Sunday, February 17, 2019

കാല്പനികത്തരം  എന്നോട് വേണ്ട !

നിന്റെ നീളന്മുടി
ഇന്നത്തെ ഫോട്ടോയിൽ  കാണാനില്ലെന്നത് 
വിഴുങ്ങാതെ വായിലിട്ടു കൊണ്ടും

മഞ്ഞിൽ  കുഴഞ്ഞ നിലാവിനെ
ഗെറ്റൗട്ടടിച്ചു
ജനലും വിരിയും കൊട്ടിയടച്ചു കൊണ്ടും

ഉത്തര കൊറിയയുടെ
മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്
പകുതി ബോധത്തിൽ കലപിലാ  വായിച്ചു കൊണ്ടും

നീയില്ലാതെ  എങ്ങനിത്ര ധൈര്യത്തോടെ
ഭ്രാന്തിനോട് പൊരുതുന്നെന്നു എന്നോട് ചോദിച്ചു കൊണ്ടും

 രണ്ടാഴ്ച   മുൻപ് നമ്മൾ കണ്ട
 മീൻകുളത്തിന്റെ  ഓരത്തെ
ചുവരിലെ ഇലപടർന്ന  ചിത്രങ്ങളെ ഓർക്കാതെ ഓർത്തു കൊണ്ടും

ഇന്നുറങ്ങും വരെയുള്ള
എന്റെ മണ്ടൻ സമയത്തെ പറ്റി 
വ്യാകുലപ്പെട്ട് കൊണ്ടും

എന്റെ വായിലൂറി  വരുന്ന കവിതയോടു ഞാൻ വീണ്ടും   പറഞ്ഞു
"കാല്പനികത്തരം എന്നോട് വേണ്ട "

No comments:

Post a Comment