Wednesday, November 16, 2022


 പത്തിരുപതു വർഷം മുൻപ് ആണ് ഇങ്ങനെ ആരുമില്ലായ്മ ഹൃദയത്തെ മുറുക്കി വലിച്ച അവസ്ഥ തോന്നിയത്. ആരുമില്ലാത്ത അവസ്ഥ അല്ല. ഉള്ളവരിൽ നിന്ന് അകന്നു, വഴിക്ക് നടുക്ക്, ആൾക്കൂട്ടത്തിൽ, നിന്ന് പോയ പോലെ. 

എനിക്ക് 8 വയസ് കൂടെ ഇല്ല. ഭരതനാട്യത്തിൻ്റേ അരങ്ങേറ്റമാണ് പിറ്റേന്ന്. അതോണ്ട് രാത്രി 9 മണി വരെ പ്രാക്ടീസ് ഉണ്ടെന്നും കുട്ടികൾക്ക് ഡാൻസ് ക്ലാസ് നടക്കുന്നിടത്ത് തന്നെ കിടക്കാം എന്നും വേണമെങ്കിൽ മാതാപിതാക്കൾക്ക് വന്നു രാത്രി കുട്ടികളെ തിരിച്ച് കൊണ്ടുപോകാം എന്നും പിറ്റേന്ന് വെളുപ്പിന് ( കഠിന പരിശീലനം ) എത്തിക്കണം എന്നും ടീച്ചർ പറഞ്ഞു. 

എൻ്റെ ഹൃദയം ചെറുതായി വേദനിച്ചു. അതേ രാത്രിയാണ് ഞങ്ങളുടെ പള്ളിപ്പെരുന്നാൽ. രണ്ടു രൂപക്ക് മുതൽ കിട്ടുന്ന കോൺ ഐസ്ക്രീം, ചോളപ്പൊരി, എൻ്റെ വയറു പോലെ ഇരിക്കുന്ന ബലൂൺ, ചെണ്ട മേളം, വെടിക്കെട്ട്, നേർച്ച കിട്ടുന്ന വൻ ടേസ്റ്റ് ഉള്ള ചെറിയ കള്ളപ്പവും കുരുമുളകും അരി വറുത്തതും അപ്പോൾ മുതൽ വലിയ നഷ്ടബോധത്തോടെ തലക്ക് മുകളിൽ നിന്നു. അരങ്ങേറ്റമോന്നും അല്ലെങ്കിലും അത്ര പ്രധാനം ആണെന്ന അഭിപ്രായം എനിക്ക് ഇല്ലായിരുന്നു. പാട്ട് കേട്ടാൽ തുള്ളുന്ന കുട്ടി ആയത് കൊണ്ട് വീട്ടുകാർ നിർബന്ധിപ്പിച്ച് ഡാൻസ് പഠിപ്പിക്കാൻ വിട്ടതാണ്. ഏത് ഭരതമുനി, എന്ത് നാട്യശാസ്ത്രം ! 

രാത്രി പ്രാക്ടീസ് കഴിഞ്ഞ് വീട്ടിൽ നിന്ന് വിളിക്കാൻ വരില്ല എന്ന് ആദ്യം തന്നെ പറഞ്ഞു. പള്ളിക്കമ്മറ്റിയിൽ ഉണ്ട് അമ്മ. അതുകൊണ്ട് പെരുന്നാളിൽ നിന്നും മാറി നിൽക്കാൻ പറ്റില്ല. ഉച്ചക്ക് എന്നെ ഡാൻസ് സ്കൂളിലാക്കി വീട്ടുകാർ പോയി. രാത്രി ക്ലാസ് കഴിഞ്ഞു ഒരുപാട് കുട്ടികൾ തിരിച്ച് പോകുകയാണ് എന്നറിഞ്ഞു എൻ്റെ ചെറിയ ചങ്ക് പിന്നെയും പിടഞ്ഞു. പള്ളിയിൽ നടക്കുന്ന പെരുന്നാളിൽ വീട്ടുകാർ വളരെ സന്തോഹത്തോടെ പങ്കെടുക്കുന്നത് ആലോചിച്ച് എനിക്ക് കരച്ചിൽ വന്നു. ഞാനൊന്നു പുറത്തിറങ്ങി. ഒരുരൂപക്ക് ഫോൺ വിളിക്കാൻ പറ്റുന്ന ചുവന്ന ഫോൺ കണ്ടെത്തണം എന്ന് കരുതിയാണ് പോയത്. അഞ്ചു രൂപക്ക് മുന്തിരി ജ്യൂസ് കുടിച്ചു. ബാക്കി ഒരു രൂപക്ക് ഞാനാ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു. ചാച്ചന് സുഖമില്ലാത്ത കൊണ്ട് ചാച്ചനും കുഞ്ഞാൻ്റിയും വീട്ടിലുണ്ട്. അവർ പെരുന്നാളിന് പോയില്ല. കുഞാൻ്റിയുടെ ശബ്ദം കേട്ട് എൻ്റെ ശബ്ദം ഇടറി. ഇവിടെ ആരുമില്ല എന്ന് പറഞ്ഞു ഞാൻ കരഞ്ഞു. സത്യത്തിൽ കുറച്ച് കുട്ടികൾ ഉണ്ട് അന്നവിടെ ഉറങ്ങാൻ. എന്നാലും അവരൊന്നും എൻ്റെ ആരും അല്ല. എന്നെ വന്നു കൂട്ടാമോ എന്ന് പറഞ്ഞപ്പോഴെക്കും മുന്തിരിയുടെ പുളി ചേർന്ന ഒരു സങ്കടതിരമാല തൊണ്ടയിൽ വന്നടിച്ചു . ഫോൺ കട്ടായി. എൻ്റെ കണ്ണീർ, ജ്യൂസും, ഫോൺ ബൂത്തും നടത്തുന്ന അയാള് കാണാതിരിക്കാൻ ഞാൻ വേഗം നടന്നു. പാതി ഇരുട്ട് വീണ വഴിയിലൂടെ ഞാൻ ഡാൻസ് ക്ലാസിലേക്ക് തിരിച്ചെത്തി. പകൽ മുഴുവൻ ഡാൻസ് കളിക്കുന്ന കുട്ടികളുടെ ഉറച്ച കാലടികളുടെ ശബ്ദവും ടീച്ചറിൻ്റെ പാട്ടും തട്ടി നിക്കുന്ന ആ കെട്ടിടത്തിന് അപ്പൊൾ ഇരുട്ടും നിശബ്ദതയും പിടിപെട്ടു തളർന്നു കിടന്നു. നിലത്ത് ബെഡ്ഷീറ്റിന് മുകളിൽ കിടന്നു മറ്റു കുട്ടികൾ കാണാതെ ഞാൻ കരഞ്ഞു. തണുത്ത സിമൻ്റ് നിലത്ത് എൻ്റെ പൊള്ളുന്ന കണ്ണീർ വീണു. എനിക്കാ നിമിഷം ആദ്യമായി അരക്ഷിതത്വം അനുഭവപ്പെട്ടു. എൻ്റെ ലോകത്ത് നിന്ന് , എനിക്ക് അറിയാവുന്ന ആളുകളിൽ നിന്ന് എന്നെ ആരോ ഭൂമിക്കടിയിലെ അറയിൽ അടച്ച പോലെ . അങ്ങനെ കിടക്കുമ്പോ എൻ്റെ അതെ സ്ഥലത്തെ മറ്റൊരു കുട്ടിയുടെ വീട്ടുകാർ വന്നു അവളെ വിളിക്കാൻ. അവളെയും കൂട്ടി പെരുന്നാളിന് പോകാൻ. അവർ എന്നോട് സംസാരിച്ചു. അവർ ഇറങ്ങുന്നത് കണ്ടു ഞാൻ വലിയ വേദനയോടെ നോക്കി. അപ്പൊൾ അവളുടെ അച്ഛൻ എന്നോട് " ഞങ്ങളുടെ കൂടെ പോരുന്നോ ? പെരുന്നാളിൻ്റെ ഇടത്ത് വെച്ച് വീട്ടുകാരെ കണ്ടു പിടിക്കാം" എന്ന് പറഞ്ഞു. ഞാൻ ഒരു നഷ്ടപ്പെട്ട പൂച്ചക്കുട്ടിയുടെ നിസ്സഹായതയോടെ അവരുടെ പുറകെ നടന്നു. ഓട്ടോയിൽ ഇരുന്ന് പോകുമ്പോ എൻ്റെ കണ്ണ് പിന്നെയും നിറഞ്ഞു കവിഞ്ഞു കൊണ്ടിരുന്നു.

ഇപ്പൊൾ അറിയാത്ത നാട്ടിൽ പരിചയമില്ലാത്ത വഴിയിൽ ഏതോ ഓട്ടോയിൽ ഇരുന്ന് പോകുമ്പോ അതേ വേദന , അതേ അരക്ഷിതാവസ്ഥ തോന്നുന്നു. വർഷങ്ങൾക്ക് ശേഷം. തിരിച്ചു കൊണ്ടു പോകാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. 


ഇനി ഇതിന് ഒരു ബാക്കി കഥ ഉണ്ട്. ഞാൻ അവിടെ തനിച്ച് ആണെന്ന് കരുതി കുഞ്ഞാൻ്റി പള്ളിയിലേക്ക് വിളിച്ചു. അവർ മൈക്കിലൂടെ എൻ്റെ അമ്മയെയും അച്ഛനെയും ഉടനെ വിളിപ്പിച്ചു. അവർ പെട്ടെന്ന് തന്നെ ഒരു ഓട്ടോ വിളിച്ച് ഡാൻസ് ക്ലാസിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോഴേക്കും എന്നെ കൂട്ടുകാരിയുടെ വീട്ടുകാർ കൊണ്ട് പോയെന്നറിഞ്ഞ് അവർ തിരിച്ച് പെരുന്നാൾ നടക്കുന്ന സ്ഥലത്തേക്ക് വന്നു. അവിടെ വെച്ച് മകളെ കണ്ടു കിട്ടിയതിൽ അവർ സന്തോഷിക്കും എന്ന് കരുതിയത് വെറുതെയായി. ആൾക്കൂട്ടത്തിൻ്റെ ഇടയിലൂടെ കയ്യിൽ കോൺ ഐസ്ക്രീമും പിടിച്ച് ഞാൻ സന്തോഷത്തോടെ നടക്കുമ്പോ അമ്മ എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി.