ടു മൂന്നു വലിയ മരങ്ങളുടെ ഏതിന്റെയോ ചോട്ടിൽ മണ്ടച്ചുരുട്ടി പാമ്പ് ഉണ്ടെന്ന് കേട്ടിട്ടുള്ളത് കൊണ്ട് ഞങൾ തിടുക്കത്തിൽ മലയിറങ്ങും. ഇല്ലിക്കാടിന്റെ ഉണങ്ങിയ ഇലകൾ ചവിട്ടി മെതിച്ച് ഞങൾ ഓടും. മലയുടെ അപ്പുറത്ത് നിന്നുള്ള കാഴ്ചയും ഭാവങ്ങളും വേറെയാണ്. ഓടി ഓടി എത്തുമ്പോൾ മല കയറി കാട് കടന്നു അവള് എത്തിയിട്ടുണ്ടാവും. കാടും നാടും വേർതിരിക്കുന്ന ജണ്ടയിൽ കയറിയിരുന്നു ഞങൾ അവലോസു പൊടിയും, പേരക്കയും വാളൻ പുളിയും, ഞാവൽക്കയും കഴിക്കും. കഥകൾ പറയും. സ്വപ്നം കാണും. സ്കൂൾ കഴിഞ്ഞാൽ എന്ന് നമ്മൾ കാണും എന്ന് ആലോചിച്ച് വിഷമിക്കും. വഴി തിരിച്ചു കയറും. മലയിറങ്ങും. വഴികൾ നീണ്ടു നീണ്ടു നമ്മളിലേക്ക്, നമ്മളിൽ നിന്ന് അനന്തതയിലേക്ക് നീണ്ടു കൊണ്ടേയിരിക്കും. നമ്മൾ വഴികളാവും , വഴികളുടെ സുവിശേഷം നമ്മളെയെല്ലാം തേടി വരും.
No comments:
Post a Comment