Saturday, July 17, 2021

കെട്ടിപ്പിടിക്കപ്പെടാൻ കൊതിക്കുന്ന ശരീരം അങ്ങേയറ്റം ദയനീയത നിറഞ്ഞതാണ്.
ഒട്ടും ലൈംഗികത ഇല്ലാത്ത
അൽപം മുറുക്കെ ഉള്ള ആ കിട്ടാ കെട്ടിപ്പിടുത്തത്തെ കാത്ത് ശരീരം കാറ്റ് കൊണ്ടെന്ന പോലെ അൽപം വീർത്തു പോകും.
ഞെരിഞ്ഞു അമർന്ന് അൽപനേരം നിന്നു  തൻ്റെ ശരീരം മറ്റു മനുഷ്യരാൽ കെട്ടിപ്പിടിക്കപ്പെട്ടത് ഓർത്ത് ആശ്വസിക്കാൻ ശരീരത്തിൻ്റെ ഉടമ രഹസ്യമായി കൊതിക്കും.
അത് കിട്ടാത്ത കാലത്തോളം
പെരു മഴയത്തെ,
മുറ്റത്ത് വലിച്ചു കെട്ടിയ കറുത്ത ടാർപോളിൻ കാരണം 
വെളിച്ചമെത്താത്ത മുറിയിലെ
ആദ്യ ആർത്തവ വേദനയുടെ നിസ്സഹായതയും വിമുഖതയും നിറഞ്ഞ കുട്ടിയെ പോലെ മനസ്സ് വെറുതെ കരയും.
പായൽ പിടിച്ച ചെരിഞ്ഞ വഴിയിൽ നടക്കുമ്പോഴുള്ള വഴുക്കുമോ എന്ന പേടിയും നടപ്പ് നിർത്തിയാൽ മറിഞ്ഞ് വീഴുമോ എന്ന നെഞ്ചിടിപ്പും പോലെ മനുഷ്യരെ കാണുമ്പോഴെല്ലാം അൽപം ആത്മ നിന്ദയോടും പ്രതീക്ഷയോടും കൂടെ നിലകൊള്ളും.
ഗുരുത്വാകർഷണം വിട്ടു പോയി ഭ്രമണ പഥമില്ലാതെ അലയുന്ന കരട് പോലെ മനുഷ്യ സ്നേഹം കിട്ടാത്ത മനുഷ്യർ തന്നിൽ നിന്നും മറ്റുള്ളവയിൽ നിന്നുമകന്ന് ചുറ്റിക്കറങ്ങിപോകും

No comments:

Post a Comment