Wednesday, June 2, 2021


ഞാൻ കണ്ട മരങ്ങളും
കാട്ടുപൂക്കളും 
പുഴയുടെ ശക്തിയും മയവും
കേട്ട ശബ്ദങ്ങളും 
ഞാൻ മരിച്ചാൽ എവിടെ പോകും!
കഥകൾ അറ്റം മുറിഞ്ഞ് അലഞ്ഞ് പോവില്ലെ? 
സ്നേഹം പാതി വഴിയിൽ ദുഃഖത്തിൻ്റെ വലയത്തിൽ പെട്ടുപോവില്ലെ?
പിറ്റേന്ന് ചായ ഉണ്ടാക്കാൻ വാങ്ങി പാലിൻ്റെ കവർ വിറങ്ങലിച്ചു പോവില്ലേ?
അവധിക്ക് പോവാൻ തീരുമാനിച്ച സ്ഥലങ്ങൾ ഞാനെവിടെ എന്നോർത്ത് കാത്തിരിക്കില്ലെ?
ഞാൻ ക്ഷമിക്കാൻ ബാക്കി ഉള്ള ഒന്നോ രണ്ടോ ആത്മാക്കളുടെ ഹൃദയത്തില് ഭാരം തോന്നില്ലെ?
എന്നോട് ക്ഷമിക്കാൻ കാത്തിരുന്ന ചിലർക്ക് വേദന തോന്നില്ലേ?
ജീവിതം ഇത്ര പുതുമയുള്ളതും
ആഴമുള്ളതും ആയിട്ടും ഒരാൾക്ക് പോലും നിത്യത ബാക്കി വെക്കാത്ത വ്യവസ്ഥ എന്നെ വേദനിപ്പിക്കുന്നു, ശ്വാസം മുട്ടിക്കുന്നു
ജീവിക്കുമ്പോഴും ജീവിക്കുന്നില്ല എന്ന് തോന്നിപ്പിക്കുന്നു


മലയിൽ പാറ അറ്റമില്ലാത്ത പോലെ നീണ്ടു. ഇടക്കു മണ്ണുള്ളിടത്ത് വളർന്ന പുല്ലിലെല്ലാം പൊട്ടു പോലെ പൂക്കൾ. മലയുടെ തുമ്പത്ത് ഒരു മരമുണ്ട്. മരത്തിൻ്റെ ചോട്ടിൽ ആരൊക്കെയോ കുടിച്ച കുപ്പികൾ ഉടഞ്ഞു മണ്ണോടു ചേർന്നത് പോലെ കിടക്കുന്നു. മരത്തിൻ്റെ ചില്ലകൾ യക്ഷിയുടെ മുടി പോലെ ഞങ്ങളെ മൂടി. ഞങ്ങളുടെ ഉമ്മകൾക്കിടയിൽ ആര്യേപ്പിലയുടെ കയ്പ്പ് പെട്ടു. പുറം ലോകത്ത് നിന്നു കാണാത്ത വിധം വേപ്പ് മരവും ഞങ്ങളും മറഞ്ഞിരുന്നു. ചുംബനങ്ങൾക്കു മഴയുടെ തണുപ്പ് തോന്നി, വേപ്പിലകളാൽ എൻ്റെ ചുണ്ടുകൾ മൂടിയപ്പോൾ അവൻ ചിരിച്ചു. ഇലകൾ മാറ്റാതെ തന്നെ വീണ്ടും ചുംബിച്ചു. സന്ധ്യയുടെ വെളിച്ചവും ഇരുട്ടും കുഴഞ്ഞ നേരത്ത് കയ്പും മധുരവും തൊട്ടെടുത്ത് സ്നേഹവും പ്രേമവുമല്ലാത്ത ചെറിയ വേദനയിൽ നിറഞ്ഞു ഞാൻ നിന്നു. 



പേരക്കമാങ്ങ മൾബറി ചാമ്പങ്ങ മുതലായ എല്ലാ പഴങ്ങളും മരങ്ങളും ഞങ്ങളുടെയായിരുന്നു. വഴിയിലെ വലിയ കിണറ്റിലെ പാതാള ആഴങ്ങളിലേക്ക് കപ്പിയും കയറുമിട്ട് കോരുന്ന തണുത്ത വെള്ളം കുടിച്ച് കരിയിലകൊണ്ട് സ്വന്തം മൂടിയിട്ട്‌ ഒളിച്ചു കളി കളിച്ചു ഇടക്കു കാറ്റ് വീശുമ്പോൾ റബർ ഇല ഏറ്റവും കൂടുതൽ കയ്യിലാക്കുന്ന പുതിയ കളി ഉണ്ടാക്കി അങ്ങനെ നടന്നു നടന്നാണ് സ്കൂൾ വിട്ട് വീട്ടിൽ പോയിരുന്നത്. പാതി വഴിക്ക് ഒരു നല്ല അമ്മ ഉണ്ട്. അവിടെ വെള്ളം കുടിക്കാൻ ഞങൾ കൂട്ടമായി പോകും. അവർ ഞങ്ങൾക്ക് കഞ്ഞിവെളളമാണ് തരുക . അശ്രദ്ധയോടെ എന്ന പോലെ വളരെ ശ്രദ്ധയോടെ അതിൽ കുറെ ചോറ് വറ്റുകൾ കാണും. ഇന്നവരുടെ തല നരച്ചു. ഹൃദ്രോഗം പിടിപെട്ടു.  ആ കഞ്ഞിവെള്ളവും ചോറുവറ്റും കാരണം തടി നന്നായ ഞങ്ങളൊക്കെ വലുതായി പല നാട്ടിലെത്തി. 

Sunday, January 31, 2021

 ഇല കൊഴിയുന്നുതും 

മരം ഉണങ്ങുന്നതും 

മനുഷ്യർ മരിക്കുന്നതും മാത്രം കാണുന്ന ഒരുത്തി ആയിരുന്നു അവൾ.

കാമുകനെ ചുംബിക്കുമ്പോൾ അവള് ഇങ്ങനെ ഓർത്തു

ഈ നെറ്റി ഒരു ദിവസം തണുത്തു മരയ്ക്കും

കൈകൾ കോർത്ത് പിടിച്ച് നടക്കുമ്പോ അവള്ക്ക് പ്രേമം തോന്നിയില്ല

കൈകൾ അഴുകുന്നതും 

അസ്ഥി വെളിവാകുന്നതും ആലോചിച്ചു അവൾക്ക് പേടിയും രസവും തോന്നി.

അവളുടേ ചെടികൾ വെള്ളം ഒഴിക്കപ്പെടാതെ ശുശ്രൂഷിക്കപ്പെടാതെ ശോഷിച്ചു.

ഒരിക്കല് മരിച്ചു മണ്ണാകുന്ന അതിനോട് അവൾക്ക് വലിയ പ്രതിബദ്ധത തോന്നിയില്ല.

കുഞ്ഞുങ്ങളെ നോക്കി ചിരിക്കാനും 

ഇടക്കു അമ്മയുടെ കഴുത്ത് തിരുമ്മി കൊടുക്കാനും

തെരുവുപട്ടികൾക്ക് ബിസ്ക്കറ്റ് കൊടുക്കാനും അവള്ക്ക് ജാള്യത തോന്നി.

അവയെല്ലാം മരിക്കുമ്പോൾ ജീവൻ്റെ തുരുത്തിൽ ഒറ്റപ്പെടുന്നത് ഓർത്ത് അവള്ക്ക് അറപ്പ് തോന്നി.


ഒരു രാത്രി , വേനൽ ഉരുകി ഒട്ടിയ ദേഹത്ത് മെല്ലെ തണുപ്പ് മിന്നിക്കയറി

പെരുവിരൽ തൊട്ട് തലമുടി വരെ തണുത്ത്, ഹൃദയം നിലച്ചു പോയ ആ സ്വപ്നത്തില് അവള് മരണത്തെ അറിഞ്ഞു

കത്തിയേക്കാവുന്ന, വെള്ളം കയറി ചീർത്ത് പോയേക്കാവുന്ന 

തണുത്താൽ അഴുകിയേക്കാവുന്ന അവളുടേ സ്വന്തം ദേഹത്തെ അന്നവൾ ശരീരത്തിൽ നിന്നൽപം മാറി നിന്നു കണ്ടു. 

ഭയന്ന്, മരണത്തിൻ്റെ ശക്തിയോട് യാചിച്ച് അവളാ രാത്രി തിരിച്ച് വാങ്ങി.

ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാത്തിനോടും അതിപുരാതനമായ സ്നേഹം തോന്നി.

കല്ലിനും മണ്ണിനും മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞ,

മുൾചെടികളെ ചുംബിച്ച, 

 അരുവികളെ നോക്കി ഒരുപാട് നേരം പുഞ്ചിരിച്ച അവളെ അന്ന് മുതൽ എല്ലാവരും ഭാന്തിയെന്നും കൂടോത്രക്കാരി എന്നും വിളിച്ചു. 


Thursday, January 28, 2021

പണ്ടിവിടെ ഒരു പൊട്ടക്കിണർ ഉണ്ടായിരുന്നു. റബ്ബർ ഷീറ്റ് അടിക്കാൻ ഉള്ള മെഷീൻ പുരക്ക് അടുത്ത് ആഴം ധ്യാനിച്ച് ആദി മുതലുള്ള ഒരു കിണർ. മനുഷ്യരുടെ കഥകളിലെ പോലെ വൈകാരികത നിറഞ്ഞ ഒരു സംഭവമായിരുന്നു അത്. ടൈഗറിന്റെ കഥ. അടുത്ത വീട്ടിലെ പട്ടിയുടെ പേരാണ് ടൈഗർ.  സൗമ്യതയും സരക്ഷണവും ഒക്കെ നിറഞ്ഞ അവന് ആ പേരു ഒട്ടും ചേർന്നില്ല. തെരുവു പട്ടികളുടെ ഒരു സംഘം വന്നു. അവള് ആണ് നേതാവ്. എല്ലാവരെയും ഭയപ്പെടുത്തി ആവശ്യത്തിന് കുരുത്തക്കേടുകൾ ഒക്കെയായി അവർ മലയും കാടും കയറി നടന്നു. കറുത്ത മുത്ത് എന്ന ഒരു പേരും നാട്ടുകാർ അവൾക്ക് കൊടുത്തു. അതിൽ പരിഹാസമുണ്ടായിരുന്നു. ടൈഗറും കറുത്ത മുത്തും കൂട്ടായി. അവളുടെ വയറു വീർത്തു വന്നു. നായ സംഘത്തെ കാണാതെയും ആയി. അലഞ്ഞു നടക്കുന്ന ഇവളൊന്നും നായ്ക്കുഞ്ഞുങ്ങളെ ശരിക്ക് നോക്കില്ല എന്ന് ചിലർ പറഞ്ഞു . മനുഷ്യ മൂല്യ ബോധങ്ങൾ വെച്ച് അവളെ എല്ലാവരും വിധിക്കുന്നത് കണ്ട് ടൈഗറിന്  പോലും ചിരി വന്നു കാണും. അങ്ങനെ അവള് 7 പട്ടിക്കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരു ഉച്ച നേരത്ത് വെറുതെ തെങ്ങിന് ചോട്ടിൽ കിടന്ന ടൈഗറിന് മുൻപിൽ വന്നു  അവള് നിലത്ത് കിടന്നു പ്രത്യേക സ്വരത്തിൽ കരഞ്ഞു. അവൻ അവൾക്കൊപ്പം പാഞ്ഞു പോകുന്നതും അടുതെവിടെയോ കല്ലിടുക്കിനിടയിൽ മക്കളെ കണ്ട് അവൻ തിരിച്ച് വന്നതും ഞങൾ എല്ലാവരും കണ്ട് നിന്നതാണ്. ആരും അവൾക്ക് തീറ്റ കൊടുത്തിരുന്നില്ല. അവള് കെഞ്ചിയിട്ടുമില്ല. പക്ഷേ പ്രസവം കഴിഞ്ഞു അവള് വീടിന് അടുത്ത് വന്നു നിൽക്കാരുണ്ടായിരുന്ന്. ഒരിക്കൽ തീറ്റ കൊടുത്താൽ അത് പിന്നെ ഒരു ഒഴിയാ ബാധ ആകുമെന്ന് അച്ഛൻ പറഞ്ഞെങ്കിലും എന്റെ അമ്മ ഒരു പാത്രത്തിൽ ചോറും പഴകിയ മീൻചാറും ഒഴിച്ച് കൊടുത്തു. അവള് പെട്ടെന്ന് അത് തിന്നിട്ട്‌ വീണ്ടും ഓടി. പെറ്റ വയറിന്റെ വിഷമം പെറ്റവർക്കല്ലെ അറിയൂ  എന്ന് അമ്മ എന്നോട് മാത്രം പറഞ്ഞു. നാട്ടുകാരുടെ പൊതുധാരണയെ തെറ്റിച്ചു കൊണ്ട് അവള് കുഞ്ഞുങ്ങളെ കാത്ത് രക്ഷിച്ചു. ഇടക്കൊക്കെ ടൈഗരിന്റെ അടുത്ത് വന്നു കൊഞ്ചി. അല്പം ജാള്യത നിറഞ്ഞ ഒരു നോട്ടം ഞങ്ങളെ നോക്കി അവൻ അവളുടെ കൂടെ നടന്നു പോയി. ഒരു ഉച്ചക്കാണ് അത് നടന്നത്. ചില നാട്ടുകാരും അവരുടെ മക്കളും ചേർന്ന് പിഞ്ച് പാകമായ 7 നായ്ക്കുഞ്ഞുങ്ങളെയും മോഷ്ടിച്ചു. അവള് ഇല്ലാത്തപ്പോൾ തന്നെ. കണ്ണ് തുറക്കാൻ പാകമായ പട്ടിക്കുഞുങ്ങളെ കച്ചവടമാക്കി. മൂന്നു പെൺപട്ടി കുഞ്ഞുങ്ങളെ വളരെ ലാഘത്തോടെ പൊട്ടക്കിണറ്റിൽ എറിഞ്ഞു. പിന്നെ എപ്പഴോ അവള് കരച്ചിൽ തുടങ്ങി. കല്ലിടുക്ക് എല്ലാവരും കൂടെ തകർത്തിരുന്നു. അവള് ഹൃദയഭേതകമായ ശബ്ദത്തിൽ ഒരിയിട്ട്‌ എല്ലായിടത്തും ഓടി നടന്നു. ടൈഗറും കൂടെ ഓടി.
പിന്നീട് കറുത്ത മുത്ത് മല കയറി വരാതെയായി. കഴിഞ്ഞയിടക്ക് ടൈഗർ എന്തോ രോഗം വന്ന് മരിച്ചു എന്നറിഞ്ഞു. ഒറ്റക്ക് നടക്കാനിറങ്ങി തിരിച്ച് വരുമ്പോൾ പൊട്ടക്കിണറ്റിൽ ഇപ്പോഴും കുഞ്ഞു പട്ടികളുടെ ആത്മാക്കൾ ഉണ്ടാവാം എന്നു ഞാൻ വിചാരിച്ചു. 

 You write poems in my heart 

I am moth looking at your light from far away 


 

പാറകൾക്ക് ഇടയിൽ അവൾ ഇരുന്നു

പാറയിൽ പായൽ പൂത്തത് അവളുടെ സിംഹാസനം പോലെ

അവളുടെ പീലികൾ ഓരോന്നും നിറയെ കണ്ണുകൾ

അവളുടേ തീക്ഷ്ണത കൊണ്ടു വെയിൽ തണുത്ത് മാറി നിന്ന്

അവളൊരു പേടിയുള്ള കരിമ്പൂചയായി

അതിൻ്റെ കണ്ണിൽ മഞ്ഞ വെളിച്ചം ആകുലപ്പെട്ട് നാലു പാടും ചിതറി

പേടി ആയിരുന്നൂ അതിൻ്റെ ശക്തി

പാതി ഇരുട്ടത്ത്

പാതി വെയിലിൽ അത് അവളെ തന്നെ നോക്കി

പിന്നെയവൾ കാട്ടു പോത്തായി

കാമവും അക്രമവും പെരുത്ത് നിന്നിടത്ത് കറുത്ത മണ്ണ് മുഴുവന് അവള് കുത്തിയിളക്കി

മുരണ്ടു. 

കോടിയിലകൾ ഉള്ള വന്മരത്തിലെ ഒരു പൊടി ഇലയായി. കാറ്റ് വന്നപ്പോൾ ശബ്ദമില്ലാതെ, കൂട്ടത്തിലുള്ള ഇലകളോട് മിണ്ടാൻ പറ്റാതെ കൊഴിഞ്ഞു കറുത്ത മണ്ണിൽ ഇല്ലാതായി

പക്ഷിയായത് ഏറ്റവും ഒടുവിലായിരുന്നു. 

ചുവപ്പ് നെഞ്ചിൻ്റെ ഉള്ളിൽ ജീവിക്കാനുള്ള ദാഹം തിളച്ചു

കഥ പറയാൻ ഓർത്തു ഓർത്തു 

ഉള്ളിലെ കഥകളെല്ലാം ചത്തപ്പോൾ 

അവള് വീണ്ടും അവളായി.

ആയിരിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു സത്യമില്ല എന്നറിഞ്ഞു പായലിൽ ചേർന്ന് പാറയിൽ ചേർന്ന് വെയിലിൽ അലിഞ്ഞ് അങ്ങനെ ഇരുന്നു.