നിലാവുള്ള രാത്രികളിൽ ചെയ്യേണ്ട ഒരു കൂട്ടം കാര്യങ്ങൾ
കടലിലോ പുഴയിലോ നിലാവ് വീഴുന്നത് കണ്ട്
നിൽക്കണം
വെളിച്ചം അണച്ചു മെല്ലെ കാട്ടിലൂടെ വണ്ടി ഓടിക്കണം
പൗർണമികൾ എന്റെ സ്വന്തമായതിനാൽ അതിനു ചുവട്ടിലെ എല്ലാം എല്ലാവരുടെയും ആകും
അങ്ങനെ ഒരു നരച്ച പഴയ കശുമാവിൻ തോട്ടത്തിൽ കയറണം
നിലത്തിഴയുന്ന അതിന്റെ ചില്ലകളിൽ ചാരി നിൽക്കണം
ഉണക്ക ഇലകളിൽ ചവിട്ടി ഒച്ച വെച്ച് തവളകളെയും മുയലുകളെയും ഉണർത്തണം
വിളർച്ച ബാധിച്ച നിലത്ത് നിലാവും നിഴലും പ്രേമിക്കുന്ന ഇടത്ത് എനിക്ക് അല്ല നേരം നീണ്ടു നിവർന്നു കിടക്കണം അപ്പോൾ
ചന്ദ്രൻ നേരിയ ചുവപ്പ് നിറത്തിൽ ആകാശത്തിന്റെ ഒരു വശത്ത് മാറി നിപ്പുണ്ടാവും
കടൽ തീരത്തുള്ള തെങ്ങിൻ തോപ്പിൽ നടക്കണം
നിലാവ് തെങ്ങോലയിലൂടെ ഒഴുകി ഇറ്റുവീഴുന്ന നിലത്തിരുന്നു പനങ്കള്ളു കുടിക്കണം
തിരിച്ച് വന്ന് മുറിയിലെ ജനലിലൂടെ വരുന്ന വെളിച്ചത്തിൽ നിലാവ് പോകാനും സൂര്യൻ ഉദിക്കാനും കാത്ത് പ്രേമത്തോടെ ഇരിക്കണം
No comments:
Post a Comment