Tuesday, August 30, 2016

അസംബന്ധം

വലുതായി വളര്‍ന്നു ,
വേരുകളില്‍ നിന്നറ്റ്  ,
ഉയര്‍ന്നു മുകളില്‍ എത്തിക്കഴിഞ്ഞാല്‍
പിന്നൊരു തിരിച്ചുവരലുണ്ട് !
അതിശക്തിയില്‍ ,
 വേഗത്തില്‍ ,
 തിരിച്ച് ,
വേരുകളിലേക്ക് ,
ഏറ്റവും താഴ്ന്ന മണ്ണിന്‍റെ തണുപ്പിടങ്ങളിലേക്ക് ,
ജനിമൃതിയുടെ  രഹസ്യങ്ങളിലേക്ക്  ,
അനന്തതയുടെ അസ്തിത്വം ഒരു കൈയില്‍ ഒതുക്കിപ്പിടിച്ച് !
ആ തിരിച്ചുപോക്കിലേക്കുള്ള യാത്രയാണ് ഓരോ ജീവിതവും !

Sunday, August 14, 2016

With love

Everything has changed
My love for you hasn’t
They say you are the bad guy
They warn me not to fall for you
I can’t help but only love you even more
I can never forget the moments,
Where you stood for me
When everything went wrong,
You made me believe that this too will pass!
I remember the sleepless nights
The blurry mornings
When I could feel your sweet warm breath
 Against my lips  
I can’t resist my feelings for you
I can’t wait to say it out to the world
That I am deeply in love with you

          to Tea with love

Monday, August 8, 2016

മഴതന്ത്രങ്ങള്‍

മൗനം ചങ്ങലയിട്ട ഭാവങ്ങളും
 പ്രകടിപ്പിക്കാന്‍ കഴിയാത്ത
 കടുത്ത സ്നേഹവും ഒന്നും ഒരിക്കലും ഇല്ലാതാവില്ല
ഹൃദയത്തില്‍ നിന്ന് പുകഞ്ഞു പുകഞ്ഞു ഉയര്‍ന്ന്
അവ അന്തരീക്ഷത്തില്‍ കലരും
കണ്ണീരിന്‍റെ ആര്‍ദ്രത ചേര്‍ന്ന് അവ ഘനീഭവിക്കും
നെടുവീര്‍പ്പുകളും നിശ്വാസങ്ങളും കൊടുങ്കാറ്റായി
അവയെ മേഘരൂപമാക്കും
ഒടുവില്‍ അതെല്ലാം മഴയായി പെയ്യും

ചാറ്റല്‍മഴ പരിഭവമാണ്
വെയിലുള്ള മഴ കരുതലിന്‍റെ ഭാവങ്ങളാണ്
രാത്രിയില്‍ നിലയ്ക്കാതെ പെയ്യുന്നത്
നൊമ്പരങ്ങളും ദുഖവുമാണ്
ഇടിമിന്നല്‍ ചേര്‍ന്ന് പേമാരിപെയ്യുന്നത്
പ്രണയത്തിന്‍റെ മഴയാണ്
ചിലത് കൂടുതല്‍ ശക്തമായി
ആലിപ്പഴപ്പെയ്ത്ത് ആവും

എന്‍റെ മഴകളൊന്നും പെയ്തുതീര്‍ന്നിട്ടില്ല !
ചിറകുവിടര്‍ത്തി പെയ്യാന്‍ തുടങ്ങുമ്പോള്‍
കാറ്റുവന്നു പറത്തി അവയെ മേഘത്തിന്‍റെ കൂട്ടില്‍
 കൊണ്ടുപോയി പൂട്ടി ഇടാറാണ് പതിവ് !

Lights out

ഇരുട്ടിനു ഒരു വെളിച്ചമുണ്ട് !
സ്ഥായിയായ സുരക്ഷിതത്വം നല്‍കുന്ന ഇളം വെളിച്ചം
വെളിച്ചത്തിന് ഒരു ഇരുട്ടുമുണ്ട്
അപ്രതീക്ഷിതമായി കണ്ണിലേക്കു കയറി വന്നു ,
ചുവടുകള്‍ പതറിച്ച്
ആഴങ്ങളിലേക്ക് തള്ളിയിടുന്ന വികൃതമായ ഇരുട്ട് !

Thursday, April 21, 2016

ലിമിറ്റെഡ് സ്റ്റോപ്പ്‌

               ലിമിറ്റെഡ് സ്റ്റോപ്പ്‌
പച്ചയും ചുവപ്പും കണ്ണുപൊത്തിക്കളിക്കുന്ന സിഗ്നലിന്‍റെ കൊഴുത്ത തിരക്കില്‍ ഞാന്‍ സഞ്ചരിക്കുന്ന ബസ്‌ കെട്ടിക്കിടന്നു.വൈകുന്നേര വെയിലിന്റെ കൊച്ചു കഷ്ണങ്ങള്‍ ഒരു വശത്തെ യാത്രക്കാരെ ആലോസരപ്പെടുതുന്നുണ്ടെന്നു തോന്നി.കഴിഞ്ഞ സ്റ്റോപ്പില്‍ നിന്ന് കയറിയ വൃദ്ധ എന്റെ അടുത്ത സീറ്റില്‍ സ്ഥലം പിടിച്ചിരുന്നു.ചുവരിലെ പോസ്റ്ററുകള്‍ ഒട്ടിച്ച പശിമയില്‍ കുടുങ്ങിപ്പോയ പല്ലിയെ പറ്റി ഓര്‍ക്കുകയായിരുന്നു ഞാന്‍ അപ്പോള്‍.രാവിലെ കണ്ട ആ ദൃശ്യം,ദിവസം മുഴുവന്‍ ഓര്‍മയില്‍ തികട്ടി വരുന്നതെന്തെന്ന് ഞാന്‍ ഓര്‍ത്തുപോയി.
”മോളെവിടാ ഇറങ്ങുന്നത് ?”
ചിന്തകളുടെ ഒച്ചപ്പാടിനിടയില്‍ ആ സ്ത്രീയുടെ ശബ്ദം പൊടുന്നനെ നിശബ്ദതയാണ് സൃഷ്ടിച്ചതെന്ന് ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു.ഇറങ്ങാന്‍ പോകുന്ന സ്ഥലം പറഞ്ഞു വീണ്ടും പുറത്തേക്കു നോക്കി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ വീണ്ടും സംസാരിച്ചു തുടങ്ങി
”മോളുടെ വീട്ടില്‍ പോയതാ ഞാന്‍ .അവളെ കെട്ടിച്ചയച്ചെടത്തേക്ക്!എന്നെ ബസ്‌ കയറ്റി വിടാന്‍ വന്നവരെ കണ്ടില്ലേ ?അതാണ്‌ എന്റെ മോളും അവള്‍ടെ ഭര്‍ത്താവും.സാധാരണ വീട്ടില്‍ കൊണ്ട് ചെന്നാക്കുകയാ പതിവ്. .ഇന്നിപ്പോ അവര്‍ക്ക് വേറെ എവിടെയോ പോകേണ്ടതുണ്ട്..ഇരുട്ടാവും ഞാന്‍ അവടെ എത്തുമ്പോ..ആദ്യായിട്ടാ ഇത്രേം വൈകുന്നേ”.എല്ലാത്തിനും ഔപചാരികതയും ബഹുമാനവും കലര്‍ത്തിയ ചിരിയോടെ ഞാന്‍ മൂളി. “മൂപ്പര്‍ ദേഷ്യപ്പെടും..വൈകിയതിന്..ഞാന്‍ ഇല്ലാണ്ട് പറ്റില്ലാന്നാ... ഇന്നിപ്പോ ഊണ് പോലും കഴിച്ചിട്ടുണ്ടാവില്ലാ.ആകെ രണ്ടു പെണ്മക്കളല്ലേ ഉള്ളു..ഇടക്കെങ്കിലും ചെന്ന് വിവരം തിരക്കണ്ടേ.?.അതൊന്നും മൂപ്പര്‍ക്ക് മനസിലാവില്ല..”
       മര്യാദയുടെ രീതികള്‍ മനസ്സില്‍ ഓര്‍ത്തെടുത്തു കൊണ്ടു ഞാന്‍ ആ സ്ത്രീയോട് തിരിച്ചും സംസാരിച്ചു തുടങ്ങി.കുടുംബ ക്ഷേത്രത്തിലെ കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തെ കുറിച്ച് മുതല്‍ ഏറിവരുന്ന പലവ്യന്ജന വിലയെ കുറിച്ച് വരെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു.
“മോളവിടെ ഇറങ്ങുമ്പോ രാത്രി ആവില്ലേ?അച്ഛനോ ഏട്ടനോ മറ്റോ വരുമോ കൂട്ടാന്‍?
‘വരും അമ്മേ’ എന്ന എന്റെ മറുപടി ഏതു ബോധ മണ്ഡലങ്ങളിലൂടെ കടന്നാണ് എന്നില്‍ നിന്ന് പുറത്തു വന്നത് എന്ന് ഞാന്‍ അതിശയിച്ചു!
”അതേതായാലും നന്നായി കുട്ട്യേ...ഇല്ലെങ്കില്‍ ഇരുട്ടത്തെങ്ങനെയാ ഒറ്റയ്ക്ക്?”
പോസ്റ്റര്‍ പശകളില്‍ പറ്റിപിടിച്ചുപോയത് ഒരു പല്ലിക്കുഞ്ഞായിരുന്നു.ജീവിതമോ ചുറ്റുപാടോ ലവലേശം അറിവില്ലാത്ത പൊടിയോളം പോന്ന ഒരു പല്ലി! മരണം, വളരെ ക്രൂരമായ സവധാനത്തോടെ ദിവസങ്ങളോളം ആ ജീവിയെ വേദനിപ്പിച്ചു കാണും. വിശപ്പിനെക്കളും അലട്ടിയത് ചലിക്കാന്‍ കഴിയാത്ത അവസ്ഥ ആയിരിക്കും..കണ്മുന്നില്‍ ജീവിതങ്ങളുടെ ഒഴുക്ക് കണ്ടു കൊണ്ട് ഏറ്റവും നിസഹായനായി!
”ചെന്നിട്ട് വേണം ഇനി അത്താഴത്തിനു അരിയിടാന്‍.കുളിക്കാതെ വെക്കാന്‍ കയറാനും പറ്റില്ല്യാ..നാനാ ജാതി മതസ്ഥരുടെ കൂടെ യാത്ര ചെയ്യണതല്ലേ..”
പറഞ്ഞതിനെല്ലാം ബഹുമാനവും ശ്രദ്ധയും ചേര്‍ത്ത് നീട്ടിയും കുറുക്കിയും മറുപടി പറഞ്ഞു.എന്നെ പറ്റി ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും കൊടുത്തു ഉത്തരങ്ങള്‍.
”മോളെ എനിക്ക് ഇറങ്ങാനായി.വീട്ടില്‍ കയറീട്ടു പൂവാം?”

ആ ക്ഷണത്തില്‍ വാത്സല്യവും സ്നേഹവും എനിക്ക്അനുഭവപ്പെട്ടു. സ്നേഹത്തോടെ തന്നെ ക്ഷണം നിരസിച്ച് അവരെ അവിടെ ഇറങ്ങാന്‍ സഹായിച്ചു.ഞാന്‍ വീണ്ടും പുറത്തെ ഇരുട്ടിലേക്ക് കണ്ണുകള്‍ ആഴ്ത്തി.അടുത്ത സിനിമാ പോസ്റ്ററിന്റെ ഇടത്തേ അറ്റത്തെ ചെറിയ മുഴപ്പായി ആ പല്ലിയുടെ കഥ തീരുന്നതോര്‍ത്തപ്പോള്‍ എന്റെ ഹൃദയം മെല്ലെ വിങ്ങി.ഇല്ലാത്ത പേരും കാത്ത് നില്ക്കാന്‍ ആരും ഇല്ലാത്ത സ്റ്റോപ്പും കൃത്യമായ ലക്ഷ്യമില്ലാത്ത യാത്രകളും സമാധാനിക്കാന്‍ കാരണങ്ങള്‍ ഇല്ലാത്ത വേദനകളും ഏകാന്തതയുമായി ഞാന്‍ എന്ന യാത്രക്കാരി പല്ലി,യാഥാര്‍ത്ഥ്യങ്ങളുടെ പശിമയില്‍ നിശ്ചലയായി നില്‍ക്കുന്ന ദുരന്തപര്യവസാനിയായ നാടകത്തിലെ അവസാന രംഗം എന്തായിരിക്കും എന്നോര്‍ത്ത് ഇരുന്നു.പുറത്തെ ഇരുട്ടിന്‍റെ കട്ടി കൂട്ടികൊണ്ട് മഞ്ഞ വെളിച്ചത്തോടെ ബസ്‌ എവിടെക്കോ പാഞ്ഞു കൊണ്ടിരുന്നു

Monday, February 22, 2016

നീയും നീയും പിന്നെ നീയും !

കാലക്കറുപ്പിന്‍റെ തുരങ്കങ്ങളില്‍ നിന്നെപ്പോഴോ 'വന്നു ,
പടര്‍ന്നു വളര്‍ന്നെന്‍റെ ഭൂതവും
ഭാവിയും കുടിച്ച പച്ചപ്പായിരുന്നു നീ'..
എന്നെ വായിക്കാന്‍ ഞാന്‍ എറിഞ്ഞു തന്ന അക്ഷരങ്ങളില്‍ പിടിച്ചു നീ നടന്നപ്പോ പക്ഷെ എനിക്ക് എന്നെ ഇല്ലാതായി
ഇരുട്ടും വെയിലും സന്ധ്യയും നിലാവും കല്ലും കടലും
പോക്കുവെയിലിന് മാത്രം ഉണ്ടാക്കാന്‍ കഴിയുന്ന
വിചിത്ര നിറങ്ങളും
എരിവും  മധുരവും എല്ലാം
നിന്റെ കഥ പറഞ്ഞപ്പോ
തനിയെ ഇരിക്കാനും സമ്മതിക്കാതെ ഓര്മ
എന്നെ കാര്‍ന്നു തിന്നു തുടങ്ങി
നീ ഉണ്ടാക്കിയ പ്രപഞ്ചങ്ങളും  ക്ഷീരപഥങ്ങളും കാരണം
എനിക്ക് നടക്കാന്‍ ഒറ്റയടിപ്പാത പോലും ഇല്ലാതായി
മിഴിനീരു തിളച്ച നീരാവി തണുത്ത മഴയിലാണ് നീ അന്ന് നനഞ്ഞത്
വറ്റാത്ത' കയ്പ്പിന്റെ സ്നേഹമുള്ള കാറ്റിലാണ് നീ വലഞ്ഞത്
ആത്മാവ് അറിഞ്ഞ പോലെ എന്റെ കണ്ണിന്റെ ആഴത്തില്‍ നീ പിടഞ്ഞ
ഞൊടിയില്‍ തന്നെ എന്റെ ആയിരം ശാപയുഗങ്ങള്‍ ജരാനര ബാധിച്ചു മരണമടഞ്ഞു
മെഴുതിരിയുടെ വെട്ടം പോലുമില്ലാത്ത ജീവന്റെ ചങ്ങാടമുന്തലുകള്‍ എനിക്ക് മുന്നില്‍ ലാഘവമില്ലാതെ പൊടിഞ്ഞു വീണു
എന്റെ സ്വപ്‌നങ്ങള്‍ ഭീതിയില്ലാതെ   രൂപമെടുത്തു
പിറന്നു വീണു കൊണ്ടിരുന്നു...!

Saturday, January 23, 2016

മഞ്ഞുകാലത്തിലേക്കുള്ള ദൂരം

മുത്തപ്പന്‍പുഴയില്‍  തണുപ്പും കോടമഞ്ഞും ഇല്ലാത്ത കാലം ഉണ്ടാവുമോ?
സംശയമാണ്..!എന്നും തണുപ്പ് പുതച്ചു, ചൂടുചായ ഊതിക്കുടിച്ചു  നടക്കാനിറങ്ങുന്ന രാവിലെകള്‍ ഉള്ള മുത്തപ്പന്‍പുഴ പക്ഷെ ഒരു പുഴ അല്ല..മലയും കാടും ഒക്കെ നിറഞ്ഞ ഒരു
ചെറിയ ഗ്രാമമാണ്.വെയിലിനെ അരിച്ചു നൂലുപോലെ മാത്രം മണ്ണില്‍
വീഴ്ത്തുന്ന തിങ്ങിയ കാടും കറുത്ത മരങ്ങളുമാണ് മുതപ്പന്പുഴയുടേത് മാത്രമായ  രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നത്...ഈ പ്രദേശം എന്നും ഒരു കൗതുകമായിരുന്നു..യന്ത്രവല്‍കൃതലോകത്തിന്‍റെ
പുകപിടിച്ച വായു അധികം ഏല്‍ക്കാത്ത,മഞ്ഞിന്റെ മണം നിലനില്‍ക്കുന്ന മുത്തപ്പന്‍പുഴ..!
പഠിക്കുന്ന കാലത്ത് പോലും ഇവിടേയ്ക്ക് വരാറുണ്ടായിരുന്നു.
ബൈക്കിന്‍റെ വെളിച്ചം അണച്ച് നിലാവില്‍ ചീറിപ്പാഞ്ഞു ഈ മല കയറുമ്പോള്‍ ഹൃദയത്തിലും തണുപ്പ്നിറയുമായിരുന്നു .ഇന്നിപ്പോള്‍ തിരക്കെല്ലാം മാറ്റിവെച്ചു  ഇവിടേക്ക് വന്നതും ആ തണുപ്പിനു വേണ്ടിയാണ്..ജീവിതം തലക്കുള്ളില്‍ ഉരുക്കിയൊഴിച്ച ലാവതുള്ളികള്‍ ഇനി തണുത്തുറഞ്ഞു കൊള്ളും.
സിനിമ തന്ന സന്തോഷം അത്ര എളുപ്പം നേടിയതല്ലായിരുന്നു.
'താളമില്ലാതെ അലഞ്ഞു തിരിഞ്ഞു പോയ മനസ്സില്‍ കല ചുവടുറയ്ക്കാന്‍ പ്രയാസമാണ് .ഒരു പക്ഷെ അവളുടെ പ്രാര്‍ത്ഥന ആവാം.കുറച്ചു കാലമേ
ഉണ്ടായിരുന്നൂ  എങ്കിലും ആ സാമീപ്യം ഹൃദയത്തില്‍ ഉണ്ടാക്കിയ കൊടുങ്കാറ്റുകള്‍ വലുതായിരുന്നു.ഈ നാട് പോലെ തന്നെ അവളും .!കോടമഞ്ഞില്‍ പൊതിഞ്ഞു ,മറഞ്ഞു,തണുപ്പ്പകര്‍ന്നു...!
സ്നേഹത്തിന്റെ വെയിലടിച്ചാല്‍ കാണാം അപൂര്‍വ നിറങ്ങളെ ...
ഇടയ്ക്ക് ഇവിടെയ്ക്ക് വരാറുള്ളത് ആ ഓര്‍മകള്‍ക്ക് വേണ്ടിയാണ്.
തന്റെ സ്വകാര്യജീവിതത്തെ ലോകം ചികഞ്ഞെടുത്തപ്പോഴും ആരും അറിയാത്ത ഒരു മഞ്ഞു മലയായി ഹൃദയത്തിന്‍റെഉപരിതലത്തിനടിയില്‍ അവള്‍..യാദ്രിഛികമായിഒരു യാത്രക്കിടയില്‍ കിടന്നു കിട്ടിയ മയില്‍‌പ്പീലി നിറം പോലെ അവള്‍
പറഞ്ഞറിയിച്ചതിനെക്കാള്‍അനുഭവിച്ചറിഞ്ഞതായിരുന്നുആ സമസ്യയെ ..
ജീവിതത്തിലേക്ക് കയറി വന്നു തള്ളി
യാലുംനീങ്ങാത്ത ഭാരമായി കാലം കഴിയും വരെ അവശേഷിക്കുന്ന
തിനെക്കാള്‍ ഹൃദയത്തില്‍എന്നും നോവും മധുരവും ഉള്ള നല്ല‍ഓര്‍മ
യുടെ മണമായി നിലനില്‍ക്കാന്‍ അവള ആഗ്രഹിച്ചിരുന്നോ ?എന്തോ !
തനിച്ചാക്കി
പോകരുത് എന്ന് രണ്ടാളുംപറഞ്ഞില്ല.എല്ലാം അറിഞ്ഞെങ്കിലും ഒന്നും മിണ്ടിയില്ല.കടുത്ത സ്നേഹം മാത്രം ഇരുവര്‍ക്കിടയിലൂടെ
കുത്തിയൊഴുകിയിരുന്നു.അവളുടെ നൊമ്പരവും തന്‍റെ സമ്മര്‍ദങ്ങളും നിലയില്ലാക്കയങ്ങളിലെക്ക് വലിച്ചകാലത്ത് ഒഴുക്കിലെന്ന പോലെ അകന്നു പോയി.
അവസാനമായി കാണുമ്പോള്‍ മുത്തപ്പന്‍പുഴയില്‍
ധനുവിന്‍റെ തണുപ്പ് അരിച്ചിറങ്ങുന്ന ഒരു സന്ധ്യ മറ നീക്കുകയായിരുന്നു..
 മലകളിലെ കാട്ടുമരങ്ങളെല്ലാം പൂത്ത് ചുവപും മഞ്ഞയും പൊട്ടിച്ചിതറിയിരുന്നു.അതിനുമപ്പുറം ചുവന്ന മേഘ തുണ്ടുകളുടെ പശ്ചാത്തലത്തില്‍ തലയെടുത്ത് നിന്ന കോട പിടിച്ച പശ്ചിമഘട്ടവും...
അവളുടെ ഓര്‍മ്മകള്‍ സ്വപ്നം പോലെ ആയിരുന്നു.സത്യമേത്,
മിധ്യയേത്എന്ന് ഇഴ തിരിച്ചു എടുക്കാന്‍ കഴിയാത്ത വിധം ലഹരിയുടെ മങ്ങല്‍പോലെ സുഖമുള്ള നിമിഷങ്ങള്‍..
അന്നൊരുനാള്‍
 ശൂന്യതയുടെ വലിയ ആകാശം വിടര്‍ത്തി അവള്‍ പറന്നകന്നത് അനിവാര്യമാണെന്ന് അറിഞ്ഞിട്ടും  ഉള്ളു
നൊന്തു..ബന്ധവും  പ്രതിബദ്ധതകളും ഇല്ലാത്ത ഒറ്റമരമാണ് താന്‍  എന്ന
ചിന്തക്ക് കോട്ടം തട്ടിയതും അന്ന് മുതലായിരുന്നു..
മലയുടെ മുകളില്‍ എത്തിയിരുന്നു..
പോക്കുവെയില്‍ തീമഞ്ഞ നിറത്തില്‍ മലകളെ പുണര്‍ന്നു പുതച്ചു കിടന്നു..ഓര്‍മകളുടെ ഇങ്ങേ അറ്റത്ത് ഉണ്ട് ഒരു കൂടിക്കാഴ്ചകൂടി...
ഒരു ആശുപത്രി ആയിരുന്നു പശ്ചാത്തലം .മരുന്ന് മണക്കുന്ന ഇടനാഴിയില്‍ ഭര്‍ത്താവിന്‍റെ കൈ പിടിച്ചു ,ഭൂതകാലത്തിന്‍റെഎല്ലാ ബന്ധങ്ങളും തലച്ചോറില്‍ നിന്നു കുടിയൊഴിപ്പിച്ച്ശൂന്യമായ  മനസോടെ അവള്‍..!
കണ്ണുകളിലെ ആ തിളക്കം മാത്രമുണ്ട് മാറാതെ !
സ്നേഹിക്കുന്ന ഒരു പങ്കാളി ഉണ്ടല്ലോ അവള്‍ക്കു...താന്‍ വെറുതെ ആശ്വസിക്കാന്‍ ശ്രമിച്ചു'.ഓര്‍മ്മകളുടെ എല്ലാ
പഴുതും അടഞ്ഞു പോയിട്ടും ഒരു തിരികെ വരവില്ലെന്നറിഞ്ഞിട്ടും
അയാള്‍ ഒരു കുഞ്ഞിനെ എന്ന പോലെ കരുതുന്നു അവളെ ...അല്ലെങ്കിലും
അവളെ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല
ഭക്ഷണം വാരി കൊടുത്തിട്ട് അതു ഇറക്കാനുള്ള ഓര്‍മ പോലും  നഷ്ടപ്പെട്ട്
നിശ്ചലയായി അവള്‍ ഇരിക്കുന്നത്കണ്ടപ്പോള്‍ പിന്നെ അവിടെ നില്‍ക്കാന്‍
കഴിഞ്ഞില്ല ...വലിയ കവിതകള്‍  പാടി കേള്‍പ്പിക്കുന്ന,എല്ലാത്തിനെയും
പറ്റി കാഴ്ചപ്പാടുകള്‍ ഉള്ള ഒന്നാം ക്ലാസിലെ കഥ മുതല്‍ ഇങ്ങോട്ട്
എല്ലാം സ്മൃതിയുടെ അലമാരിയില്‍ അടുക്കിവെക്കുന്ന അവളാണിതെന്നു അംഗീകരിക്കാന്‍ കഴിഞ്ഞില്ല..അത് ,ചിത്ര സംയോജനത്തി
നിടയില്‍ ഒഴിവാക്കിയ രംഗം പോലെ ഹൃദയത്തില്‍ നിന്നു മായ്ച്ചു കളയാന്‍ ആണ് തോന്നിയത്..!ഓര്‍മ്മകള്‍ ഇല്ലെങ്കില്‍ പിന്നെ അവള്‍ ഉണ്ടോ?
അറിയില്ല ..ആ മുഖം ഹൃദയത്തില്‍ വലിയ മുറിവുണ്ടാക്കി.
എങ്കിലും അവളുടെ ഓര്‍മകളും അവള്‍ തന്നെയും എല്ലാം ഒരു സ്വപ്നം ആയിരുന്നുവെന്നു മനസിനെ തെറ്റിധരിപ്പിക്കാന്‍ എളുപമുള്ളതായിരുന്നു
അതങ്ങനെ തന്നെ ഇരിക്കട്ടെ. ഉറക്കത്തിനും മയക്കത്തിനും
 ഇടയ്ക്ക് അനുഗ്രഹം പോലെ വീണു കിട്ടുന്ന നേര്‍ത്ത സ്വപനത്തിന്‍റെ
 അവ്യക്തമായ ഓര്‍മ ആണവള്‍..
മലകളില്‍ നിലാവ് പടര്‍ന്നിരുന്നു്‍ .ജീവിതത്തിലേക്ക് തിരികെ പോകാന്‍ സമയമായി .മല ഇറങ്ങുമ്പോള്‍ തണുപ്പ്കുറയുന്നതനുസരിച്ചു
പക്ഷെ അവള്‍ മാഞ്ഞില്ല ...ശ്വാസം വിങ്ങിക്കൊണ്ട് തണുപ്പോടെ അരിച്ചു കയറി മനസിന്‍റെ സ്ക്രീനുകളില്‍ നിറഞ്ഞു.... തിരശീലയിലെ രംഗങ്ങളെ മറച്ചു കൊണ്ട്...മുത്തപ്പന്‍പുഴയിലെ മഞ്ഞു
 പോലെ ...!