Friday, July 3, 2020

ജനലുകൾ അടച്ചതറിയാതെ
മുറിക്കുള്ളിൽ ഒരു മിന്നാമിനുങ്ങ് കുടുങ്ങി
അതിന്റെ വെളിച്ചം എന്റെ മുറിയെ പൗർണമി രാത്രിയാക്കി
മുകളിൽ നിന്നൊരാൾ ആറ് കൽഭരണികളിൽ നിന്നുള്ള മുഴുവൻ വീഞ്ഞും മഴയായി ഒഴുകുന്നുണ്ടായിരുന്നു
അരണ്ട വെളിച്ചത്തിൽ ഭിത്തി നിറയെ ഞാൻ എഴുതി
കണ്ണുകൾ അടച്ച്
വിരൽ കൊണ്ട് അതിന്റെ ഉയർച്ച താഴ്ചകൾ
കണ്ടുപിടിച്ചു എഴുതി
മിന്നാമിനുങ്ങ് മരിച്ചിരുന്നു
അതിന്റെ കെട്ടുപോയ ജീവനെ  ഓർത്തു ഒരു കാറ്റ് വീശി
എന്നെ ഉപദ്രവിച്ചവരേ
നിങ്ങളോട് ഞാനിതാ ക്ഷമിക്കുന്നു
ഞാൻ ഉപദ്രവിച്ചവരേ
നിങ്ങളെന്നോട് ക്ഷമിക്കൂ
കുറ്റബോധത്തിന്റെയും
പുനർജനനത്തിന്റെയും
സുവിശേഷമാണ് ഞാൻ എഴുതുന്നത്
മിന്നാമിനുങ്ങിന്റെയും
അനേകം നിശാശലഭങ്ങളുടെയും
മൃതദേഹങ്ങൾ സാക്ഷി
എന്റെ ഭാരിച്ച ഹൃദയം സാക്ഷി

No comments:

Post a Comment