Tuesday, August 29, 2017

വിട ..

മരണം ...
ഒരു നിമിഷത്തിന്റെ പകുതി മാത്രം ആവശ്യമുള്ള സംഗതിയാണ്
ഒരു മഴതുള്ളി നിലത്തു വീണുടയുന്നതിന്റെ
അത്ര ലാഘവമുള്ളത്
പക്ഷെ ഈ മെല്ലെയുള്ള മരണങ്ങൾ
അതി ദൈന്യമാണ്‌
മരുക്കാറ്റിന്റെ ചൂടും പൊടിയുമുള്ള വിങ്ങൽ
ഹൃദയത്തെ ബാധ പോലെ വലയ്ക്കുന്നു
ഞാൻ ഒന്നുമില്ലായ്മയുടെ
കറുത്ത കയ്പ്പിൽ വീണു പൊലിയുന്നു
നുണയുടെ വിരിയിട്ടു വെച്ചതെല്ലാം
വെളിവായി
ആത്മാവിൽ പടുകുഴികൾ തീർക്കുന്നു
മരിച്ചത് മണ്ണിനും ചെളിക്കും  അവകാശപ്പെട്ടതല്ലേ
എന്റെ ആത്മാവിനെ ഇരുട്ടിനു പണ്ടേ ഞാൻ തീറെഴുതി കഴിഞ്ഞതല്ലേ
നീ പോകൂ
വെളിച്ചവും ഇരുട്ടും ഒന്നിക്കുന്നത്
ദുരന്തമാണ്...
 അന്ത്യമാണ് ..
പറന്നകലൂ
മരിച്ചവയെ മണ്ണിനു വിടൂ 
കടലിൽ പെയ്യുന്ന മഴയും
 ചങ്കിൽ കുളിരു നിറക്കുന്ന കാറ്റും
നിന്റെ കരളു പോലെ കനിവുള്ള നിലാവും
 നനുത്ത പുലര്കാലങ്ങളും
തിരകളുടെ പാട്ടും
ഇന്ന് എന്റെ പ്രാണനിൽ വിള്ളലാകുന്നു
പറയാൻ  വെച്ചതെല്ലാം
തേങ്ങലും കിതപ്പും ചേർന്ന്
കൊള്ളിയാൻ പോലെ
നെഞ്ചിലാകെ പിടപിടക്കുന്നു 

Saturday, July 22, 2017

നിന്റെ ചോര മഷിയാക്കി
ഞാൻ എഴുതിയ കവിത
ഇന്ന്   ഇരുട്ടിൽ വന്നെന്റെ കഴുത്തു ഞെരിക്കുന്നു
നമ്മൾ ഒരുമിച്ചു പൂക്കാൻ കാത്തുവെച്ച
സ്വപ്നങ്ങളുടെ നിറമുള്ള നാളെകൾ
എന്റെ നുണയുടെ വിഷം തൊട്ടു നൊന്തു പിടയ്ക്കുന്നു 
കാട്ടുമുല്ല  പൂക്കാരിയെ ഭയക്കുന്നില്ല
ആത്മാവ് തൊട്ട പ്രണയം വിരഹത്തെയും !
മരിച്ച പുഴയുടെ  വേരുകൾ
മരത്തിന്റെ  ഉണങ്ങിയ ഹൃദയത്തിലിന്നുമുണ്ട് 
വെട്ടിവീണ തള്ളവാഴയെ കണ്ടു
കൃഷിക്കാരനോട്
പ്രതികാരം ചെയ്യാൻ  തുനിഞ്ഞ
മകനെ നോക്കി വാഴ പറഞ്ഞു
"കൊല  ചെയ്യണ്ട മോനെ,കുല കൊടുത്താൽ മതി !"
വീട്ടാൻ കഴിയാത്ത  കടങ്ങളുടെ പാടാണ് കടപ്പാട്