Wednesday, October 9, 2019

മല കയറി ഇങ്ങനെ പോവുകയാണ്. വെളിച്ചവും മരങ്ങളും ചേർന്ന് ഉണ്ടാക്കുന്ന തുരങ്കത്തിലൂടെ വണ്ടി പാഞ്ഞ് പോകുന്നു. പല കാരണങ്ങളാൽ ക്ഷീണിതരായ പല ഇടത്തിലേക്ക് പോകുന്നവരുടെ നിശ്വാസവും നെടുവീർപ്പുകളും. എനിക്ക് ഇപ്പൊൾ ഗൃഹാതുരത്വം ആണ് അനുഭവപ്പെടുന്നത്. ചാമ്പക്കയുടെ, പേരയ്ക്കയുടെ പുളിമാങ്ങയുടെ മണമാണ് അവയ്ക്ക്. ഒന്നിൽ പഠിപ്പിക്കുമ്പോൾ തെന്നി വീണു മുട്ട് പൊട്ടിയ വേദനയാണ്. മലമുകളിൽ താമസിച്ചിരുന്ന ഞങൾ പശുക്കളേയും ആടുകളെയും തീറ്റാൻ കൊണ്ടുപോയിരുന്നു മേടുകളുടെ മഞ്ഞുനനവാണ്. അമ്മവീട്ടിൽ നിന്ന് കിട്ടിയ മധുര കൊഴുക്കട്ടയും പതിമുഖ വെള്ളത്തിന്റെയും ലാളിത്യമാണ്. കൂട്ടുകാരിയുടെ വീട്ടിലെ ചീരതോരൻ പോലെ ഹൃദ്യമാണ്. ഇരുട്ടിൽ പെരുമഴ പെയ്യുമ്പോൾ മഴയുടെ നടുക്കിരുന്ന് ധ്യാനിക്കാൻ പഠിപ്പിച്ച ഇളയമ്മയുടെ ഹൃദയം പോലെ നിഷ്കളങ്കമാണ്. ചുറ്റും ഒച്ച പെരുത്ത് തകർന്നു വീഴുമ്പോൾ നെഞ്ചില് അല്പം  ശാന്തി ബാക്കി വെക്കാൻ ഞാൻ പിന്നീട് വീണ്ടും ഓർത്തു. സ്നേഹം നിറഞ്ഞു മനസ്സു പൊട്ടുന്ന പോലെ തോന്നുമ്പോ മുറിക്കുള്ളിൽ എവിടെയോ ഇരുന്നു എന്നെ അനുഗ്രഹിക്കുന്ന ദൈവത്തെ നോക്കി ചിരിക്കാനും നക്ഷത്രങ്ങളെ നോക്കി നോക്കി ഞാൻ ഇല്ലെന്ന് എന്നെ ഓർമ്മപ്പെടുത്താനും അങ്ങനെ എന്തൊക്കെയോ നിധി പോലെ എന്റെ ആത്മാവിൽ നിക്ഷേപിക്ക പ്പെടുന്നത്‌
മെല്ലെ മെല്ലെ ഞാൻ അറിഞ്ഞു.  

No comments:

Post a Comment