Saturday, October 31, 2015

ഇരുട്ടിന്‍റെ നിറം

രാവ് എല്ലാം ഒന്നാക്കി മാറ്റും...
വരണ്ട നിലമെന്നോ മഴക്കാടെന്നോ
മലകളെന്നോ താഴ്വര എന്നോ വിത്യാസപ്പെടുത്താതെ
മണ്ണായ മണ്ണിനെല്ലാം ഒരേ നിറം കൊടുക്കും...!
ഇവിടെ ആകാശം മണ്ണില്‍ വന്നു മുട്ടുന്ന ഈ ശൂന്യതയില്‍
ഞാന്‍ ....
അന്ന്... നക്ഷത്രങ്ങളുടെ കൊട്ടാരത്തിലെ തണുപ്പില്‍
 ഞാന്‍ വരച്ച , നീ നിറം കൊടുത്ത ആ സ്വപ്‌നങ്ങള്‍
കഷ്ണങ്ങളായി പൊട്ടി ചിന്നി ചിതറി പറന്നു പോയി...
രക്തക്കുഴലുകള്‍ പോലെ വളഞ്ഞു പുളഞ്ഞു സങ്കീര്‍ണമായ തെരുവുകളുടെ വെളിച്ചം മാത്രം കാണാം അങ്ങകലെ
അറ്റം മുറിച്ച മുടിയഴിചിട്ട അരയാല്‍ എന്നെ ഭയപെടുത്തി
വഴിയങ്ങനെ നീണ്ടു പായവേ എനെ കണ്ണുകള്‍ മാത്രം കാണുന്ന ചില നിറങ്ങള്‍ ഒപ്പിയെടുത്തു ഞാനെന്‍റെ മനസഞ്ചിയില്‍ പെറുക്കി വെച്ചു...
നിയോണ്‍ബള്‍ബുകളുടെ മഞ്ഞമണത്തിനു കീഴില്‍ എങ്ങുമെത്താതെ
വഴിയുടെ കറുപ്പില്‍ അലിഞ്ഞ് ഞാന്‍ !
ആകാശം കുട പോലെ എല്ലാ അരികുകളും മണ്ണില്‍ മുട്ടിച്ചു ഇപ്പോള്‍
എനിക്ക് ചുറ്റും നിവര്‍ന്നു
മണ്ണില്‍ മുഖം അമര്‍ത്തി ഞാന്‍ പടര്‍ന്നപ്പോള്‍ ,
എന്നെ മാത്രം ലോകമെന്നാക്കി ആകാശം എന്നെ മൂടിയപ്പോള്‍ ,
നക്ഷത്രബംഗ്ലാവ് ഞാനായി മാറി
അരികു ചെത്തിയ ചന്ദ്രനും വെള്ളിപ്പൊട്ടുകളായി നക്ഷത്രങ്ങളും....
നീ മാത്രം ഇല്ല  !
ഏകാന്തത കാച്ചിക്കുടിച്ചു ഞാന്‍ അങ്ങനെ കാത്തു കിടന്നു
മണ്ണിന്റെയും വിണ്ണിന്‍റെയും  സിദ്ധാന്തങ്ങള്‍
 ഒന്നാണോ എന്നറിയാന്‍...

No comments:

Post a Comment