Thursday, February 7, 2019

നിന്റെസങ്കടം
എൻ്റെ ആനന്ദം
എൻ്റെ ലോകത്തോടുള്ള സ്നേഹം,
നന്ദി  നിറഞ്ഞ ചിരി
നിന്നെ ഉറക്കത്തിൽ കൊല്ലാൻ  വരുന്ന
 പേടിയുള്ള  നുണകൾ
നിന്റെ ഡോക്ടർ  ഇടയ്ക്കിടയ്ക്ക് പറയുന്നു
നീല ഗുളിക
 മാത്രം  പോരാ
 നീയും വേണം
അവനെ പുതപ്പു പോലെ കാക്കണം
നിന്നെ  കാക്കാൻ
 നിന്റെ ഉറങ്ങുന്ന ഉടലിനേം ജീവനേം
 ഞാൻ പൊതിയുന്നു
മുള്ളു കൊണ്ട് നീ മുറിഞ്ഞു ചോര പൊടിയുന്നു
ആൻക്സൈറ്റി നിസാരമാക്കല്ല്
ഡോക്ടർ സ്വപ്നത്തിലോർമിപ്പിക്കുന്നു
ആദി  ശൈശവത്തിലേക്ക്
 അമ്മയുടെ നെഞ്ചിലേക്ക്
 നീ നീന്തും
 ചുണ്ടു
കൊച്ചു പക്ഷി പോലെ ദാഹിക്കും
ഞാൻ  'മീ ' അകാൻ നോക്കി തോൽക്കും
നീ കണ്ണനായി തന്നെ
 നെഞ്ചിടിച്ചു
 പേടിച്ചു
 ചുരുണ്ടുറങ്ങും
 നിന്റെ നെഞ്ചിടിപ്പ് കൂടുമ്പോ
 ഞാൻപേടിച്ചു രുദ്രാക്ഷങ്ങളെ ശർദിക്കും
ഞാൻ കെട്ടിപ്പിടിച്ച നീ
 മിടിക്കുന്ന ഹൃദയം മാത്രമായി വലുതാകും
ചുവന്ന മേഘങ്ങൾ
 എന്നെ നിലത്തിട്ട് തിരിച്ചു പോകുമ്പോ
ഞാൻ നിന്നിലേക്കുള്ള
 അടുത്ത കുറുക്കു വഴി ആലോചിക്കയാവും

No comments:

Post a Comment