സർക്കാരാശുപത്രികൾക്ക് മാത്രമുള്ള ഒരു അരക്ഷിതാവസ്ഥയും ദൈന്യതയും തളം കെട്ടിയ കോംബൗണ്ട് ആണത്. സന്ധ്യാനേരത്ത് കൂട്ടമായെത്തിയ കൊതുകുകൾ ഒന്നിച്ച് വന്നു പൊതിയുന്നത് കൊണ്ട് കാറിനകത്ത് കയറി ചില്ല് കയറ്റി തന്നെ വെച്ചു. സാർ അകത്ത് മീറ്റിങ്ങിലാണ്. കമ്പനിയുടെ വണ്ടി ദൂരയാത്രക്ക് കൊണ്ടുപോകാൻ മാത്രം നല്ല അവസ്ഥയിൽ അല്ലാത്തത് കൊണ്ടും സാറിൻ്റെയും തൻ്റെയും ഒന്നു രണ്ടു മീറ്റിംഗുകൾ ഒന്നിച്ചായതിനാലുമാണ് ഒരുമിച്ച് ഒരു കാറിൽ വന്നത്. ജില്ലയിലെ കുഷ്ഠരോഗ വിഭാഗത്തിലെ ഡോക്റ്റർ കൂടിയായ ഓഫീസർ ആണ്. പക്ഷേ ഇപ്പോൾ മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധിക്കാനാവാത്ത വിധം ജനങ്ങളെ കൊണ്ട് എന്തുചെയ്തും പ്രധിരോധ കുത്തിവയ്പ്പ് എടുപ്പിക്കാനാണ് ജില്ലയിലെ എല്ലാ ഡിപ്പാർട്ട്മെൻ്റും എല്ലാ ഉദ്യോഗസ്ഥരും ചുമതലപ്പെട്ടിരിക്കുന്നത്.
എല്ലാ പഴയ കെട്ടിടങ്ങൾക്ക് മുന്നിലും ഉണ്ടാകാറുള്ള പോലെ ആശുപത്രിയുടെ മുന്നിൽ ഒരുവലിയ പഴയ ആൽമരം ക്ഷീണിച്ചു പടർന്നു തൂങ്ങി നിന്നു. മഞ്ഞ ബൾബിൻ്റെ വെളിച്ചത്തിൽ ഇലകൾക്ക് വാർധക്യമേറി. രണ്ടു സ്ത്രീകൾ അൽപനേരമായി വാതിൽക്കൽ തന്നെ വിഷമിച്ച് നിൽക്കുന്നു. മുൻപ് ക്യാൻ്റീനുണ്ടോ എന്ന് തിരക്കാൻ അകത്തേക്ക് പോയപ്പോഴും അവരെ കണ്ടിരുന്നു. ചില്ല് അടച്ചിരുന്നെങ്കിലും പെട്ടെന്ന് അവരുടെ അലർച്ച കേട്ടു. അത് നിലവിളിയും കരച്ചിലും കണ്ണീരു കലർന്ന വാക്കുകളുമായി മുഴങ്ങി. ഡ്രൈവർ വന്നു കാറിൽ കയറി. മുറി ഹിന്ദിയിൽ അയാൾ കുറച്ചു വിവരങ്ങൾ തന്നു.
പാമ്പുകടിയേറ്റ് അല്പം മുൻപ് മരിച്ച വൃദ്ധൻ്റെ ഭാര്യയും മകളുമാണത്. എൻ്റെ നോട്ടം അവരിലേക്ക് നീളുന്നത് കണ്ടപ്പോൾ ഡ്രൈവർ സംസാരം തുടർന്നു. പ്രധാനമായും മൂന്നുതരത്തിലുള്ള പാമ്പുകളാണ് ഇവിടെ ഉണ്ടാവാറ്. മൂർഖൻ, കോമൺ ക്രേറ്റ്, പിന്നെ അയാള് പറഞ്ഞ പേര് എനിക്ക് മനസിലായില്ല. കറുപ്പിൽ വെള്ള പുള്ളിയുള്ള കോമൺ ക്രേറ്റ് ആണത്രേ അയാളെ കടിച്ചത്.
" ആദ്മി കാ ഹീറ്റ് ഇൻകോ പസന്ത് ഹേ. കൊതുകിൻ്റെ കടി പോലെയേ തോന്നൂ. പല്ലുകൾ ചെറുതായത് കൊണ്ട് കടിച്ച പാടു പോലും ആരും ശ്രദ്ധിക്കില്ല. "
മരണത്തിൻ്റെ കൊടും ക്രൂരത അവരെ ഉലച്ചിട്ടുണ്ട്. അവരുടെ അടുത്തുപോയി എന്തെങ്കിലും പറയണമെന്നോ കരച്ചിലിൽ പങ്കുചേരണമെന്നോ തോന്നി. ധൈര്യം വന്നില്ല. ഡ്രൈവർ വലിയ താൽപര്യത്തോടെ ഒന്നു രണ്ടു യൂട്യൂബ് വീഡിയോ തുറന്ന് കാണിക്കാൻ തുടങ്ങി. വരണ്ട പാടത്ത് നിന്നും വീടിൻ്റെ വളപ്പിൽ നിന്നും മറ്റും പിടിക്കുന്ന വിഷപ്പാമ്പുകളെ പ്ലാസ്റ്റിക് ഭരണികളിലാക്കി ഒരു കൂട്ടം ചെറുപ്പക്കാർ നടന്നു വരുന്നതും മലകളുടെ താഴെ അതിനെ ഓരോന്നിനെയും തുറന്നു വിടുന്നതുമായിരുന്നു വീഡിയോയിൽ. ആ സ്ത്രീകൾ ഒരു വരാന്തയിലേക്ക് മാറിയിരുന്നു കരച്ചിൽ തുടങ്ങിയിരുന്നു. വലിയ ആവേശത്തോടെ അയാള് പാമ്പുകളെ കുറിച്ചും അയാൾ ഭാഗമായ പാമ്പുപിടിത്ത സംഘത്തെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു. കരച്ചിലും അയാളുടെ തെലുങ്കും കന്നടയും ഹിന്ദിയും ചേർന്ന സംസാരവും വീഡിയോയുടെ ശബ്ദവും കൂടിക്കുഴഞ്ഞു എന്നെ ശ്വാസം മുട്ടിച്ചു. എനിക്ക് സങ്കടവും ദേഷ്യവും നിസ്സഹായതയും അനുഭവപ്പെട്ടു.
ഞാൻ കാറിൽ നിന്നിറങ്ങി കൊതുകുകളെ വകവെക്കാതെ കോംബൗണ്ടിന് വെളിയിലേക്ക് നടന്നു. കൊതുക് കടിച്ചു മലേറിയയോ ഡെങ്കുവോ വരുന്നതിൽ ഒട്ടും അനീതിയില്ല. ആ കുടുംബത്തിൻ്റെ ആർത്തലച്ചുള്ള കരച്ചിൽ ഓർത്തപ്പോൾ സ്വയം സംരക്ഷിക്കുവാനുള്ള ഉദ്ധ്യമങ്ങളോട് അല്പം പുച്ഛം തോന്നി.
ഒരു ചെറിയ ചായക്കടയും ജ്യൂസ് കടയും മാത്രമേ ആ പരിസരത്ത് ഉണ്ടായിരുന്നുള്ളൂ. ഒരു ഉന്തുവണ്ടിയിൽ കൈതച്ചക്ക ജ്യൂസ് വിൽക്കാൻ ഒരു പയ്യനും ഒരു വൃദ്ധനും ഉണ്ട്. ഇലക്ട്രിക് പോസ്റ്റിൻ്റെ കീഴെ കുറച്ച് നേരം വെറുതെ നിന്നു. ആ പയ്യന് പത്തോ പന്ത്രണ്ടോ വയസു കാണും. ജ്യൂസ് ഉണ്ടാക്കുന്ന മെഷീൻ കൈ കൊണ്ട് ആണ് കറക്കേണ്ടത്. സകല ശക്തിയുമെടുത്ത് അവനത് കറക്കും, മെലിഞ്ഞു പോയ അവൻ്റെ അരയിൽ നിന്ന് ഊർന്നു പോവാൻ തുടങ്ങുന്ന പാൻ്റ് വീണ്ടും വലിച്ചു കയറ്റി അവൻ വീണ്ടും മെഷീൻ കറക്കും. ഉന്തുവണ്ടിയുടെ മുകളിൽ വള്ളി കെട്ടി തൂക്കിയ കൈതച്ചക്കകൾ കൊടുങ്കാറ്റിലെന്ന പോലെ ആടും, കത്തിച്ചു വെച്ച മെഴുകു തിരിയുടെ നാളം ഇപ്പൊൾ മരിക്കാനായ വൃദ്ധൻ്റെ ആത്മാവ് കണക്കെ അവിടേക്കോ ഇവിടേക്കോ പരക്കം പായും. പെട്ടിക്കടയുടെ ഒരറ്റത്ത് ഒരു പ്ലാസ്റ്റിക് സ്റ്റൂളിൽ തൊപ്പിവച്ച നരച്ച നെടുനീളൻ കുർത്തയിട്ട് വൃദ്ധനിരിക്കുന്നു. അവൻ്റെ എല്ലിച്ച ശരീരം പഴങ്ങൾ പിഴിഞ്ഞു കിട്ടാൻ പാടുപെടുന്നത് കണ്ടു അയാളല്പം വേദനയോടെ ഇരിക്കുന്നു. നിസ്കാരത്തഴമ്പിൻ്റെ പാട് കണ്ണുകളിലേക്കും ദുഃഖം പോലെ വീണു കിടന്നു. മഹാമാരി തുടങ്ങിയതിൽ പിന്നെ ഈ കുട്ടി സ്കൂളിൽ പോയിട്ടുണ്ടാവുമോ , ഉച്ചഭക്ഷണം ധാന്യങ്ങളുടെ രൂപത്തിൽ വീട്ടിലെത്തുന്നുണ്ടോ? പഠിക്കാൻ ഫോണോ ബുക്കോ പെൻസിലോ വീട്ടിലുണ്ടാവുമോ എന്നൊക്കെ ആലോചിച്ചു. ഒന്നും ചോദിക്കാതെ കുറച്ചല്പം മുന്നോട്ട് നടന്നു.
ഹരിയാന- രാജസ്ഥാൻ ധാബ എന്നെഴുതിയ നീല ബോർഡ് കണ്ടു. മരത്തിന് ചുറ്റും ബൾബ് മാല ചുറ്റിയ അലങ്കാരങ്ങൾ പിടിപ്പിച്ച അത്തരം ഒരു നൂറു ധാബകൾ റോഡിൻ്റെ അങ്ങോട്ടും ഇങ്ങോട്ടും പോയാൽ കാണാം. തണുത്തു തുടങ്ങിയ വെള്ള മണലിൽ തഴപ്പായ കട്ടിലിൽ ട്രക്ക് ഡ്രൈവർമാർ ഇരുന്നു ബീഡി വലിക്കുകയും ഇഞ്ചി ചേർത്ത കടുംചായ കുടിക്കുകയും ചെയ്യുന്നു. അവർ കാലുകൾ ചെരുപ്പുകളൂരി മണലിൽ ചവിട്ടി ആശ്വസിക്കുകയാണ്. ഈ നാട്ടിലെ വിഷപ്പാമ്പുകൾ നിങ്ങളെയും കടിച്ചേക്കാം എന്നവരോട് പറയാൻ തോന്നി.
ഇവരാരും മാസ്ക് ധരിച്ചിട്ടില്ല. ഈ നാട്ടിൽ വന്നതിൽ പിന്നെ ജോലി ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ പോകുമ്പോഴാണ് മാസ്ക് ധരിക്കുന്നവരെ കാണുന്നത്. ഇനിയും വാക്സിൻ എടുക്കാൻ ബാക്കിയുള്ള പത്തോ പതിനഞ്ചോ ശതമാനം ജനങ്ങളെ എങ്ങനെ, ആരെക്കൊണ്ട് പറയിപ്പിച്ചു , എന്ത് ധനസഹായം കാണിച്ച് മോഹിപ്പിച്ചു വാക്സിനേഷൻ സെൻ്ററുകളിൽ എത്തിക്കണമെന്ന് ചർച്ച ചെയ്യാനായിരുന്നു ഇന്നത്തെ മീറ്റിംഗുകൾ മുഴുവൻ. സമുദായ നേതാക്കളെ കൊണ്ട് പറയിപ്പിച്ചും. പണവും അരിയും ഗോതമ്പും അടങ്ങിയ ഭക്ഷ്യകിറ്റ് കാണിച്ച് ആകർഷിച്ചും വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരുമെന്നും പോലീസിനെ കാണിച്ചും പേടിപ്പിച്ചുമൊക്കെ വേണം എന്ന് ഇങ്ങോട്ടുള്ള യാത്രയിൽ സാർ പറഞ്ഞിരുന്നു. ആര് പറഞ്ഞാലും കേൾക്കാത്ത ഒരു വിഭാഗത്തെ പറ്റി മൂപ്പർ എടുത്തു പറയുകയുണ്ടായി. അടുത്തിടെ ക്രിസ്തുമതം സ്വീകരിച്ച കുറെ മനുഷ്യർ.
" അവർ രണ്ടു സൈഡിലും നിന്ന് ആനുകൂല്യങ്ങൾ സ്വീകരിക്കും. "
അയാള് പറഞ്ഞ ഒരു സൈഡ് സർക്കാരിൻ്റെ ആണ്. മറ്റൊന്ന് അവർ തിരഞ്ഞെടുത്ത സഭാസമൂഹം. സംസാരത്തിന് മറുപടി കൊടുക്കാതെ ഇരുന്നാൽ നിർത്തുമെന്ന് ഞാൻ വെറുതെ കരുതി.
" ദോപ്പണ്ണ ഇപ്പൊൾ ജോർജ് ആയി " എന്ന് പറഞ്ഞു അയാളുറക്കെ ചിരിച്ചപ്പോൾ വണ്ടിയിൽ നിന്നിറങ്ങി എങ്ങോട്ടെങ്കിലും ഓടാൻ എനിക്കു തോന്നി. വഴിനീളെ കണ്ട വീടുകളിൽ എല്ലാവരും മുറ്റത്തും ഉമ്മറത്തും വെറുതെ ഇരിക്കുന്നതാണ് കണ്ടത്. കുട്ടികൾ , പുരുഷന്മാർ, സ്ത്രീകൾ, വൃദ്ധർ, ചെറുപ്പക്കാർ എല്ലാവരും വെറുതെ എവിടേക്കെന്നുമില്ലാതെ നോക്കി ഇരിക്കുന്നു. അത് വിശ്രമത്തിൻ്റെ ഇരിപ്പല്ല എന്ന് ഈ സാറിനോ ഈ ജില്ലയിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്കോ മനസ്സിലായിക്കാണുമോ എന്നതിശയിച്ച് പോയി.
ആശുപത്രി വളപ്പിലേക്ക് തന്നെ തിരിച്ചു നടന്നു. അവരുടെ കരച്ചിലിന് ശബ്ദം കുറഞ്ഞെങ്കിലും ദുഃഖത്തിൻ്റെ ആഴം കൂടിയിട്ടെ ഉള്ളൂ. ആൽമരത്തിന് ആധി കയറിയ പോലെ ആടിയുലച്ച് ഒരു കാറ്റ് വന്നു. കറൻ്റ് പോയതും മഴ പെയ്ത് തുടങ്ങിയതും ഒന്നിച്ചായിരുന്നു. അവരെ ഒന്നു ദുഃഖിക്കാനും അല്പം അന്തസോടെ മൃതശരീരം ഏറ്റുവാങ്ങാനും സമ്മതിക്കാത്ത പ്രകൃതിയോട് അപ്പോൾ വെറുപ്പും ദേഷ്യവും തോന്നി.
എൻ്റെ കരുണക്ക് ആഴമില്ല എന്നെനിക്ക് തന്നെ അറിയാമായിരുന്നു. പാവങ്ങളുടെ ആരും വില കാണാത്ത ദുഃഖമോർത്ത് ഞാൻ രണ്ടുതുള്ളി കണ്ണീരൊഴുക്കും , നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഇത് മറക്കും. ശമ്പളത്തിൻ്റെ മിച്ചം പിടിച്ച് മരണാനന്തര ചടങ്ങുകൾക്ക് അൽപം പണം നൽകാനോ നാളെ ചടങ്ങുകൾ തീരുന്ന വരെ സഹായിക്കാനോ കഴിയാത്ത, എൻ്റെ ആഴവും പ്രവൃത്തിയുമില്ലാത്ത കരുണ അവർക്കെന്തിനാണ്.
മഴ കനക്കുന്തോറും ഹൃദയത്തിൻ്റെ ചൂട് തേടി കറുപ്പിൽ വെള്ള പുള്ളികളുള്ള അനേകം പാമ്പുകൾ കണക്കെ നിസ്സഹായതയും സ്വയം നിന്ദയും എന്നെ വരിഞ്ഞു മുറുക്കി.
No comments:
Post a Comment