Tuesday, February 24, 2015

ഒരു ചെറിയ ഭൂമികുലുക്കം...!

               ഒരു ചെറിയ ഭൂമികുലുക്കം ...!

അനിയനു വിട്ടുമാറാത്ത പനിയും  ക്ഷീണവും  ഉണ്ട് എന്ന് കഴിഞ്ഞ ദിവസം വീട്ടില് നിന്ന് വിളിച്ചപ്പോൾ അറിഞ്ഞു...
വിഷമില്ലാത്ത പച്ചക്കറികളും നല്ല ആരോഗ്യശീലങ്ങളും രോഗങ്ങളില്ലാത്ത ബാല്യവും ഉണ്ടായിരുന്ന കാലത്തേ പറ്റി ഞാൻ അപ്പോഴാണ് ഓർത്തത്‌...
പക്ഷേ അതിനു ഒരുപാടു കാലം പഴക്കമില്ല....ഒരു രണ്ടു  തലമുറ  മുന്നോട്ടു പോയാൽ  മതി ..
കഥ നടക്കുന്നത് മലബാറിൽ ...
തിരുവിതാങ്കൂറിൽ നിന്നുള്ള   കുടിയേറ്റം  അതിന്റെ ഉച്ചസ്ഥായിയിൽ നില്ക്കുകയാണ്...
എൻറെ അച്ഛന്റെ  അച്ഛന്റെ അച്ഛൻ ...അതായതു മുത്തച്ഛൻ ആണു നായകൻ 
(ഏഴു അടി ഉയരം ,അതിനൊത്ത വണ്ണം ...അജാനുബാഹു എന്നോ ആരോഗദ്രിഢഗാത്രൻ  എന്നോ മൂപ്പരെ വിളിക്കാം...)
സന്ധ്യക്ക്‌ അദ്ദേഹത്തിന്റെ ഭാര്യ കുട്ടികൾക്ക്   (എന്റെ വല്യപ്പനും അടങ്ങുന്ന 5 പേർ ) ഭക്ഷണം കൊടുക്കുകയാണ്...അപ്പൻ ഇതുവരെയും എത്തിയില്ല...ചെറിയ മഴക്കോളുണ്ട് ...
ഈ  ഭക്ഷണം എന്ന് കേട്ട് ആരും തെറ്റിധരിക്കരുത് ...ഒരു വീട്ടിലുള്ള എല്ലാ വയറുകളും നിറക്കാൻ ഒന്നും ഉള്ളതൊന്നും അന്നുണ്ടായിരിക്കില്ല  ... ഒരുവിധം എല്ലാ ഇടത്തും അവസ്ഥ ഇതു തന്നെ ...കുഞ്ഞുങ്ങൾക്കും  അപ്പനും വല്ലതും കൊടുക്കാനേ  അവ തികയു...ആപ്പോൾ സ്ത്രീകളായ.ഭാര്യമാരായ,അമ്മമാരായ,ഒരുപാടു ജോലികൾ  ചെയ്യുന്ന  കുടുംബിനികളോ  ? ഈ ചോദ്യം , കഥ പറഞ്ഞു തന്ന എൻറെ വല്യമ്മയോടും ഞാൻ   ചോദിച്ചു...ഉണക്കമരച്ചീനിയോ   കഞ്ഞിയോ കഴിക്കും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ച മറുപടി .."അവർ മുണ്ടു മുറുക്കിയുടുക്കും"
  എന്റെ അമ്മച്ചി നെടുവീർപ്പോടെ  പറഞ്ഞു ...
ശരി  കഥയിലേക്ക് വരാം ..
അങ്ങനെ കുഞ്ഞുങ്ങൾ  ഭക്ഷണം കഴികുമ്പോൾ പെട്ടെന്നൊരു മുഴക്കം ...വീട് ചെറുതായി ഒന്ന് കുലുങ്ങി...ഇടിമുഴക്കം   ആണോ ഭൂമികുലുക്കം ആണോ എന്നറിയാതെ അമ്മയുടെ നെഞ്ചിലേക്ക് മുഖം അമർത്തി   കുഞ്ഞുങ്ങൾ ...
"എടി കുഞ്ഞുപ്പെണ്ണേ .."അപ്പന്റെ സ്വരം .....!
ഭയഭക്തിബഹുമാനത്തോടെ ചാടി എണീറ്റു  വാതിൽ മറവിൽ പോയി നിന്ന് ചോദിച്ചു ...."എന്നതാ ഏതാണ്ടു വല്യ ഒച്ചയും മൊഴക്കവും ...?"
 അമ്മയുടെ മുണ്ടിൻറെ വാലിൽ നിരയായി കുട്ടികളും...
  അവർ അപ്പന്റെ  കയിലെ പൊതിയിലെ  സാധ്യതകളെ പറ്റി സ്വപ്നം കാണാൻ   തുടങ്ങിയിരുന്നു  ...
തൻറെ സ്ഥായിയായ നിസംഗ ഭാവത്തിൽ മൂപ്പർ
".ഓ  ... അതെന്റെ കൈമുട്ടു   ഈ ഭിത്തിയിൽ ഒന്നിടിച്ചതാ ..നീ ഇച്ചിരി വെള്ളം കോരിവെക്ക് .."
എന്ന് പറഞ്ഞു  അകത്തേക്ക് കയറിപ്പോയത് തുറന്ന വായോടെ നോക്കി  നിൽക്കാനേ ഭാര്യക്കും കുഞ്ഞുങ്ങൾക്കും കഴിഞ്ഞുള്ളൂ...
                                                               ***
 ഇതായിരുന്നു അന്നത്തെ ആളുകൾ ..!കാട്ടുമൃഗങ്ങളുടെ അലർച്ചയും വിഷസർപ്പങ്ങളുടെ സീൽക്കാരവും ഉള്ള കറുത്ത കാടുകൾ വെട്ടിത്തെളിച്ച് കപ്പയും കാച്ചിലും തെങ്ങും കവുങ്ങും വെച്ചുപിടിപ്പിക്കാനും ,മലമ്പനിയും വസൂരിയും ദയ ഇല്ലാതെ തങ്ങളുടെ എണ്ണം കുറയ്ക്കാൻ  അടുത്തെത്തുമ്പോൾ മനസാന്നിധ്യത്തോടെ  നിൽക്കാനും     ഒന്നുമില്ലാത്ത പട്ടിണി കർക്കിടകങ്ങളിൽ പ്രതീക്ഷ കളയാതെ മുന്നോട്ടു പോവാനും .അവർക്ക് ...കഴിഞ്ഞു ..അദ്ധ്വാനത്തിന്റെ ഫലം കാണാൻ കഴിയാതെ വേർപിരിയുന്ന തൻറെ  ഇണയുടെയും മക്കളുടെയും ഓർമകളുമായി  ജീവിക്കാൻ അവർക്കു  കഴിഞ്ഞു ..ആരോഗ്യമുള്ള മനസും ശരീരവുമായി ...

പിൻകുറിപ്പ് :ഒരുപാടു വിയർപ്പൊഴുക്കി ചോര നീരാക്കി മണ്ണിനോടു  പോരാടിയ എന്റെ പൂർവികർക്കും എല്ലാ കുടിയേറ്റ കർഷകർക്കും  സമര്പ്പിക്കുന്നു...അവരുടെ വിയര്പ്പിന്റെയും സ്നേഹാനുഗ്രഹങ്ങളുടെയും  ഫലമാണ് ഞാനടങ്ങുന്ന എന്റെ തലമുറ അനുഭവിക്കുന്നത്   എന്നറിഞ്ഞു കൊണ്ട് തന്നെ ...
അവരുടെ കഥകളും ഓർമകളും  സ്വപ്നങ്ങളും   ഒന്നും ഇല്ലതായിട്ടില്ല ...അവ ഈ  മണ്ണിൽ തന്നെ ഉണ്ട് ... ചില വേരുകൾ  പോലെ ...അടുത്ത  മഴയിൽ വീണ്ടും തളിരിടാൻ ...


1 comment:

  1. മലബാറിന്‍റെ മണ്ണില്‍ വിയര്‍പ്പൊഴുക്കിയ ആ പൂര്‍വപിതാക്കള്‍ക്ക് ഒരായിരംനന്ദി,,,,,,,, ഒപ്പം മനപൂര്‍വ്വമല്ലങ്കില്‍ ക്കൂടി മറന്നു തുടങ്ങിയ അവരെ ഓര്‍മിപ്പിച്ച സഹോദരി നിനക്കും..................

    ReplyDelete