കവിത പോലെ
വരികൾ അറിയാത്ത ഈണം മാത്രമായി
ഹൃദയത്തില് കുരുങ്ങി കിടക്കുന്ന പാട്ടുപോലെ
നിന്നെയും ഞാൻ ഒരു ആശയം മാത്രമായി മറക്കുമോ എന്നോർത്ത് കുഴപ്പത്തിലായ എന്റെ മനസമാധാനം
ഇലകളും അവയെ ചുമക്കുന്ന തണുത്ത വേരുകളും കടും നീല നിറം വമിപ്പിച്ചുകൊണ്ടിരുന്ന ലോകം ആയിരുന്നു അത്.
മരിച്ചവരെല്ലാം ഊർജ്ജസ്വലതയോടെ എന്തൊക്കെയൊ ചെയ്തുകൊണ്ടിരുന്നു.
എന്റെ കുഞ്ഞു മീൻ പാത്രത്തിലെ
മീനിനെ പിടിക്കാൻ
അതിൽ ചാടിയ പൂച്ചക്കുഞ്ഞു മരിക്കാനായിരുന്നു.
ചൂട് കൊടുത്തു ഞാനതിനെ ചേർത്ത് പിടിച്ചു.
രണ്ടു വാതിലുകളിലേക്കും ഞാൻ നോക്കി. ഇവിടെ പോയാലാണ് ഇതിനെ രക്ഷിക്കാൻ കഴിയുക?
എന്ത് ചെയ്താൽ എന്റെ കുറ്റബോധം മാറും?
രണ്ടു വാതിലിന് മുൻപിലും
അകത്തെ കാര്യങ്ങൾ വിവരിക്കാൻ കുറച്ച് പേര് നിന്നിരുന്നു.
എനിക്ക് ഭയം തോന്നി
പൂച്ചയുടെ ജീവനു വേണ്ടി ഞാൻ വന്നതോ
അതോ എന്റെ ജീവനും കൊണ്ട്
പൂച്ച എന്നെ ഇവിടെ എത്തിച്ചതോ !
പൂമാല പുറത്തേക്ക് വീണു കിടക്കുന്ന എന്റെ പെട്ടിയിലേക്കും
പാതിയടഞ്ഞ എന്റെ കണ്ണുകളിലേക്കും
തണുത്ത നെറ്റിയിലേക്കും നോക്കികൊണ്ട് ഉമ്മറത്തെ തിരക്കിനിടയിൽ തൂണിൽ ചാരി നിന്ന് ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു