Friday, September 22, 2017

ശാന്തി കിട്ടാൻ നീ ദൂരേക്ക് പോകണം
എന്‍റെ കണ്ണിൽ നിന്ന് മറഞ്ഞത് കൊണ്ടായില്ല
ഭ്രാന്തനായി അലഞ്ഞിട്ടും കാര്യമില്ല
ആത്മാവ് കൊണ്ട് അകലൂ
എന്‍റെ വിറങ്ങലിച്ച കണ്ണീർ വീണു നിന്‍റെ ജീവൻ നനയാതിരിക്കട്ടെ
നിന്‍റെ നെഞ്ചിന്റെ പിടച്ചിൽ ഞാൻ കേൾക്കാതിരിക്കട്ടെ
ഇരുട്ടും വഞ്ചനയും വിഷവും മാത്രമേ ഇവിടെയുള്ളൂ
പുകയുന്ന , ക്രൂരതയുള്ള നിത്യമായ നരകമാണിത്
ദൂരേക്ക് പോകൂ
ആത്മാവ് കൊണ്ട് അകലൂ

Tuesday, August 29, 2017

'ഊരുതെണ്ടി'

എനിക്ക് വേണ്ടത് രണ്ടു രൂപയാണ് .വെറും രണ്ടു രൂപയെന്നോ ഒരു വലിയ തുക എന്നോ സാഹചര്യങ്ങൾക്ക് അനുസരിച്ചു വിശേഷിപ്പിക്കാവുന്നതാണല്ലോ പണം . ഇപ്പോൾ അത്  തുക തന്നെ. കാരണം സുരക്ഷിത സ്ഥാനത്തെത്താൻ  രണ്ടു രൂപ കൂടെ ആവശ്യമുണ്ട് .കുടിക്കാൻ കുറച്ചു വെള്ളവും അല്പം ഭക്ഷണവും  വേണം. പക്ഷെ പെണ്ണിന് ഈ നാട്ടിൽ വിശപ്പിനേക്കാളും മുൻഗണന കൊടുക്കേണ്ടത് സുരക്ഷിതത്വത്തിനാണല്ലോ .വെള്ള ചായമടിച്ച പള്ളി എന്റെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിന്നു . നേരം 9  കഴിയാനായി .പ്രാർത്ഥിക്കാനെത്തിയ വിശ്വാസികളും പള്ളി കാണാൻ വന്നവരും അവിടം വിട്ടു തുടങ്ങി. എന്റെ കണ്ണിൽ നിന്ന് അറിയാതെ പുറത്തേക്കു ഒഴുകി കൊണ്ടിരുന്ന കണ്ണീർ അടുത്തിരുന്നയാളുടെ രണ്ടു  വയസോളം പ്രായം ഉള്ള കുട്ടി ശ്രദ്ധിക്കുന്നു. ഇല്ല !  ശാന്തത ആണ് ആദ്യ നിയമം . എങ്ങനെ ഇവിടെ വന്നു പെട്ടെന്നും 2 രൂപയുടെ കുറവ് എങ്ങനെ വന്നെന്നും ഓർത്തു പോയി . പലപ്പോഴായി പാഴാക്കിയ നോട്ടുകളും  നാണയങ്ങളും  ഓർത്തു തല പെരുത്തു .
ഇനിയും വൈകിയാൽ അവസാന ബസും പോകും . ഇരുട്ടിൽ നഗരത്തിന്റെ ഭയാനകതയിൽ ഞാൻ നഷ്ടപ്പെടും . പ്രപഞ്ചമേ പൊറുക്കൂ.. 200 നയാ പൈസക്കുള്ള  വഴി കാണിക്കൂ ..
     അഭിമാനം ,സ്വയംപര്യാപ്തത ,നാണം. മാനം എന്നതൊക്കെ വെറും പൊള്ളയായ സങ്കല്പങ്ങളായിരിക്കണം . കാരണം അപരിചിതനായ ഒരു വൃദ്ധനോട് അടുത്ത നിമിഷം ഞാൻ 2 രൂപയ്ക്കു വേണ്ടി കൈ നീട്ടി.
അവിശ്വസനീയത , സംശയം , സഹതാപം,പുച്ഛം   അങ്ങനെ പല പ്രതികരണങ്ങളും ...
 ഞാൻ ശബ്ദം വിറച്ചു കരയാതിരിക്കാൻ പാട് പെട്ട് നിലത്തു നോക്കി. അദ്ദേഹം ദൈന്യതയോടെ എന്നെ നോക്കി. എവിടേക്കു പോകുന്നുവെന്ന് തിരക്കി. വാക്കുകൾ തേങ്ങലിൽ കുരുങ്ങി തൊണ്ടയിൽ തടഞ്ഞു പോയിരുന്നു .. 10  രൂപ എടുത്തു  നീട്ടി അയാൾ ." 2  രൂപ മതി"
ഞാൻ പറഞ്ഞു ."വെച്ചോളൂ എന്റെ കയ്യിൽ ചില്ലറ ഇല്ല.". നന്ദിക്കു പകരം രണ്ടു തുള്ളി കണ്ണീർ പുറത്തേക്കു ചാടി. .. തല ഉയർത്താതെ ഞാൻ തിരിഞ്ഞു നടന്നു. പള്ളിയുടെ ഗേറ്റിൽ സ്ഥിരം കാണാറുള്ള ഭിക്ഷക്കാരിയെ ഇന്ന് കാണുന്നില്ല. വിയർക്കുന്ന നഗരത്തിന്റെ തിരക്കിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഞാൻ നടന്നു

ലോക യുദ്ധങ്ങൾ

ഒരു യുദ്ധം അവസാനിച്ചു 
നാം രണ്ടും അറിയാതെ ആരംഭിച്ച യുദ്ധം ..
തമ്മിൽ അറിയാതെയുള്ള യുദ്ധം 
നിന്റെ ഓർമകളിൽ നിന്ന് ഇടം നഷ്ടപ്പെട്ടു ഞാൻ തോറ്റു 
ഹൃദയത്തിൽ നിന്ന് രക്തം പൊടിഞ്ഞു നീയും തോറ്റു 
 യുദ്ധം തോറ്റു  പിരിയുമ്പോൾ ചോര വീണു മണ്ണ് പോലെ നമ്മുടെ മനം കറുത്തു 
ആരും ജയിച്ചില്ല 
യുദ്ധങ്ങൾ അങ്ങനെ ആണല്ലോ !

വിട ..

മരണം ...
ഒരു നിമിഷത്തിന്റെ പകുതി മാത്രം ആവശ്യമുള്ള സംഗതിയാണ്
ഒരു മഴതുള്ളി നിലത്തു വീണുടയുന്നതിന്റെ
അത്ര ലാഘവമുള്ളത്
പക്ഷെ ഈ മെല്ലെയുള്ള മരണങ്ങൾ
അതി ദൈന്യമാണ്‌
മരുക്കാറ്റിന്റെ ചൂടും പൊടിയുമുള്ള വിങ്ങൽ
ഹൃദയത്തെ ബാധ പോലെ വലയ്ക്കുന്നു
ഞാൻ ഒന്നുമില്ലായ്മയുടെ
കറുത്ത കയ്പ്പിൽ വീണു പൊലിയുന്നു
നുണയുടെ വിരിയിട്ടു വെച്ചതെല്ലാം
വെളിവായി
ആത്മാവിൽ പടുകുഴികൾ തീർക്കുന്നു
മരിച്ചത് മണ്ണിനും ചെളിക്കും  അവകാശപ്പെട്ടതല്ലേ
എന്റെ ആത്മാവിനെ ഇരുട്ടിനു പണ്ടേ ഞാൻ തീറെഴുതി കഴിഞ്ഞതല്ലേ
നീ പോകൂ
വെളിച്ചവും ഇരുട്ടും ഒന്നിക്കുന്നത്
ദുരന്തമാണ്...
 അന്ത്യമാണ് ..
പറന്നകലൂ
മരിച്ചവയെ മണ്ണിനു വിടൂ 
കടലിൽ പെയ്യുന്ന മഴയും
 ചങ്കിൽ കുളിരു നിറക്കുന്ന കാറ്റും
നിന്റെ കരളു പോലെ കനിവുള്ള നിലാവും
 നനുത്ത പുലര്കാലങ്ങളും
തിരകളുടെ പാട്ടും
ഇന്ന് എന്റെ പ്രാണനിൽ വിള്ളലാകുന്നു
പറയാൻ  വെച്ചതെല്ലാം
തേങ്ങലും കിതപ്പും ചേർന്ന്
കൊള്ളിയാൻ പോലെ
നെഞ്ചിലാകെ പിടപിടക്കുന്നു 

Saturday, July 22, 2017

നിന്റെ ചോര മഷിയാക്കി
ഞാൻ എഴുതിയ കവിത
ഇന്ന്   ഇരുട്ടിൽ വന്നെന്റെ കഴുത്തു ഞെരിക്കുന്നു
നമ്മൾ ഒരുമിച്ചു പൂക്കാൻ കാത്തുവെച്ച
സ്വപ്നങ്ങളുടെ നിറമുള്ള നാളെകൾ
എന്റെ നുണയുടെ വിഷം തൊട്ടു നൊന്തു പിടയ്ക്കുന്നു 
കാട്ടുമുല്ല  പൂക്കാരിയെ ഭയക്കുന്നില്ല
ആത്മാവ് തൊട്ട പ്രണയം വിരഹത്തെയും !