രസവും ഉരുളക്കിഴങ്ങ് ഉപ്പേരിയും മുട്ട ചിക്കിപ്പൊരിച്ചതും
കഴിച്ചു കൊണ്ട്
മഴ ചെളിക്കുണ്ടാക്കിയ ചുറ്റുവട്ടം നോക്കി ഇരിക്കുമ്പോഴാണ്
പ്രേമത്തിൽ ആദ്യത്തേത് എന്ന് പറയാവുന്ന വലിയ പ്രതിസന്ധി അവർക്കിടയിൽ ഉണ്ടായത്.
മലിനജലം ഒഴുകുന്ന ഒരു കനാലിൻ്റെ ഓരത്താണ് ഫ്ളാറ്റുകളുടടെയും ഹൗസിംഗ് കോളനികളുടെയും സമുച്ചയങ്ങൾ ഉള്ളത്.
കനാലിൻ്റെ തീരത്ത് ഒരു വലിയ ആൽമരമുണ്ട്. അതിൽ നിറയെ പരുന്തുകളും മറ്റു പക്ഷികളും അണ്ണാൻമാരും കുടികൊള്ളുന്നു.
അവരുടെ അപ്പാർട്ട്മെൻ്റിനു താഴെ അത് നോക്കി നടത്തുന്നയാളുടെ ഒരു ചെറിയ കൂര ഉണ്ട്.
മഴ വെള്ളത്തിൽ ചാടി കളിച്ചു കൊണ്ടു അയാളുടെ നാല് പൊടിക്കുഞ്ഞുങ്ങൾ..
അവരെ നോക്കികൊണ്ട് മുറ്റത്തൊരു പ്ലാസ്റ്റിക് കസേരയിൽ അയാളിരുന്ന് ബീഡി വലിക്കുന്നു. ഇടയ്ക്ക് വാതിൽക്കൽ ഇരിക്കുന്ന ഭാര്യയോട് ചിരിച്ചു കൊണ്ടു സംസാരിക്കുകയും ചെയ്യുന്നു.
അവരുടെ വീടിനു മുന്നിലുള്ള അഴുക്ക് കനാലോ ചുറ്റുമുള്ള അപ്പാർട്ട്മെൻ്റുകളിലെ തിരക്കുള്ള, ആവശ്യത്തിന് പണവും ആഘോഷങ്ങൾ ഉള്ള ഞായറാഴ്ചകളും ഉള്ള ജീവിതങ്ങളോ ഒന്നും അവരെ ആ നിമിഷം ഒട്ടും ബാധിക്കുന്നില്ല എന്നു അവള്ക്ക് തോന്നി.
" നമ്മൾ ജോലിയെ പറ്റിയോ ഭക്ഷണത്തിന് എന്തുണ്ടാക്കണം എന്നതിനെ പറ്റിയോ അല്ലാതെ എന്തെങ്കിലും സംസാരിച്ചിട്ടു എത്ര കാലമായി!"
കേൾക്കാൻ ഇഷ്ടമല്ലാത്ത സത്യം കേട്ട് രണ്ടാളുടെയും ഹൃദയത്തിൻ്റെ പിന്നിൽ അതൊരു സങ്കടപ്പാട പോലെ കെട്ടി കിടന്നു.
ബാൽക്കണിയുടെ ഭിത്തിയിൽ നിറയെ പല ചട്ടികളിലായി അവർ പരസ്പരം സമ്മാനിച്ച പൂച്ചെടികളും വള്ളിപ്പടർപ്പുകളും ഉണങ്ങി, ഇലകൾ കൊഴിച്ച് നിൽപ്പുണ്ട്.
സ്നേഹിക്കപ്പെടാത്ത
സ്പർശിക്കപ്പെടാത്ത
നിറുകയും
മുതുകും
തോളും
നെഞ്ചിൻകൂടിൻെറ ഏറ്റവും താഴത്തെ വാരിയെല്ലുകളും
ഹൃദയത്തിനുള്ളിലെ വളരെ ഏകാന്തമായ ഇരുട്ടുമുറികളുമായി
അവർ രണ്ടാളും ഉച്ച തിരിഞ്ഞ ആ സമയത്ത് അങ്ങനെ ഒത്തിരി നേരം ഇരുന്നു.
മഴ രണ്ടെണ്ണം വീണ്ടും പെയ്തു പോയി.
ഉരുളക്കിഴങ്ങ് ഉപ്പേരിയിലെ മഞ്ഞൾ നഖങ്ങളിൽ ഒട്ടി.
അവള് അപ്പോ അവളുടെ പുതിയ പ്രിയപ്പെട്ട വാക്കിനെ കുറിച്ചോർത്തു. എൻട്രോപ്പി എന്നതാണ് അത്.
കുറച്ച് നാളുകളായി കാഴ്ചകൾക്കിടയിൽ ആകാശത്ത് മേഘങ്ങൾ തെളിയുന്ന പോലെ അത് കണ്ണിൻ്റെ മുന്നിൽ ലാവണ്യം നിറഞ്ഞ വാക്കിൻ്റെ ചലനം ആവുന്നു
ഉറങ്ങാൻ നേരം എൻട്രോപ്പി അതിൻ്റെ ദീർഘവും ആഴമുള്ളതുമായ സങ്കീർണ ആശയങ്ങളായി സ്വപ്നത്തിന് മുൻപേ വന്നു.
അതിന് മുമ്പുള്ള അവളുടെ പ്രിയപ്പെട്ട വാക്ക് ഇനേർഷ്യ എന്നതായിരുന്നു. ചെറുവാക്കുകൾ പോലും ഹൃദയത്തില് വലിയ തിരക്ക് ഉണ്ടാക്കി
പ്രേമത്തിൽ ആയപ്പോൾ
പ്രേമിക്കുന്നു എന്ന വാക്ക് മാത്രം അർത്ഥം ഇല്ലാത്ത അക്ഷരങ്ങളുടെ കെട്ടായി രണ്ടാൾക്കിടയിലും നിന്ന് ചുറ്റിത്തിരിഞ്ഞു.
പ്രേമത്തിൻ്റെ വിങ്ങലോ അതി തീക്ഷ്ണതയോ ഇളം വെയിൽ പോലെ ഉള്ള സ്നേഹമോ കാത്തിരുന്നതല്ലാതെ ഒരിക്കലും എത്തിയില്ല എന്നവർ ഏകദേശം ഒരേ നേരത്ത് തിരിച്ചറിഞ്ഞു.
നിശ്ചലമായ ആ ഇരിപ്പിൽ നിന്ന് മറ്റേയാൾ ആദ്യം എണീറ്റ് കൈ കഴുകി പുറത്തേക്കോ അകത്തേക്കോ പോകണേ എന്നാഗ്രഹിച്ച് രണ്ടാളും കാത്തിരുന്നു.