നീ ഉണ്ടെന്നും ഇല്ലെന്നുമുള്ള
ഉറപ്പുകളിലും ഉറപ്പില്ലായ്മകളിലും കുരുങ്ങിക്കിടക്കുന്ന
എന്‍റെ മനസമാധാനം !
Thursday, October 19, 2017
Wednesday, October 18, 2017
തിരിപോലെ കത്തിച്ചു ഇനി നീ കാത്തിരിക്കരുത്
ഓർമയുടെ തണുപ്പിടങ്ങളിൽ
എന്റെ പേര് കുത്തി നിറയ്ക്കരുത്
നീയും നീയുമായുള്ള വാഗ്‌വാദങ്ങളിൽ
എന്റെ നരച്ച ആത്മാവിനെ ന്യായീകരിക്കരുത്
സ്വപ്നങ്ങളുടെ ആഴക്കയത്തിൽ
എന്റെ ഹൃദയത്തുരുത്തിലേക്കുള്ള വഴി തേടരുത്
എന്റെ കണ്ണീരിന്റെ ചിലമ്പൽ കേൾക്കാൻ പാകത്തിന്
നിന്റെ ഉള്ളിലെ ശബ്ദങ്ങളെ വെട്ടിയൊതുക്കരുത്
കരിഞ്ഞു തുടങ്ങുന്ന മുറിവുകളെ വീണ്ടും വലുതാക്കരുത്
നിന്റെ ആത്മാവിന്റെ
മൃദുല ചര്മത്തിലെന്റെ ചിത്രം പച്ച കുത്തരുത്
അറ്റമില്ലാത്ത താഴേക്കു വലിക്കുന്ന
ഇരുട്ടിന്റെ തിരികല്ലുകളിലാണ് എന്റെ ഹൃദയം ഉറങ്ങുന്നത്
അതിനെ പൊതിയുന്ന ആയിരം കണ്ണുകൾ
കാഴ്ചയും ചോരയുമില്ലാത്ത പ്രേതങ്ങളെ പ്രസവിക്കുന്നു
എന്റെയും നിന്റെയും ഉലകങ്ങൾ രണ്ടാവട്ടെ
മയക്കത്തിന്റെ നിലാവുള്ള കിനാക്കാടുകളിൽ നാമിനി കണ്ടുമുട്ടാതിരിക്കട്ടെ
സ്നേഹത്തെ കോർത്തിട്ട ചൂണ്ടയിൽ
നിന്റെ പാവം ആത്മാവ് കൊത്തി വലിയാതിരിക്കട്ടെ
എനിക്ക് നീയും നിനക്ക് ഞാനുമുള്ള നുണക്കഥ
മറവിയുടെ കടലിലേക്കു എറിഞ്ഞു കളയാം
Saturday, September 23, 2017
പെൺചിലന്തി
വാകപ്പൂക്കളുടെ ഇതളുകൾ ഉണക്കി
ഞാൻ നിനക്കയച്ച കുറിപ്പുകൾ
നീ എന്നും പ്രാണനോട് ചേർത്തുവെച്ചു ...
എന്‍റെ ഹൃദയം പോലെ ക്രൂരമായ,
എന്‍റെ കൈകളിലെ കൊലച്ചോര വീണ, കനിവില്ലാത്ത വിഷപ്പൂക്കൾ ആണെന്നറിയാതെ നീ
നീലച്ചു മരിച്ചു
സത്യത്തിൽ കറുപ്പ് കലക്കി
ഞാൻ നിനക്ക് കുടിക്കാൻ തന്നത്
നരക തീ ആയിരുന്നു
ഹൃദയം പൊട്ടിപ്പൊളിഞ്ഞു
ജീവനിൽ മുറിവേറ്റു
നിന്‍റെ ആത്മാവ് മരുക്കാട്ടിലൂടെ അലയുന്നത്
ഈ ഇരുട്ടിൽ ഇരുന്നു നിസ്സംഗതയോടെ ഞാൻ കണ്ടു
നീ അറിഞ്ഞില്ല
എന്‍റെ പ്രേമം മുഴുവൻ അർപ്പിക്കാനായി ഞാൻ തേടിയിരുന്നത്
നരകത്തിന്റെ ഛായ ഉള്ള മരണത്തെ
ആയിരുന്നെന്ന് !
Friday, September 22, 2017
ശാന്തി കിട്ടാൻ നീ ദൂരേക്ക് പോകണം
എന്‍റെ കണ്ണിൽ നിന്ന് മറഞ്ഞത് കൊണ്ടായില്ല
ഭ്രാന്തനായി അലഞ്ഞിട്ടും കാര്യമില്ല
ആത്മാവ് കൊണ്ട് അകലൂ
എന്‍റെ വിറങ്ങലിച്ച കണ്ണീർ വീണു നിന്‍റെ ജീവൻ നനയാതിരിക്കട്ടെ
നിന്‍റെ നെഞ്ചിന്റെ പിടച്ചിൽ ഞാൻ കേൾക്കാതിരിക്കട്ടെ
ഇരുട്ടും വഞ്ചനയും വിഷവും മാത്രമേ ഇവിടെയുള്ളൂ
പുകയുന്ന , ക്രൂരതയുള്ള നിത്യമായ നരകമാണിത്
ദൂരേക്ക് പോകൂ
ആത്മാവ് കൊണ്ട് അകലൂ
Tuesday, August 29, 2017
'ഊരുതെണ്ടി'
ഇനിയും വൈകിയാൽ അവസാന ബസും പോകും . ഇരുട്ടിൽ നഗരത്തിന്റെ ഭയാനകതയിൽ ഞാൻ നഷ്ടപ്പെടും . പ്രപഞ്ചമേ പൊറുക്കൂ.. 200 നയാ പൈസക്കുള്ള വഴി കാണിക്കൂ ..
അഭിമാനം ,സ്വയംപര്യാപ്തത ,നാണം. മാനം എന്നതൊക്കെ വെറും പൊള്ളയായ സങ്കല്പങ്ങളായിരിക്കണം . കാരണം അപരിചിതനായ ഒരു വൃദ്ധനോട് അടുത്ത നിമിഷം ഞാൻ 2 രൂപയ്ക്കു വേണ്ടി കൈ നീട്ടി.
അവിശ്വസനീയത , സംശയം , സഹതാപം,പുച്ഛം അങ്ങനെ പല പ്രതികരണങ്ങളും ...
ഞാൻ ശബ്ദം വിറച്ചു കരയാതിരിക്കാൻ പാട് പെട്ട് നിലത്തു നോക്കി. അദ്ദേഹം ദൈന്യതയോടെ എന്നെ നോക്കി. എവിടേക്കു പോകുന്നുവെന്ന് തിരക്കി. വാക്കുകൾ തേങ്ങലിൽ കുരുങ്ങി തൊണ്ടയിൽ തടഞ്ഞു പോയിരുന്നു .. 10 രൂപ എടുത്തു നീട്ടി അയാൾ ." 2 രൂപ മതി"
ഞാൻ പറഞ്ഞു ."വെച്ചോളൂ എന്റെ കയ്യിൽ ചില്ലറ ഇല്ല.". നന്ദിക്കു പകരം രണ്ടു തുള്ളി കണ്ണീർ പുറത്തേക്കു ചാടി. .. തല ഉയർത്താതെ ഞാൻ തിരിഞ്ഞു നടന്നു. പള്ളിയുടെ ഗേറ്റിൽ സ്ഥിരം കാണാറുള്ള ഭിക്ഷക്കാരിയെ ഇന്ന് കാണുന്നില്ല. വിയർക്കുന്ന നഗരത്തിന്റെ തിരക്കിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഞാൻ നടന്നു
ലോക യുദ്ധങ്ങൾ
വിട ..
ഒരു നിമിഷത്തിന്റെ പകുതി മാത്രം ആവശ്യമുള്ള സംഗതിയാണ്
ഒരു മഴതുള്ളി നിലത്തു വീണുടയുന്നതിന്റെ
അത്ര ലാഘവമുള്ളത്
പക്ഷെ ഈ മെല്ലെയുള്ള മരണങ്ങൾ
അതി ദൈന്യമാണ്
മരുക്കാറ്റിന്റെ ചൂടും പൊടിയുമുള്ള വിങ്ങൽ
ഹൃദയത്തെ ബാധ പോലെ വലയ്ക്കുന്നു
ഞാൻ ഒന്നുമില്ലായ്മയുടെ
കറുത്ത കയ്പ്പിൽ വീണു പൊലിയുന്നു
നുണയുടെ വിരിയിട്ടു വെച്ചതെല്ലാം
വെളിവായി
ആത്മാവിൽ പടുകുഴികൾ തീർക്കുന്നു
മരിച്ചത് മണ്ണിനും ചെളിക്കും അവകാശപ്പെട്ടതല്ലേ
എന്റെ ആത്മാവിനെ ഇരുട്ടിനു പണ്ടേ ഞാൻ തീറെഴുതി കഴിഞ്ഞതല്ലേ
നീ പോകൂ
വെളിച്ചവും ഇരുട്ടും ഒന്നിക്കുന്നത്
ദുരന്തമാണ്...
അന്ത്യമാണ് ..
പറന്നകലൂ
മരിച്ചവയെ മണ്ണിനു വിടൂ