Friday, March 20, 2015

ശംഖും കല്ലും...

ശംഖും കല്ലും ഒരിക്കല്‍ കണ്ടു മുട്ടി.
 വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ കല്ല്‌ ചോദിച്ചു.
"എങ്ങനെ ഈ കടലിന്‍റെ അടിമത്വത്തില്‍ കഴിയുന്നു..?.
എനിക്ക് ജലത്തെ തന്നെ വെറുപ്പാണ്.
സ്വന്തമായി ഒരു ആകൃതിയുമില്ല.
എന്നാലും ഒരു കല്ലിനെപ്പോലും ഉരച്ചുരച്ചു ആകൃതി മാറി ഇല്ലാതാക്കി കളയും.."
ശംഖുപറഞ്ഞു.."പക്ഷെ.എനിക്കെല്ലാം ജലമാണ്..
കടലിന്റെ അടിമത്വം ഞാന്‍ ആസ്വദിക്കുന്നു
തിരകള്‍ എന്നിലേക്ക്‌ പാഞ്ഞടുക്കുമ്പോള്‍ ഞാന്‍ എതിര്‍ക്കാറില്ല...
കടല്‍ സ്നേഹിച്ചു സ്നേഹിച്ചാണ് എന്നെ അടിമപ്പെടുത്തിയത്..
ദാ..ഇപ്പോള്‍ എന്നെ കാതോരം ചേര്‍ത്ത് നോക്കൂ.."
കല്ല്‌ ഒരു നിമിഷം സ്തംഭിച്ചുപോയി...
കടലിനെ മാത്രമല്ല...ഏഴു സമുദ്രങ്ങളും അവയുടെ കരിനീലനിറമുള്ള രഹസ്യങ്ങളും ഉള്ളിലാക്കിയ ശംഖിനെക്കണ്ട്..."
അമ്പരന്നു കണ്ണ് നിറഞ്ഞുകല്ലിന്..
കല്ല്‌ നിര്‍ത്താതെ കരഞ്ഞു...ഒപ്പം മണലായി മാറിയ പല കല്ലുകളുംചേര്‍ന്ന് കരഞ്ഞു...
അങ്ങനെ മണല്‍ത്തരികള്‍ കരഞ്ഞു കരഞ്ഞു കടലിന് ഉപ്പുരസമായത്രേ....!!!

Tuesday, March 17, 2015

ഒരു കവിത പിറക്കാന്‍...

ചിതല്‍പുറ്റ് പോലെ  ജീവന്‍റെ വേരുകളിലേക്ക്  പടര്‍ന്ന വാക്കുകള്‍...
വരികളും വാക്കുകളും മറന്ന കവിതയായി ഞാനൊഴുകി...
അക്ഷരങ്ങളോട് പിണക്കം ആയിരുന്നു...
എടുത്തു തീര്‍ന്ന അക്ഷരങ്ങളും
ഒരിക്കലും എടുക്കാത്ത അക്ഷരങ്ങളും
ഏടുമുറികളില്‍ കലപില കൂട്ടി....
എന്‍റെ കവിത എന്നൊന്നില്ലായിരുന്നു..
കാരണം ഞാന്‍ കവിത ആയിരുന്നു
സര്‍പ്പക്കാവും അമ്പലക്കുളവും തല നീട്ടിയ കവിത
മഷിത്തണ്ടും മയില്‍പ്പീലിയും നിധിയായി കുഴിച്ചിട്ട കവിത
മാങ്ങാച്ചുനയും കൈതപ്പൂവും മണക്കുന്ന കവിത
മാടനും  മറുതയും ഒടിയനും കണ്ണുരുട്ടിയ കവിത
വിപ്ലവം വേരാഴ്ന്ന, തോക്കും ബോംബും ഒളിപ്പിച്ച കവിത
ചോരപ്പുഴയും അഴുകിയ തെരുവും ചുടലനൃത്തം ചവിട്ടിയ കവിത
പക്ഷെ അക്ഷരങ്ങളെ എഴുത്താണിയാല്‍
താളില്‍ തറയ്ക്കാന്‍ കഴിഞ്ഞില്ല
വരികള്‍ക്കു ശ്വസിക്കാന്‍ കഴിയാതെ പിടഞ്ഞു ചത്തു
വാക്കുകള്‍ കൂട് തുറന്നു വിട്ട കിളിയായി പറന്നകന്നു
 ജീവന്റെ കവിതയില്‍ ചിതല്‍ മൂടിയിരുന്നു...
യുഗങ്ങളായികാത്തിരിപ്പിലാണ്...
ഇനി എന്നെങ്കിലും എപ്പോഴെങ്കിലും
വാല്‍മീകിയായി പുറത്തു വരാന്‍...





Wednesday, March 4, 2015

വേട്ടനീതി ?

ചോര തളംകെട്ടുന്നു...
തലച്ചോറില്‍..,നെഞ്ചില്‍...പ്രാണനില്‍..
അവന്‍ ഒന്നുകൂടി ഞെരങ്ങി...
ഇപ്പോള്‍ കളിപ്പാട്ടത്തിന്‍റെ മിന്നാമിന്നി നിറം ഇല്ല..
കഥപുസ്തകത്തിലെ  താമരനൂല്തിന്നുന്ന അരയന്നവും
ആഴത്തിലേക്ക്ഊളിയിട്ടുപോയി..
കണ്ണില്‍ ചോര മാത്രം
കളിയ്ക്കാന്‍ കൂട്ടാത്തതിനു
 കെറുവിച്ച കവിളും
 മഴയിൽ കളിയ്ക്കാൻ കൊതിയുള്ള കണ്‍പീലിയും,
അപ്പോഴും പുറത്തെ  തൊടിയിൽ
  ചുറ്റി തിരിയുന്നുണ്ടായിരുന്നു
ഒന്നാം തരത്തിലെ
പാഠപുസ്തകത്തിലെ വേട്ടക്കാരൻ
ഇപ്പോൾ കണ്മുന്നിൽ ....
തലയിൽ  പുഴു അരിക്കുന്ന അസ്വസ്ഥതയും,
കണ്ണിൽ നിന്ന് കൊള്ളിയാൻ പായുന്ന വേദനയും
 ഇപ്പോൾ അറിയുന്നേ ഇല്ല..
"എന്താ മോനേ ....പേടിക്കണ്ടാ..
നിന്റെ ചേട്ടനല്ലേ.. ദാ..ഇങ്ങു അടുത്തേക്ക്   വാ .."
കരയാൻ അറിയാഞ്ഞിട്ടല്ല;
കരച്ചിൽ പണ്ടേ മറന്നു തുടങ്ങിയിരുന്നു ...
വേട്ടക്കാരൻ  കരുതിയ പോലെ തന്നെ കാര്യങ്ങൾ നടന്നു... കുഞ്ഞാണ്‍കിളിയുടെ   തൂവലും
 പിഞ്ചു എല്ലുകളും  പോലും അയാൾ വിഴുങ്ങി...
പല വട്ടം  അയാൾക്ക്   മുന്നില് അവൻ മരിച്ചു വീണു...
എല്ലാ മാസവും മുടിയില്ലാത്ത കൊച്ചുതലയിൽ
 പതിക്കുന്ന ശക്തിയേറിയ കിരണങ്ങളെക്കാളും
മൂർച്ചയായിരുന്നു  അയാളുടെ
അഴുകിയ വാക്കുകള്‍ക്കു  എന്ന് അവനു തോന്നി...
ഓരോ തവണയും വേട്ടവന്യതക്കാടിൽ  നിന്നോടിതളർന്നു,
 ജന്മങ്ങളുടെ കാറ്റു പോയ ബലൂണുകൾ  പോലെ
 അവൻ ...
'വയ്യാത്ത കുഞ്ഞല്ലേ പാവം'എന്ന്  പറഞ്ഞു
അവനെ  ഓർത്തു നൊന്തു അമ്മക്കിളി ..
ഒരു നനഞ്ഞ പകലിൽ ആ പിഞ്ചു,
ശക്തിയായി നിലവിളിച്ചു...
'മുട്ടായിചേട്ടൻ' പുറകെ വരുന്ന സ്വപ്നം കണ്ട് ...
അന്നാണ്‌ ഇരപിടിയൻ നീർക്കോലിയും
 ഒറ്റക്കണ്ണി കാക്കപ്പെണ്ണും ..
കാറ്റിനോട് സത്യം പറഞ്ഞത്...
കാറ്റ് ആ കഥ പറഞ്ഞെത്തും  മുൻപേ
 അവൻറെ ചങ്കിലെ പിടച്ചിൽ
അനിശ്ചിത കാലസമരം തുടങ്ങിയിരുന്നു,,,

ചോരക്കുറിപ്പ് ; പെണ്ണിന്റെ മറയാത്ത ശരീരത്തിൻറെ അളവും അവൾ ഇരുട്ടിൽ പുറത്തിറങ്ങുന്ന മണിക്കൂറുകളുടെ കണക്കും കൂട്ടിക്കിഴിച്ചു അവയും ബലാത്സംഗങ്ങളുമായി ഉള്ള കൃത്യമായ ബന്ധം കണ്ടുപിടിക്കുന്ന മാന്യശാസ്ത്രജ്ഞരോട്,,,  നേരെ നില്ക്കാൻ ആരോഗ്യമില്ലാത്ത ഒരു പിഞ്ചുബാലനും പ്രതികരിക്കാൻ കഴിവില്ലാത്ത പശുക്കിടാവും ഏതു കാമദാഹമാണ് 'ശ്രേഷ്ഠപുരുഷനിൽ' ഉണർത്തുന്നതെന്നതിനു കൂടി ഒരു സിദ്ധാന്തം വൈകാതെ കണ്ടെത്തണമെന്ന് അപേക്ഷ ...