ലിമിറ്റെഡ്
സ്റ്റോപ്പ്
പച്ചയും ചുവപ്പും കണ്ണുപൊത്തിക്കളിക്കുന്ന
സിഗ്നലിന്‍റെ കൊഴുത്ത തിരക്കില്‍ ഞാന്‍ സഞ്ചരിക്കുന്ന ബസ് കെട്ടിക്കിടന്നു.വൈകുന്നേര
വെയിലിന്റെ കൊച്ചു കഷ്ണങ്ങള്‍ ഒരു വശത്തെ യാത്രക്കാരെ ആലോസരപ്പെടുതുന്നുണ്ടെന്നു
തോന്നി.കഴിഞ്ഞ സ്റ്റോപ്പില്‍ നിന്ന് കയറിയ വൃദ്ധ എന്റെ അടുത്ത സീറ്റില്‍ സ്ഥലം
പിടിച്ചിരുന്നു.ചുവരിലെ പോസ്റ്ററുകള്‍ ഒട്ടിച്ച പശിമയില്‍ കുടുങ്ങിപ്പോയ പല്ലിയെ
പറ്റി ഓര്‍ക്കുകയായിരുന്നു ഞാന്‍ അപ്പോള്‍.രാവിലെ കണ്ട ആ ദൃശ്യം,ദിവസം മുഴുവന്‍ ഓര്‍മയില്‍
തികട്ടി വരുന്നതെന്തെന്ന് ഞാന്‍ ഓര്‍ത്തുപോയി.
”മോളെവിടാ ഇറങ്ങുന്നത് ?”
ചിന്തകളുടെ ഒച്ചപ്പാടിനിടയില്‍ ആ സ്ത്രീയുടെ ശബ്ദം
പൊടുന്നനെ നിശബ്ദതയാണ് സൃഷ്ടിച്ചതെന്ന് ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു.ഇറങ്ങാന്‍
പോകുന്ന സ്ഥലം പറഞ്ഞു വീണ്ടും പുറത്തേക്കു നോക്കി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍
വീണ്ടും സംസാരിച്ചു തുടങ്ങി
”മോളുടെ വീട്ടില്‍ പോയതാ ഞാന്‍ .അവളെ കെട്ടിച്ചയച്ചെടത്തേക്ക്!എന്നെ
ബസ് കയറ്റി വിടാന്‍ വന്നവരെ കണ്ടില്ലേ ?അതാണ് എന്റെ മോളും അവള്‍ടെ ഭര്‍ത്താവും.സാധാരണ
വീട്ടില്‍ കൊണ്ട് ചെന്നാക്കുകയാ പതിവ്. .ഇന്നിപ്പോ അവര്‍ക്ക് വേറെ എവിടെയോ പോകേണ്ടതുണ്ട്..ഇരുട്ടാവും
ഞാന്‍ അവടെ എത്തുമ്പോ..ആദ്യായിട്ടാ ഇത്രേം വൈകുന്നേ”.എല്ലാത്തിനും ഔപചാരികതയും
ബഹുമാനവും കലര്‍ത്തിയ ചിരിയോടെ ഞാന്‍ മൂളി. “മൂപ്പര്‍ ദേഷ്യപ്പെടും..വൈകിയതിന്..ഞാന്‍
ഇല്ലാണ്ട് പറ്റില്ലാന്നാ... ഇന്നിപ്പോ ഊണ് പോലും കഴിച്ചിട്ടുണ്ടാവില്ലാ.ആകെ രണ്ടു
പെണ്മക്കളല്ലേ ഉള്ളു..ഇടക്കെങ്കിലും ചെന്ന് വിവരം തിരക്കണ്ടേ.?.അതൊന്നും മൂപ്പര്‍ക്ക്
മനസിലാവില്ല..”
മര്യാദയുടെ
രീതികള്‍ മനസ്സില്‍ ഓര്‍ത്തെടുത്തു കൊണ്ടു ഞാന്‍ ആ സ്ത്രീയോട് തിരിച്ചും
സംസാരിച്ചു തുടങ്ങി.കുടുംബ ക്ഷേത്രത്തിലെ കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തെ കുറിച്ച്
മുതല്‍ ഏറിവരുന്ന പലവ്യന്ജന വിലയെ കുറിച്ച് വരെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു.
“മോളവിടെ ഇറങ്ങുമ്പോ രാത്രി ആവില്ലേ?അച്ഛനോ
ഏട്ടനോ മറ്റോ വരുമോ കൂട്ടാന്‍?
‘വരും അമ്മേ’ എന്ന എന്റെ മറുപടി ഏതു ബോധ മണ്ഡലങ്ങളിലൂടെ
കടന്നാണ് എന്നില്‍ നിന്ന് പുറത്തു വന്നത് എന്ന് ഞാന്‍ അതിശയിച്ചു!
”അതേതായാലും നന്നായി കുട്ട്യേ...ഇല്ലെങ്കില്‍
ഇരുട്ടത്തെങ്ങനെയാ ഒറ്റയ്ക്ക്?”
പോസ്റ്റര്‍ പശകളില്‍ പറ്റിപിടിച്ചുപോയത് ഒരു പല്ലിക്കുഞ്ഞായിരുന്നു.ജീവിതമോ
ചുറ്റുപാടോ ലവലേശം അറിവില്ലാത്ത പൊടിയോളം പോന്ന ഒരു പല്ലി! മരണം, വളരെ ക്രൂരമായ
സവധാനത്തോടെ ദിവസങ്ങളോളം ആ ജീവിയെ വേദനിപ്പിച്ചു കാണും. വിശപ്പിനെക്കളും അലട്ടിയത്
ചലിക്കാന്‍ കഴിയാത്ത അവസ്ഥ ആയിരിക്കും..കണ്മുന്നില്‍ ജീവിതങ്ങളുടെ ഒഴുക്ക് കണ്ടു
കൊണ്ട് ഏറ്റവും നിസഹായനായി!
”ചെന്നിട്ട് വേണം ഇനി അത്താഴത്തിനു അരിയിടാന്‍.കുളിക്കാതെ
വെക്കാന്‍ കയറാനും പറ്റില്ല്യാ..നാനാ ജാതി മതസ്ഥരുടെ കൂടെ യാത്ര ചെയ്യണതല്ലേ..”
പറഞ്ഞതിനെല്ലാം ബഹുമാനവും ശ്രദ്ധയും ചേര്‍ത്ത്
നീട്ടിയും കുറുക്കിയും മറുപടി പറഞ്ഞു.എന്നെ പറ്റി ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും
കൊടുത്തു ഉത്തരങ്ങള്‍.
”മോളെ എനിക്ക് ഇറങ്ങാനായി.വീട്ടില്‍ കയറീട്ടു പൂവാം?”
ആ ക്ഷണത്തില്‍ വാത്സല്യവും സ്നേഹവും എനിക്ക്അനുഭവപ്പെട്ടു.
സ്നേഹത്തോടെ തന്നെ ക്ഷണം നിരസിച്ച് അവരെ അവിടെ ഇറങ്ങാന്‍ സഹായിച്ചു.ഞാന്‍ വീണ്ടും പുറത്തെ
ഇരുട്ടിലേക്ക് കണ്ണുകള്‍ ആഴ്ത്തി.അടുത്ത സിനിമാ പോസ്റ്ററിന്റെ ഇടത്തേ അറ്റത്തെ
ചെറിയ മുഴപ്പായി ആ പല്ലിയുടെ കഥ തീരുന്നതോര്‍ത്തപ്പോള്‍ എന്റെ ഹൃദയം മെല്ലെ
വിങ്ങി.ഇല്ലാത്ത പേരും കാത്ത് നില്ക്കാന്‍ ആരും ഇല്ലാത്ത സ്റ്റോപ്പും കൃത്യമായ
ലക്ഷ്യമില്ലാത്ത യാത്രകളും സമാധാനിക്കാന്‍ കാരണങ്ങള്‍ ഇല്ലാത്ത വേദനകളും ഏകാന്തതയുമായി
ഞാന്‍ എന്ന യാത്രക്കാരി പല്ലി,യാഥാര്‍ത്ഥ്യങ്ങളുടെ പശിമയില്‍ നിശ്ചലയായി നില്‍ക്കുന്ന
ദുരന്തപര്യവസാനിയായ നാടകത്തിലെ അവസാന രംഗം എന്തായിരിക്കും എന്നോര്‍ത്ത് ഇരുന്നു.പുറത്തെ
ഇരുട്ടിന്‍റെ കട്ടി കൂട്ടികൊണ്ട് മഞ്ഞ വെളിച്ചത്തോടെ ബസ് എവിടെക്കോ പാഞ്ഞു
കൊണ്ടിരുന്നു