നിന്‍റെ മുഖത്തിന്‍റെ സ്ഥാനത്ത് ഇരുട്ട് ..
ശബ്ദത്തിനൊപ്പം അനങ്ങുന്ന കണ്ണുകള്‍
കാണാന്‍ കഴിഞ്ഞില്ല ..
മങ്ങിയ വെളിച്ചത്തില്‍ നുരഞ്ഞ പകലുകള്‍...
കൊതുകും ചൂടും പുകകൊട്ടാരത്തില്‍ നിറഞ്ഞു പരന്നു
നിന്നെ പ്രണയിച്ചു ..
ഉറക്കവും മയക്കവും സ്വപ്നവും സത്യവും
ഒന്നായി ഒഴുകിനിറഞ്ഞ എന്‍റെ ബോധപ്പുഴകളില്‍
നിന്‍റെ ഓര്‍മ പായല്‍ പോലെ പടര്‍ന്നു
പൊട്ടിച്ചിരികളുടെ കിടങ്ങുകളിലേക്ക്
ഒരുമിച്ചു എടുത്തു ചാടാനും
രാവും പകലും തമ്മില്‍ വേര്‍തിരിക്കുന്ന
അതിരുകള്‍ വരെ നീന്താനും
എന്‍റെ ചുവന്ന പൊട്ടുകളുടെ നിറം കൂട്ടാനും
ശക്തമായ സ്നേഹത്താല്‍ എന്നെ കടപുഴക്കി എറിയാനും
ഇനി നീ ഇല്ലെന്നറിഞ്ഞു
വിങ്ങി എന്‍റെ ശ്വാസം പിടക്കുമ്പോള്‍
കാലത്തിന്‍റെ ഏതോ കോണില്‍ നിന്നു
വെളിച്ചത്തേക്ക് തെളിഞ്ഞു വന്ന ഒരു മുഖം കാണാം,
എന്‍റെ ഹൃദയമിടിപ്പോളം നേര്‍ത്ത
ഒരു തീവണ്ടിയുടെ കൂകല്‍ കേള്‍ക്കാം