ഇവിടെയീ ജലധാര തേങ്ങുന്ന കോണിലെൻ പരമാത്മാവ് പതിഞ്ഞു പാടുന്നു
ഉടയാട നേർത്ത നിലാവൊളി പുറകിലായ് മരണസംഗീതം പോലെ പൊലിയുന്നു
തവളയും രാവിന്റെ മാത്രമാം പറവയും പൊടിമഴ പോലെ ചിലച്ചു പാടുന്നു
പ്രണയവും പാപവും അലയുന്ന കാറ്റിന്റെ അലകളിൽ അറിയാതെ അലയുന്നു മറയുന്നു
നിനവിൽ നീയിന്നെന്റെ അരികിലുണ്ടെങ്കിലും
കെടുതിയിൽ നീയെന്റെ തുണയായിരുന്നിട്ടും
വരുമൊരു പുലരിയോടൊപ്പമുണരുവാൻ വിറയാർന്നതെന്തേ ഭയപ്പാടിതെന്തേ ?
നീ പാടും കവിത തൻ ഗദ്ഗദം കേട്ടെന്റെ ഇടനെഞ്ചു പൊട്ടിത്തകർന്നതോർക്കുന്നുവോ
ഹൃദയവിളക്ക് തെളിച്ചു നീ എന്റെയാ വഴികളൊക്കെയും താണ്ടുവാൻ കനിവേകി
തലയോടിനുള്ളിൽ പുളച്ചൊരഴലിന്റെ
മറനീക്കി മൃദുലമായ് മനമോടുയർത്തി നീ
ജീവന്‍റെ പരമാണു പോലെ ചുരുങ്ങി ഞാൻ നിൻ പ്രാണനെന്റെ പോൽ പ്രിയമാക്കി ഞാനും
നരവീണ മറവിയെൻ മുന്നിലൂടൊഴുകുന്നു
വ്രണമേറി രോഗശാപങ്ങളും കാണുന്നു
വയറൊട്ടി നോവുന്ന കത്തലിൻ് കൂത്തുകൾ
പറയാതെ ഇരുൾ വീഴും കഠിനമാം മരണവും
യുവമാം തുടിപ്പുകൾ വരമായ നേരങ്ങൾ പതിർ പോ്ലെ കത്തിയമരുമെന്നറിയിലും പ്രണയവും പ്രഭവമാം നാളും മടുപ്പിന്റെ കാലാന്ധകാരത്തിനിടയിൽ മറഞ്ഞിടാം
കാലഭൂതങ്ങൾ എത്താപ്പരപ്പിൽ
മലിനമാം മനചിന്ത കാണാ തലത്തിൽ
നാമുണ്ട് നമ്മുടെ പരമമാം പ്രേമവും വിധിയുടെ താളിൽ നാം ആദി തൻ ബിന്ദുക്കൾ
ഉദയരേഖകൾ മിന്നുന്ന കോണിലേക്കിനിയെന്റെ മനമൊന്നുയർത്തട്ടെ ഞാനും
നിണമൂട്ടി
മിഴിനീർ നനച്ചൊരീ പ്രണയത്തിനിനിയില്ല പതിവ് പോൽ ആദിയും അന്തവും