Tuesday, June 22, 2021

വലിയ ചെറിയ വാക്കുകളുടെ നിശ്ശബ്ദ വഴക്കുകൾ

രസവും ഉരുളക്കിഴങ്ങ് ഉപ്പേരിയും മുട്ട ചിക്കിപ്പൊരിച്ചതും 
കഴിച്ചു കൊണ്ട് 
മഴ ചെളിക്കുണ്ടാക്കിയ ചുറ്റുവട്ടം നോക്കി ഇരിക്കുമ്പോഴാണ് 
പ്രേമത്തിൽ ആദ്യത്തേത് എന്ന് പറയാവുന്ന വലിയ പ്രതിസന്ധി അവർക്കിടയിൽ ഉണ്ടായത്. 
മലിനജലം ഒഴുകുന്ന ഒരു കനാലിൻ്റെ ഓരത്താണ് ഫ്ളാറ്റുകളുടടെയും ഹൗസിംഗ് കോളനികളുടെയും സമുച്ചയങ്ങൾ ഉള്ളത്. 
കനാലിൻ്റെ തീരത്ത് ഒരു വലിയ ആൽമരമുണ്ട്. അതിൽ നിറയെ പരുന്തുകളും മറ്റു പക്ഷികളും അണ്ണാൻമാരും കുടികൊള്ളുന്നു. 
അവരുടെ അപ്പാർട്ട്മെൻ്റിനു താഴെ അത് നോക്കി നടത്തുന്നയാളുടെ ഒരു ചെറിയ കൂര ഉണ്ട്. 
മഴ വെള്ളത്തിൽ ചാടി കളിച്ചു കൊണ്ടു അയാളുടെ നാല് പൊടിക്കുഞ്ഞുങ്ങൾ..
അവരെ നോക്കികൊണ്ട് മുറ്റത്തൊരു പ്ലാസ്റ്റിക് കസേരയിൽ അയാളിരുന്ന്  ബീഡി വലിക്കുന്നു.  ഇടയ്ക്ക് വാതിൽക്കൽ ഇരിക്കുന്ന ഭാര്യയോട്   ചിരിച്ചു കൊണ്ടു സംസാരിക്കുകയും ചെയ്യുന്നു.  
അവരുടെ വീടിനു മുന്നിലുള്ള അഴുക്ക് കനാലോ ചുറ്റുമുള്ള അപ്പാർട്ട്മെൻ്റുകളിലെ തിരക്കുള്ള, ആവശ്യത്തിന് പണവും ആഘോഷങ്ങൾ ഉള്ള ഞായറാഴ്ചകളും ഉള്ള ജീവിതങ്ങളോ ഒന്നും അവരെ ആ നിമിഷം ഒട്ടും ബാധിക്കുന്നില്ല  എന്നു അവള്ക്ക് തോന്നി. 
" നമ്മൾ ജോലിയെ പറ്റിയോ ഭക്ഷണത്തിന് എന്തുണ്ടാക്കണം എന്നതിനെ പറ്റിയോ അല്ലാതെ എന്തെങ്കിലും സംസാരിച്ചിട്ടു എത്ര കാലമായി!"
കേൾക്കാൻ ഇഷ്ടമല്ലാത്ത സത്യം കേട്ട് രണ്ടാളുടെയും ഹൃദയത്തിൻ്റെ പിന്നിൽ അതൊരു സങ്കടപ്പാട പോലെ കെട്ടി കിടന്നു. 
ബാൽക്കണിയുടെ ഭിത്തിയിൽ നിറയെ പല ചട്ടികളിലായി അവർ പരസ്പരം സമ്മാനിച്ച പൂച്ചെടികളും വള്ളിപ്പടർപ്പുകളും ഉണങ്ങി, ഇലകൾ കൊഴിച്ച് നിൽപ്പുണ്ട്. 
സ്നേഹിക്കപ്പെടാത്ത 
സ്പർശിക്കപ്പെടാത്ത 
നിറുകയും
മുതുകും 
തോളും
നെഞ്ചിൻകൂടിൻെറ ഏറ്റവും താഴത്തെ വാരിയെല്ലുകളും
ഹൃദയത്തിനുള്ളിലെ വളരെ ഏകാന്തമായ ഇരുട്ടുമുറികളുമായി
അവർ രണ്ടാളും ഉച്ച തിരിഞ്ഞ ആ സമയത്ത്  അങ്ങനെ ഒത്തിരി നേരം ഇരുന്നു. 
മഴ രണ്ടെണ്ണം വീണ്ടും പെയ്തു പോയി. 
ഉരുളക്കിഴങ്ങ് ഉപ്പേരിയിലെ മഞ്ഞൾ നഖങ്ങളിൽ ഒട്ടി. 
അവള് അപ്പോ അവളുടെ പുതിയ പ്രിയപ്പെട്ട വാക്കിനെ കുറിച്ചോർത്തു. എൻട്രോപ്പി എന്നതാണ് അത്. 
കുറച്ച് നാളുകളായി കാഴ്ചകൾക്കിടയിൽ ആകാശത്ത് മേഘങ്ങൾ തെളിയുന്ന പോലെ അത് കണ്ണിൻ്റെ മുന്നിൽ ലാവണ്യം നിറഞ്ഞ വാക്കിൻ്റെ ചലനം ആവുന്നു
ഉറങ്ങാൻ നേരം എൻട്രോപ്പി അതിൻ്റെ ദീർഘവും ആഴമുള്ളതുമായ സങ്കീർണ ആശയങ്ങളായി സ്വപ്നത്തിന് മുൻപേ വന്നു. 
അതിന് മുമ്പുള്ള അവളുടെ പ്രിയപ്പെട്ട വാക്ക് ഇനേർഷ്യ എന്നതായിരുന്നു. ചെറുവാക്കുകൾ പോലും ഹൃദയത്തില് വലിയ തിരക്ക് ഉണ്ടാക്കി 
പ്രേമത്തിൽ ആയപ്പോൾ 
പ്രേമിക്കുന്നു എന്ന വാക്ക് മാത്രം അർത്ഥം ഇല്ലാത്ത അക്ഷരങ്ങളുടെ കെട്ടായി രണ്ടാൾക്കിടയിലും നിന്ന് ചുറ്റിത്തിരിഞ്ഞു.

പ്രേമത്തിൻ്റെ വിങ്ങലോ അതി തീക്ഷ്ണതയോ ഇളം വെയിൽ പോലെ ഉള്ള സ്നേഹമോ കാത്തിരുന്നതല്ലാതെ ഒരിക്കലും എത്തിയില്ല എന്നവർ ഏകദേശം ഒരേ നേരത്ത് തിരിച്ചറിഞ്ഞു. 

 നിശ്ചലമായ ആ ഇരിപ്പിൽ നിന്ന് മറ്റേയാൾ ആദ്യം എണീറ്റ് കൈ കഴുകി പുറത്തേക്കോ അകത്തേക്കോ പോകണേ എന്നാഗ്രഹിച്ച് രണ്ടാളും കാത്തിരുന്നു. 

Wednesday, June 2, 2021

പുഷ്കർ


 മലകളിൽനിന്ന് വരുന്ന, തടാകം കടന്നെത്തുന്ന കാറ്റിൽ നിലാവും ചരസിൻ്റെ മണവും അലിഞ്ഞിരുന്നു. നിലാവുള്ളതിനാൽ ജനൽ തുറന്നിട്ട് നോക്കി ഇരുന്ന് ഞാൻ വളരെ കുറച്ചേ ഉറങ്ങിയുള്ളൂ. വെളുപ്പിനുണർന്ന് ഞാൻ നേരെ ഘാട്ടിലേക്ക് നടന്നു. അതിൻ്റെ പടിക്കെട്ടിൽ പൂജാരികൾ ഭക്തർക്ക് വഴിപാടുകളും നേർച്ചകളും പറഞ്ഞു കൊടുക്കുന്നു. ചിലർ പ്രാർത്ഥിച്ചുകൊണ്ട് സ്നാനം നടത്തുന്നു. തടാകത്തിൻ്റെ ആഴവും തണുപ്പും വെള്ളത്തിൽ ഇറങ്ങാതെ തന്നെ എനിക്ക് മനസ്സിലായിരുന്നു. വഴുവഴുപ്പുള്ള പടികളിൽ പിടിചിറങ്ങി ഞാൻ മുങ്ങി നിവർന്നപ്പോൾ സൂര്യൻ ചുവന്ന നിറത്തിൽ മലകളുടെ മുകളിൽ ഉദിച്ചു നിൽക്കുന്നു. തണുപ്പ് കൊണ്ട് എൻ്റെ ഉടൽ മുഴുവൻ വിറച്ചു. തിരിച്ചു നടക്കുമ്പോൾ വഴിവക്കിൽ നിന്നൽപം മാറി ഒരു ചായക്കടയിൽ കയറി. അയാളുടെ ആദ്യത്തെ കസ്റ്റമർ ഞാനായിരുന്നു. ചൂടുള്ള ചായ കടലാസു കപ്പിൽ ഒഴിക്കുന്നത് കണ്ടപ്പോൾ തണുത്തുറഞ്ഞ ഞാൻ പ്രത്യാശയോടെ കൈ നീട്ടി. പക്ഷേ അതെനിക്കല്ലായിരുന്നു. ഒരു കപ്പ് ചൂടുവെള്ളം , ഒരു കപ്പ് ചായ ഇത് രണ്ടും ആയാൾ നിലത്തൊഴിച്ച് അൽപനേരം കണ്ണടച്ച് പ്രാർത്ഥിച്ച് പിന്നീടു എനിക്ക് വേണ്ടി ചായ ഉണ്ടാക്കി. ഇവിടെ എല്ലാവരും ഇങ്ങനെയാണ്.താമസിക്കുന്ന ഹോസ്റ്റലിലെ ആളോട് ഇത് സ്വന്തം ഹോട്ടലാണോ എന്ന് ചോദിച്ചപ്പോൾ എല്ലാം ഭഗവാൻ്റെ അല്ലേ. ഇതെല്ലാം അൽപ സമയം നോക്കി നടത്തിയിട്ട് നമ്മളങ്ങ് പോകില്ലേ എന്ന് അയാൾ പറഞ്ഞു. എൺപതുകളിൽ ഹിപ്പികളുടെ ഒപ്പം നടത്തിയ യാത്രകളുടെ പടങ്ങൾ ഒരുപാട് മേശയിൽ ചില്ലിൻ്റെ അടിയിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അന്നത്തെ പടങ്ങളിൽ മുടി നീട്ടി വളർത്തിയിട്ടുണ്ട്. ചിരിയിൽ സ്വാതന്ത്ര്യവും സന്തോഷവുമുണ്ട്. ഇപ്പൊൾ കഷണ്ടി കയറി. രണ്ട് മക്കളുള്ള കുടുംബമുണ്ട്. പഴയ ഹിപ്പികളിൽ പലരും ഇനിയും വന്നേക്കും എന്നും, അപ്പോൾ ബൈക്കിൽ അവരുടെ ഒപ്പം ഒന്നുകൂടെ ഗോകർണയും ഹിമാചലും കറങ്ങണം എന്ന് പറഞ്ഞപ്പോൾ പഴയ പടങ്ങളിൽ ഉള്ള ആ കണ്ണിലെ പ്രകാശം അയാളുടെ മുഖത്ത് വീണ്ടും കണ്ടപോലെ എനിക്ക് തോന്നി. ഈ യാത്ര യുവത്വത്തിൻ്റെ ഓർമ്മക്ക് ഞാൻ മാറ്റി വെക്കുകയാണ്. പഴയ യാത്രക്കാർ എന്നെ കാണുമ്പോൾ അവരുടെ യുവത്വം ഓർത്തെടുക്കുന്നു. അവരെ നോക്കുമ്പോൾ വർഷങ്ങൾക്ക് ശേഷം ഞാനത് പോലെ ഉത്തരവാദിത്തവും പറയാൻ ഒത്തിരി കഥകളും , കയ്യിൽ സൂക്ഷിച്ച് വെച്ച ചിത്രങ്ങളും പലരായി തന്ന ചെറിയ സമ്മാനങ്ങളും ഒക്കെയായി ഇരിക്കുന്നത് സങ്കൽപ്പിക്കുന്നു. 


I don't think I'll ever comprehend the idea of love and death quite well
It requires emotional discipline and unconditional acceptance
I see my grandma going through the obituary page of newspaper every morning
After going through each words and each names
If she finds a friend or an acquaintance had passed away
With a sigh she will say a few words about them
I don't know how long you have to live to reach there , to peacefully wait for death
To grieve for friends quietly
I sleep late
But I still hear the muffled noise of my dad and mom talking and cracking jokes in the other room
Not ever getting tired of things to speak and plans for the next day
Silently saving pieces of favourite food for each other
Conflicting everyday and resolving them every time
I wish to understand love and death like in grace and in patience




ഒരു വൈകുന്നേരം പെട്ടെന്ന് മഴ തുടങ്ങി. വേനൽ മഴ കഴിഞ്ഞ എല്ലാ രാത്രികളിലും മിന്നാമിനുങ്ങുകൾ ഒരുമിച്ച് പറന്നു ഇറങ്ങുന്ന പ്രദേശമാണ് എൻ്റേത്. ലൈറ്റണച്ച് ഉറങ്ങാൻ കിടന്ന എൻ്റെ മുറി നിറയെ ഇളം മഞ്ഞ വെളിച്ചത്തിൻ്റെ തീപ്പൊരി കണങ്ങൾ പോലെ അവ . ഞാൻ ഉറങ്ങാൻ കഴിയാതെ സന്തോഷത്തോടെ ഓരോന്നിനെയും നോട്ടം കൊണ്ട് പിന്തുടർന്ന് കളിച്ചു. ജൈവ വൈവധ്യത്തെ കുറിച്ചും പ്രപഞ്ചത്തിൻ്റെ അനന്ത സൗന്ദര്യത്തെ കുറിച്ചും ചിന്തിച്ച് അത്ഭുതപ്പെട്ടു. മേൽക്കൂരയിൽ, ജനൽപ്പടിയിൽ, ജനലിൻ്റെ പുറത്തേക്ക് നോക്കിയാൽ കാണുന്ന ഇരുട്ടിൻ്റെ ഒറ്റത്തടാകത്തിൽ, എന്തിന്, എൻ്റെ തലയണയിൽ പോലും മങ്ങിയും തെളിഞ്ഞും വെളിച്ചത്തിൻ്റെ ആത്മാക്കളെ പോലെ അവ രാത്രി മുഴുവൻ ഉണ്ടായിരുന്നു. പിന്നീടുള്ള എല്ലാ ദിവസവും മഴ പെയ്തു. മഴ പെയ്ത എല്ലാ രാത്രികളിലും അവരെല്ലാം എത്തി. ചിലത് എൻ്റെ ദേഹത്ത് വന്നിരുന്നു. പലപ്പോഴും അവയുടെ വെളിച്ചം കടുപ്പത്തിൽ കാപ്പി പോലെ എൻ്റെ കണ്ണുകളെ ഉണർത്തി വെച്ചു. ഉറങ്ങാൻ പറ്റാതെ ഞാൻ കഴുത്തിൽ വന്നിരുന്ന ഒരു മിന്നാമിനുങ്ങിനെ തട്ടിയെറിഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ അത് തിരിച്ചറിഞ്ഞത്. എൻ്റെ പ്രകൃതിയോടും സൗന്ദര്യത്തോടും ജീവനോടും ഉള്ള സമീപനം എൻ്റെ സൗകര്യത്തിന് അനുസരിച്ച് മാത്രം ആണ്. പൊള്ളയായ കുറെ അവബോധങ്ങൾ ഉണ്ടാക്കി അവയുടെ മുകളിൽ കയറിയിരുന്ന് ഞാൻ എല്ലാത്തിനെയും വിധിക്കാനും വില നിശ്ചയിക്കാനും ശ്രമിച്ചു. ആഴമുള്ള, സ്നേഹവും സൗന്ദര്യവും നിറഞ്ഞ നിമിഷങ്ങളെ അവ തീരുന്നതിനു മുൻപ് എഴുതി വെക്കാൻ ഞാൻ പരക്കം പാഞ്ഞിട്ടുണ്ട്. എല്ലാത്തിനെയും വാങ്ങാനും വിൽക്കാനും കഴിയുമെന്ന് ഉള്ളിൻ്റെ ഉള്ളിൽ , നന്മയുടെ, കരുണയുടെ , സ്നേഹത്തിൻ്റെ പുറം ചട്ടകൾക്ക് ഉള്ളിൽ ഒളിപ്പിച്ച് വെച്ചിരിക്കുകായിരിക്കാം. എനിക്ക് എന്നോട് കോപം തോന്നി. കോപം തിളച്ചു . ദംശനമേറ്റ പോലെ ഞാൻ പിടഞ്ഞു. അറ്റ്പോകുന്ന ചർമത്തിൻ്റെ വിടവുകളിൽ നിന്ന് ചിറകുകൾ മുളച്ചു. നിശാശലഭങ്ങൾ എവിടെ ഉറങ്ങുന്നു എന്നന്വേഷിച്ചു ഞാൻ അലയാൻ ആരംഭിച്ചു. 





പുതുതായി ഒന്നും പറയാൻ ഇല്ലാത്തത് എന്ത് വിഷമം ഉള്ള കാര്യമാണ്
പുതുതായി ഒന്നും പറയാൻ ഇല്ലാതാവുമ്പോ പറയാൻ ഉള്ളത് കൂടെ കേൾക്കാൻ ആളില്ലാതാവും
പല ചോദ്യങ്ങളും
 ചുറ്റുമുള്ള ഒറ്റപ്പെടലിൻ്റെ വലയത്തിനുള്ളിൽ പ്രകമ്പനം കൊണ്ടു മറ്റുള്ളവരുടെ കാതുകളെ തൊടാതെ എവിടെയോ ഇല്ലാതാകും
ഉത്തരമില്ലാതെ പോയ ആ ചോദ്യങ്ങളെ കുറിച്ചോർത്ത് രാത്രി മുഴുവന് ആലോചിച്ചു പോകും
വേദന ഉള്ള കാൽമുട്ട് തടവി 
മിന്നാമിനുങ്ങിൻ്റെ വെളിച്ചമോ ഒറ്റകിളിയുടെ കരച്ചിലോ കേട്ട് ഓരോ മിനിറ്റിലും ടോർച്ചടിച്ച് പുറത്തേക്ക് നോക്കുന്ന ഭയചകിതയായ അവരെ എല്ലാവരും അൽപം മടുപ്പോടെ കാണും
ഇനി ജീവിതത്തില് നടക്കാൻ മരണം മാത്രം ബാക്കി ആവുമ്പോ സംഭാഷണങ്ങൾ ഉണങ്ങി വരണ്ടതാവും
പുതുതായി ഒന്നും പറയാൻ ഇല്ലെങ്കിലും
പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞാലും എല്ലാവരും എല്ലാവരെയും കേൾക്കാൻ ശ്രമിച്ചിരുന്നെങ്കിൽ!
ആവലാതികൾക്ക് ആശ്വാസം നൽകിയിരുന്നെങ്കിൽ! 
പുതുതായി എന്തെങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കിൽ !



വഴികളോട് ഉള്ള പ്രേമം എന്ന് മുതൽ ഉള്ളതാണ് എന്ന് തന്നെ ഓർമയില്ല. കാടുവഴികൾ, കടലിലേക്ക് നീണ്ടു പോകുന്ന വെള്ളമണൽ വഴികൾ, വളഞ്ഞും പുളഞ്ഞും പുഴക്കൊപ്പം പോകുന്ന നനവുള്ള വഴികൾ ഒക്കെ ഇഷ്ടമാണ്. എന്നാലും ഏറ്റവും ഇഷ്ടം മലകളിലേക്ക് ഉള്ള വഴികളായിരിക്കും. ഏതോ ക്ലാസ്സിലെ പാഠപുസ്തകത്തിൽ പുഴയുടെ ഉത്ഭവം കണ്ട് പിടിക്കാൻ ഒരു ചോദ്യം ഉണ്ടായിരുന്നു. ഞാനും അമലുവും മാത്രമായിരിക്കും ആ ജോലി കാര്യമായി എടുത്തത്‌. ചുവന്ന, മഞ്ഞച്ച തളിരിലകൾ കൊണ്ട് ചെമ്പിച്ച കാട്ടിലൂടെ ഞങൾ പുഴ എവിടെ ജനിക്കുന്നു എന്ന് കാണാൻ ഒത്തിരി മല കയറി. പുഴ, വിലക്കപ്പെട്ട രഹസ്യം പോലെ ഉറവിടം കാണിക്കാതെ ഞങ്ങളിൽ നിന്നും മറഞ്ഞു ഉൾക്കാടിലേക്കും ചെങ്കുത്ത് മലകളിലേക്കും നീണ്ടു കിടന്നു . പുഴയുടെ തീരത്തെ ഇലഞ്ഞി പൂത്ത് വെള്ളത്തിന് സ്വർഗീയ സുഗന്ധം പിടിപെട്ടിരുന്നു. നിലത്ത് വീണ പൂക്കൾ അവള് ഇലയിൽ പൊതിഞ്ഞെടുത്തു. തിരുക്കുടുംബത്തിന്റെ രൂപത്തിന് ചുറ്റും മാലയായി തൂക്കാനും വർഷം മുഴുവൻ വീട്ടിൽ സുഗന്ധം നിറയാനും. ഒരു മലയുടെ അപ്പുറത്ത് ഞങ്ങളുടെ മറ്റൊരു കൂട്ടുകാരി ഉണ്ടായിരുന്നു. അവളെ കാണാൻ പഠിക്കാനെന്നും പശുക്കളെ മെയ്ക്കാനും എന്ന് ഒക്കെ കാരണം ഉണ്ടാക്കി ഞങൾ മല കയറി. മലയുടെ മുകളിൽ എത്തുമ്പോൾ ഒരു പ്രത്യേക കാറ്റുണ്ട്. അവിടെയുള്ള രണ്ടു മൂന്നു വലിയ മരങ്ങളുടെ ഏതിന്റെയോ ചോട്ടിൽ മണ്ടച്ചുരുട്ടി പാമ്പ് ഉണ്ടെന്ന് കേട്ടിട്ടുള്ളത്‌ കൊണ്ട് ഞങൾ തിടുക്കത്തിൽ മലയിറങ്ങും. ഇല്ലിക്കാടിന്റെ ഉണങ്ങിയ ഇലകൾ ചവിട്ടി മെതിച്ച് ഞങൾ ഓടും. മലയുടെ അപ്പുറത്ത് നിന്നുള്ള കാഴ്ചയും ഭാവങ്ങളും വേറെയാണ്. ഓടി ഓടി എത്തുമ്പോൾ മല കയറി കാട് കടന്നു അവള് എത്തിയിട്ടുണ്ടാവും. കാടും നാടും വേർതിരിക്കുന്ന ജണ്ടയിൽ കയറിയിരുന്നു ഞങൾ അവലോസു പൊടിയും, പേരക്കയും വാളൻ പുളിയും, ഞാവൽക്കയും കഴിക്കും. കഥകൾ പറയും. സ്വപ്നം കാണും. സ്കൂൾ കഴിഞ്ഞാൽ എന്ന് നമ്മൾ കാണും എന്ന് ആലോചിച്ച് വിഷമിക്കും. വഴി തിരിച്ചു കയറും. മലയിറങ്ങും. വഴികൾ നീണ്ടു നീണ്ടു നമ്മളിലേക്ക്, നമ്മളിൽ നിന്ന് അനന്തതയിലേക്ക് നീണ്ടു കൊണ്ടേയിരിക്കും. നമ്മൾ വഴികളാവും , വഴികളുടെ സുവിശേഷം നമ്മളെയെല്ലാം തേടി വരും. 

ritual


ഇളം നിലാവിൽ ഇരുന്നപ്പോൾ എനിക്ക് പെട്ടെന്ന് പഴയ ഒരു കഥ ഓർമ വന്നു. 
കഥ എന്നാല് കഥയിലെ ഒരു രംഗം. നിലാവിൽ ഇലകളിൽ എല്ലാം മുത്തും വൈരവും പതിച്ച കാട്ടിലൂടെ നടന്നു പോകുന്ന ഏതോ നാട്ടിലെ ഏതോ രാജാവും പെൺമക്കളും. കഥയിൽ നിന്ന് സ്വതന്ത്രരായി അവർ ഒരേ ഒരു രംഗത്തിൽ കുടി കൊണ്ട് എൻ്റെ ഹൃദയത്തില് തങ്ങി നിൽക്കുന്നു. നിലാവുള്ളരാത്രികളിൽ ഞാൻ അവരെ ഓർക്കുന്നു. കഥാ പശ്ചാത്തലം ഇല്ലാത്ത തുടക്കവും ഒടുക്കവും മറന്നു പോയ ഒരു രംഗം. നിലാവ് ഇപ്പോള് വളരെ മാർദവം നിറഞ്ഞു തണുപ്പോടെ എൻ്റെ ചുറ്റും നിന്നു. ഇലകളിൽ നിന്ന് ഇലകളിലേക്ക് ഒഴുകി. മരച്ചുവട്ടിൽ നൂല് പോലെ വന്നു വീണു. എൻ്റെ ഈ നിലാവിൻ്റെ അടിയിലെ ഇരുപ്പ് ആരുടെ കഥയിലെ ഏതു രംഗമായിരിക്കും?


മരത്തിന് ചുറ്റും
വള്ളിപ്പടർപ്പുകൾ ആയിരുന്നു
അവയിലെല്ലാം നിറം പൊടിച്ചിട്ട പോലെ പൂക്കൾ ഉണ്ടായിരുന്നു
പതിഞ്ഞു മിണ്ടുന്നൊരാൾ 
ആ പൂക്കൾ പോലെ ചിരിക്കുമായിരുന്നു
വെയില് പോലെ തെളിഞ്ഞ നിസംഗതയുള്ള ഒരുത്തിയോടു ഇവക്കൊക്കെ പ്രേമമായിരുന്നു


ഇളം നിലാവിൽ ഇരുന്നപ്പോൾ എനിക്ക് പെട്ടെന്ന് പഴയ ഒരു കഥ ഓർമ വന്നു. 
കഥ എന്നാല് കഥയിലെ ഒരു രംഗം. നിലാവിൽ ഇലകളിൽ എല്ലാം മുത്തും വൈരവും പതിച്ച കാട്ടിലൂടെ നടന്നു പോകുന്ന ഏതോ നാട്ടിലെ ഏതോ രാജാവും പെൺമക്കളും. കഥയിൽ നിന്ന് സ്വതന്ത്രരായി അവർ ഒരേ ഒരു രംഗത്തിൽ കുടി കൊണ്ട് എൻ്റെ ഹൃദയത്തില് തങ്ങി നിൽക്കുന്നു. നിലാവുള്ളരാത്രികളിൽ ഞാൻ അവരെ ഓർക്കുന്നു. കഥാ പശ്ചാത്തലം ഇല്ലാത്ത തുടക്കവും ഒടുക്കവും മറന്നു പോയ ഒരു രംഗം. നിലാവ് ഇപ്പോള് വളരെ മാർദവം നിറഞ്ഞു തണുപ്പോടെ എൻ്റെ ചുറ്റും നിന്നു. ഇലകളിൽ നിന്ന് ഇലകളിലേക്ക് ഒഴുകി. മരച്ചുവട്ടിൽ നൂല് പോലെ വന്നു വീണു. എൻ്റെ ഈ നിലാവിൻ്റെ അടിയിലെ ഇരുപ്പ് ആരുടെ കഥയിലെ ഏതു രംഗമായിരിക്കും?


I think the air of any pilgrim centre
Any spiritual hub is filled with grief , helplessness and
tears of regret
There is a pause
A pause to remember how greedy we have been
How ungrateful we have been to life
How transactional we have become
How happiness escaped from us like sand in an hourglass
How loveless each day has been
No matter how much commercial the places have become ,
The air has this very sharp pain of sorrow
The surrendering to something we don't know quite
Seeking reassurance and redemption to something no one ever understood the nature of
People walking on and along the thin thread of devotion and madness
The lady was standing next to me when we were inside,
She couldn't pray
She cried and cried
Loud
As if she just gotten her heart broken
Everyone asked her to push through the crowd and go outside to cry
I couldn't stop my tears seeing her cry
She urged everyone around to weep about existence, silently
The very misery of ignorance of it
It's been an hour since I've been sitting close to her
Close enough to see her
Far enough to keep her prayers only between her and her god 


സ്നേഹം എന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത പല കെട്ടുപാടുകളിലും
പെട്ട്
എന്നും ഉറങ്ങുന്നതിന് മുൻപ് നാളെ മുതൽ നന്നായി സ്നേഹിക്കണം എന്ന് തീരുമാനിച്ച് കിടക്കുന്ന മനുഷ്യരിൽ പെട്ടവരാണോ നിങ്ങൾ
ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് ഇത് വായിക്കുന്നത് നിർത്താം
താഴേക്ക് ഉള്ളത് സ്നേഹം എന്താണെന്ന് ഇതുവരെ മനസ്സിലാവാത്ത എൻ്റെ കുറെ സംശയങ്ങളും അനുഭവങ്ങളുമാണ്
പുതിയ സ്ഥലങ്ങളിലെ ആദ്യമായി കാണുന്ന മരങ്ങളുടെ കൊഴിഞ്ഞ ഇലകൾ, ചില പൂക്കളുടെ ഇതളുകൾ ഒക്കെ പെറുക്കി ബാഗിലിട്ട് പിന്നെ അതൊരു പുസ്തകത്തിൽ ഞാൻ അടച്ചു വെക്കുന്നത് എന്നെങ്കിലും 
നിന്നെ കണ്ടു മുട്ടുമ്പോൾ അത്തരം ഇലകളും പൂക്കളും ഒട്ടിച്ച കടലാസിൽ നിൻ്റെ പിറന്നാളിനോ മറ്റോ പ്രേമലേഖനം എഴുതാനാണ്
നോക്കൂ നിന്നെ എനിക്കു അറിയുക പോലുമില്ല. 
നിന്നെ കണ്ടുമുട്ടാൻ ഉള്ള സാധ്യത പോലും ആയിരത്തിൽ ഒന്നായിരുന്നിട്ടും
ഞാനിങ്ങനെ പൂക്കളും എഴുത്തുകളും കാത്തു സൂക്ഷിച്ചു വെക്കുന്നത് ആയിരിക്കാം സ്നേഹം
അന്നൊരിക്കൽ കൂട്ടുകാരി പറഞ്ഞിട്ടുണ്ട്
അവളുടേ അമ്മയുടെ അനിയത്തിയും ഭർത്താവും സ്വന്തം മക്കൾ വേണ്ട എന്നു വെച്ച് ചേച്ചിയുടെ മക്കൾക്ക് വേണ്ടി ഭക്ഷണവും സ്നേഹവും ഒക്കെ പകുത്തു കൊടുക്കുന്നത്
അതായിരിക്കാം സ്നേഹം
ഒരു മനുഷ്യരിലും സ്നേഹത്തെ പിടിച്ചു കെട്ടിയിടാതെ അലഞ്ഞ് തിരിഞ്ഞ് അവനവനെ ലോകത്തിന് വെറുതേ കൊടുക്കുന്ന കുറെ ആളുകളില്ലേ 
അത് സ്നേഹമായിരിക്കും
ക്ഷമിക്കാൻ പറ്റാത്ത പല ദുഷ്ടതകളും ചെയ്ത നമ്മളെ തന്നെ ഇടക്ക് നമ്മൾ ചേർത്ത് നിർത്താരില്ലെ? 
വല്ലാതെ വേദനിച്ച് ഇരിക്കുമ്പോൾ എല്ലാം ശരിയാകുമായിരിക്കും എന്ന് പറഞ്ഞ് ചുരുങ്ങി കൂടി സ്വയം ഒരു കുഞ്ഞിനെ പോലെ സ്വയം സമാധാനിപ്പിക്കാറില്ലെ? 
അതെല്ലാം സ്നേഹം തന്നെ ആയിരിക്കാം
ജീവിച്ച് ജീവിച്ച് എന്തെല്ലാം സ്നേഹമല്ല  എന്നും നമ്മളെല്ലാവരും മനസ്സിലാക്കിയിട്ടുണ്ടല്ലോ


ഞാൻ കണ്ട മരങ്ങളും
കാട്ടുപൂക്കളും 
പുഴയുടെ ശക്തിയും മയവും
കേട്ട ശബ്ദങ്ങളും 
ഞാൻ മരിച്ചാൽ എവിടെ പോകും!
കഥകൾ അറ്റം മുറിഞ്ഞ് അലഞ്ഞ് പോവില്ലെ? 
സ്നേഹം പാതി വഴിയിൽ ദുഃഖത്തിൻ്റെ വലയത്തിൽ പെട്ടുപോവില്ലെ?
പിറ്റേന്ന് ചായ ഉണ്ടാക്കാൻ വാങ്ങി പാലിൻ്റെ കവർ വിറങ്ങലിച്ചു പോവില്ലേ?
അവധിക്ക് പോവാൻ തീരുമാനിച്ച സ്ഥലങ്ങൾ ഞാനെവിടെ എന്നോർത്ത് കാത്തിരിക്കില്ലെ?
ഞാൻ ക്ഷമിക്കാൻ ബാക്കി ഉള്ള ഒന്നോ രണ്ടോ ആത്മാക്കളുടെ ഹൃദയത്തില് ഭാരം തോന്നില്ലെ?
എന്നോട് ക്ഷമിക്കാൻ കാത്തിരുന്ന ചിലർക്ക് വേദന തോന്നില്ലേ?
ജീവിതം ഇത്ര പുതുമയുള്ളതും
ആഴമുള്ളതും ആയിട്ടും ഒരാൾക്ക് പോലും നിത്യത ബാക്കി വെക്കാത്ത വ്യവസ്ഥ എന്നെ വേദനിപ്പിക്കുന്നു, ശ്വാസം മുട്ടിക്കുന്നു
ജീവിക്കുമ്പോഴും ജീവിക്കുന്നില്ല എന്ന് തോന്നിപ്പിക്കുന്നു


മലയിൽ പാറ അറ്റമില്ലാത്ത പോലെ നീണ്ടു. ഇടക്കു മണ്ണുള്ളിടത്ത് വളർന്ന പുല്ലിലെല്ലാം പൊട്ടു പോലെ പൂക്കൾ. മലയുടെ തുമ്പത്ത് ഒരു മരമുണ്ട്. മരത്തിൻ്റെ ചോട്ടിൽ ആരൊക്കെയോ കുടിച്ച കുപ്പികൾ ഉടഞ്ഞു മണ്ണോടു ചേർന്നത് പോലെ കിടക്കുന്നു. മരത്തിൻ്റെ ചില്ലകൾ യക്ഷിയുടെ മുടി പോലെ ഞങ്ങളെ മൂടി. ഞങ്ങളുടെ ഉമ്മകൾക്കിടയിൽ ആര്യേപ്പിലയുടെ കയ്പ്പ് പെട്ടു. പുറം ലോകത്ത് നിന്നു കാണാത്ത വിധം വേപ്പ് മരവും ഞങ്ങളും മറഞ്ഞിരുന്നു. ചുംബനങ്ങൾക്കു മഴയുടെ തണുപ്പ് തോന്നി, വേപ്പിലകളാൽ എൻ്റെ ചുണ്ടുകൾ മൂടിയപ്പോൾ അവൻ ചിരിച്ചു. ഇലകൾ മാറ്റാതെ തന്നെ വീണ്ടും ചുംബിച്ചു. സന്ധ്യയുടെ വെളിച്ചവും ഇരുട്ടും കുഴഞ്ഞ നേരത്ത് കയ്പും മധുരവും തൊട്ടെടുത്ത് സ്നേഹവും പ്രേമവുമല്ലാത്ത ചെറിയ വേദനയിൽ നിറഞ്ഞു ഞാൻ നിന്നു. 



പേരക്കമാങ്ങ മൾബറി ചാമ്പങ്ങ മുതലായ എല്ലാ പഴങ്ങളും മരങ്ങളും ഞങ്ങളുടെയായിരുന്നു. വഴിയിലെ വലിയ കിണറ്റിലെ പാതാള ആഴങ്ങളിലേക്ക് കപ്പിയും കയറുമിട്ട് കോരുന്ന തണുത്ത വെള്ളം കുടിച്ച് കരിയിലകൊണ്ട് സ്വന്തം മൂടിയിട്ട്‌ ഒളിച്ചു കളി കളിച്ചു ഇടക്കു കാറ്റ് വീശുമ്പോൾ റബർ ഇല ഏറ്റവും കൂടുതൽ കയ്യിലാക്കുന്ന പുതിയ കളി ഉണ്ടാക്കി അങ്ങനെ നടന്നു നടന്നാണ് സ്കൂൾ വിട്ട് വീട്ടിൽ പോയിരുന്നത്. പാതി വഴിക്ക് ഒരു നല്ല അമ്മ ഉണ്ട്. അവിടെ വെള്ളം കുടിക്കാൻ ഞങൾ കൂട്ടമായി പോകും. അവർ ഞങ്ങൾക്ക് കഞ്ഞിവെളളമാണ് തരുക . അശ്രദ്ധയോടെ എന്ന പോലെ വളരെ ശ്രദ്ധയോടെ അതിൽ കുറെ ചോറ് വറ്റുകൾ കാണും. ഇന്നവരുടെ തല നരച്ചു. ഹൃദ്രോഗം പിടിപെട്ടു.  ആ കഞ്ഞിവെള്ളവും ചോറുവറ്റും കാരണം തടി നന്നായ ഞങ്ങളൊക്കെ വലുതായി പല നാട്ടിലെത്തി.