Monday, October 30, 2017

ഇനിയെങ്കിലും നന്നാവൂ എന്നോർമിപ്പിക്കാൻ ഞാൻ എന്നെ തന്നെ മരണ രംഗങ്ങൾ കാണിച്ചു പേടിപ്പിക്കാറുണ്ട്
ഇന്ന് കണ്ട  സ്വപ്നത്തിൽ  മരിച്ച ഞാൻ മഞ്ഞ നിറമായി മാറി
മഞ്ഞയുടെ ഭയപ്പെടുത്തുന്ന നിത്യതയിൽ കുടുങ്ങി എന്‍റെ ആത്മാവ് ശബ്ദമില്ലാതെ  നിലവിളിച്ചു

Thursday, October 19, 2017

ഭ്രാന്തിയുടെ കരച്ചിലിന്റെയും പൊട്ടിചിരിയുടെയും 
കാരണം പോലെ നിഗൂഢമായ ,
എന്‍റെ നെറ്റിയിൽ നിന്ന് നിന്‍റെ വിയർപ്പിലേക്കു  അലിയുന്ന 
കുങ്കുമം  പോലെ ശക്തമായ  എന്തോ ഒന്ന് !

നീ  ഉണ്ടെന്നും ഇല്ലെന്നുമുള്ള
ഉറപ്പുകളിലും ഉറപ്പില്ലായ്മകളിലും കുരുങ്ങിക്കിടക്കുന്ന
എന്‍റെ മനസമാധാനം !

Wednesday, October 18, 2017

നെഞ്ചിൻറെ പടിയ്ക്കൽ സ്നേഹം
തിരിപോലെ കത്തിച്ചു  ഇനി നീ കാത്തിരിക്കരുത് 
ഓർമയുടെ തണുപ്പിടങ്ങളിൽ
എന്റെ പേര് കുത്തി നിറയ്ക്കരുത്
നീയും നീയുമായുള്ള വാഗ്‌വാദങ്ങളിൽ
എന്റെ നരച്ച ആത്മാവിനെ ന്യായീകരിക്കരുത്
സ്വപ്നങ്ങളുടെ ആഴക്കയത്തിൽ
എന്റെ ഹൃദയത്തുരുത്തിലേക്കുള്ള വഴി തേടരുത്
എന്റെ കണ്ണീരിന്റെ ചിലമ്പൽ കേൾക്കാൻ പാകത്തിന്
നിന്റെ ഉള്ളിലെ ശബ്ദങ്ങളെ വെട്ടിയൊതുക്കരുത്
കരിഞ്ഞു തുടങ്ങുന്ന മുറിവുകളെ വീണ്ടും വലുതാക്കരുത്
നിന്റെ ആത്മാവിന്റെ
മൃദുല ചര്മത്തിലെന്റെ ചിത്രം പച്ച കുത്തരുത്
അറ്റമില്ലാത്ത താഴേക്കു വലിക്കുന്ന
ഇരുട്ടിന്റെ  തിരികല്ലുകളിലാണ് എന്റെ ഹൃദയം ഉറങ്ങുന്നത്
അതിനെ പൊതിയുന്ന ആയിരം കണ്ണുകൾ
കാഴ്ചയും ചോരയുമില്ലാത്ത പ്രേതങ്ങളെ പ്രസവിക്കുന്നു
എന്റെയും നിന്റെയും ഉലകങ്ങൾ രണ്ടാവട്ടെ
മയക്കത്തിന്റെ നിലാവുള്ള കിനാക്കാടുകളിൽ നാമിനി കണ്ടുമുട്ടാതിരിക്കട്ടെ
സ്നേഹത്തെ കോർത്തിട്ട ചൂണ്ടയിൽ
നിന്റെ പാവം ആത്മാവ് കൊത്തി  വലിയാതിരിക്കട്ടെ
എനിക്ക് നീയും നിനക്ക് ഞാനുമുള്ള നുണക്കഥ
മറവിയുടെ കടലിലേക്കു എറിഞ്ഞു കളയാം 

Saturday, September 23, 2017

പെൺചിലന്തി

വാകപ്പൂക്കളുടെ ഇതളുകൾ ഉണക്കി
ഞാൻ നിനക്കയച്ച കുറിപ്പുകൾ
നീ എന്നും പ്രാണനോട് ചേർത്തുവെച്ചു ...
എന്‍റെ ഹൃദയം പോലെ ക്രൂരമായ,
എന്‍റെ കൈകളിലെ കൊലച്ചോര വീണ, കനിവില്ലാത്ത വിഷപ്പൂക്കൾ  ആണെന്നറിയാതെ നീ
നീലച്ചു മരിച്ചു
സത്യത്തിൽ കറുപ്പ് കലക്കി
ഞാൻ നിനക്ക് കുടിക്കാൻ തന്നത്
നരക തീ ആയിരുന്നു
ഹൃദയം പൊട്ടിപ്പൊളിഞ്ഞു
ജീവനിൽ   മുറിവേറ്റു
നിന്‍റെ ആത്മാവ് മരുക്കാട്ടിലൂടെ അലയുന്നത്
ഈ ഇരുട്ടിൽ ഇരുന്നു നിസ്സംഗതയോടെ ഞാൻ കണ്ടു
നീ അറിഞ്ഞില്ല
എന്‍റെ പ്രേമം മുഴുവൻ  അർപ്പിക്കാനായി ഞാൻ തേടിയിരുന്നത്
നരകത്തിന്റെ ഛായ   ഉള്ള മരണത്തെ
ആയിരുന്നെന്ന് !

Friday, September 22, 2017

ശാന്തി കിട്ടാൻ നീ ദൂരേക്ക് പോകണം
എന്‍റെ കണ്ണിൽ നിന്ന് മറഞ്ഞത് കൊണ്ടായില്ല
ഭ്രാന്തനായി അലഞ്ഞിട്ടും കാര്യമില്ല
ആത്മാവ് കൊണ്ട് അകലൂ
എന്‍റെ വിറങ്ങലിച്ച കണ്ണീർ വീണു നിന്‍റെ ജീവൻ നനയാതിരിക്കട്ടെ
നിന്‍റെ നെഞ്ചിന്റെ പിടച്ചിൽ ഞാൻ കേൾക്കാതിരിക്കട്ടെ
ഇരുട്ടും വഞ്ചനയും വിഷവും മാത്രമേ ഇവിടെയുള്ളൂ
പുകയുന്ന , ക്രൂരതയുള്ള നിത്യമായ നരകമാണിത്
ദൂരേക്ക് പോകൂ
ആത്മാവ് കൊണ്ട് അകലൂ

Tuesday, August 29, 2017

'ഊരുതെണ്ടി'

എനിക്ക് വേണ്ടത് രണ്ടു രൂപയാണ് .വെറും രണ്ടു രൂപയെന്നോ ഒരു വലിയ തുക എന്നോ സാഹചര്യങ്ങൾക്ക് അനുസരിച്ചു വിശേഷിപ്പിക്കാവുന്നതാണല്ലോ പണം . ഇപ്പോൾ അത്  തുക തന്നെ. കാരണം സുരക്ഷിത സ്ഥാനത്തെത്താൻ  രണ്ടു രൂപ കൂടെ ആവശ്യമുണ്ട് .കുടിക്കാൻ കുറച്ചു വെള്ളവും അല്പം ഭക്ഷണവും  വേണം. പക്ഷെ പെണ്ണിന് ഈ നാട്ടിൽ വിശപ്പിനേക്കാളും മുൻഗണന കൊടുക്കേണ്ടത് സുരക്ഷിതത്വത്തിനാണല്ലോ .വെള്ള ചായമടിച്ച പള്ളി എന്റെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിന്നു . നേരം 9  കഴിയാനായി .പ്രാർത്ഥിക്കാനെത്തിയ വിശ്വാസികളും പള്ളി കാണാൻ വന്നവരും അവിടം വിട്ടു തുടങ്ങി. എന്റെ കണ്ണിൽ നിന്ന് അറിയാതെ പുറത്തേക്കു ഒഴുകി കൊണ്ടിരുന്ന കണ്ണീർ അടുത്തിരുന്നയാളുടെ രണ്ടു  വയസോളം പ്രായം ഉള്ള കുട്ടി ശ്രദ്ധിക്കുന്നു. ഇല്ല !  ശാന്തത ആണ് ആദ്യ നിയമം . എങ്ങനെ ഇവിടെ വന്നു പെട്ടെന്നും 2 രൂപയുടെ കുറവ് എങ്ങനെ വന്നെന്നും ഓർത്തു പോയി . പലപ്പോഴായി പാഴാക്കിയ നോട്ടുകളും  നാണയങ്ങളും  ഓർത്തു തല പെരുത്തു .
ഇനിയും വൈകിയാൽ അവസാന ബസും പോകും . ഇരുട്ടിൽ നഗരത്തിന്റെ ഭയാനകതയിൽ ഞാൻ നഷ്ടപ്പെടും . പ്രപഞ്ചമേ പൊറുക്കൂ.. 200 നയാ പൈസക്കുള്ള  വഴി കാണിക്കൂ ..
     അഭിമാനം ,സ്വയംപര്യാപ്തത ,നാണം. മാനം എന്നതൊക്കെ വെറും പൊള്ളയായ സങ്കല്പങ്ങളായിരിക്കണം . കാരണം അപരിചിതനായ ഒരു വൃദ്ധനോട് അടുത്ത നിമിഷം ഞാൻ 2 രൂപയ്ക്കു വേണ്ടി കൈ നീട്ടി.
അവിശ്വസനീയത , സംശയം , സഹതാപം,പുച്ഛം   അങ്ങനെ പല പ്രതികരണങ്ങളും ...
 ഞാൻ ശബ്ദം വിറച്ചു കരയാതിരിക്കാൻ പാട് പെട്ട് നിലത്തു നോക്കി. അദ്ദേഹം ദൈന്യതയോടെ എന്നെ നോക്കി. എവിടേക്കു പോകുന്നുവെന്ന് തിരക്കി. വാക്കുകൾ തേങ്ങലിൽ കുരുങ്ങി തൊണ്ടയിൽ തടഞ്ഞു പോയിരുന്നു .. 10  രൂപ എടുത്തു  നീട്ടി അയാൾ ." 2  രൂപ മതി"
ഞാൻ പറഞ്ഞു ."വെച്ചോളൂ എന്റെ കയ്യിൽ ചില്ലറ ഇല്ല.". നന്ദിക്കു പകരം രണ്ടു തുള്ളി കണ്ണീർ പുറത്തേക്കു ചാടി. .. തല ഉയർത്താതെ ഞാൻ തിരിഞ്ഞു നടന്നു. പള്ളിയുടെ ഗേറ്റിൽ സ്ഥിരം കാണാറുള്ള ഭിക്ഷക്കാരിയെ ഇന്ന് കാണുന്നില്ല. വിയർക്കുന്ന നഗരത്തിന്റെ തിരക്കിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഞാൻ നടന്നു