Tuesday, March 17, 2015

ഒരു കവിത പിറക്കാന്‍...

ചിതല്‍പുറ്റ് പോലെ  ജീവന്‍റെ വേരുകളിലേക്ക്  പടര്‍ന്ന വാക്കുകള്‍...
വരികളും വാക്കുകളും മറന്ന കവിതയായി ഞാനൊഴുകി...
അക്ഷരങ്ങളോട് പിണക്കം ആയിരുന്നു...
എടുത്തു തീര്‍ന്ന അക്ഷരങ്ങളും
ഒരിക്കലും എടുക്കാത്ത അക്ഷരങ്ങളും
ഏടുമുറികളില്‍ കലപില കൂട്ടി....
എന്‍റെ കവിത എന്നൊന്നില്ലായിരുന്നു..
കാരണം ഞാന്‍ കവിത ആയിരുന്നു
സര്‍പ്പക്കാവും അമ്പലക്കുളവും തല നീട്ടിയ കവിത
മഷിത്തണ്ടും മയില്‍പ്പീലിയും നിധിയായി കുഴിച്ചിട്ട കവിത
മാങ്ങാച്ചുനയും കൈതപ്പൂവും മണക്കുന്ന കവിത
മാടനും  മറുതയും ഒടിയനും കണ്ണുരുട്ടിയ കവിത
വിപ്ലവം വേരാഴ്ന്ന, തോക്കും ബോംബും ഒളിപ്പിച്ച കവിത
ചോരപ്പുഴയും അഴുകിയ തെരുവും ചുടലനൃത്തം ചവിട്ടിയ കവിത
പക്ഷെ അക്ഷരങ്ങളെ എഴുത്താണിയാല്‍
താളില്‍ തറയ്ക്കാന്‍ കഴിഞ്ഞില്ല
വരികള്‍ക്കു ശ്വസിക്കാന്‍ കഴിയാതെ പിടഞ്ഞു ചത്തു
വാക്കുകള്‍ കൂട് തുറന്നു വിട്ട കിളിയായി പറന്നകന്നു
 ജീവന്റെ കവിതയില്‍ ചിതല്‍ മൂടിയിരുന്നു...
യുഗങ്ങളായികാത്തിരിപ്പിലാണ്...
ഇനി എന്നെങ്കിലും എപ്പോഴെങ്കിലും
വാല്‍മീകിയായി പുറത്തു വരാന്‍...





2 comments:

  1. നിന്‍റെ കത്തിരുപ്പുകള്‍ വെറുതെയാവില്ല, ഇനി കാത്തിരുന്നാല്‍ത്തന്നെ അത് പുനര്‍ജ്ജനിക്കുന്നത് ഒരു മഹാകാവ്യമയാകട്ടെ.....................................

    ReplyDelete
  2. അതെ കവിത ഒരു നദിപോലെയോ അഗ്നി പർവ്വതം പോലെയോ ആണ്..നദി അരുവിയായി ഉറപൊട്ടി ക്രമേണെ ഒരു മഹാനദിയായി തീരുന്നു ..അഗ്നി പർവ്വതം ചെറുതായി പുകഞ്ഞുതുടങ്ങി ഒരു വൻസ്ഫോടനത്തിൽ അവസാനിക്കുന്നു ....

    ReplyDelete