പുതുതായി ഒന്നും പറയാൻ ഇല്ലാത്തത് എന്ത് വിഷമം ഉള്ള കാര്യമാണ്
പുതുതായി ഒന്നും പറയാൻ ഇല്ലാതാവുമ്പോ പറയാൻ ഉള്ളത് കൂടെ കേൾക്കാൻ ആളില്ലാതാവും
പല ചോദ്യങ്ങളും
ചുറ്റുമുള്ള ഒറ്റപ്പെടലിൻ്റെ വലയത്തിനുള്ളിൽ പ്രകമ്പനം കൊണ്ടു മറ്റുള്ളവരുടെ കാതുകളെ തൊടാതെ എവിടെയോ ഇല്ലാതാകും
ഉത്തരമില്ലാതെ പോയ ആ ചോദ്യങ്ങളെ കുറിച്ചോർത്ത് രാത്രി മുഴുവന് ആലോചിച്ചു പോകും
വേദന ഉള്ള കാൽമുട്ട് തടവി
മിന്നാമിനുങ്ങിൻ്റെ വെളിച്ചമോ ഒറ്റകിളിയുടെ കരച്ചിലോ കേട്ട് ഓരോ മിനിറ്റിലും ടോർച്ചടിച്ച് പുറത്തേക്ക് നോക്കുന്ന ഭയചകിതയായ അവരെ എല്ലാവരും അൽപം മടുപ്പോടെ കാണും
ഇനി ജീവിതത്തില് നടക്കാൻ മരണം മാത്രം ബാക്കി ആവുമ്പോ സംഭാഷണങ്ങൾ ഉണങ്ങി വരണ്ടതാവും
പുതുതായി ഒന്നും പറയാൻ ഇല്ലെങ്കിലും
പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞാലും എല്ലാവരും എല്ലാവരെയും കേൾക്കാൻ ശ്രമിച്ചിരുന്നെങ്കിൽ!
ആവലാതികൾക്ക് ആശ്വാസം നൽകിയിരുന്നെങ്കിൽ!
പുതുതായി എന്തെങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കിൽ !