Friday, September 18, 2015

കെട്ടുകഥ

കവിളില്‍ ചായം പുരട്ടി
 സന്ധ്യ എവിടെയ്ക്കോ പോവാന്‍ നിന്ന നേരം
 ഒരു കുയില്‍
പൂക്കളില്ലാത്ത  വാകമരത്തിന്‍റെ
കൊമ്പില്‍ വന്നിരുന്നു
വാകമരം കുയിലിനോട് ചോദിച്ചു
"കാക്കയുടെ കൂട്ടില്‍ മുട്ട ഇട്ടതിനു
വഞ്ചന കുറ്റം ചുമത്തി
ജയിലില്‍ അടച്ച കുയില്‍ അല്ലെ നീ ?"
കുയില്‍ വിദൂരതയില്‍ നോക്കി മറുപടി പറഞ്ഞു.
".അതെ....കഠിനതടവ്‌
കഴിഞ്ഞു വരുന്ന വഴിയാണ്
എനിക്ക് കൂടില്ലാഞ്ഞിട്ടല്ല
മുട്ട വിരിയിക്കാനും മക്കളെ വളര്‍ത്താനും
ഒന്നും എനിക്കറിയില്ല ..
പാട്ട് പാടാനും
പുലര്‍ച്ചയ്ക്ക് സംഗീതം കേള്‍പ്പിച്ചു
മറ്റുള്ളവരുടെ മനസ് സന്തോഷിപ്പിക്കാനുമേ എനിക്കറിയു.."
വാക മരം ഒരു നെടുവീര്‍പ്പോടെ പറഞ്ഞു...
"കുയില്‍ ഇല്ലാത്ത കാടും നാടും എന്തിനു കൊള്ളും?
നിന്റെ പാട്ടില്ലാതെ ഇവിടമെല്ലാം ഉറങ്ങി പോയി..
നിന്‍റെ മുട്ടകള്‍ ശത്രുമൃഗങ്ങള്‍ ഭക്ഷണമാക്കി
നിന്‍റെ കുഞ്ഞുങ്ങള്‍ കൊത്തിയോടിക്കപ്പെട്ടു..
കാലവും സമയവും  മറന്നു
ഞാന്‍ പൂക്കാന്‍ പോലും മറന്നു നില്‍ക്കുന്നത് കണ്ടില്ലേ ?
കാക്കയും, കാക്ക പണം കൊടുത്തു
 വശപ്പെടുത്തിയ നിയമവ്യവസ്ഥയും
 ഇവിടം ഒരു നരകമാക്കി.."
കാലം  മറന്നു വസന്തം വന്നതറിയാതെ
 പൂക്കാന്‍ മറന്ന പൂവാകയുടെ കൊമ്പില്‍ നിന്നും
 കുയില്‍ എവിടെക്കോ പറന്നു...
ചിറകടി യുടെ ശബ്ദം പോലും കേള്‍ക്കാത്ത
 നിശബ്ദതയുടെ,
 ഏതോ തമോഗര്‍ത്തത്തിന്‍റെ ചുഴികളില്‍
നിന്ന് കുയിലിന്‍റെ കിതപ്പ്
മാത്രം അലിഞ്ഞില്ലാതെയായി...


2 comments: