പേരക്കമാങ്ങ മൾബറി ചാമ്പങ്ങ മുതലായ എല്ലാ പഴങ്ങളും മരങ്ങളും ഞങ്ങളുടെയായിരുന്നു. വഴിയിലെ വലിയ കിണറ്റിലെ പാതാള ആഴങ്ങളിലേക്ക് കപ്പിയും കയറുമിട്ട് കോരുന്ന തണുത്ത വെള്ളം കുടിച്ച് കരിയിലകൊണ്ട് സ്വന്തം മൂടിയിട്ട് ഒളിച്ചു കളി കളിച്ചു ഇടക്കു കാറ്റ് വീശുമ്പോൾ റബർ ഇല ഏറ്റവും കൂടുതൽ കയ്യിലാക്കുന്ന പുതിയ കളി ഉണ്ടാക്കി അങ്ങനെ നടന്നു നടന്നാണ് സ്കൂൾ വിട്ട് വീട്ടിൽ പോയിരുന്നത്. പാതി വഴിക്ക് ഒരു നല്ല അമ്മ ഉണ്ട്. അവിടെ വെള്ളം കുടിക്കാൻ ഞങൾ കൂട്ടമായി പോകും. അവർ ഞങ്ങൾക്ക് കഞ്ഞിവെളളമാണ് തരുക . അശ്രദ്ധയോടെ എന്ന പോലെ വളരെ ശ്രദ്ധയോടെ അതിൽ കുറെ ചോറ് വറ്റുകൾ കാണും. ഇന്നവരുടെ തല നരച്ചു. ഹൃദ്രോഗം പിടിപെട്ടു. ആ കഞ്ഞിവെള്ളവും ചോറുവറ്റും കാരണം തടി നന്നായ ഞങ്ങളൊക്കെ വലുതായി പല നാട്ടിലെത്തി.
Wednesday, June 2, 2021
Sunday, January 31, 2021
ഇല കൊഴിയുന്നുതും
മരം ഉണങ്ങുന്നതും
മനുഷ്യർ മരിക്കുന്നതും മാത്രം കാണുന്ന ഒരുത്തി ആയിരുന്നു അവൾ.
കാമുകനെ ചുംബിക്കുമ്പോൾ അവള് ഇങ്ങനെ ഓർത്തു
ഈ നെറ്റി ഒരു ദിവസം തണുത്തു മരയ്ക്കും
കൈകൾ കോർത്ത് പിടിച്ച് നടക്കുമ്പോ അവള്ക്ക് പ്രേമം തോന്നിയില്ല
കൈകൾ അഴുകുന്നതും
അസ്ഥി വെളിവാകുന്നതും ആലോചിച്ചു അവൾക്ക് പേടിയും രസവും തോന്നി.
അവളുടേ ചെടികൾ വെള്ളം ഒഴിക്കപ്പെടാതെ ശുശ്രൂഷിക്കപ്പെടാതെ ശോഷിച്ചു.
ഒരിക്കല് മരിച്ചു മണ്ണാകുന്ന അതിനോട് അവൾക്ക് വലിയ പ്രതിബദ്ധത തോന്നിയില്ല.
കുഞ്ഞുങ്ങളെ നോക്കി ചിരിക്കാനും
ഇടക്കു അമ്മയുടെ കഴുത്ത് തിരുമ്മി കൊടുക്കാനും
തെരുവുപട്ടികൾക്ക് ബിസ്ക്കറ്റ് കൊടുക്കാനും അവള്ക്ക് ജാള്യത തോന്നി.
അവയെല്ലാം മരിക്കുമ്പോൾ ജീവൻ്റെ തുരുത്തിൽ ഒറ്റപ്പെടുന്നത് ഓർത്ത് അവള്ക്ക് അറപ്പ് തോന്നി.
ഒരു രാത്രി , വേനൽ ഉരുകി ഒട്ടിയ ദേഹത്ത് മെല്ലെ തണുപ്പ് മിന്നിക്കയറി
പെരുവിരൽ തൊട്ട് തലമുടി വരെ തണുത്ത്, ഹൃദയം നിലച്ചു പോയ ആ സ്വപ്നത്തില് അവള് മരണത്തെ അറിഞ്ഞു
കത്തിയേക്കാവുന്ന, വെള്ളം കയറി ചീർത്ത് പോയേക്കാവുന്ന
തണുത്താൽ അഴുകിയേക്കാവുന്ന അവളുടേ സ്വന്തം ദേഹത്തെ അന്നവൾ ശരീരത്തിൽ നിന്നൽപം മാറി നിന്നു കണ്ടു.
ഭയന്ന്, മരണത്തിൻ്റെ ശക്തിയോട് യാചിച്ച് അവളാ രാത്രി തിരിച്ച് വാങ്ങി.
ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാത്തിനോടും അതിപുരാതനമായ സ്നേഹം തോന്നി.
കല്ലിനും മണ്ണിനും മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞ,
മുൾചെടികളെ ചുംബിച്ച,
അരുവികളെ നോക്കി ഒരുപാട് നേരം പുഞ്ചിരിച്ച അവളെ അന്ന് മുതൽ എല്ലാവരും ഭാന്തിയെന്നും കൂടോത്രക്കാരി എന്നും വിളിച്ചു.
Thursday, January 28, 2021
പണ്ടിവിടെ ഒരു പൊട്ടക്കിണർ ഉണ്ടായിരുന്നു. റബ്ബർ ഷീറ്റ് അടിക്കാൻ ഉള്ള മെഷീൻ പുരക്ക് അടുത്ത് ആഴം ധ്യാനിച്ച് ആദി മുതലുള്ള ഒരു കിണർ. മനുഷ്യരുടെ കഥകളിലെ പോലെ വൈകാരികത നിറഞ്ഞ ഒരു സംഭവമായിരുന്നു അത്. ടൈഗറിന്റെ കഥ. അടുത്ത വീട്ടിലെ പട്ടിയുടെ പേരാണ് ടൈഗർ. സൗമ്യതയും സരക്ഷണവും ഒക്കെ നിറഞ്ഞ അവന് ആ പേരു ഒട്ടും ചേർന്നില്ല. തെരുവു പട്ടികളുടെ ഒരു സംഘം വന്നു. അവള് ആണ് നേതാവ്. എല്ലാവരെയും ഭയപ്പെടുത്തി ആവശ്യത്തിന് കുരുത്തക്കേടുകൾ ഒക്കെയായി അവർ മലയും കാടും കയറി നടന്നു. കറുത്ത മുത്ത് എന്ന ഒരു പേരും നാട്ടുകാർ അവൾക്ക് കൊടുത്തു. അതിൽ പരിഹാസമുണ്ടായിരുന്നു. ടൈഗറും കറുത്ത മുത്തും കൂട്ടായി. അവളുടെ വയറു വീർത്തു വന്നു. നായ സംഘത്തെ കാണാതെയും ആയി. അലഞ്ഞു നടക്കുന്ന ഇവളൊന്നും നായ്ക്കുഞ്ഞുങ്ങളെ ശരിക്ക് നോക്കില്ല എന്ന് ചിലർ പറഞ്ഞു . മനുഷ്യ മൂല്യ ബോധങ്ങൾ വെച്ച് അവളെ എല്ലാവരും വിധിക്കുന്നത് കണ്ട് ടൈഗറിന് പോലും ചിരി വന്നു കാണും. അങ്ങനെ അവള് 7 പട്ടിക്കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരു ഉച്ച നേരത്ത് വെറുതെ തെങ്ങിന് ചോട്ടിൽ കിടന്ന ടൈഗറിന് മുൻപിൽ വന്നു അവള് നിലത്ത് കിടന്നു പ്രത്യേക സ്വരത്തിൽ കരഞ്ഞു. അവൻ അവൾക്കൊപ്പം പാഞ്ഞു പോകുന്നതും അടുതെവിടെയോ കല്ലിടുക്കിനിടയിൽ മക്കളെ കണ്ട് അവൻ തിരിച്ച് വന്നതും ഞങൾ എല്ലാവരും കണ്ട് നിന്നതാണ്. ആരും അവൾക്ക് തീറ്റ കൊടുത്തിരുന്നില്ല. അവള് കെഞ്ചിയിട്ടുമില്ല. പക്ഷേ പ്രസവം കഴിഞ്ഞു അവള് വീടിന് അടുത്ത് വന്നു നിൽക്കാരുണ്ടായിരുന്ന്. ഒരിക്കൽ തീറ്റ കൊടുത്താൽ അത് പിന്നെ ഒരു ഒഴിയാ ബാധ ആകുമെന്ന് അച്ഛൻ പറഞ്ഞെങ്കിലും എന്റെ അമ്മ ഒരു പാത്രത്തിൽ ചോറും പഴകിയ മീൻചാറും ഒഴിച്ച് കൊടുത്തു. അവള് പെട്ടെന്ന് അത് തിന്നിട്ട് വീണ്ടും ഓടി. പെറ്റ വയറിന്റെ വിഷമം പെറ്റവർക്കല്ലെ അറിയൂ എന്ന് അമ്മ എന്നോട് മാത്രം പറഞ്ഞു. നാട്ടുകാരുടെ പൊതുധാരണയെ തെറ്റിച്ചു കൊണ്ട് അവള് കുഞ്ഞുങ്ങളെ കാത്ത് രക്ഷിച്ചു. ഇടക്കൊക്കെ ടൈഗരിന്റെ അടുത്ത് വന്നു കൊഞ്ചി. അല്പം ജാള്യത നിറഞ്ഞ ഒരു നോട്ടം ഞങ്ങളെ നോക്കി അവൻ അവളുടെ കൂടെ നടന്നു പോയി. ഒരു ഉച്ചക്കാണ് അത് നടന്നത്. ചില നാട്ടുകാരും അവരുടെ മക്കളും ചേർന്ന് പിഞ്ച് പാകമായ 7 നായ്ക്കുഞ്ഞുങ്ങളെയും മോഷ്ടിച്ചു. അവള് ഇല്ലാത്തപ്പോൾ തന്നെ. കണ്ണ് തുറക്കാൻ പാകമായ പട്ടിക്കുഞുങ്ങളെ കച്ചവടമാക്കി. മൂന്നു പെൺപട്ടി കുഞ്ഞുങ്ങളെ വളരെ ലാഘത്തോടെ പൊട്ടക്കിണറ്റിൽ എറിഞ്ഞു. പിന്നെ എപ്പഴോ അവള് കരച്ചിൽ തുടങ്ങി. കല്ലിടുക്ക് എല്ലാവരും കൂടെ തകർത്തിരുന്നു. അവള് ഹൃദയഭേതകമായ ശബ്ദത്തിൽ ഒരിയിട്ട് എല്ലായിടത്തും ഓടി നടന്നു. ടൈഗറും കൂടെ ഓടി.
പിന്നീട് കറുത്ത മുത്ത് മല കയറി വരാതെയായി. കഴിഞ്ഞയിടക്ക് ടൈഗർ എന്തോ രോഗം വന്ന് മരിച്ചു എന്നറിഞ്ഞു. ഒറ്റക്ക് നടക്കാനിറങ്ങി തിരിച്ച് വരുമ്പോൾ പൊട്ടക്കിണറ്റിൽ ഇപ്പോഴും കുഞ്ഞു പട്ടികളുടെ ആത്മാക്കൾ ഉണ്ടാവാം എന്നു ഞാൻ വിചാരിച്ചു.
പാറകൾക്ക് ഇടയിൽ അവൾ ഇരുന്നു
പാറയിൽ പായൽ പൂത്തത് അവളുടെ സിംഹാസനം പോലെ
അവളുടെ പീലികൾ ഓരോന്നും നിറയെ കണ്ണുകൾ
അവളുടേ തീക്ഷ്ണത കൊണ്ടു വെയിൽ തണുത്ത് മാറി നിന്ന്
അവളൊരു പേടിയുള്ള കരിമ്പൂചയായി
അതിൻ്റെ കണ്ണിൽ മഞ്ഞ വെളിച്ചം ആകുലപ്പെട്ട് നാലു പാടും ചിതറി
പേടി ആയിരുന്നൂ അതിൻ്റെ ശക്തി
പാതി ഇരുട്ടത്ത്
പാതി വെയിലിൽ അത് അവളെ തന്നെ നോക്കി
പിന്നെയവൾ കാട്ടു പോത്തായി
കാമവും അക്രമവും പെരുത്ത് നിന്നിടത്ത് കറുത്ത മണ്ണ് മുഴുവന് അവള് കുത്തിയിളക്കി
മുരണ്ടു.
കോടിയിലകൾ ഉള്ള വന്മരത്തിലെ ഒരു പൊടി ഇലയായി. കാറ്റ് വന്നപ്പോൾ ശബ്ദമില്ലാതെ, കൂട്ടത്തിലുള്ള ഇലകളോട് മിണ്ടാൻ പറ്റാതെ കൊഴിഞ്ഞു കറുത്ത മണ്ണിൽ ഇല്ലാതായി
പക്ഷിയായത് ഏറ്റവും ഒടുവിലായിരുന്നു.
ചുവപ്പ് നെഞ്ചിൻ്റെ ഉള്ളിൽ ജീവിക്കാനുള്ള ദാഹം തിളച്ചു
കഥ പറയാൻ ഓർത്തു ഓർത്തു
ഉള്ളിലെ കഥകളെല്ലാം ചത്തപ്പോൾ
അവള് വീണ്ടും അവളായി.
ആയിരിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു സത്യമില്ല എന്നറിഞ്ഞു പായലിൽ ചേർന്ന് പാറയിൽ ചേർന്ന് വെയിലിൽ അലിഞ്ഞ് അങ്ങനെ ഇരുന്നു.
Saturday, October 17, 2020
നിലാവുള്ള രാത്രികളിൽ ചെയ്യേണ്ട ഒരു കൂട്ടം കാര്യങ്ങൾ
കടലിലോ പുഴയിലോ നിലാവ് വീഴുന്നത് കണ്ട്
നിൽക്കണം
വെളിച്ചം അണച്ചു മെല്ലെ കാട്ടിലൂടെ വണ്ടി ഓടിക്കണം
പൗർണമികൾ എന്റെ സ്വന്തമായതിനാൽ അതിനു ചുവട്ടിലെ എല്ലാം എല്ലാവരുടെയും ആകും
അങ്ങനെ ഒരു നരച്ച പഴയ കശുമാവിൻ തോട്ടത്തിൽ കയറണം
നിലത്തിഴയുന്ന അതിന്റെ ചില്ലകളിൽ ചാരി നിൽക്കണം
ഉണക്ക ഇലകളിൽ ചവിട്ടി ഒച്ച വെച്ച് തവളകളെയും മുയലുകളെയും ഉണർത്തണം
വിളർച്ച ബാധിച്ച നിലത്ത് നിലാവും നിഴലും പ്രേമിക്കുന്ന ഇടത്ത് എനിക്ക് അല്ല നേരം നീണ്ടു നിവർന്നു കിടക്കണം അപ്പോൾ
ചന്ദ്രൻ നേരിയ ചുവപ്പ് നിറത്തിൽ ആകാശത്തിന്റെ ഒരു വശത്ത് മാറി നിപ്പുണ്ടാവും
കടൽ തീരത്തുള്ള തെങ്ങിൻ തോപ്പിൽ നടക്കണം
നിലാവ് തെങ്ങോലയിലൂടെ ഒഴുകി ഇറ്റുവീഴുന്ന നിലത്തിരുന്നു പനങ്കള്ളു കുടിക്കണം
തിരിച്ച് വന്ന് മുറിയിലെ ജനലിലൂടെ വരുന്ന വെളിച്ചത്തിൽ നിലാവ് പോകാനും സൂര്യൻ ഉദിക്കാനും കാത്ത് പ്രേമത്തോടെ ഇരിക്കണം
Friday, July 31, 2020
കാഴ്ചപ്പാടിന്റെ കഥകൾ
ഞങ്ങളുടെ കാഴ്ചകൾ മുകളിൽ നിന്ന്
ചെറുപ്പത്തിൽ വിശാലമായ തട്ടിൻപുറം മറ്റൊരു ലോകം തന്നെയായിരുന്നു. അതിനു മുകളിൽ ഇരുന്നു പ്രേതകഥകൾ പറയുക, പിണങ്ങുമ്പോൾ കുറെ നേരം മുകളിൽ മുഖം വീർപ്പിച്ച് ഇരിക്കുക ഇതൊക്കെ ശീലമായിരുന്നു. അതിനു മുകളിൽ നിന്ന് കാണുന്ന വീടും അതിലെ ആളുകളും ഞങ്ങൾക്ക് തമാശ ആയിരുന്നു. വീടിന് തൊട്ടടുത്ത് ഒരു വലിയ, ഒരുപാട് വലിയ ജാതിമരം ഉണ്ട്. ഒരു കടലാസിൽ ഉപ്പുകല്ലു പൊതിഞ്ഞെടുത്ത് മരത്തിന്റെ ഏറ്റവും മണ്ടയിൽ കയറി ഇരുന്നു അത് ജാതിക്കയോടോപ്പം കഴിക്കും. മരത്തിന്റെ ചോട്ടിൽ ചാരുകസേരയിലിരുന്ന് കൊന്ത ചൊല്ലുന്ന ചാച്ചനെ നോക്കും. ചാചന്റെ അടുത്ത് തന്നെ നിലത്ത് എപ്പഴും ഒരു വലിയ ജഗ് നിറയെ കുടിവെള്ളം ഉണ്ടാകും. താഴത്തെ വീട്ടിൽ ചാച്ചന്റെ സുഹൃത്ത് മറ്റൊരു ചാച്ചനുണ്ട്. അവിടെ പോയിരുന്നു ചീട്ടു കളിക്കുമ്പൊഴും ഉണ്ടാവും അടുത്ത് തന്നെ സ്റ്റീൽ ജഗ് നിറയെ വെള്ളം.
കാഴ്ചകൾ താഴെ നിന്ന്
വീട്ടിൽ നിന്ന് വഴക്ക് കേട്ടാൽ പിന്നെ ചേട്ടനെ കാണാൻ കിട്ടില്ല. ഞാൻ ഇവിടുന്ന് പോകുവാ എന്ന് പറഞ്ഞു അപ്രത്യക്ഷമാകും. ഒരിക്കൽ പുല്ല് തീറ്റിക്കാൻ കൊണ്ട് പോയ പശുക്കളെ മറന്നു ചേട്ടൻ ചെക്കന്മാർക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ പോയി. നിരന്ന ഇടങ്ങളില്ലാത്ത ഞങ്ങളുടെ മലയോരത്ത് ക്രിക്കറ്റ് കളിക്കാൻ വേണ്ടി ദൈവം സൃഷ്ടിച്ച പോലൊരു ഗ്രൗണ്ടും ഉണ്ടായിരുന്നു. ഒരു മലയുടെ ഉച്ചിക്ക്. സ്വതന്ത്രരായ പശുക്കൾ റബ്ബറിന്റെ ഇല തിന്നു. വീണ്ടും തിന്നു. ഒരുപാട് തിന്നു( പശുക്കളുടെ മരണം പോലും സംഭവിക്കാം). ഡാഡി കോപാകുലനായി. വടി വീട്ടിൽ നിന്ന് തന്നെ വെട്ടിയെടുത്ത് ചേട്ടനെ തല്ലാൻ ചെന്നു. കൂട്ടുകാരുടെ മുന്നിൽ വേച്ചേറ്റ അപമാനം കൊണ്ട് നാട് വിടുകയാണെന് പ്രഖ്യാപിച്ച് ചേട്ടൻ അപ്രത്യക്ഷ നായി. ഒരുപാട് നേരം എല്ലാരും ഭയന്നുപോയി. പല ഇടത്തേക്ക് ആളു പോയി. വൈകിട്ട് എപ്പോഴോ കട്ടിലിന്റെ അടിയിൽ നിന്ന് എന്നെ നോക്കി ചിരിച്ചു കൊണ്ട് എണീറ്റ് വന്നത് ഇപ്പോഴും ഓർമ ഉണ്ട്.
മലകളും പാറകളും ഗുഹകളും നിറയെ ഉള്ള ഇടമായത് കൊണ്ട് ഞങൾ തിരി കത്തിച്ച് വെച്ച് ഗുഹകളിൽ ഒത്തുകൂടിയിരുന്നു. ഞങൾ എന്നാൽ ഞങൾ കുട്ടികൾ എല്ലാവരും. ആദ്യമായി വാങ്ങിയ 5 രൂപയുടെ മാഗ്ഗി പാക്കറ്റ് പാകം ചെയ്തു അതുപോലും ഒരുമിച്ച് കഴിച്ചിരുന്ന ഞങൾ എല്ലാവരും. വേനൽക്കാലത്ത് തോട്ടിലെ ഞണ്ടുകൾക്ക് ഞങൾ പേടി സ്വപ്നം ആയിരുന്നു. ഞണ്ട് വറുത്തത്, പെറുക്കാനേൽപിച്ച കശുവണ്ടി ചുട്ടത്, ചക്ക, മാങ്ങ, കൊപ്ര , വാളൻപുളി, ജാതിക്ക, ചവർപ്പുള്ള കശുമാങ്ങ അങ്ങനെ എല്ലാം ഞങ്ങൾക്ക് ആഘോഷമായി. ഗുഹകളിൽ ഞങൾ ചിത്രങ്ങൾ ഒട്ടിച്ചു വെച്ചു. പേരിട്ടു ഞങ്ങളുടെ സ്വന്തമാക്കി.( ആദ്യമായി ഒരു അശ്ലീല സിഡി നേരിൽ കാണുന്നതും ഇവയിൽ ഒരു ഗുഹയുടെ അടുത്ത് കരികിലകൾക്ക് ഇടയിൽ ആയിരുന്നു )
കാഴ്ചകൾ ഇരുട്ടിൽ
അമ്മയുടെ അഭിപ്രായം ചേട്ടനെ ചെറുപ്പത്തിൽ ഒത്തിരി തല്ലി ( അതുകൊണ്ട് നന്നായി ) എന്നും എനിക്കും അനിയനും തീരെ തല്ല് കിട്ടിയില്ല ( സ്വാഭാവികമായി നന്നായില്ല ) എന്നുമാണ്. ഒരിക്കൽ ഞാൻ രാവിലെ എണീററപ്പോൾ എല്ലാവരും ഉറങ്ങുകയാണ്. എനിക്ക് ബോറടിച്ചു. അമലുവിനെ കാണാൻ പോകാൻ തോന്നി. അമലു എന്നാല് എന്റെ ജീവനായ ഓർമ വെച്ച കാലം തൊട്ടുള്ള കൂട്ടാണ്. ഞാൻ ചെറിയ ഇരുട്ടൊന്നും നോക്കിയില്ല. നേരെ കയറ്റം കയറി അവളുടെ വീട്ടിലേക്ക് നടന്നു. രാവിലെ വിരിയുന്ന ഒന്നോ രണ്ടോ മുല്ലപ്പൂവും പറിക്കാം എന്നായിരുന്നു എന്റെ ചിന്ത. അവിടെ എത്തി അവളുടെ അമ്മ പോലും എണീറ്റ് വരുന്നതെ ഉള്ളു.
" കൊച്ചു വീട്ടിൽ പറഞ്ഞിട്ടാണോ വന്നെ "
മുല്ലപ്പൂ മണത്തു കൊണ്ട് ഞാനോർത്തു അതിനിപ്പോ ഇവിടെന്ത് പ്രസക്തി. എനിക്ക് അമലുനെ കാണണ്ടേ. മുല്ലപ്പൂ പറിക്കണ്ടെ?
" അവർ ഒന്നും എനീട്ടിട്ടില്ലാ"
" കൊച്ചു എന്നാല് അവരോട് പറഞ്ഞിട്ട് വാ. അല്ലെങ്കിൽ അവർ പേടിക്കും "
ഞാൻ വീട്ടില് എത്തിയപ്പോ എല്ലാവരും മുറ്റത്ത് ഉണ്ട്. അമ്മ ഒരു ചൂട്ട് മടക്കി പിടിച്ചിട്ടുണ്ട് കയ്യിൽ ( ഉണക്ക തെങ്ങോല) . അമ്മ ഇപ്പോഴും പറയാറുണ്ട്. അത് വെച്ചാണ് നിന്നെ തല്ലിയിരുന്നത്. ചേട്ടനെ കിട്ടുന്ന വടി വെച്ച് തല്ലിയിട്ടുണ്ട് എന്ന്. മുകളിലെ റബർ തോട്ടത്തിൽ നിന്ന് ജോലി ചെയ്യുന്ന ഡാഡിയോട് താഴെ നിന്ന് ഞാൻ വിളിച്ചു പറയുമായിരുന്നു.
" ഡാഡി റബ്ബർ പൂളു കൊണ്ട് വരണേ"
റബ്ബർ വെട്ടുമ്പോൾ നിലത്തേക്ക് വീഴുന്ന ചെറിയ മരത്തൊലി ആണ് ഉദ്ദേശിക്കുന്നത്. ഇത് കിട്ടിയിട്ട് എന്താണ് കാര്യം എന്ന് അറിയില്ല. എന്നാലും എല്ലാ ദിവസവും ഡാഡി കൃത്യമായി കൊണ്ട് വന്നു തന്നിരുന്നു. അത് വെച്ച് ഞാൻ കഞ്ഞിയും കറിയും വെച്ച് കളിച്ചോ ആരുടേയെങ്കിലും തലയിൽ ഇട്ടോ എന്നൊന്നും ഓർമ ഇല്ല.
കാഴ്ചകൾ തല തിരിഞ്ഞ്
മരത്തിൽ കയറുന്നത് , ഊഞ്ഞാലിൽ നിന്ന് കൊണ്ട് ആകാശം മുട്ടുന്ന പോലെ ആടുന്നത് , തോട്ടിൽ മൂങ്ങാങ്കുഴി ഇടുന്നത് ഒക്കെ അപ്പൊൾ കാണുന്ന കാഴ്ചകളുടെ ചന്തം കൊണ്ടായിരുന്നു. അങ്ങനെ കാണുന്ന എനിക്ക് എല്ലാം തല കുത്തി നിന്ന് കാണുന്നത് മറ്റൊരു ട്രിപ് ആയിരിക്കുമെന്നു ഊഹിക്കാലോ. ഒരിക്കൽ അനിയന്റെ ഒപ്പം സ്കൂളിൽ പോകുമ്പോ എന്റെ ഇൗ വലിയ വിദ്യ പഠിപ്പിച്ചു കൊടുത്തു. ഞാൻ ബാഗ് ഒക്കെ ഊരി അഭ്യാസിയെ പോലെ തല കുത്തി നിന്ന് ലോകം കണ്ടൂ. മരങ്ങൾ , വഴി , പാറകൾ പട്ടി പൂച്ച അടങ്ങുന്ന ലോകമായ ലോകം മുഴവൻ.
അവൻ കുഞ്ഞ്, പാവം , ബാഗും ഇട്ടു തല കുത്തി നിക്കാൻ നോക്കി. ബാഗിന്റെ ഭാരം കാരണം റോഡിലെ കരിങ്കല്ലിൽ തല കുത്തി മുറിഞ്ഞു. ചോര കണ്ട് ബാക്കി കൂട്ടുകാർ നിലവിളിച്ചു. അവന്റെ തല നിറയെ ഉള്ള മുടിക്കിടയിൽ ഇപ്പോഴും ആ ചെറിയ പാടുണ്ട്.

Subscribe to:
Posts (Atom)