Thursday, October 27, 2016

കൽപ്പാലങ്ങൾ

വെയിലിന്റെ ഓരോ ഓളങ്ങളെയും നെഞ്ചിലേറ്റി കൊണ്ട് കടൽ അങ്ങനെ താളം പിടിച്ചു കിടക്കുകയായിരുന്നു. കാറ്റിൽ ഇഴുകി ചേർന്ന കടലിന്റെയും കരയുടെയും നേർത്ത കഥകൾ കവിളിൽ വന്നടിച്ചു. അവൻ ഒരു സിഗററ്റിനു തീ കൊളുത്താൻ ശ്രമിച്ചു.കടൽകാറ്റ് മൂന്നോ നാലോ തീപ്പെട്ടികൊള്ളികളെ ആസ്ഥ പ്രജ്ഞരാക്കിയത് കണ്ടു അവൾ  പൊട്ടിച്ചിരിച്ചു " ഇത് കത്തിക്കുന്നത് എനിക്കൊന്നു കാണണം " അവൾ വീണ്ടും ചിരിച്ചു കൊണ്ട് അവനെ നോക്കി.. അവനു വാശിയായെന്നു തോന്നുന്നു. രണ്ടു കൈ കൊണ്ടും നാളത്തെ പിടിയിലാക്കി അതിനെ സിഗററ്റിന്റെ തുമ്പിലേക്ക് പകർന്നെടുത്തു ഒരു ചിരിയോടെ  അവൻ തിരകളെ നോക്കി. കരയിലെ കാറ്റാടി മരങ്ങളിൽ കാറ്റ് അടക്കം പറയുന്നത് നോക്കി അവളും ഇരുന്നു. കടലിലേക്ക് നീളത്തിൽ വലിയ പാറക്കഷണങ്ങൾ നികത്തിഎടുത്ത കൃത്രിമ പാലത്തിൽ ആയിരുന്നു അവർ ഇരുന്നത്.കടൽവെള്ളം നിരന്തരമായി സമ്പർക്കത്തിൽ ആയിരുന്നതിനാൽ വശങ്ങളിൽ മുഴുവൻ പായൽ പിടിച്ച വലിയ പാറകളിൽ അവിടവിടെയായി ചില സഞ്ചാരികൾ ഇരിപ്പുണ്ടായിരുന്നു.. തീരത്തുനിന്നും വളരെ ദൂരേക്ക് കടലിനുള്ളിലേക്കു നീണ്ട ആ പാലം, മനുഷ്യരിൽ നിന്നകന്നു മറ്റേതോ ലോകത്തു വിഹരിക്കുന്ന ഉന്മാദനായ ഒരാളുടെ മനസ് പോലെ നിലകൊണ്ടു. ഉച്ചവെയിലാറിയ , തിരക്കൊഴിഞ്ഞ തീരം... തീരത്തെ കഫേകളിൽ അലസരായി ഇരിക്കുന്ന വിദേശികൾ , പുലർച്ചെ മീൻ പിടിക്കാൻ  കൊണ്ടു പോയി തിരിച്ചു വന്നു കരക്ക്‌ കയറ്റിയ ചെറിയ തോണികൾ.തിരകളും ശാന്തമാണ്.. ഭംഗിയുള്ള തീരം തന്നെ
                  " ഞാൻ എന്താണ് എന്നതിനുള്ള ഉത്തരങ്ങളിലെ കപടത കണ്ടെത്തുകയാണ് ഞാനിപ്പോൾ.ഞാൻ ആയിരിക്കാത്ത അവസരങ്ങളിലും സന്ദര്ഭങ്ങളിലും സ്വയം തള്ളിവിട്ടു എനിക്ക് ചെന്നെത്താൻ കഴിയുന്ന തലങ്ങളുടെ സാധ്യത മനസിലാക്കണം.." അവൾ കടൽക്കാറ്റിൽ അലിഞ്ഞില്ലാതാവുന്ന സിഗരറ്റ്  പുകയിലേക്കും അത് ആത്മാവിലേക്ക് വലിച്ചെടുക്കുന്ന അവന്‍റെ ചുണ്ടുകളിലേക്കും നോക്കി ശ്രദ്ധയോടെ കേട്ടിരുന്നു. ചില നേരങ്ങളിൽ മാത്രം അപൂർവമായി അവൻ സ്വന്തം  ഉൾക്കാഴ്ചകളിലേക്ക് ജാലകം തുറക്കും "എളുപ്പം എത്തിച്ചേരാൻ കഴിയാത്ത വിദൂര ഗ്രാമങ്ങളിൽ കൊച്ചു വീട് ഉണ്ടാക്കി താമസിക്കണം.. ഭാര്യ , കുഞ്ഞു അങ്ങനെ ചെറിയ ഒരു ലോകം.. അന്വേഷണങ്ങളോ കത്തുകളോ അതിഥികളോ അപൂർവമായി" . അവൾ ഭാവങ്ങൾ ഉൾക്കൊള്ളിക്കാതെ ഒരു ചിരി ചിരിച്ചു.
         നിരന്ന ഇടങ്ങൾ തീരെ ഇല്ലാത്ത ഒരു മല മേടിനെ ചുറ്റിപ്പറ്റി അവളുടെ ചിന്തകൾ മേഘങ്ങളേ പോലെ ഉരുണ്ടു കൂടി.. കറുത്തിരുണ്ട കാടുകളും ഭംഗിയുള്ള തോട്ടങ്ങളും ആന വലിപ്പത്തിൽ പാറകളും നിറഞ്ഞു വളരുന്ന ഒരു ഇടം.വളരെ കുറഞ്ഞ തോതിൽ ജനവാസമുള്ള ,ആദിവാസി കോളനിയിലെ പത്തോ അമ്പതോ കുടുംബങ്ങൾ പാർക്കുന്ന ഒരു വലിയ മലയുടെ  താഴ് വാരം.. വെളുത്ത രാമൻ , ചെറിയ ചൈരൻ എന്നിങ്ങനെ പേരുകൾ ഉള്ള കാടിന്റെ സ്വന്തം മക്കൾ.. ആ മലകൾക്കു മുകളിൽ കയറിയാൽ ആകാശം മെല്ലെ  തൊടാം.
      " എന്നെ ഓർക്കുമോ ? ഇടക്കൊക്കെ ? "  അവൻ മുഖം കൊടുക്കാതെ ചിരിക്കുന്നതായി  വൃഥാ അഭിനയിച്ചു.  "നമ്മൾ ആരാണ് കുട്ടീ ? നടന്നു പോവുന്ന വഴിയിൽ മുൻപിൽ വന്നു പെട്ട് തമ്മിൽ നോക്കി ചിരിക്കുന്ന രണ്ടു നിഴലുകൾ, സ്നേഹം കവിയുന്ന സുഹൃത് ബന്ധത്തിന്റെ നനഞ്ഞ ഓർമ്മകൾ , രണ്ടു തിരു ശേഷിപ്പുകൾ.! നാളെ എന്താവുമെന്ന് ആരാണ്  അറിയുക ? " കണ്ണിൽ കലങ്ങിയ മഴ കാഴ്ച മങ്ങിച്ചു.. കടലും മാനവും അവനും അതിൽ ഒന്നായി ഒഴുകി. ചാറ്റൽ മഴക്കോള് അവനിലും കണ്ടു..
     ഈ ഭൂമിയിലെ ചുരുങ്ങിയ നാളുകൾ തീരും  വരെ എങ്കിലും എല്ലാവര്ക്കും ഒന്നിച്ചു ദുഃഖിക്കാതെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ! ഇല്ല , ചിലപ്പോൾ ആത്മാവിനു മാത്രം അറിയുന്ന വിധിയുടെ ഒഴുക്കുകളിൽ പെട്ട് എല്ലാരും അകലണം  എന്നതാവും ! 
              കടലിൽ കുളിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയെ നോക്കി പാലത്തിൽ ഇരുന്ന രണ്ടു മധ്യ വയസ്കർ അശ്ലീലച്ചുവയിൽ എന്തോ അസഭ്യം വിളിച്ചു പറഞ്ഞു. പാറക്കല്ലുകളിലെ പായലിൽ ഒരു നൂറു ഞണ്ടു കുഞ്ഞുങ്ങൾ പറ്റിപ്പിടിച്ച കയറി.തമാശകളും രാഷ്ട്രീയവും കാലാവസ്ഥയും പ്രാധാന്യമില്ലാത്ത പല വിഷയങ്ങളും സംസാരിച്ചു സമയത്തെ മുന്നോട്ടു തള്ളി.തിരകൾക്കു ശക്തി കൂടി , ആകാശം ചുവന്നു.. കിളികൾ തിരിച്ചുപറന്നു. "പുറപ്പട്ടാലോ ?ഇരുട്ടായി തുടങ്ങി.. " അവൻ പറഞ്ഞു.പാറക്കെട്ടിന്റെ പാലത്തിൽ നിന്ന് അവൾ ആദ്യം എഴുന്നേറ്റു. അവൻ പുറകിലായി നടന്നു.. കരയിൽ വെള്ളമണലിൽ പായൽ പോലെ  ഒരു ചെടി പൂത്തു ഇളം നീലനിറം പൊട്ടി ചിതറിയിരുന്നു. " ഇനി നമ്മൾ കാണുമോ ? " അവൻ ദൂരെത്തെവിടെയോ നോക്കിതന്നെ  ചോദിച്ചു. മറുപടി പ്രതീക്ഷിചില്ല.. അവൾ  നൽകിയും  ഇല്ല.. 
        കാടിന്റെ വന്യതകളിലേക്ക് ഇഴുകാൻ  അവളിൽ അതിയായ അഭിലാഷം  ഉണ്ടായി.  കണ്ണിൽ പച്ച നിറം  വന്നടിഞ്ഞു കൂടി.. അപരിചിതത്വത്തിന്റെ , ഭയത്തിന്റെ പ്രാകൃത സ്വര്ഗങ്ങള് !മനുഷ്യ സമ്പർക്കമില്ലാത്ത തുരുത്തുകൾ.. ഈ കാൽപ്പാലം പോലെ അകന്നകന്നു ആദിയിലേക്കു  അലിയുന്നവ 
       എൻറെ അനിശ്ചിതത്വങ്ങൾ... അവൾ ഓർത്തു...  അരക്ഷിതത്വങ്ങൾ ,ഭ്രാന്ത് കലർന്ന ഭയങ്ങൾ, തനിച്ചുള്ള ചങ്ങാടമുന്തലുകൾ... നീ അറിയുന്നുണ്ടോ ? ചിരി പരത്തിയ മുഖത്തിന്റെ പിന്നിലേ എണ്ണാൻ  കഴിയാത്തത്ര ഭാവങ്ങൾ കാണുന്നുണ്ടോ ? ഇല്ല , പണ്ടെപ്പോഴോ അവൻ  പറഞ്ഞ പോലെ ദുഃഖ പര്യവസാനികൾ ഹൃദയത്തിൽ പറ്റിപ്പിടിച്ചു നിൽക്കും.. ഒരു നല്ല കഥയുടെ ജീവൻ അതിന്റെ അന്ത്യത്തിൽ അല്ലല്ലോ..ശരിയാണ്.. തിരിഞ്ഞു നോക്കാതെ നീ നടക്കുക എന്നെ തൊടരുത്,ഞാൻ ചിതറി ഒരായിരം കഷ്ണങ്ങൾ ആയി  തീരും !. എന്‍റെ കണ്ണിലേക്കു നോക്കരുത്... ചുംബിക്കരുത്... പേമാരിയായി പെയ്തു തീർന്നു പോവും ഞാൻ..നടന്നകലുക.. കാഴ്ച മങ്ങും വരെ നിന്നെ നോക്കി നിൽക്കാതെ ഞാനും നടക്കട്ടെ..  ശുഭം 

No comments:

Post a Comment