Monday, August 8, 2016

മഴതന്ത്രങ്ങള്‍

മൗനം ചങ്ങലയിട്ട ഭാവങ്ങളും
 പ്രകടിപ്പിക്കാന്‍ കഴിയാത്ത
 കടുത്ത സ്നേഹവും ഒന്നും ഒരിക്കലും ഇല്ലാതാവില്ല
ഹൃദയത്തില്‍ നിന്ന് പുകഞ്ഞു പുകഞ്ഞു ഉയര്‍ന്ന്
അവ അന്തരീക്ഷത്തില്‍ കലരും
കണ്ണീരിന്‍റെ ആര്‍ദ്രത ചേര്‍ന്ന് അവ ഘനീഭവിക്കും
നെടുവീര്‍പ്പുകളും നിശ്വാസങ്ങളും കൊടുങ്കാറ്റായി
അവയെ മേഘരൂപമാക്കും
ഒടുവില്‍ അതെല്ലാം മഴയായി പെയ്യും

ചാറ്റല്‍മഴ പരിഭവമാണ്
വെയിലുള്ള മഴ കരുതലിന്‍റെ ഭാവങ്ങളാണ്
രാത്രിയില്‍ നിലയ്ക്കാതെ പെയ്യുന്നത്
നൊമ്പരങ്ങളും ദുഖവുമാണ്
ഇടിമിന്നല്‍ ചേര്‍ന്ന് പേമാരിപെയ്യുന്നത്
പ്രണയത്തിന്‍റെ മഴയാണ്
ചിലത് കൂടുതല്‍ ശക്തമായി
ആലിപ്പഴപ്പെയ്ത്ത് ആവും

എന്‍റെ മഴകളൊന്നും പെയ്തുതീര്‍ന്നിട്ടില്ല !
ചിറകുവിടര്‍ത്തി പെയ്യാന്‍ തുടങ്ങുമ്പോള്‍
കാറ്റുവന്നു പറത്തി അവയെ മേഘത്തിന്‍റെ കൂട്ടില്‍
 കൊണ്ടുപോയി പൂട്ടി ഇടാറാണ് പതിവ് !

No comments:

Post a Comment