Wednesday, September 23, 2015

ഭ്രാന്തില്‍ നിറങ്ങള്‍ പൂക്കുമ്പോള്‍

പിങ്കും ഓറഞ്ചും നിറങ്ങളെ
 ഒന്നിച്ചു വിഴുങ്ങി
 പൂക്കളായി വിസര്‍ജിച്ച
കുറെ ബോഗന്‍വില്ല
ചെടികള്‍  എനിക്കു ചുറ്റും...

കറുത്ത ആകാശത്തിലെ
 ഇല്ലാത്ത നക്ഷത്രങ്ങളെ നോക്കി ഞാന്‍ നിന്നു

എന്നിലെ
പല ഞാനുകളുമായി
കണക്കു പറഞ്ഞു ഓഹരി എഴുതിയ ഞാന്‍
 ഭ്രാന്തിന്‍റെയും വിഷാദത്തിന്‍റെയും
നേര്‍ത്ത ഭിത്തികള്‍ക്ക്‌ നടുവില്‍
 എന്നെ തന്നെ കുഴിച്ചു മൂടി...

എന്‍റെതു മാത്രമായ സ്വപ്നങ്ങള്‍
ഞാന്‍ കൊടുക്കാത്ത
 പല നിറങ്ങളും വാരിപ്പൂശി
 എന്നെ ഭയപ്പെടുത്തി ഉറഞ്ഞു തുള്ളി

ശബ്ദങ്ങളില്‍ ,ശ്വാസങ്ങളില്‍,
മൂളിപ്പാട്ടുകളില്‍  ഉരുക്കി
മുറിവിന്റെ അച്ചുകളില്‍
ഞാന്‍ എന്നെ ഒഴിച്ച് വെച്ചു..
.
പകലിനും രാത്രിക്കും ഇടയില്‍ ഉള്ള
 സര്‍വേക്കല്ലുകള്‍ കാണാതെ
 കണ്ണീരിന്‍റെ പുഴകളില്‍
ഞാന്‍ ചങ്ങാടം ഓടിച്ചു

ഭ്രാന്ത് പെരുത്തപ്പോള്‍
ആത്മാവിനെ മുറിച്ചു
ചരടായി പിന്നിയെടുത്തു
ചെവിപൊട്ടുന്ന മന്ത്രങ്ങള്‍ ജപിച്ചു
ഞാന്‍ എന്നെ വരിഞ്ഞു കെട്ടി

കടും നിറങ്ങള്‍ പടര്‍ന്ന
ഭ്രാന്തിന്‍റെ ദ്വീപുകളില്‍ നിന്ന്
 വന്‍കരകളുടെ ബ്ലാക്ക്‌&വൈറ്റ് മണ്ണിലേക്ക്
 ഞാന്‍ കുടിയേറി

പക്ഷെ ചരടിലെ
 ഏലസ് കിലുങ്ങാന്‍ കാത്തിരിക്കും.
സമയവും ഇരുട്ടും വെളിച്ചവും
 പൂക്കളും ശബ്ദവും പാട്ടും ഇല്ലാത്ത
തുരങ്കങ്ങളില്‍ ചേക്കേറണം
എനിക്ക്



Friday, September 18, 2015

അക്ഷരസങ്കേതങ്ങള്‍

മറവി കൊണ്ട്  ചിതല്‍പുറ്റ്‌ കെട്ടി
 ഓര്‍മകളെ എല്ലാം അതില്‍ വെച്ച്
അടക്കാന്‍ കഴിയുമോ?
സങ്കടമെല്ലാം കൂന കൂട്ടിയിട്ടു
കത്തിച്ചു
ചാരം കണ്ണീരില്‍
ഒഴുക്കിക്കളയാന്‍ പറ്റുമോ?
ഭൂതകാലത്തിലേക്ക് റീവൈന്‍ഡ ചെയ്യാനോ
 ഇഷ്ടമില്ലാത്ത  രംഗങ്ങള്‍ ഡിലീറ്റ്
ചെയ്യാനോ കഴിയുമോ?
ഈ നിമിഷം അവസാനിക്കാതെ ഇരിക്കട്ടെ
എന്ന ആഗ്രഹം ഒരിക്കലെങ്കിലും
സാധിച്ചു കിട്ടുമോ?
മണ്ണപ്പത്തിന്‍റെ സമൃദ്ധിയിലോ
ഊഞ്ഞാലിന്‍റെ തുമ്പത്തെ ആശ്ചര്യത്തിലോ
ജീവിതത്തെ ചെറുതാക്കി എടുക്കാനുള്ള വരം
എവിടുന്നെങ്കിലും കിട്ടുമോ?
പ്രണയക്കനലിന്‍റെ പൊള്ളല്‍
ഏല്‍ക്കാതിരിക്കാന്‍ പറ്റുമോ?
മകരക്കുളിരും ചാറ്റല്‍ മഴയുടെ കുസൃതിയും
പൌര്‍ണമികളുടെ നനഞ്ഞ വെട്ടവും
തിരകളുടെ താലപ്പൊലിയും
എല്ലാം ചെപ്പില്‍ അടച്ചു കാത്ത് വെക്കാന്‍ പറ്റുമോ?
ഇതൊന്നും കഴിയാത്ത കാലങ്ങളോളം
ഹൃദയത്തിന്‍റെ പായല്‍ പിടിച്ച ഭിത്തികളില്‍
 കരിക്കട്ട കൊണ്ട് എഴുതുന്ന
എന്റെ കവിതകള്‍ ഈറ്റുനോവ്
എടുത്തു ജനിച്ചുകൊണ്ടിരിക്കും...

ഇലപ്പൊരുളുകൾ

ഞെട്ടറ്റു വീണപ്പോള്‍ പഴുത്തില കരഞ്ഞത്
തളിര്‍ക്കുമ്പോഴെ കരിഞ്ഞു കൊഴിയുന്ന
പല പച്ചിലകളെയും ഓര്‍ത്തായിരുന്നു

കെട്ടുകഥ

കവിളില്‍ ചായം പുരട്ടി
 സന്ധ്യ എവിടെയ്ക്കോ പോവാന്‍ നിന്ന നേരം
 ഒരു കുയില്‍
പൂക്കളില്ലാത്ത  വാകമരത്തിന്‍റെ
കൊമ്പില്‍ വന്നിരുന്നു
വാകമരം കുയിലിനോട് ചോദിച്ചു
"കാക്കയുടെ കൂട്ടില്‍ മുട്ട ഇട്ടതിനു
വഞ്ചന കുറ്റം ചുമത്തി
ജയിലില്‍ അടച്ച കുയില്‍ അല്ലെ നീ ?"
കുയില്‍ വിദൂരതയില്‍ നോക്കി മറുപടി പറഞ്ഞു.
".അതെ....കഠിനതടവ്‌
കഴിഞ്ഞു വരുന്ന വഴിയാണ്
എനിക്ക് കൂടില്ലാഞ്ഞിട്ടല്ല
മുട്ട വിരിയിക്കാനും മക്കളെ വളര്‍ത്താനും
ഒന്നും എനിക്കറിയില്ല ..
പാട്ട് പാടാനും
പുലര്‍ച്ചയ്ക്ക് സംഗീതം കേള്‍പ്പിച്ചു
മറ്റുള്ളവരുടെ മനസ് സന്തോഷിപ്പിക്കാനുമേ എനിക്കറിയു.."
വാക മരം ഒരു നെടുവീര്‍പ്പോടെ പറഞ്ഞു...
"കുയില്‍ ഇല്ലാത്ത കാടും നാടും എന്തിനു കൊള്ളും?
നിന്റെ പാട്ടില്ലാതെ ഇവിടമെല്ലാം ഉറങ്ങി പോയി..
നിന്‍റെ മുട്ടകള്‍ ശത്രുമൃഗങ്ങള്‍ ഭക്ഷണമാക്കി
നിന്‍റെ കുഞ്ഞുങ്ങള്‍ കൊത്തിയോടിക്കപ്പെട്ടു..
കാലവും സമയവും  മറന്നു
ഞാന്‍ പൂക്കാന്‍ പോലും മറന്നു നില്‍ക്കുന്നത് കണ്ടില്ലേ ?
കാക്കയും, കാക്ക പണം കൊടുത്തു
 വശപ്പെടുത്തിയ നിയമവ്യവസ്ഥയും
 ഇവിടം ഒരു നരകമാക്കി.."
കാലം  മറന്നു വസന്തം വന്നതറിയാതെ
 പൂക്കാന്‍ മറന്ന പൂവാകയുടെ കൊമ്പില്‍ നിന്നും
 കുയില്‍ എവിടെക്കോ പറന്നു...
ചിറകടി യുടെ ശബ്ദം പോലും കേള്‍ക്കാത്ത
 നിശബ്ദതയുടെ,
 ഏതോ തമോഗര്‍ത്തത്തിന്‍റെ ചുഴികളില്‍
നിന്ന് കുയിലിന്‍റെ കിതപ്പ്
മാത്രം അലിഞ്ഞില്ലാതെയായി...