മരത്തിന് ചുറ്റും
വള്ളിപ്പടർപ്പുകൾ ആയിരുന്നു
അവയിലെല്ലാം നിറം പൊടിച്ചിട്ട പോലെ പൂക്കൾ ഉണ്ടായിരുന്നു
പതിഞ്ഞു മിണ്ടുന്നൊരാൾ
ആ പൂക്കൾ പോലെ ചിരിക്കുമായിരുന്നു
വെയില് പോലെ തെളിഞ്ഞ നിസംഗതയുള്ള ഒരുത്തിയോടു ഇവക്കൊക്കെ പ്രേമമായിരുന്നു
മലയിൽ പാറ അറ്റമില്ലാത്ത പോലെ നീണ്ടു. ഇടക്കു മണ്ണുള്ളിടത്ത് വളർന്ന പുല്ലിലെല്ലാം പൊട്ടു പോലെ പൂക്കൾ. മലയുടെ തുമ്പത്ത് ഒരു മരമുണ്ട്. മരത്തിൻ്റെ ചോട്ടിൽ ആരൊക്കെയോ കുടിച്ച കുപ്പികൾ ഉടഞ്ഞു മണ്ണോടു ചേർന്നത് പോലെ കിടക്കുന്നു. മരത്തിൻ്റെ ചില്ലകൾ യക്ഷിയുടെ മുടി പോലെ ഞങ്ങളെ മൂടി. ഞങ്ങളുടെ ഉമ്മകൾക്കിടയിൽ ആര്യേപ്പിലയുടെ കയ്പ്പ് പെട്ടു. പുറം ലോകത്ത് നിന്നു കാണാത്ത വിധം വേപ്പ് മരവും ഞങ്ങളും മറഞ്ഞിരുന്നു. ചുംബനങ്ങൾക്കു മഴയുടെ തണുപ്പ് തോന്നി, വേപ്പിലകളാൽ എൻ്റെ ചുണ്ടുകൾ മൂടിയപ്പോൾ അവൻ ചിരിച്ചു. ഇലകൾ മാറ്റാതെ തന്നെ വീണ്ടും ചുംബിച്ചു. സന്ധ്യയുടെ വെളിച്ചവും ഇരുട്ടും കുഴഞ്ഞ നേരത്ത് കയ്പും മധുരവും തൊട്ടെടുത്ത് സ്നേഹവും പ്രേമവുമല്ലാത്ത ചെറിയ വേദനയിൽ നിറഞ്ഞു ഞാൻ നിന്നു.