മലകളിൽനിന്ന് വരുന്ന, തടാകം കടന്നെത്തുന്ന കാറ്റിൽ നിലാവും ചരസിൻ്റെ മണവും അലിഞ്ഞിരുന്നു. നിലാവുള്ളതിനാൽ ജനൽ തുറന്നിട്ട് നോക്കി ഇരുന്ന് ഞാൻ വളരെ കുറച്ചേ ഉറങ്ങിയുള്ളൂ. വെളുപ്പിനുണർന്ന് ഞാൻ നേരെ ഘാട്ടിലേക്ക് നടന്നു. അതിൻ്റെ പടിക്കെട്ടിൽ പൂജാരികൾ ഭക്തർക്ക് വഴിപാടുകളും നേർച്ചകളും പറഞ്ഞു കൊടുക്കുന്നു. ചിലർ പ്രാർത്ഥിച്ചുകൊണ്ട് സ്നാനം നടത്തുന്നു. തടാകത്തിൻ്റെ ആഴവും തണുപ്പും വെള്ളത്തിൽ ഇറങ്ങാതെ തന്നെ എനിക്ക് മനസ്സിലായിരുന്നു. വഴുവഴുപ്പുള്ള പടികളിൽ പിടിചിറങ്ങി ഞാൻ മുങ്ങി നിവർന്നപ്പോൾ സൂര്യൻ ചുവന്ന നിറത്തിൽ മലകളുടെ മുകളിൽ ഉദിച്ചു നിൽക്കുന്നു. തണുപ്പ് കൊണ്ട് എൻ്റെ ഉടൽ മുഴുവൻ വിറച്ചു. തിരിച്ചു നടക്കുമ്പോൾ വഴിവക്കിൽ നിന്നൽപം മാറി ഒരു ചായക്കടയിൽ കയറി. അയാളുടെ ആദ്യത്തെ കസ്റ്റമർ ഞാനായിരുന്നു. ചൂടുള്ള ചായ കടലാസു കപ്പിൽ ഒഴിക്കുന്നത് കണ്ടപ്പോൾ തണുത്തുറഞ്ഞ ഞാൻ പ്രത്യാശയോടെ കൈ നീട്ടി. പക്ഷേ അതെനിക്കല്ലായിരുന്നു. ഒരു കപ്പ് ചൂടുവെള്ളം , ഒരു കപ്പ് ചായ ഇത് രണ്ടും ആയാൾ നിലത്തൊഴിച്ച് അൽപനേരം കണ്ണടച്ച് പ്രാർത്ഥിച്ച് പിന്നീടു എനിക്ക് വേണ്ടി ചായ ഉണ്ടാക്കി. ഇവിടെ എല്ലാവരും ഇങ്ങനെയാണ്.താമസിക്കുന്ന ഹോസ്റ്റലിലെ ആളോട് ഇത് സ്വന്തം ഹോട്ടലാണോ എന്ന് ചോദിച്ചപ്പോൾ എല്ലാം ഭഗവാൻ്റെ അല്ലേ. ഇതെല്ലാം അൽപ സമയം നോക്കി നടത്തിയിട്ട് നമ്മളങ്ങ് പോകില്ലേ എന്ന് അയാൾ പറഞ്ഞു. എൺപതുകളിൽ ഹിപ്പികളുടെ ഒപ്പം നടത്തിയ യാത്രകളുടെ പടങ്ങൾ ഒരുപാട് മേശയിൽ ചില്ലിൻ്റെ അടിയിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അന്നത്തെ പടങ്ങളിൽ മുടി നീട്ടി വളർത്തിയിട്ടുണ്ട്. ചിരിയിൽ സ്വാതന്ത്ര്യവും സന്തോഷവുമുണ്ട്. ഇപ്പൊൾ കഷണ്ടി കയറി. രണ്ട് മക്കളുള്ള കുടുംബമുണ്ട്. പഴയ ഹിപ്പികളിൽ പലരും ഇനിയും വന്നേക്കും എന്നും, അപ്പോൾ ബൈക്കിൽ അവരുടെ ഒപ്പം ഒന്നുകൂടെ ഗോകർണയും ഹിമാചലും കറങ്ങണം എന്ന് പറഞ്ഞപ്പോൾ പഴയ പടങ്ങളിൽ ഉള്ള ആ കണ്ണിലെ പ്രകാശം അയാളുടെ മുഖത്ത് വീണ്ടും കണ്ടപോലെ എനിക്ക് തോന്നി. ഈ യാത്ര യുവത്വത്തിൻ്റെ ഓർമ്മക്ക് ഞാൻ മാറ്റി വെക്കുകയാണ്. പഴയ യാത്രക്കാർ എന്നെ കാണുമ്പോൾ അവരുടെ യുവത്വം ഓർത്തെടുക്കുന്നു. അവരെ നോക്കുമ്പോൾ വർഷങ്ങൾക്ക് ശേഷം ഞാനത് പോലെ ഉത്തരവാദിത്തവും പറയാൻ ഒത്തിരി കഥകളും , കയ്യിൽ സൂക്ഷിച്ച് വെച്ച ചിത്രങ്ങളും പലരായി തന്ന ചെറിയ സമ്മാനങ്ങളും ഒക്കെയായി ഇരിക്കുന്നത് സങ്കൽപ്പിക്കുന്നു.
No comments:
Post a Comment