Tuesday, May 12, 2020

ഋഷികേശ്


ഹരിദ്വാറിലേക്കുള്ള ബസിലാകെ കഞ്ചാവിന്റെ മണവും പുകയും നിറഞ്ഞു നിന്നു. ഇടയ്ക്കിടക്ക് ഓറഞ്ചു വസ്ത്രങ്ങൾ ധരിച്ച അവരെല്ലാവരും ഹര ഹര മഹാദേവ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടുമിരുന്നു. ആ ബസ് നിറച്ചു തീർത്ഥാടകരാണ്; ഞാനൊഴികെ.  പോകുന്ന വഴിയിലൊക്കെ നടന്നു ഗംഗയിലേക്കു പോകുന്ന ഓറഞ്ചു മനുഷ്യരാണ്. പെരുമഴയാണ്. പിഞ്ചു കുഞ്ഞുങ്ങളെ തോളിൽ എടുത്തുനടക്കുന്നവരും ഊന്നു വടി  കുത്തി നീങ്ങുന്നവരും ഗർഭിണികളും വൃദ്ധരും  വഴിയിലൊക്കെ കണ്ടപ്പോൾ ഞാൻ ശരിക്കും അതിശയിച്ചു. ഹരിദ്വാർ, മഴ വെള്ളവും ഓടകളും ഗംഗയും ചേർന്ന് ചെളിക്കുളം പോലെയായിരുന്നു. ഞാൻ ആ ചെളിയിലിറങ്ങി ഋഷികേശിലേക്കുള്ള ബസിൽ കയറിയിരുന്നു. രാം ജൂലയുടെ അടുത്തായിരുന്നു  മുറി എടുത്തത്. മഴയത്ത്  ചുരം  കയറി ഞാൻ മുറിയിലേക്ക് നടന്നു. ആ മലയിൽ നിറയെ ധ്യാനത്തിനും യോഗ പഠിക്കാനും ഒക്കെ പല രാജ്യങ്ങളിൽ നിന്നെത്തുന്ന ആളുകൾക്ക് വേണ്ടിയുള്ള ഹോട്ടലുകളും റിസോർട്ടുകളും യോഗ സെന്ററുകളും ഉണ്ടായിരുന്നു. എന്റെ യാത്രയുടെ പ്രധാന ലക്ഷ്യം അങ്ങനെ ധ്യാനം പഠിക്കാൻ വന്ന ബീറ്റിൽസ് അംഗങ്ങൾ താമസിച്ച ആശ്രമം കാണുക എന്നതായിരുന്നു. ലക്ഷ്മൺ ജൂലയും രാം ജൂലയും ഗംഗ ക്കു കുറുകെ ഉണ്ടാക്കിയ തൂക്കുപാലങ്ങൾ ആണ്. മഴയും മലവെള്ളപ്പാച്ചിലും കാരണം ലക്ഷ്മൺ പാലം അടച്ചിരുന്നു. ഞാൻ രാം ജൂല കടന്നു ആശ്രമത്തിലേക്കു നടന്നു . മഴ, കൂരയില്ലാത്തവർക്ക് ദുരന്തം തന്നെ ആണ്. വഴിക്കച്ചവടക്കാരും വയസായ ബാബമാരും ഭിക്ഷക്കാരും  മഴയത്ത് വിഷമിച്ച് വിറച്ച് നിൽക്കുന്ന വഴിയിലൂടെ ഞാൻ ചെറിയ മല കയറി ആശ്രമത്തിൽ എത്തി. ലക്ഷങ്ങൾ തീർഥാടകരായി എത്തുന്ന. ഗംഗ ആരതി ദിവസവും നടക്കുന്ന, പുണ്യ ഗംഗയുടെ തീരമായ ,  ഋഷികേശിൽ  ബീറ്റിൽസ് ആശ്രമം

ആരും കാണപ്പെടാത്ത

 ഒരു കോണിൽ പായലും വള്ളിപ്പടർപ്പും കയറി ശാന്തമായി നിൽപ്പുണ്ടായിരുന്നു .

 1968 ലാണ് ബീറ്റിൽസ് അംഗങ്ങൾ transcendental മെഡിറ്റേഷൻ പഠിക്കാൻ മഹാ ഋഷി മഹേഷ് യോഗിയുടെ ആശ്രമത്തിൽ എത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇന്ത്യൻ ആത്മീയതയും ധ്യാന സംസ്കാരവും കടന്നു ചെല്ലാൻ ഇത് വലിയ ഒരു കാരണവുമായി. ഉപേക്ഷിക്കപ്പെട്ട ആശ്രമം പിന്നീട് 2015 ൽ ബീറ്റിൽസ് ആശ്രമമെന്ന പേരിൽ സഞ്ചാരികളെ ആകർഷിച്ച് തുറന്നിട്ടു . 

പഴയ പ്രസ്സും ധ്യാനത്തിന് വേണ്ടി ഉണ്ടാക്കിയ ഗുഹകളും കടന്നു മലയുടെ മുകളിൽ എത്തുമ്പോൾ അവിടെ ഒരു ചെറിയ മരക്കുടിൽ ഉണ്ട്. അവിടെ ഇരുന്നാൽ താഴെ ഗംഗ മെല്ലെ ഒഴുകുന്നത് കാണാം. ഞാൻ അവിടെ ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു ഇരുന്നു. ഇൗ ആശ്രമത്തിൽ സമയം എന്നൊന്നില്ല എന്ന് തോന്നി. മഴ കുടിച്ചു പച്ച പടർന്ന പഴയ മുറികളും 'അവരുടെ' സംഗീതവും ധ്യാനത്തിന്റെ നിശബ്ദതയും കുഴഞ്ഞു പറ്റിപ്പിടിച്ച് നിൽക്കുന്ന മരച്ചോടുകളും കുടിലുകളും ഋതുക്കൾ അനുസരിച്ച് പഴയവരുടെ പ്രേതങ്ങൾ പല രൂപത്തിൽ നമ്മളെ കാത്തു നിൽക്കുന്ന ചില മൂലകളും കോണുകളും എന്നെ ഇരുട്ടാവുന്നത് വരെ അവിടെ പിടിച്ചിട്ടു. 

മരക്കുടിലിന് കുറച്ച് മുന്നിലിലായി ഒരു പഴയ ബെഞ്ചിൽ ഒരാൾ വന്നിരുന്നു. ഞാൻ അല്ലാതെ ആശ്രമത്തിൽ മറ്റൊരു മനുഷ്യനെ ഇപ്പോഴാണ് കാണുന്നത്. അയാളും എഴുതുന്നുണ്ട്. ചാറ്റൽ മഴ തുടങ്ങി. ഞാൻ മെല്ലെ തിരിച്ചു നടന്നു തുടങ്ങി . കുടയില്ലാത്ത അയാളും നടക്കുന്നുണ്ടെന്നു തോന്നിയത് കൊണ്ട് ഞാൻ കുറച്ച് നേരം കാത്ത് നിന്നു. മിണ്ടാതെ മഴയത്ത് തമ്മിൽ അറിയാത്ത ഞങൾ പാലത്തിന്റെ അടുത്തുള്ള കടകൾക്ക് മുന്നിൽ എത്തി. നന്ദി പറഞ്ഞു  ഭക്ഷണം കഴിക്കാൻ പോവുന്ന കാര്യം പറഞ്ഞപ്പോൾ ഞാനും അയാളുടെ ഒപ്പം ആ കടയിലേക്ക് കയറി. അന്നത്തെ ദിവസം ഞാനാകെ കഴിച്ചത് ഒരു ആപ്പിൾ ആയിരുന്നു. അയാള് സംസാരിച്ചത് കണക്കിനെ കുറിച്ചായിരുന്നു. കണക്ക് നമ്മൾ കണ്ട് പിടിച്ചതാണോ അതോ പ്രപഞ്ചത്തിലെ കണക്ക് എന്ന ആശയം നമ്മൾ മനസിലാക്കിയതോ ? സ്നേഹവും  അതുപോലെ മനുഷ്യ നിർമ്മിത സംഗതി ആണോ. അതോ പ്രപഞ്ചതിന്റെ രഹസ്യമാണോ. ഞാൻ ആലോചിച്ചു കൊണ്ടേയിരുന്നു. അയാള് കുറെ പുസ്തകങ്ങൾ പരിചയപെടുത്തി. ഞാൻ തിരിച്ചും . പാലത്തിന്റെ അപ്പുറത്ത് ഉള്ള മുറിയിലേക്ക് ഞാൻ പോകാൻ തുടങ്ങിയപ്പോൾ അയാള് യാത്ര പറഞ്ഞു. പേരു പറയണ്ട ആവശ്യമില്ലാത്ത ഇത്തരം ആദ്യത്തെയും അവസാനത്തേയും കണ്ടുമുട്ടലുകൾ ആണ് എന്റെ യാത്രകളുടെ ഭംഗി എന്നാലോചിച്ച് ഞാൻ മുറിയിലേക്ക് പോയി. 

പിറ്റേന്ന് വെളുപ്പിന് ആരതി കാണണം എന്നോർത്ത് കിടന്ന ഞാൻ ഋഷികേഷിന്റെ തണുപ്പുള്ള മഴയുടെ താളത്തിൽ ഒരുപാട് നേരം ഉറങ്ങിപ്പോയി. പിറ്റേന്ന് അടച്ചിട്ട ലക്ഷ്മൺ പാലത്തിലൂടെ ചെറിയ വിടവ് കടന്നു ഞാൻ അക്കരെയെത്തി. അവിടെ മുഴുവൻ ആശ്രമങ്ങൾ ആയിരുന്നു. ഒരുപാടു യോഗികൾ നടന്നു പോകുന്ന വഴിയിൽ എന്നെ കൈ ഉയർത്തി അനുഗ്രഹിച്ചു.   ഋഷികേശിന്റെ ശാന്തഭാവം എന്നെ ചെറുതായി ബാധിച്ചു. ഗംഗയുടെ തീരത്ത് തിരിച്ചു പോകാൻ മടിച്ചു ഞാൻ എത്ര നേരമിരുന്നെന്ന് ഓർമ ഇല്ല. കാവിനിറമുള്ള ആൾക്കൂട്ട ക്കടലിനൊപ്പം ഞാനും ഒഴുകി. വഴിക്കച്ചവടക്കാരുടെ പതിഞ്ഞുള്ള പാട്ടും കാലിൽ തട്ടുന്ന മഴവെള്ളത്തിന്റെ തണുപ്പും ഞാനായി മാറി.  ഗംഗയിലെ ചെറു വെള്ളത്തുള്ളികളും ഇരുവശത്തും ഉള്ള മലയിലെ 
 കടുത്ത പച്ചക്കാടും എന്റെ ഹൃദയത്തിലേക്ക് പടർന്നു.

No comments:

Post a Comment