Tuesday, October 4, 2022

 മഴക്കാലം ഞാൻ വെറുത്തിരുന്നു. ഇരുട്ടും കാറ്റും ചാറ്റലിൻ്റെ അസുഖകരമായ തണുപ്പും അരക്ഷിതാവസ്ഥ നിറച്ചിരുന്നു. നിലത്ത് ചുരുണ്ട് കൂടി ഇരിക്കാൻ വരുന്ന പാമ്പിനെയും മറ്റ് ഇഴജന്തുക്കളെയും ഓർത്ത് എൻ്റെ മനസമാധാനം നശിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം പഴയ വീടിൻ്റെ അരികത്തൂടെ നടന്നപ്പോൾ മഴയോട് പണ്ടു തോന്നിയിരുന്ന ഭയമാണ് ഓർമ വന്നത്. പണ്ട് പ്രമേഹ രോഗിയായ ചാച്ചന് വേണ്ടി എവിടുന്നോ ഒരു ചെടി കൊണ്ട് വന്നു നട്ട് വെച്ചു. ഇൻസുലിൻ ചെടി എന്ന് ആയിരുന്നു അതിൻ്റെ പേര്. അതിൻ്റെ നന്നേ പുളിയുള്ള ഇലകൾ എല്ലാ ദിവസവും ഓരോന്ന് പറിച്ചു വെറ്റില പോലെ ചുരുട്ടി ചാച്ചന് കൊടുത്തിരുന്നത് ഞാനാണ്. കപ്പയും മധുരമിട്ട ചായയും കഴിക്കാതെ മനസ്സ് ക്ഷീണിച്ച ചാച്ചൻ ഓരോ ദിവസവും വലിയ പ്രതീക്ഷയോടെ ഇല ചവച്ചരച്ചു. പാരമ്പര്യ രോഗങ്ങളെക്കുറിച്ചു വലിയ ധാരണ ഇല്ലാഞ്ഞിട്ടും ഒരു ഇല എന്നും ഞാനും കഴിച്ചു. മധുരമില്ലാത്ത വാർദ്ധക്യം എന്നെ ഭയപ്പെടുത്തികാണണം. ഇതുപോലൊരു പെരുമഴ ദിവസം, ഒരു പകൽ ചാച്ചൻ മരിച്ചുപോയി. മരിച്ചടക്കിന് വന്ന എല്ലാവരും ചാച്ചനെ കുറിച്ചും ഈ നൂറ്റാണ്ടിൽ ഇതു പോലൊരു മഴ ഉണ്ടായിട്ടില്ലെന്നും പറഞ്ഞുകൊണ്ടിരുന്നു. ഇൻസുലിൻ ചെടിയെ ഞാൻ മറന്നിരുന്നു. ഇന്നാണ് ഞാനത് കണ്ടത്. പഴയ വീടിൻ്റെ ചുറ്റും , പഴയ ചെടിത്തോട്ടത്തിലെ ഒറ്റച്ചുവട് ഇൻസുലിൻ ചെടി പടർന്നു. ഭ്രാന്ത് പിടിച്ച പോലെ മഴയുടെ കൊഴുപ്പിൽ പറമ്പ് മുഴുവൻ നിറയാൻ തയാറെടുക്കുന്ന പോലെ, നാട്ടിലുള്ള പ്രമേഹ രോഗികൾക്ക് മുഴുവൻ ഓരോ ഇല വീതം എന്നും രാവിലെ കൊടുക്കാൻ മാത്രം ചെടികൾ. രോഗം മാറിയാലും ഇല്ലെങ്കിലും പ്രതീക്ഷയുടെ പുളിപ്പുള്ള കട്ടിയുള്ള ഇലകൾ. ഒരെണ്ണം ഞാൻ വെറുതെ പഠിച്ചെടുത്തു കടിച്ചു നോക്കി. അതിനു വേർപാടിൻ്റെയും അരക്ഷിതാവസ്ഥയുടെയും മരണഭയത്തിൻ്റെയും രുചി തോന്നി.


No comments:

Post a Comment