Saturday, July 22, 2017

നിന്റെ ചോര മഷിയാക്കി
ഞാൻ എഴുതിയ കവിത
ഇന്ന്   ഇരുട്ടിൽ വന്നെന്റെ കഴുത്തു ഞെരിക്കുന്നു
നമ്മൾ ഒരുമിച്ചു പൂക്കാൻ കാത്തുവെച്ച
സ്വപ്നങ്ങളുടെ നിറമുള്ള നാളെകൾ
എന്റെ നുണയുടെ വിഷം തൊട്ടു നൊന്തു പിടയ്ക്കുന്നു 
കാട്ടുമുല്ല  പൂക്കാരിയെ ഭയക്കുന്നില്ല
ആത്മാവ് തൊട്ട പ്രണയം വിരഹത്തെയും !
മരിച്ച പുഴയുടെ  വേരുകൾ
മരത്തിന്റെ  ഉണങ്ങിയ ഹൃദയത്തിലിന്നുമുണ്ട് 
വെട്ടിവീണ തള്ളവാഴയെ കണ്ടു
കൃഷിക്കാരനോട്
പ്രതികാരം ചെയ്യാൻ  തുനിഞ്ഞ
മകനെ നോക്കി വാഴ പറഞ്ഞു
"കൊല  ചെയ്യണ്ട മോനെ,കുല കൊടുത്താൽ മതി !"
വീട്ടാൻ കഴിയാത്ത  കടങ്ങളുടെ പാടാണ് കടപ്പാട് 
പുറത്തു മഴ പെയ്യുന്നു
എനിക്കും നിനക്കുമിടയിലെ നേർത്ത നൂൽ പൊട്ടിയത് മുതൽ
മഴ, വെറും ആത്മാവില്ലാത്ത വെള്ളത്തുള്ളികളാണ് 
നിലക്കണ്ണാടികൾ ഇല്ലാത്ത ചുവരുകൾക്കുള്ളിൽ
ഞാൻ എന്നെ തന്നെ പൂട്ടി ഇടട്ടെ !
നീ പ്രണയിച്ച ചുവന്ന പൊട്ടില്ലാതെ
നീ സങ്കല്പിച്ച നൈർമല്യം ഇല്ലാതെ
മഞ്ഞോളം നനുത്ത സ്വപ്നങ്ങളില്ലാതെ
എന്റെ പ്രതിബിംബം വികൃതമാണ്