Friday, September 18, 2015

അക്ഷരസങ്കേതങ്ങള്‍

മറവി കൊണ്ട്  ചിതല്‍പുറ്റ്‌ കെട്ടി
 ഓര്‍മകളെ എല്ലാം അതില്‍ വെച്ച്
അടക്കാന്‍ കഴിയുമോ?
സങ്കടമെല്ലാം കൂന കൂട്ടിയിട്ടു
കത്തിച്ചു
ചാരം കണ്ണീരില്‍
ഒഴുക്കിക്കളയാന്‍ പറ്റുമോ?
ഭൂതകാലത്തിലേക്ക് റീവൈന്‍ഡ ചെയ്യാനോ
 ഇഷ്ടമില്ലാത്ത  രംഗങ്ങള്‍ ഡിലീറ്റ്
ചെയ്യാനോ കഴിയുമോ?
ഈ നിമിഷം അവസാനിക്കാതെ ഇരിക്കട്ടെ
എന്ന ആഗ്രഹം ഒരിക്കലെങ്കിലും
സാധിച്ചു കിട്ടുമോ?
മണ്ണപ്പത്തിന്‍റെ സമൃദ്ധിയിലോ
ഊഞ്ഞാലിന്‍റെ തുമ്പത്തെ ആശ്ചര്യത്തിലോ
ജീവിതത്തെ ചെറുതാക്കി എടുക്കാനുള്ള വരം
എവിടുന്നെങ്കിലും കിട്ടുമോ?
പ്രണയക്കനലിന്‍റെ പൊള്ളല്‍
ഏല്‍ക്കാതിരിക്കാന്‍ പറ്റുമോ?
മകരക്കുളിരും ചാറ്റല്‍ മഴയുടെ കുസൃതിയും
പൌര്‍ണമികളുടെ നനഞ്ഞ വെട്ടവും
തിരകളുടെ താലപ്പൊലിയും
എല്ലാം ചെപ്പില്‍ അടച്ചു കാത്ത് വെക്കാന്‍ പറ്റുമോ?
ഇതൊന്നും കഴിയാത്ത കാലങ്ങളോളം
ഹൃദയത്തിന്‍റെ പായല്‍ പിടിച്ച ഭിത്തികളില്‍
 കരിക്കട്ട കൊണ്ട് എഴുതുന്ന
എന്റെ കവിതകള്‍ ഈറ്റുനോവ്
എടുത്തു ജനിച്ചുകൊണ്ടിരിക്കും...

1 comment:

  1. ചോദ്യകവിതകൾക്കൊന്നും ഉത്തരമില്ല ..ഉത്തരമുണ്ടെങ്കിൽ പിന്നെ അതിനു പ്രസക്തിയുമില്ല..

    ReplyDelete